ഭാഗം 7
കുട്ടിയെ അഭ്യസിപ്പിക്കാം, എങ്ങനെ?
“ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും . . . വേണം.”—ആവർത്തനപുസ്തകം 6:6, 7
കുടുംബം എന്ന ക്രമീകരണം ഏർപ്പെടുത്തിയപ്പോൾ യഹോവ മാതാപിതാക്കൾക്കാണ് മക്കളുടെ ചുമതല നൽകിയത്. (കൊലോസ്യർ 3:20) അതുകൊണ്ട്, യഹോവയെ സ്നേഹിക്കാനും കാര്യപ്രാപ്തിയുള്ളവരായി വളർന്നുവരാനും ഉള്ള പരിശീലനം അവർക്കു നൽകേണ്ടത് അച്ഛനമ്മമാരായ നിങ്ങളാണ്. (2 തിമൊഥെയൊസ് 1:5; 3:15) കുട്ടിയുടെ ഹൃദയത്തിലുള്ളത് എന്താണെന്നു മനസ്സിലാക്കിയെടുക്കാൻ നിങ്ങൾ പഠിക്കുകയും വേണം. നിങ്ങൾ വെക്കുന്ന മാതൃകയുടെ പ്രാധാന്യം എടുത്തുപറയേണ്ടതില്ലല്ലോ. യഹോവയുടെ വചനങ്ങൾ നിങ്ങളുടെ ഉള്ളിലുണ്ടെങ്കിലേ കുട്ടിക്ക് അതു വേണ്ടതുപോലെ പകർന്നുകൊടുക്കാൻ കഴിയൂ!—സങ്കീർത്തനം 40:8.
1 കുട്ടികൾക്കു സങ്കോചം കൂടാതെ നിങ്ങളോടു തുറന്ന് സംസാരിക്കാനാകണം
ബൈബിൾ പറയുന്നത്: “കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും” കാണിക്കുക. (യാക്കോബ് 1:19) ‘മക്കൾക്ക് എന്നോട് ഏതു കാര്യവും എപ്പോഴും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം തോന്നണം’ എന്നായിരിക്കില്ലേ നിങ്ങളുടെ ആഗ്രഹം? കുട്ടികൾ കാര്യങ്ങൾ തുറന്ന് പറയണമെങ്കിൽ, അച്ഛനും അമ്മയും കേൾക്കാൻ തയ്യാറുള്ളവരാണെന്ന തോന്നൽ കുട്ടികളുടെ മനസ്സിലും ഉണ്ടാകണം. അതുകൊണ്ട്, ആദ്യംതന്നെ വീട്ടിൽ ഒരു സമാധാനാന്തരീക്ഷം ഉണ്ടാക്കിയെടുക്കുക. എങ്കിലേ, കുട്ടികൾക്കു മനസ്സു തുറക്കാൻ എളുപ്പമാകൂ. (യാക്കോബ് 3:18) നിങ്ങൾ കർക്കശക്കാരനോ കേട്ടപാതി കേൾക്കാത്തപാതി എടുത്തുചാടുന്ന പ്രകൃതക്കാരനോ ആണെന്ന് അവർക്കു തോന്നിയാൽ മനസ്സിലുള്ളതു മുഴുവൻ നിങ്ങളോട് അവർ പറഞ്ഞെന്നു വരില്ല. അതുകൊണ്ട് മക്കളോടു ക്ഷമയോടെ ഇടപെടുക. നിങ്ങൾ അവരെ സ്നേഹിക്കുന്നുണ്ടെന്ന് എല്ലാവിധത്തിലും അവർക്കു മനസ്സിലാക്കിക്കൊടുക്കുക, കൂടെക്കൂടെ അങ്ങനെ ചെയ്യുക.—മത്തായി 3:17; 1 കൊരിന്ത്യർ 8:1.
ഇങ്ങനെ ചെയ്തുനോക്കൂ:
-
കുട്ടികൾക്കു സംസാരിക്കണമെന്നു തോന്നുമ്പോൾ കേൾക്കാൻ തയ്യാറാകുക
-
പ്രശ്നങ്ങളുണ്ടാകുമ്പോൾ മാത്രമല്ല, അല്ലാത്തപ്പോഴും കുട്ടികളുമൊത്ത് പതിവായി സംസാരിക്കുക
2 അവർ പറയുന്ന വാക്കുകൾക്കപ്പുറം നോക്കുക
ബൈബിൾ പറയുന്നത്: “സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു.” (സദൃശവാക്യങ്ങൾ 13:16) ചില സമയങ്ങളിൽ, കുട്ടികൾ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നതിന് അവരുടെ വാക്കുകൾക്കപ്പുറത്തേക്കു നിങ്ങൾ നോക്കണം. കുട്ടികൾ ചിലപ്പോൾ കാര്യങ്ങൾ പർവതീകരിച്ച് പറയുകയോ പറയാൻ ഉദ്ദേശിച്ചതിനു പകരം മറ്റെന്തെങ്കിലും പറയുകയോ ഒക്കെ ചെയ്യാറുണ്ട്. “കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 18:13) അതുകൊണ്ട്, കുട്ടി പറയുന്നതു കേൾക്കുന്നപാടേ അസ്വസ്ഥരാകരുത്.—സദൃശവാക്യങ്ങൾ 19:11.
ഇങ്ങനെ ചെയ്തുനോക്കൂ:
-
കുട്ടി എന്തു പറഞ്ഞാലും ഇടയ്ക്കു കയറിപ്പറയുകയോ അമിതമായി പ്രതികരിക്കുകയോ ചെയ്യാതിരിക്കുക
-
അവരുടെ പ്രായത്തിൽ നിങ്ങളുടെ ചിന്തകൾ എങ്ങനെയായിരുന്നു, ജീവിതത്തിൽ വലിയ സംഗതികളായി നിങ്ങൾക്ക് അന്നു തോന്നിയിരുന്നത് എന്തൊക്കെയായിരുന്നു എന്നെല്ലാം ഓർത്തുനോക്കുക
3 അച്ഛനമ്മമാരായ നിങ്ങൾ ഒറ്റക്കെട്ടായിരിക്കണം
ബൈബിൾ പറയുന്നത്: “മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുത്.” (സദൃശവാക്യങ്ങൾ 1:8) അതെ, കുട്ടികളുടെ മേൽ അച്ഛനും അമ്മയ്ക്കും യഹോവ അധികാരം നൽകിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങളെ ആദരിക്കാനും അനുസരിക്കാനും നിങ്ങൾ അവരെ പഠിപ്പിക്കണം. (എഫെസ്യർ 6:1-3) എന്നാൽ നിങ്ങൾ ഇരുവരും, “തികഞ്ഞ ഐക്യത്തിൽ വർത്തിക്കു”ന്നില്ലെങ്കിൽ അത് കുട്ടികൾക്ക് എളുപ്പം പിടികിട്ടുമെന്നോർക്കുക. (1 കൊരിന്ത്യർ 1:10) അഭിപ്രായഭിന്നതയുണ്ടെങ്കിൽ അതു കുട്ടികളുടെ മുമ്പിൽവെച്ച് പ്രകടിപ്പിക്കാതിരിക്കുക. അല്ലാത്തപക്ഷം അച്ഛനമ്മമാർ എന്ന നിലയിൽ നിങ്ങളോടുള്ള അവരുടെ ആദരവിന് കോട്ടം തട്ടും.
ഇങ്ങനെ ചെയ്തുനോക്കൂ:
-
കുട്ടികൾക്ക് എങ്ങനെ ശിക്ഷണം കൊടുക്കണമെന്ന് രണ്ടുപേരും ചേർന്ന് ആലോചിച്ച് തീരുമാനിക്കുക
-
കുട്ടിയെ പരിശീലിപ്പിക്കുന്ന കാര്യത്തിൽ ഇണയ്ക്കു വേറൊരു അഭിപ്രായമാണുള്ളതെങ്കിൽ ഇണയുടെ കാഴ്ചപ്പാടു മനസ്സിലാക്കാൻ ശ്രമിക്കുക
4 നല്ല ആസൂത്രണം വേണം
ബൈബിൾ പറയുന്നത്: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക.” (സദൃശവാക്യങ്ങൾ 22:6) നല്ല പരിശീലനവും അഭ്യസനവും കുട്ടികൾക്ക് തനിയെ കിട്ടിക്കൊള്ളുമെന്നു വിചാരിക്കരുത്. രക്ഷിതാക്കളായ നിങ്ങൾ ഒരു നല്ല പരിശീലനപരിപാടി ആവിഷ്കരിക്കേണ്ടതുണ്ട്; ശിക്ഷണം കൊടുക്കേണ്ടത് എങ്ങനെയെന്നും അതിൽ ഉൾപ്പെടുത്തിയിരിക്കണം. (സങ്കീർത്തനം 127:4; സദൃശവാക്യങ്ങൾ 29:17) ശിക്ഷണത്തിൽ, വെറുതെ ശിക്ഷ കൊടുക്കുന്നതു മാത്രമല്ല ഉൾപ്പെടുന്നത്. ശിക്ഷിക്കുന്നതിന്റെ കാരണം, നിയമങ്ങൾ വെച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം ഇവ മനസ്സിലാക്കിക്കൊടുക്കുന്നതും ഉൾപ്പെടുന്നു. (സദൃശവാക്യങ്ങൾ 28:7) അതുപോലെ, യഹോവയുടെ വചനത്തെ സ്നേഹിക്കാനും അതിലെ തത്ത്വങ്ങൾ വിവേചിച്ചറിയാനും കുട്ടികളെ പഠിപ്പിക്കുക. (സങ്കീർത്തനം 1:2) നല്ല മനസ്സാക്ഷിയുള്ളവരായി വളർന്നുവരാൻ ഇത് അവരെ സഹായിക്കും.—എബ്രായർ 5:14.
ഇങ്ങനെ ചെയ്തുനോക്കൂ:
-
ആശ്രയിക്കാൻ കൊള്ളാവുന്ന ഒരു യഥാർഥവ്യക്തിയായി ദൈവത്തെ കാണാൻ മക്കൾക്കു കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
-
ഇന്റർനെറ്റിലെയും സോഷ്യൽനെറ്റുവർക്കുകളിലെയും സദാചാരവിരുദ്ധമായ കാര്യങ്ങൾ തിരിച്ചറിയാനും ഒഴിവാക്കാനും കുട്ടികളെ പഠിപ്പിക്കുക. ലൈംഗികചൂഷകരുടെ കൈയിൽപ്പെടാതെ നോക്കേണ്ടത് എങ്ങനെയെന്നു പറഞ്ഞുകൊടുക്കുക