മർക്കൊസ് എഴുതിയത് 11:1-33
അടിക്കുറിപ്പുകള്‍
പഠനക്കുറിപ്പുകൾ
അവർ: മർ 11:1-11-ൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ നടക്കുന്നത് നീസാൻ 9-ാം തീയതി പകൽസമയത്താണ്.—അനു. എ7-ഉം ബി12-ഉം കാണുക.
ബേത്ത്‌ഫാഗ: ഒലിവുമലയിലുള്ള ഈ ഗ്രാമത്തിന്റെ പേര് വന്നത് എബ്രായഭാഷയിൽനിന്നാണ്. സാധ്യതയനുസരിച്ച് അതിന്റെ അർഥം “ആദ്യത്തെ അത്തിക്കായ്‌കളുടെ ഭവനം” എന്നാണ്. യരുശലേമിനും ബഥാന്യക്കും ഇടയ്‌ക്ക്, ഒലിവുമലയുടെ നെറുകയോട് അടുത്ത് അതിന്റെ തെക്കുകിഴക്കൻ ചെരിവിലായിരുന്നു ബേത്ത്‌ഫാഗയുടെ സ്ഥാനം എന്നു പൊതുവേ കരുതപ്പെടുന്നു. യരുശലേമിൽനിന്ന് ഏകദേശം 1 കി.മീ. (1 മൈലിൽ താഴെ) ദൂരെയാണ് ആ സ്ഥലം.—മത്ത 21:1; ലൂക്ക 19:29; അനു. എ7-ലെ ഭൂപടം 6 കാണുക.
ബഥാന്യ: മത്ത 21:17-ന്റെ പഠനക്കുറിപ്പു കാണുക.
കഴുതക്കുട്ടി: മർക്കോസും ലൂക്കോസും (19:35) യോഹന്നാനും (12:14, 15) ഈ സംഭവം വിവരിക്കുന്നിടത്ത് ഒരു മൃഗത്തെക്കുറിച്ച്, അതായത് കഴുതക്കുട്ടിയെക്കുറിച്ച്, മാത്രമേ പറയുന്നുള്ളൂ. എന്നാൽ മത്തായിയുടെ വിവരണത്തിൽ (21:2-7) കഴുതയും അതിന്റെ കുട്ടിയും അവിടെയുണ്ടായിരുന്നു എന്ന വിശദാംശം ഉൾപ്പെടുത്തിയിട്ടുണ്ട്.—മത്ത 21:2, 5 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഓശാന!: ഈ ഗ്രീക്കുപദം വന്നിരിക്കുന്നത്, “രക്ഷിക്കണേ എന്നു ഞങ്ങൾ പ്രാർഥിക്കുന്നു” എന്നോ “ദയവായി രക്ഷിക്കണേ” എന്നോ അർഥമുള്ള ഒരു എബ്രായപദപ്രയോഗത്തിൽനിന്നാണ്. രക്ഷയ്‌ക്കോ വിജയത്തിനോ വേണ്ടി ദൈവത്തോട് ഉണർത്തിക്കുന്ന ഒരു അപേക്ഷയായിട്ടാണ് ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. “രക്ഷ നൽകണേ” എന്നും അതു പരിഭാഷപ്പെടുത്താം. കാലക്രമേണ ഇതു പ്രാർഥനയിലും സ്‌തുതിയിലും ഉൾപ്പെടുത്തുന്ന ഒരു പദമായി മാറി. മേൽപ്പറഞ്ഞ എബ്രായപദപ്രയോഗം സങ്ക 118:25-ൽ കാണാം. അതാകട്ടെ പെസഹാക്കാലത്ത് പതിവായി പാടിയിരുന്ന ഹല്ലേൽ സങ്കീർത്തനങ്ങളുടെ ഭാഗവുമായിരുന്നു. അതുകൊണ്ടുതന്നെ ഈ സന്ദർഭത്തിൽ ആ വാക്കുകൾ ആളുകളുടെ മനസ്സിലേക്കു പെട്ടെന്ന് ഓടിയെത്തിക്കാണും. ദാവീദുപുത്രനു രക്ഷ നൽകാനുള്ള ഈ പ്രാർഥനയ്‌ക്കു ദൈവം ഉത്തരം നൽകിയ ഒരു വിധം യേശുവിനെ മരിച്ചവരിൽനിന്ന് പുനരുത്ഥാനപ്പെടുത്തിക്കൊണ്ടായിരുന്നു. മർ 12:10, 11-ൽ യേശുതന്നെ സങ്ക 118:22, 23 ഉദ്ധരിക്കുകയും അതു മിശിഹയെക്കുറിച്ചാണെന്നു വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്.
യഹോവയുടെ: ഇതു സങ്ക 118:25, 26 വാക്യങ്ങളിൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്‌ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്‌ഹ്‌വ്‌ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
നമ്മുടെ പിതാവായ ദാവീദിന്റെ വരുവാനുള്ള രാജ്യം: ഏറ്റവും കാലപ്പഴക്കമുള്ളതും ഏറെ വിശ്വാസയോഗ്യവും ആയ കൈയെഴുത്തുപ്രതികളിൽ ഇവിടെ ഇങ്ങനെയാണു കാണുന്നത്. എന്നാൽ ചുരുക്കം ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഈ ഭാഗം വായിക്കുന്നതു “കർത്താവിന്റെ നാമത്തിൽ വരുന്ന, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം” എന്നാണ്. ബൈബിളിന്റെ ചില ഇംഗ്ലീഷ് പരിഭാഷകൾ ഇതാണു സ്വീകരിച്ചിരിക്കുന്നത്. ഗ്രീക്കുതിരുവെഴുത്തുകളുടെ പല എബ്രായപരിഭാഷകളും (അനു. സി-യിൽ J7, 8, 10-14, 16, 17 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ എബ്രായചതുരക്ഷരിയോ അതിന്റെ ചുരുക്കരൂപമോ ഉപയോഗിച്ചിട്ടുണ്ട്. അതനുസരിച്ച് ഈ ഭാഗം “യഹോവയുടെ നാമത്തിൽ വരുന്ന, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം” എന്നു വായിക്കാം.
പിറ്റേന്ന്: അതായത്, നീസാൻ 10.—അനു. എ7-ഉം ബി12-ഉം കാണുക.
അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല: വർഷത്തിലെ ആ സമയത്ത് സാധാരണയായി അത്തിയിൽ കായ്‌കൾ കാണാറില്ല. എന്നാൽ ഈ അത്തിയിൽ ഇലകൾ വന്നിരുന്നു. സാധാരണഗതിയിൽ വർഷത്തിലെ ആദ്യവിളവ് ഉണ്ടാകുമ്പോഴാണ് അത്തിയിൽ ഇലകൾ വരുന്നത്. പക്ഷേ ആ മരത്തിൽ ഇലയല്ലാതെ കായ്‌കൾ ഇല്ലായിരുന്നതുകൊണ്ട് അത് ഇനി കായ്‌ക്കാൻ പോകുന്നില്ലെന്നും അതുകൊണ്ടുതന്നെ അതിന്റെ ബാഹ്യരൂപം വഞ്ചകമാണെന്നും യേശുവിനു മനസ്സിലായി. അതുകൊണ്ടാണ് അതു കായ്‌ക്കാതിരിക്കട്ടെ എന്നു യേശു ശപിച്ചതും അത് ഉണങ്ങിപ്പോയതും.—മർ 11:19-21.
ദേവാലയം: മത്ത 21:12-ന്റെ പഠനക്കുറിപ്പു കാണുക.
നാണയം മാറ്റിക്കൊടുക്കുന്നവർ: മത്ത 21:12-ന്റെ പഠനക്കുറിപ്പു കാണുക.
ദേവാലയത്തിന് ഉള്ളിലൂടെ എന്തെങ്കിലും കൊണ്ടുപോകാൻ: ദേവാലയമുറ്റത്തുകൂടെ പോയാൽ സമയം ലാഭിക്കാമെന്നതുകൊണ്ട് ചിലർ സ്വന്തം ആവശ്യങ്ങൾക്കോ വാണിജ്യാവശ്യങ്ങൾക്കോ ഉള്ള സാധനങ്ങളുമായി അതുവഴി പോകാറുണ്ടായിരുന്നിരിക്കണം. എന്നാൽ അങ്ങനെ ചെയ്യുന്നതു പരിപാവനമായ ദൈവഭവനത്തെ അവമതിക്കുന്ന ഒരു കാര്യമായതുകൊണ്ട് യേശു അത് അനുവദിച്ചില്ല.
സകല ജനതകൾക്കുമുള്ള പ്രാർഥനാലയം: മൂന്നു സുവിശേഷയെഴുത്തുകാർ യശ 56:7 ഉദ്ധരിക്കുന്നുണ്ടെങ്കിലും മർക്കോസ് മാത്രമാണു “സകല ജനതകൾക്കുമുള്ള” എന്ന പദപ്രയോഗം ഉൾപ്പെടുത്തിയിരിക്കുന്നത്. (മത്ത 21:13; ലൂക്ക 19:46) യരുശലേമിലെ ദേവാലയം ഇസ്രായേല്യർക്കും ദൈവഭയമുള്ള വിദേശികൾക്കും, യഹോവയെ ആരാധിക്കുന്നതിനും യഹോവയോടു പ്രാർഥിക്കുന്നതിനും ഉള്ള സ്ഥലമായിരുന്നു. (1രാജ 8:41-43) ദേവാലയം വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിച്ച് അതിനെ കള്ളന്മാരുടെ ഗുഹയാക്കിയ ജൂതന്മാരെ യേശു കുറ്റം വിധിച്ചത് എന്തുകൊണ്ടും ഉചിതമായിരുന്നു. അവർ അവിടെ ചെയ്‌തുകൊണ്ടിരുന്ന കാര്യങ്ങൾ നിമിത്തം ആ പ്രാർഥനാലയത്തിൽ യഹോവയെ സമീപിക്കാൻ മറ്റു ജനതകളിൽപ്പെട്ട ആളുകൾക്കു മടുപ്പു തോന്നി. വാസ്‌തവത്തിൽ യഹോവയെ അറിയാനുള്ള അവസരമാണ് ആ ജൂതന്മാർ അവർക്കു നിഷേധിച്ചത്.
കവർച്ചക്കാരുടെ ഗുഹ: മത്ത 21:13-ന്റെ പഠനക്കുറിപ്പു കാണുക.
സന്ധ്യയായപ്പോൾ: അതായത്, നീസാൻ 10 അവസാനിക്കാറായപ്പോൾ. യരുശലേമിൽനിന്ന് പോയ യേശുവും ശിഷ്യന്മാരും ഒലിവുമലയുടെ കിഴക്കൻ ചെരിവിലുള്ള ബഥാന്യയിലേക്കുതന്നെ മടങ്ങി. സ്‌നേഹിതരായ ലാസറിന്റെയും മറിയയുടെയും മാർത്തയുടെയും വീട്ടിലായിരിക്കാം യേശു അന്നു രാത്രി തങ്ങിയത്.—അനു. എ7-ഉം ബി12-ഉം കാണുക.
അതിരാവിലെ: അതായത്, നീസാൻ 11-ാം തീയതി രാവിലെ. യേശുവിന്റെ പരസ്യശുശ്രൂഷയുടെ അവസാനദിനമായിരുന്നു അന്ന്. യേശുവും ശിഷ്യന്മാരും ഇപ്പോൾ യരുശലേമിലേക്കു പോകുകയാണ്. ഇതിനു ശേഷം യേശു പെസഹ ആഘോഷിക്കുന്നതും തന്റെ മരണത്തിന്റെ ഓർമയാചരണം ഏർപ്പെടുത്തുന്നതും വിചാരണ നേരിട്ട് വധിക്കപ്പെടുന്നതും.
പ്രാർഥിച്ചുകൊണ്ട് നിൽക്കുമ്പോൾ: എബ്രായരും ബൈബിളിൽ പറഞ്ഞിരിക്കുന്ന മറ്റു പല ജനതകളിൽപ്പെട്ടവരും പ്രാർഥനയ്‌ക്കുവേണ്ടി പ്രത്യേകമായൊരു ശാരീരികനില സ്വീകരിച്ചിരുന്നില്ല. അവർ സ്വീകരിച്ചിരുന്ന ശാരീരികനില ഏതായിരുന്നാലും അത് അങ്ങേയറ്റം ആദരവ് പ്രതിഫലിപ്പിക്കുന്നതായിരുന്നു. നിന്നുകൊണ്ട് പ്രാർഥിക്കുന്നത് അക്കാലങ്ങളിൽ സർവസാധാരണമായിരുന്നു.
ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഇവിടെ ഇങ്ങനെ കാണുന്നു: “എന്നാൽ നിങ്ങൾ ക്ഷമിക്കാതിരുന്നാൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കില്ല.” ഏറ്റവും കാലപ്പഴക്കമുള്ളതും ഏറെ വിശ്വാസയോഗ്യവും ആയ കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ ഇല്ലാത്തതുകൊണ്ട് സാധ്യതയനുസരിച്ച് ഇവ മർക്കോസിന്റെ സുവിശേഷത്തിന്റെ ഭാഗമല്ല. എന്നാൽ മത്ത 6:15-ൽ സമാനമായ വാക്കുകൾ കാണാം. അവ ദൈവപ്രചോദിതമായ തിരുവെഴുത്തുകളുടെ ഭാഗമാണുതാനും.—അനു. എ3 കാണുക.
മൂപ്പന്മാർ: മർ 8:31-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം
കിഴക്കുനിന്ന് യരുശലേമിലേക്ക് എത്തുന്ന വഴിയാണ് ഈ ഹ്രസ്വവീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഇന്ന് എറ്റ്-റ്റർ എന്ന് അറിയപ്പെടുന്ന ഗ്രാമത്തിൽനിന്ന് (ബൈബിളിൽ പറഞ്ഞിരിക്കുന്ന ബേത്ത്ഫാഗയാണ് ഇതെന്നു കരുതപ്പെടുന്നു.) ഒലിവുമലയിലെ ഉയരമേറിയ ഒരു ഭാഗംവരെ ഈ വീഡിയോ നമ്മളെ കൊണ്ടുപോകുന്നു. ഒലിവുമലയുടെ കിഴക്കേ ചെരിവിലായി ബേത്ത്‌ഫാഗയുടെ കിഴക്കുവശത്താണു ബഥാന്യ സ്ഥിതി ചെയ്യുന്നത്. യരുശലേമിൽ എത്തുമ്പോഴൊക്കെ യേശുവും ശിഷ്യന്മാരും രാത്രി തങ്ങിയിരുന്നതു ബഥാന്യയിലാണ്. ഇന്ന് എൽ-അസറിയാഹ് (എൽ ഐസറിയ) എന്നാണ് ആ പട്ടണം അറിയപ്പെടുന്നത്. അറബിയിലുള്ള ഈ പേരിന്റെ അർഥം ‘ലാസറിന്റെ സ്ഥലം’ എന്നാണ്. യേശു അവിടെ താമസിച്ചിരുന്നതു മാർത്തയുടെയും മറിയയുടെയും ലാസറിന്റെയും വീട്ടിലാണ് എന്നതിനു സംശയമില്ല. (മത്ത 21:17; മർ 11:11; ലൂക്ക 21:37; യോഹ 11:1) അവരുടെ വീട്ടിൽനിന്ന് യരുശലേമിലേക്ക് യാത്ര ചെയ്തിരുന്നപ്പോൾ, വീഡിയോയിൽ കാണുന്നതുപോലുള്ള ഒരു വഴിയിലൂടെയായിരിക്കാം യേശു പോയിരുന്നത്. എ.ഡി. 33 നീസാൻ 9-ന് യേശു ഒരു കഴുതക്കുട്ടിയുടെ പുറത്ത് കയറി യരുശലേം നഗരത്തിലേക്കു വന്നതു ബേത്ത്ഫാഗയിൽനിന്നായിരിക്കാം. യേശു വന്നത്, ബേത്ത്ഫാഗയിൽനിന്ന് ഒലിവുമല കടന്ന് യരുശലേമിലേക്കുള്ള വഴിയിലൂടെയായിരിക്കാം.
1. ബഥാന്യയിൽനിന്ന് ബേത്ത്ഫാഗയിലേക്കുള്ള വഴി
2. ബേത്ത്‌ഫാഗ
3. ഒലിവുമല
4. കിദ്രോൻ താഴ്‌വര
5. ദേവാലയം സ്ഥിതിചെയ്തിരുന്ന സ്ഥലം
കുതിരയുടെ കുടുംബത്തിൽപ്പെട്ട മൃഗമാണു കഴുത. നല്ല കട്ടിയുള്ള കുളമ്പുകളാണ് അതിന്റേത്. കുതിരയിൽനിന്ന് അതിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ വലുപ്പക്കുറവും ചെറിയ കുഞ്ചിരോമവും നീണ്ട ചെവികളും താരതമ്യേന നീളം കുറഞ്ഞ വാൽരോമവും ആണ്. വാലിന്റെ താഴത്തെ പകുതിയിൽ മാത്രമേ അൽപ്പമെങ്കിലും നീണ്ട രോമങ്ങൾ കാണുന്നുള്ളൂ. കഴുതയെ ബുദ്ധിയില്ലായ്മയുടെയും മർക്കടമുഷ്ടിയുടെയും ഒരു പര്യായമായി പറയാറുണ്ടെങ്കിലും അതിനു കുതിരയെക്കാൾ ബുദ്ധിയുണ്ടെന്നു പറയപ്പെടുന്നു. ഇവ പൊതുവേ ശാന്തസ്വഭാവികളുമാണ്. സ്ത്രീകളും പുരുഷന്മാരും ഇസ്രായേല്യരിൽപ്പെട്ട പ്രമുഖർപോലും കഴുതപ്പുറത്ത് സഞ്ചരിച്ചിട്ടുണ്ട്. (യോശ 15:18; ന്യായ 5:10; 10:3, 4; 12:14; 1ശമു 25:42) ദാവീദിന്റെ മകനായ ശലോമോൻ അഭിഷേകത്തിന് എത്തിയത് പിതാവിന്റെ കോവർകഴുതപ്പുറത്ത് (ആൺകഴുതയ്ക്കു പെൺകുതിരയിൽ ഉണ്ടാകുന്ന സങ്കരസന്താനം) ആയിരുന്നു. (1രാജ 1:33-40) അതുകൊണ്ടുതന്നെ ശലോമോനെക്കാൾ വലിയവനായ യേശു സെഖ 9:9-ലെ പ്രവചനത്തിന്റെ നിവൃത്തിയായി, കുതിരപ്പുറത്ത് വരാതെ കഴുതക്കുട്ടിയുടെ പുറത്ത് വന്നത് എന്തുകൊണ്ടും ഉചിതമായിരുന്നു.