ഭാഗം 2
പരസ്പരം വിശ്വസ്തരായിരിക്കുക
“ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ.”—മർക്കോസ് 10:9
‘നിങ്ങൾ അവിശ്വസ്തത കാണിക്കരുത്’ എന്നു യഹോവ നമ്മോട് ആവശ്യപ്പെടുന്നു. (മലാഖി 2:15, 16) ദാമ്പത്യത്തിന്റെ അനിവാര്യഘടകമാണ് വിശ്വസ്തത. കാരണം വിശ്വസ്തതയില്ലാത്തിടത്ത് പരസ്പരവിശ്വാസവും ഉണ്ടായിരിക്കില്ല. പരസ്പരവിശ്വാസവും പ്രതിബദ്ധതയും ഉള്ളിടത്തേ സ്നേഹം തഴയ്ക്കൂ!
ഇക്കാലത്ത് ദാമ്പത്യവിശ്വസ്തത എന്നത്തേതിലും അപകടത്തിലാണ്. അതിനാൽ, നിങ്ങളുടെ ദാമ്പത്യം പരിരക്ഷിക്കാൻ രണ്ടു കാര്യങ്ങൾ നിങ്ങൾ ചെയ്യേണ്ടതുണ്ട്!
1 ദാമ്പത്യത്തിന്റെ പ്രാധാന്യം കുറച്ചുകാണരുത്!
ബൈബിൾ പറയുന്നത്: ‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുക.’ (ഫിലിപ്പിയർ 1:10) നിങ്ങളുടെ ജീവിതത്തിലെ അതീവപ്രാധാന്യമുള്ള ഒന്നാണ് ദാമ്പത്യം. അതിന് മുൻഗണന നൽകുകതന്നെ വേണം!
സ്നേഹപരിലാളനങ്ങൾ നൽകി ജീവിതപങ്കാളിയോടൊപ്പം “സുഖിച്ചുകൊൾക” എന്നാണ് യഹോവ പറഞ്ഞിരിക്കുന്നത്. (സഭാപ്രസംഗി 9:9) ഇണയെ ഒരിക്കലും അവഗണിക്കരുതെന്നും ഇരുവരും പരസ്പരം സന്തോഷിപ്പിക്കാനുള്ള അവസരങ്ങൾ തേടിക്കൊണ്ടിരിക്കണമെന്നും ആണ് യഹോവ ആവശ്യപ്പെടുന്നത്. (1 കൊരിന്ത്യർ 10:24) താൻ വേണ്ടപ്പെട്ടയാളാണെന്നും വിലമതിക്കപ്പെടുന്നുണ്ടെന്നും ഇണയ്ക്ക് അനുഭവവേദ്യമാകണം.
ഇങ്ങനെ ചെയ്തുനോക്കൂ:
-
പതിവായി ഒരുമിച്ച് സമയം ചെലവഴിക്കുക, ആ സമയം ഇണയ്ക്കു മാത്രമായി നീക്കിവെക്കുക
-
‘എനിക്ക്’ എന്നതിനു പകരം ‘നമുക്ക്’ എന്നു ചിന്തിക്കുക
2 ഹൃദയചായ്വുകൾ സൂക്ഷിക്കുക!
ബൈബിൾ പറയുന്നത്: “ഒരു സ്ത്രീയോടു മോഹം തോന്നത്തക്കവിധം അവളെ നോക്കിക്കൊണ്ടിരിക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു.” (മത്തായി 5:28) ഇണയല്ലാത്ത ഒരാളെക്കുറിച്ച് രതിഭാവനകളിൽ മുഴുകുന്ന ഒരാൾ ഒരർഥത്തിൽ തന്റെ ഇണയോട് അവിശ്വസ്തത കാണിക്കുകയാണ്.
“നിന്റെ ഹൃദയത്തെ കാത്തുകൊൾക” എന്ന് യഹോവ പറയുന്നു. (സദൃശവാക്യങ്ങൾ 4:23; യിരെമ്യാവു 17:9) ഇതു ചെയ്യണമെങ്കിൽ ആദ്യം നിങ്ങളുടെ കണ്ണുകൾക്ക് ‘കാവൽ’ ഏർപ്പെടുത്തണം. (മത്തായി 5:29, 30) ഇക്കാര്യത്തിൽ ഗോത്രപിതാവായ ഇയ്യോബ് വെച്ച മാതൃക അനുകരണീയമാണ്. മറ്റൊരു സ്ത്രീയെ ഒരിക്കലും തെറ്റായ ആഗ്രഹത്തോടെ നോക്കാതിരിക്കാൻ അദ്ദേഹം തന്റെ കണ്ണുകളുമായി ഒരു ഉടമ്പടി ചെയ്തു! (ഇയ്യോബ് 31:1) അശ്ലീലം വീക്ഷിക്കുകയില്ല എന്ന് നിശ്ചയിച്ചുറയ്ക്കുക. മറ്റൊരാളോട് ഏതെങ്കിലും തരത്തിലുള്ള പ്രണയം മനസ്സിൽ അങ്കുരിക്കാനോ അത് അടുപ്പമായി വളരാനോ അനുവദിക്കില്ലെന്ന് ഉറപ്പിക്കുക.
ഇങ്ങനെ ചെയ്തുനോക്കൂ:
-
നിങ്ങൾ ഇണയുടേതു മാത്രമാണെന്ന് മറ്റുള്ളവർക്കു ബോധ്യമാകുന്ന വിധത്തിൽ പെരുമാറുക
-
ഇണയുടെ വികാരങ്ങൾ മാനിക്കുക, ഇണയെ അസ്വസ്ഥമാക്കുന്ന ഏതു ബന്ധവും അപ്പോൾത്തന്നെ അവസാനിപ്പിക്കുക