ഭാഗം 4
പണം കൈകാര്യം ചെയ്യേണ്ട വിധം
“ഉദ്ദേശങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു.”—സദൃശവാക്യങ്ങൾ 20:18
കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പണമില്ലാതെ പറ്റില്ല. (സദൃശവാക്യങ്ങൾ 30:8) ‘ദ്രവ്യം ഒരു ശരണം’ എന്നു ബൈബിൾ പറയുന്നുമുണ്ട്. (സഭാപ്രസംഗി 7:12) ചില ദമ്പതികൾക്ക് പണപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ഒരു ബുദ്ധിമുട്ടായിരുന്നേക്കാം. എന്നാൽ നിങ്ങളുടെ ദാമ്പത്യത്തിൽ പണം ഒരു പ്രശ്നകാരണമാകരുത്. (എഫെസ്യർ 4:32) പണം ചെലവാക്കുന്നതു സംബന്ധിച്ചുള്ള തീരുമാനങ്ങൾ നിങ്ങൾ ഒരുമിച്ചെടുക്കണം, അത് പരസ്പരവിശ്വാസത്തോടെയും ആയിരിക്കണം.
1 ശ്രദ്ധയോടെയുള്ള ആസൂത്രണം
ബൈബിൾ പറയുന്നത്: “നിങ്ങളിൽ ഒരുവൻ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. അതു തീർക്കാനുള്ള വകയുണ്ടോ എന്നറിയാൻ അവൻ ആദ്യം ഇരുന്ന് ചെലവു കണക്കുകൂട്ടുകയില്ലയോ?” (ലൂക്കോസ് 14:28) പണം എങ്ങനെ വിനിയോഗിക്കണമെന്ന് ഒരുമിച്ചിരുന്ന് ആസൂത്രണം ചെയ്യുക. (ആമോസ് 3:3) എന്താണ് നിങ്ങൾക്കു വാങ്ങേണ്ടത്, അതിന് എത്രമാത്രം തുക ചെലവഴിക്കാൻ നിങ്ങൾക്കു ശേഷിയുണ്ട് എന്നൊക്കെ ആലോചിച്ചു തീരുമാനിക്കുക. (സദൃശവാക്യങ്ങൾ 31:16) കൈയിൽ പണമുണ്ട് എന്ന ഒറ്റക്കാരണത്താൽ നിങ്ങൾ ഒരു സാധനം വാങ്ങേണ്ടതില്ല! കടം വരാതെ നോക്കുക. നിങ്ങൾക്ക് എത്രയുണ്ടോ അതിനനുസരിച്ചു മാത്രം ചെലവാക്കുക.—സദൃശവാക്യങ്ങൾ 21:5; 22:7.
ഇങ്ങനെ ചെയ്തുനോക്കൂ:
-
മാസാവസാനം പണം മിച്ചമുണ്ടെങ്കിൽ അതുകൊണ്ട് എന്താണു ചെയ്യേണ്ടതെന്ന് ഒരുമിച്ചിരുന്നു തീരുമാനിക്കുക
-
ഇനി, പണം തികയാതെവന്നതായി കാണുന്നെങ്കിൽ ചെലവു ചുരുക്കാൻവേണ്ട വ്യക്തമായ പ്ലാൻ തയ്യാറാക്കുക. ഉദാഹരണത്തിന്, ഭക്ഷണം പുറത്തുനിന്നു കഴിക്കുന്നതിനു പകരം വീട്ടിൽത്തന്നെ തയ്യാറാക്കിനോക്കൂ
2 നിജസ്ഥിതി അറിയുക, തുറന്ന് സംസാരിക്കുക
ബൈബിൾ പറയുന്നത്: ‘യഹോവയുടെ മുമ്പാകെ മാത്രമല്ല, മനുഷ്യരുടെ മുമ്പാകെയും സത്യസന്ധമായി വർത്തിക്കുക.’ (2 കൊരിന്ത്യർ 8:21) നിങ്ങളുടെ വരവ് എത്രയെന്നും ചെലവ് എത്രയെന്നും സത്യസന്ധമായി ഇണയെ അറിയിക്കുക.
നിങ്ങളുടെ സാമ്പത്തികനിലയെ ബാധിക്കുന്ന വലിയ തീരുമാനങ്ങളെടുക്കുമ്പോൾ എല്ലായ്പോഴും ഇണയോട് ആലോചിക്കുക. (സദൃശവാക്യങ്ങൾ 13:10) പണപരമായ കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നത് നിങ്ങളുടെ ദാമ്പത്യത്തിൽ സമാധാനം നിലനിറുത്താൻ സഹായകമാകും. നിങ്ങളുടെ വരുമാനം നിങ്ങളുടെ സ്വന്തം പണമായിട്ടല്ല കുടുംബത്തിന്റെ പണമായി കാണുക.—1 തിമൊഥെയൊസ് 5:8.
ഇങ്ങനെ ചെയ്തുനോക്കൂ:
-
ഇണയോട് ആലോചിക്കാതെ ഇരുവർക്കും എത്ര തുകവരെ സ്വതന്ത്രമായി ചെലവഴിക്കാമെന്ന് തീരുമാനിക്കുക
-
പണപരമായ കാര്യങ്ങൾ സംസാരിക്കുന്ന ഒരു ശീലം വളർത്തുക; ഒരു പ്രശ്നമുണ്ടായിട്ട് സംസാരിക്കാമെന്നു വെക്കരുത്