മർക്കൊസ്‌ എഴുതിയത്‌ 15:1-47

15  അതിരാവിലെതന്നെ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്‌ത്രിമാരും അടങ്ങിയ സൻഹെദ്രിൻ ഒന്നടങ്കം കൂടിയാലോചിച്ച്‌+ യേശുവിനെ ബന്ധിച്ച്‌ കൊണ്ടുപോയി പീലാത്തൊസിനെ ഏൽപ്പിച്ചു.+ 2  പീലാത്തൊസ്‌ യേശുവിനോട്‌, “നീ ജൂതന്മാരുടെ രാജാവാണോ”+ എന്നു ചോദിച്ചപ്പോൾ, “അങ്ങുതന്നെ അതു പറയുന്നല്ലോ”+ എന്നു യേശു പറഞ്ഞു. 3  എന്നാൽ മുഖ്യപുരോഹിതന്മാർ യേശുവിന്‌ എതിരെ പല ആരോപണങ്ങളും ഉന്നയിച്ചുകൊണ്ടിരുന്നു.+ 4  പീലാത്തൊസ്‌ യേശുവിനെ വീണ്ടും ചോദ്യം ചെയ്യാൻതുടങ്ങി. അദ്ദേഹം ചോദിച്ചു: “നിനക്ക്‌ ഒന്നും പറയാനില്ലേ?+ എന്തെല്ലാം ആരോപണങ്ങളാണ്‌ ഇവർ നിനക്ക്‌ എതിരെ ഉന്നയിക്കുന്നതെന്നു കേട്ടില്ലേ?”+ 5  എന്നാൽ യേശു കൂടുതലായൊന്നും പറഞ്ഞില്ല. ഇതു കണ്ട്‌ പീലാത്തൊസിന്‌ അതിശയം തോന്നി.+ 6  ഓരോ ഉത്സവത്തിനും ജനം ആവശ്യപ്പെടുന്ന ഒരു തടവുകാരനെ പീലാത്തൊസ്‌ മോചിപ്പിക്കാറുണ്ടായിരുന്നു.+ 7  ആ സമയത്ത്‌ ബറബ്ബാസ്‌ എന്നു പേരുള്ള ഒരാൾ കലാപകാരികളോടൊപ്പം ജയിലിലുണ്ടായിരുന്നു. കലാപത്തിനിടെ കൊല നടത്തിയവരായിരുന്നു അവർ. 8  ജനം പീലാത്തൊസിന്റെ അടുത്ത്‌ ചെന്ന്‌ അവർക്കു പതിവായി ചെയ്‌തുകൊടുക്കാറുള്ളതുപോലെ ഇപ്രാവശ്യവും ചെയ്യാൻ അദ്ദേഹത്തോട്‌ അപേക്ഷിച്ചു. 9  അപ്പോൾ പീലാത്തൊസ്‌ അവരോട്‌, “ജൂതന്മാരുടെ രാജാവിനെ ഞാൻ വിട്ടുതരട്ടേ”+ എന്നു ചോദിച്ചു. 10  കാരണം അസൂയകൊണ്ടാണു മുഖ്യപുരോഹിതന്മാർ യേശുവിനെ തന്റെ കൈയിൽ ഏൽപ്പിച്ചതെന്നു പീലാത്തൊസിന്‌ അറിയാമായിരുന്നു.+ 11  എന്നാൽ യേശുവിനു പകരം ബറബ്ബാസിനെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെടാൻ മുഖ്യപുരോഹിതന്മാർ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു.+ 12  പീലാത്തൊസ്‌ പിന്നെയും അവരോട്‌, “അങ്ങനെയെങ്കിൽ ജൂതന്മാരുടെ രാജാവെന്നു നിങ്ങൾ വിളിക്കുന്നവനെ ഞാൻ എന്തു ചെയ്യണം” എന്നു ചോദിച്ചു.+ 13  “അവനെ സ്‌തംഭത്തിലേറ്റ്‌!” എന്നു വീണ്ടും അവർ അലറി.+ 14  എന്നാൽ പീലാത്തൊസ്‌ അവരോടു ചോദിച്ചു: “എന്തിന്‌, ഇയാൾ എന്തു തെറ്റാണു ചെയ്‌തത്‌?” എന്നാൽ അവർ, “അവനെ സ്‌തംഭത്തിലേറ്റ്‌!”+ എന്നു കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 15  ഒടുവിൽ ജനക്കൂട്ടത്തെ തൃപ്‌തിപ്പെടുത്താൻവേണ്ടി പീലാത്തൊസ്‌ ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു. യേശുവിനെയോ ചാട്ടയ്‌ക്ക്‌ അടിപ്പിച്ചു.+ എന്നിട്ട്‌ സ്‌തംഭത്തിലേറ്റി കൊല്ലാൻ ഏൽപ്പിച്ചു.+ 16  പടയാളികൾ യേശുവിനെ ഗവർണറുടെ വസതിയുടെ നടുമുറ്റത്തേക്കു കൊണ്ടുപോയി. അവർ പട്ടാളത്തെ മുഴുവനും വിളിച്ചുകൂട്ടി.+ 17  അവർ യേശുവിനെ പർപ്പിൾ നിറത്തിലുള്ള വസ്‌ത്രം ധരിപ്പിച്ചു, ഒരു മുൾക്കിരീടം മെടഞ്ഞ്‌ തലയിൽ വെച്ചു.+ 18  “ജൂതന്മാരുടെ രാജാവേ, അഭിവാദ്യങ്ങൾ!” എന്ന്‌ അവർ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. 19  ഈറ്റത്തണ്ടുകൊണ്ട്‌ അവർ യേശുവിന്റെ തലയ്‌ക്ക്‌ അടിച്ചു. അവർ യേശുവിന്റെ മേൽ തുപ്പുകയും മുട്ടുകുത്തി യേശുവിനെ വണങ്ങുകയും ചെയ്‌തു. 20  ഇങ്ങനെ കളിയാക്കിയിട്ട്‌ അവർ പർപ്പിൾ നിറത്തിലുള്ള ആ വസ്‌ത്രം അഴിച്ചുമാറ്റി യേശുവിനെ സ്വന്തം പുറങ്കുപ്പായം ധരിപ്പിച്ചു. എന്നിട്ട്‌ യേശുവിനെ സ്‌തംഭത്തിൽ തറയ്‌ക്കാൻ കൊണ്ടുപോയി.+ 21  അലക്‌സാണ്ടറിന്റെയും രൂഫൊസിന്റെയും അപ്പനായ, ശിമോൻ എന്നു പേരുള്ള കുറേനക്കാരൻ നാട്ടിൻപുറത്തുനിന്ന്‌ അതുവഴി വരുകയായിരുന്നു. അവർ അയാളെ നിർബന്ധിച്ച്‌ യേശുവിന്റെ ദണ്ഡനസ്‌തംഭം ചുമപ്പിച്ചു.*+ 22  അങ്ങനെ അവർ യേശുവിനെ ഗൊൽഗോഥ എന്ന സ്ഥലത്ത്‌ കൊണ്ടുചെന്നു. (പരിഭാഷപ്പെടുത്തുമ്പോൾ, “തലയോടിടം”+ എന്നാണ്‌ ആ സ്ഥലപ്പേരിന്റെ അർഥം.) 23  അവർ യേശുവിനു മീറ+ കലർത്തിയ വീഞ്ഞു കൊടുത്തെങ്കിലും യേശു അതു നിരസിച്ചു. 24  യേശുവിനെ സ്‌തംഭത്തിൽ തറച്ചശേഷം അവർ നറുക്കിട്ട്‌ യേശുവിന്റെ പുറങ്കുപ്പായം വീതിച്ചെടുത്തു.+ 25  അവർ യേശുവിനെ സ്‌തംഭത്തിൽ തറച്ചപ്പോൾ സമയം മൂന്നാം മണിയായിരുന്നു. 26  “ജൂതന്മാരുടെ രാജാവ്‌ ” എന്ന്‌ അവിടെ എഴുതിവെച്ചിരുന്നു.+ യേശുവിന്‌ എതിരെ ആരോപിച്ച കുറ്റമായിരുന്നു അത്‌. 27  കൂടാതെ അവർ രണ്ടു കവർച്ചക്കാരെ, ഒരുത്തനെ യേശുവിന്റെ വലത്തും മറ്റവനെ ഇടത്തും ആയി സ്‌തംഭത്തിലേറ്റി.+ 28  —— 29  അതിലേ കടന്നുപോയവർ തലകുലുക്കിക്കൊണ്ട്‌ ഇങ്ങനെ പറഞ്ഞ്‌ യേശുവിനെ നിന്ദിച്ചു:+ “ഹേ! ദേവാലയം ഇടിച്ചുകളഞ്ഞ്‌ മൂന്നു ദിവസത്തിനകം പണിയുന്നവനേ,+ 30  നിന്നെത്തന്നെ രക്ഷിക്ക്‌. ദണ്ഡനസ്‌തംഭത്തിൽനിന്ന്‌ ഇറങ്ങിവാ.” 31  അങ്ങനെതന്നെ, മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരും യേശുവിനെ കളിയാക്കിക്കൊണ്ട്‌ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: “മറ്റുള്ളവരെ ഇവൻ രക്ഷിച്ചു. എന്നാൽ സ്വയം രക്ഷിക്കാൻ ഇവനു പറ്റുന്നില്ല!+ 32  ഇസ്രായേലിന്റെ രാജാവായ ക്രിസ്‌തു ദണ്ഡനസ്‌തംഭത്തിൽനിന്ന്‌ ഇറങ്ങിവരട്ടെ. അതു കണ്ടാൽ ഇവനിൽ വിശ്വസിക്കാം.”+ യേശുവിന്റെ ഇരുവശത്തും സ്‌തംഭത്തിൽ കിടന്നവർപോലും യേശുവിനെ നിന്ദിച്ചു.+ 33  ആറാം മണിമുതൽ ഒൻപതാം മണിവരെ ആ നാട്ടിലെങ്ങും* ഇരുട്ടു പരന്നു.+ 34  ഒൻപതാം മണി ആയപ്പോൾ യേശു ഉറക്കെ “ഏലീ, ഏലീ, ലമാ ശബക്താനീ” എന്നു വിളിച്ചുപറഞ്ഞു. (പരിഭാഷപ്പെടുത്തുമ്പോൾ, “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ്‌ എന്താണ്‌ എന്നെ കൈവിട്ടത്‌ ” എന്നാണ്‌ അതിന്റെ അർഥം.)+ 35  അരികെ നിന്നിരുന്ന ചിലർ ഇതു കേട്ട്‌, “കണ്ടോ! അവൻ ഏലിയയെ വിളിക്കുകയാണ്‌ ” എന്നു പറഞ്ഞു. 36  ഒരാൾ ഓടിച്ചെന്ന്‌ പുളിച്ച വീഞ്ഞിൽ നീർപ്പഞ്ഞി* മുക്കി ഒരു ഈറ്റത്തണ്ടിന്മേൽ വെച്ച്‌ യേശുവിനു കുടിക്കാൻ കൊടുത്തുകൊണ്ട്‌+ പറഞ്ഞു: “അവൻ അവിടെ കിടക്കട്ടെ, അവനെ താഴെ ഇറക്കാൻ ഏലിയ വരുമോ എന്നു നോക്കാം.” 37  എന്നാൽ യേശു ഉറക്കെ നിലവിളിച്ച്‌ ജീവൻ വെടിഞ്ഞു.+ 38  അപ്പോൾ വിശുദ്ധമന്ദിരത്തിലെ തിരശ്ശീല+ മുകളിൽനിന്ന്‌ താഴെവരെ രണ്ടായി കീറിപ്പോയി.+ 39  യേശു മരിച്ചപ്പോൾ സംഭവിച്ചതെല്ലാം കണ്ട്‌ അവിടെ നിന്നിരുന്ന സൈനികോദ്യോഗസ്ഥൻ, “ഈ മനുഷ്യൻ ശരിക്കും ദൈവപുത്രനായിരുന്നു”* എന്നു പറഞ്ഞു.+ 40  ഇതെല്ലാം നോക്കിക്കൊണ്ട്‌ അകലെ കുറെ സ്‌ത്രീകളും നിന്നിരുന്നു. മഗ്‌ദലക്കാരി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും ശലോമയും അക്കൂട്ടത്തിലുണ്ടായിരുന്നു.+ 41  യേശു ഗലീലയിലായിരുന്നപ്പോൾ യേശുവിനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്‌തവരാണ്‌ ഇവർ.+ യേശുവിന്റെകൂടെ യരുശലേമിലേക്കു വന്ന മറ്റു പല സ്‌ത്രീകളും അവിടെയുണ്ടായിരുന്നു. 42  അപ്പോൾത്തന്നെ വൈകുന്നേരമായതുകൊണ്ടും ശബത്തിന്റെ തലേദിവസമായ ഒരുക്കനാൾ ആയതുകൊണ്ടും, 43  അരിമഥ്യക്കാരനായ യോസേഫ്‌ ധൈര്യപൂർവം പീലാത്തൊസിന്റെ അടുത്ത്‌ ചെന്ന്‌ യേശുവിന്റെ ശരീരം ചോദിച്ചു.+ ന്യായാധിപസഭയിലെ ബഹുമാന്യനായ ഒരു അംഗവും ദൈവരാജ്യത്തിനുവേണ്ടി കാത്തിരിക്കുന്നയാളും ആയിരുന്നു യോസേഫ്‌. 44  എന്നാൽ ഇത്ര വേഗം യേശു മരിച്ചോ എന്നു പീലാത്തൊസ്‌ ഓർത്തു. അതുകൊണ്ട്‌ പീലാത്തൊസ്‌ സൈനികോദ്യോഗസ്ഥനെ വിളിച്ച്‌ യേശു മരിച്ചോ എന്ന്‌ അന്വേഷിച്ചു. 45  അയാളോടു ചോദിച്ച്‌ ഉറപ്പാക്കിയശേഷം പീലാത്തൊസ്‌ ശരീരം യോസേഫിനു വിട്ടുകൊടുത്തു. 46  പിന്നെ യോസേഫ്‌ മേന്മയേറിയ ലിനൻതുണി വാങ്ങി. എന്നിട്ട്‌ യേശുവിനെ താഴെ ഇറക്കി അതിൽ പൊതിഞ്ഞ്‌ പാറയിൽ വെട്ടിയുണ്ടാക്കിയ ഒരു കല്ലറയിൽ വെച്ചു.+ കല്ലറയുടെ വാതിൽക്കൽ ഒരു കല്ലും ഉരുട്ടിവെച്ചു.+ 47  എന്നാൽ മഗ്‌ദലക്കാരി മറിയയും യോസെയുടെ അമ്മ മറിയയും യേശുവിനെ വെച്ച സ്ഥലത്തേക്കു നോക്കി അവിടെത്തന്നെ നിന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “എടുപ്പിച്ചു.”
അക്ഷ. “ഭൂമിയിലെങ്ങും.”
അഥവാ “സ്‌പോഞ്ച്‌.” ഒരു സമുദ്രജീവിയിൽനിന്ന്‌ കിട്ടുന്ന അനേകം ചെറുസുഷിരങ്ങളുള്ള വസ്‌തു. ഇതിനു ദ്രാവകങ്ങൾ വലിച്ചെടുക്കാനാകും.
മറ്റൊരു സാധ്യത “ദൈവത്തിന്റെ പുത്രന്മാരിൽ ഒരാളായിരുന്നു; ഒരു ദൈവത്തിന്റെ പുത്രന്മാരിൽ ഒരാളായിരുന്നു.”

പഠനക്കുറിപ്പുകൾ

സൻഹെദ്രിൻ: മത്ത 26:59-ന്റെ പഠനക്കുറിപ്പു കാണുക.

പീലാത്തൊസ്‌: എ.ഡി. 26-ൽ തിബെര്യൊസ്‌ ചക്രവർത്തി നിയമിച്ച യഹൂദ്യയിലെ റോമൻ ഗവർണർ (അധിപതി). അദ്ദേഹം പത്തു വർഷത്തോളം ഭരണം നടത്തി. റോമൻ ചരിത്രകാരനായ റ്റാസിറ്റസ്‌ ഉൾപ്പെടെ ബൈബിളെഴുത്തുകാരല്ലാത്ത പലരും പീലാത്തൊസിനെക്കുറിച്ച്‌ പരാമർശിച്ചിട്ടുണ്ട്‌. തിബെര്യൊസിന്റെ ഭരണകാലത്ത്‌ പീലാത്തൊസ്‌ ക്രിസ്‌തുവിനെ വധിക്കാൻ ഉത്തരവിട്ടതായി റ്റാസിറ്റസ്‌ എഴുതി. കൂടാതെ, ഇസ്രായേലിലെ കൈസര്യയിലുള്ള പുരാതന റോമൻ പ്രദർശനശാലയിൽനിന്ന്‌ ലത്തീൻ ഭാഷയിലുള്ള, “പൊന്തിയൊസ്‌ പീലാത്തൊസ്‌, യഹൂദ്യയുടെ അധിപതി” എന്നൊരു ആലേഖനവും കണ്ടെത്തിയിരുന്നു.​—പൊന്തിയൊസ്‌ പീലാത്തൊസ്‌ ഭരിച്ചിരുന്ന പ്രദേശത്തെക്കുറിച്ച്‌ അറിയാൻ അനു. ബി10 കാണുക.

നീ ജൂതന്മാരുടെ രാജാവാണോ: മത്ത 27:11-ന്റെ പഠനക്കുറിപ്പു കാണുക.

അങ്ങുതന്നെ അതു പറയുന്നല്ലോ: മത്ത 27:11-ന്റെ പഠനക്കുറിപ്പു കാണുക.

ഒരു തടവുകാരനെ മോചിപ്പിക്കാറുണ്ടായിരുന്നു: നാലു സുവിശേഷയെഴുത്തുകാരും ഈ സംഭവത്തെക്കുറിച്ച്‌ പരാമർശിച്ചിട്ടുണ്ട്‌. (മത്ത 27:15-23; ലൂക്ക 23:16-25; യോഹ 18:39, 40) ഇങ്ങനെയൊരു പതിവ്‌ നിലവിൽ വന്നതിന്റെ അടിസ്ഥാനത്തെക്കുറിച്ചോ ഇത്തരമൊരു കീഴ്‌വഴക്കത്തെക്കുറിച്ചോ എബ്രായതിരുവെഴുത്തുകളിൽ എങ്ങും കാണുന്നില്ല. എന്നാൽ യേശുവിന്റെ കാലത്തിനു മുമ്പ്‌ എപ്പോഴോ ജൂതന്മാർ ഇങ്ങനെയൊരു രീതി തുടങ്ങിയിരിക്കാം. പക്ഷേ ഈ ആചാരം റോമാക്കാർക്ക്‌ ഒരു പുതുമയല്ലായിരുന്നിരിക്കണം. കാരണം ജനക്കൂട്ടത്തെ പ്രീതിപ്പെടുത്താൻ തടവുകാരെ മോചിപ്പിക്കുന്ന ഒരു രീതി റോമാക്കാർക്കുണ്ടായിരുന്നു എന്നതിനു തെളിവുകളുണ്ട്‌.

വീണ്ടും: പീലാത്തൊസ്‌ യേശുവിനെ വധിക്കണമെന്നു ജനക്കൂട്ടം മൂന്നു തവണയെങ്കിലും അലറിവിളിച്ചതായി ലൂക്ക 23:18-23 സൂചിപ്പിക്കുന്നു. മർക്കോസിന്റെ ഈ വിവരണത്തിൽ, പീലാത്തോസ്‌ മൂന്നു തവണ ജനക്കൂട്ടത്തോടു യേശുവിന്റെ കാര്യം ചോദിക്കുന്നതായും കാണാം.​—മർ 15:9, 12, 14.

ചാട്ടയ്‌ക്ക്‌ അടിപ്പിച്ചു: മത്ത 27:26-ന്റെ പഠനക്കുറിപ്പു കാണുക.

ഗവർണറുടെ വസതി: മത്ത 27:27-ന്റെ പഠനക്കുറിപ്പു കാണുക.

പർപ്പിൾ നിറത്തിലുള്ള വസ്‌ത്രം ധരിപ്പിച്ചു: ഇതു യേശുവിനെയും യേശുവിന്റെ രാജാധികാരത്തെയും കളിയാക്കാനായിരുന്നു. മത്തായിയുടെ വിവരണത്തിൽ (27:28) പറയുന്നതു പടയാളികൾ യേശുവിനെ “കടുഞ്ചുവപ്പു നിറമുള്ള ഒരു മേലങ്കി ധരിപ്പിച്ചു” എന്നാണ്‌. സാധാരണയായി ‘കടുഞ്ചുവപ്പു മേലങ്കി’ അണിഞ്ഞിരുന്നതു രാജാക്കന്മാരോ മജിസ്‌റ്റ്രേട്ടുമാരോ സൈനികോദ്യോഗസ്ഥരോ ആയിരുന്നു. എന്നാൽ മർക്കോസിന്റെയും യോഹന്നാന്റെയും (19:2) വിവരണത്തിൽ കാണുന്നത്‌, യേശുവിനെ ധരിപ്പിച്ചതു പർപ്പിൾ നിറമുള്ള ഒരു വസ്‌ത്രമാണെന്നാണ്‌. പക്ഷേ പുരാതനകാലങ്ങളിൽ ചുവപ്പും നീലയും ചേർന്ന ഏതു നിറത്തെയും “പർപ്പിൾ” എന്നു വിളിക്കാറുണ്ടായിരുന്നു. മാത്രമല്ല പ്രകാശത്തിന്റെ പ്രതിഫലനം, പശ്ചാത്തലം എന്നിവ മാറുന്നതനുസരിച്ച്‌ ഒരു കാഴ്‌ചക്കാരന്‌ ഒരു വസ്‌തുവിന്റെ നിറം മറ്റൊന്നായി തോന്നാം. അയാൾ എവിടെനിന്ന്‌ നോക്കുന്നു എന്നതും അതിനെ സ്വാധീനിച്ചേക്കാം. സുവിശേഷയെഴുത്തുകാർ ഒരേ നിറത്തെ വ്യത്യസ്‌തരീതികളിൽ വർണിച്ചു എന്ന വസ്‌തുത സൂചിപ്പിക്കുന്നത്‌, അവർ വെറുതേ കണ്ണുമടച്ച്‌ മറ്റൊരാളുടെ വിവരണം പകർത്തുകയായിരുന്നില്ല എന്നാണ്‌.

കിരീടം: പർപ്പിൾ നിറത്തിലുള്ള മേലങ്കിയോടൊപ്പം (ഈ വാക്യത്തിൽ മുമ്പ്‌ പറഞ്ഞിരിക്കുന്നു.) അവർ യേശുവിന്‌ ഒരു മുൾക്കിരീടവും മത്ത 27:29 പറയുന്നതുപോലെ ചെങ്കോലായി “ഈറ്റത്തണ്ടും” കൊടുത്തു. രാജകീയചിഹ്നങ്ങളെന്നോണം ഇവ കൊടുത്തതു യേശുവിനെ കളിയാക്കാനായിരുന്നു.

അഭിവാദ്യങ്ങൾ!: മത്ത 27:29-ന്റെ പഠനക്കുറിപ്പു കാണുക.

യേശുവിന്റെ മേൽ തുപ്പി: യേശുവിനെ നിന്ദിച്ച ഈ പ്രവൃത്തി മർ 10:34-ലെ യേശുവിന്റെതന്നെ വാക്കുകളുടെയും അതുപോലെ യശ 50:6-ലെ മിശിഹയെക്കുറിച്ചുള്ള പ്രവചനത്തിന്റെയും നിവൃത്തിയായിരുന്നു.​—മർ 10:34-ന്റെ പഠനക്കുറിപ്പു കാണുക.

യേശുവിനെ വണങ്ങി: അഥവാ “കുമ്പിട്ട്‌ നമസ്‌കരിച്ചു; ആദരവ്‌ കാണിച്ചു.” പ്രൊസ്‌കിനിയോ എന്ന ഗ്രീക്കുക്രിയാപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌, പടയാളികൾ യേശുവിനെ “ജൂതന്മാരുടെ രാജാവേ” എന്നു വിളിച്ച്‌ പരിഹാസരൂപേണ വണങ്ങിയതിനെ കുറിക്കാനാണ്‌.​—മർ 15:18; മത്ത 2:2-ന്റെ പഠനക്കുറിപ്പു കാണുക.

യേശുവിനെ സ്‌തംഭത്തിൽ തറയ്‌ക്കാൻ: അഥവാ “ഒരു സ്‌തംഭത്തിൽ (തൂണിൽ) ബന്ധിക്കാൻ.”​—മത്ത 20:19-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ദണ്ഡനസ്‌തംഭം”; “സ്‌തംഭം” എന്നിവയും കാണുക.

അലക്‌സാണ്ടറിന്റെയും രൂഫൊസിന്റെയും അപ്പൻ: കുറേനക്കാരനായ ശിമോനെക്കുറിച്ചുള്ള ഈ വിശദാംശം മർക്കോസ്‌ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.

കുറേനക്കാരൻ: മത്ത 27:32-ന്റെ പഠനക്കുറിപ്പു കാണുക.

നിർബന്ധിച്ച്‌: റോമൻ അധികാരികൾ ഒരു പൗരനെക്കൊണ്ട്‌ നിർബന്ധപൂർവം ചെയ്യിക്കുന്ന സേവനത്തെ സൂചിപ്പിക്കുന്നു. ഔദ്യോഗികകാര്യങ്ങൾ നടത്താനായി എന്തെങ്കിലും ആവശ്യമുണ്ടെന്നു കണ്ടാൽ, അത്‌ എന്തുമായിക്കൊള്ളട്ടെ, ബലമായി കൈവശപ്പെടുത്താൻ അവർക്കാകുമായിരുന്നു. ഇനി, അത്തരം കാര്യങ്ങൾക്കായി ആളുകളെയോ മൃഗങ്ങളെയോ കൊണ്ട്‌ സേവനം ചെയ്യിക്കാനും അവർക്ക്‌ അധികാരമുണ്ടായിരുന്നു.​—മത്ത 5:​41-ന്റെ പഠനക്കുറിപ്പു കാണുക.

ദണ്ഡനസ്‌തംഭം: മത്ത 27:32-ന്റെ പഠനക്കുറിപ്പു കാണുക.

ഗൊൽഗോഥ: മത്ത 27:33-ന്റെ പഠനക്കുറിപ്പു കാണുക.

തലയോടിടം: ഇവിടെ കാണുന്ന ക്രാനീയൗ ടോപൊസ്‌ എന്ന ഗ്രീക്കുപദപ്രയോഗം ഗൊൽഗോഥ എന്ന എബ്രായപദത്തിന്റെ പരിഭാഷയാണ്‌. (യോഹ 19:17-ഉം ഈ വാക്യത്തിലെ ഗൊൽഗോഥ എന്നതിന്റെ പഠനക്കുറിപ്പും കാണുക.) ബൈബിളിന്റെ ചില ഇംഗ്ലീഷ്‌ പരിഭാഷകൾ ലൂക്ക 23:33-ൽ കാൽവരി എന്ന പദം ഉപയോഗിച്ചിട്ടുണ്ട്‌. വൾഗേറ്റിൽ “തലയോട്ടി” എന്ന അർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന കൽവേരിയ എന്ന ലത്തീൻപദത്തിൽനിന്ന്‌ വന്നിരിക്കുന്നതാണ്‌ ഇത്‌.

മീറ കലർത്തിയ വീഞ്ഞ്‌: മത്ത 27:34-ലെ സമാന്തരവിവരണത്തിൽ “കയ്‌പുരസമുള്ളൊരു സാധനം കലക്കിയ വീഞ്ഞ്‌ ” എന്നാണു കാണുന്നത്‌. ആ പാനീയത്തിൽ മീറയോടൊപ്പം കയ്‌പുരസമുള്ള ഈ സാധനവും കലർത്തിയിരുന്നിരിക്കാം. തെളിവനുസരിച്ച്‌ ഈ മിശ്രിതം ഒരു വേദനസംഹാരിയായിരുന്നു.​—ഈ വാക്യത്തിലെ യേശു അതു നിരസിച്ചു എന്നതിന്റെ പഠനക്കുറിപ്പും മത്ത 27:34-ന്റെ പഠനക്കുറിപ്പും കാണുക.

യേശു അതു നിരസിച്ചു: വിശ്വാസത്തിന്റെ ഈ പരിശോധനാവേളയിൽ തന്റെ ശരീരത്തിന്റെയും മനസ്സിന്റെയും മേൽ പൂർണനിയന്ത്രണമുണ്ടായിരിക്കാൻ യേശു ആഗ്രഹിച്ചതുകൊണ്ടാകാം ഇങ്ങനെ ചെയ്‌തത്‌.

നറുക്കിട്ട്‌: പദാവലിയിൽ “നറുക്ക്‌ ” കാണുക.

യേശുവിന്റെ പുറങ്കുപ്പായം വീതിച്ചെടുത്തു: മത്ത 27:35-ന്റെ പഠനക്കുറിപ്പു കാണുക.

മൂന്നാം മണി: അതായത്‌, രാവിലെ ഏകദേശം 9 മണി. എന്നാൽ ഈ വിവരണവും പീലാത്തൊസ്‌ യേശുവിനെ വധിക്കാൻ വിട്ടുകൊടുത്തത്‌ “ആറാം മണി” നേരത്തായിരുന്നെന്നു പറയുന്ന യോഹ 19:14-16-ഉം തമ്മിൽ പൊരുത്തക്കേടുള്ളതായി ചിലർ കരുതുന്നു. ഇങ്ങനെയൊരു വ്യത്യാസം കാണുന്നതിന്റെ കാരണം തിരുവെഴുത്തുകൾ മുഴുവനായി വിശദീകരിക്കുന്നില്ലെങ്കിലും കണക്കിലെടുക്കേണ്ട ചില വസ്‌തുതകൾ ഇവയാണ്‌: യേശുവിന്റെ ഭൗമികജീവിതത്തിന്റെ അവസാനദിവസത്തെ സംഭവങ്ങൾ വിവരിക്കുമ്പോൾ സമയത്തിന്റെ കാര്യത്തിൽ പൊതുവേ സുവിശേഷയെഴുത്തുകാരെല്ലാം യോജിപ്പിലാണ്‌. പുരോഹിതന്മാരും മൂപ്പന്മാരും അതിരാവിലെ കൂടിവന്നതായും തുടർന്ന്‌ യേശുവിനെ റോമൻ ഗവർണറായ പൊന്തിയൊസ്‌ പീലാത്തൊസിന്റെ അടുത്തേക്കു കൊണ്ടുപോയതായും നാലു സുവിശേഷവിവരണങ്ങളും സൂചിപ്പിക്കുന്നുണ്ട്‌. (മത്ത 27:1, 2; മർ 15:1; ലൂക്ക 22:66–23:1; യോഹ 18:28) യേശു സ്‌തംഭത്തിൽ കിടക്കുന്ന സമയത്ത്‌ “ആറാം മണിമുതൽ ഒൻപതാം മണിവരെ” നാട്ടിലെങ്ങും ഇരുട്ടു പരന്നതായി മത്തായി, മർക്കോസ്‌, ലൂക്കോസ്‌ എന്നിവരെല്ലാം രേഖപ്പെടുത്തിയിട്ടുമുണ്ട്‌. (മത്ത 27:45, 46; മർ 15:33, 34; ലൂക്ക 23:44) യേശുക്രിസ്‌തു വധിക്കപ്പെട്ട സമയം കണക്കാക്കുമ്പോൾ പിൻവരുന്ന വസ്‌തുത പരിഗണിക്കേണ്ടതാണ്‌: ചിലർ ചാട്ടയടിയെ വധനിർവഹണത്തിന്റെ ഭാഗമായാണു കണ്ടിരുന്നത്‌. ചിലപ്പോഴൊക്കെ ചാട്ടയടിയുടെ കാഠിന്യം കാരണം ആളുകൾ മരിക്കുകപോലും ചെയ്‌തിരുന്നു. യേശുവിനേറ്റ ചാട്ടയടിയും കഠിനമായിരുന്നു. അതുകൊണ്ടാണ്‌ ആദ്യം യേശുതന്നെ ദണ്ഡനസ്‌തംഭം ചുമന്നെങ്കിലും പിന്നീടു മറ്റൊരാൾ അതു ചുമക്കേണ്ടതായി വന്നത്‌. (ലൂക്ക 23:26; യോഹ 19:17) ചാട്ടയടി വധനിർവഹണത്തിന്റെ ആദ്യപടിയായി കണക്കാക്കുന്നതിനെ മത്ത 27:26-ഉം മർ 15:15-ഉം പിന്താങ്ങുന്നു. കാരണം അവിടെ ചാട്ടയടിയും സ്‌തംഭത്തിലേറ്റി കൊല്ലുന്നതും ഒരുമിച്ചാണു പറഞ്ഞിരിക്കുന്നത്‌. എന്നാൽ ചാട്ടയടി കഴിഞ്ഞ്‌ കുറെയധികം സമയം കഴിഞ്ഞിട്ടായിരിക്കാം യേശുവിനെ ദണ്ഡനസ്‌തംഭത്തിൽ തറച്ചത്‌. എന്തായാലും വധനിർവഹണത്തിന്റെ തുടക്കം കണക്കാക്കുന്നതിനെപ്പറ്റി ആളുകളുടെ അഭിപ്രായങ്ങൾ പലതായിരുന്നതുകൊണ്ട്‌ യേശുവിനെ സ്‌തംഭത്തിലേറ്റി വധിച്ച സമയത്തെക്കുറിച്ചും അവർക്കു വ്യത്യസ്‌തമായ അഭിപ്രായങ്ങളായിരുന്നിരിക്കാം. ഉദാഹരണത്തിന്‌, യേശുവിനെ സ്‌തംഭത്തിൽ തറച്ചതു മൂന്നാം മണിക്കാണെന്നു മർക്കോസ്‌ പറയുന്നെങ്കിലും അതേ വിവരണത്തിൽ “ഇത്ര വേഗം യേശു മരിച്ചോ” എന്നു പീലാത്തോസ്‌ അത്ഭുതപ്പെട്ടതായി കാണുന്നതു കാഴ്‌ചപ്പാടിലെ ഈ വ്യത്യാസംകൊണ്ടായിരിക്കാം. (മർ 15:44) ഇനി, രാത്രിയെ മൂന്നു മണിക്കൂർ വീതമുള്ള നാലു ഭാഗമായി തിരിച്ചിരുന്നതുപോലെതന്നെ പകലിനെയും നാലായി തിരിക്കുന്ന രീതി ബൈബിളെഴുത്തുകാർ പൊതുവേ പിൻപറ്റിയിരുന്നു. ഇതുകൊണ്ടാണു രാവിലെ ഏകദേശം 6 മണി മുതലുള്ള (സൂര്യോദയംമുതലുള്ള) പകൽസമയത്തെ കുറിക്കാൻ മൂന്നാം മണി, ആറാം മണി, ഒൻപതാം മണി എന്നീ പദപ്രയോഗങ്ങൾ കൂടെക്കൂടെ ഉപയോഗിച്ചിരിക്കുന്നത്‌. (മത്ത 20:1-5; യോഹ 4:6; പ്രവൃ 2:15; 3:1; 10:3, 9, 30) ഇനി, അക്കാലത്ത്‌ പൊതുവേ ആളുകളുടെ കൈവശം കൃത്യസമയം കാണിക്കുന്ന ഘടികാരങ്ങളില്ലായിരുന്നു. അതുകൊണ്ടാണു സമയത്തെക്കുറിച്ച്‌ പറയേണ്ടിവരുന്ന മിക്ക സാഹചര്യങ്ങളിലും യോഹ 19:14-ൽ കാണുന്നതുപോലെ “ഏകദേശം” എന്ന പദം ചേർത്തിരിക്കുന്നത്‌. (മത്ത 27:46; ലൂക്ക 23:44; യോഹ 4:6; പ്രവൃ 10:3, 9) ചുരുക്കത്തിൽ: സ്‌തംഭത്തിൽ തറയ്‌ക്കുന്നതിനെ മാത്രം വധനിർവഹണമായി യോഹന്നാൻ കണക്കാക്കിയപ്പോൾ വധനിർവഹണത്തിൽ ചാട്ടയടിയും സ്‌തംഭത്തിൽ തറയ്‌ക്കലും ഉൾപ്പെടുന്നതായി മർക്കോസ്‌ കണക്കാക്കിയിരിക്കാം. അതുവെച്ച്‌ മർക്കോസ്‌ വധനിർവഹണത്തെ പകൽ മൂന്നാം മണിക്കു തുടങ്ങുന്ന മൂന്നു-മണിക്കൂർ വിഭാഗത്തിൽപ്പെടുത്തുകയും യോഹന്നാൻ ഇതിനെ പകൽ ആറാം മണിക്കു തുടങ്ങുന്ന മൂന്നു-മണിക്കൂർ വിഭാഗത്തിൽപ്പെടുത്തുകയും ചെയ്‌തതാകാം. യോഹന്നാനാകട്ടെ അതോടൊപ്പം “ഏകദേശം” എന്ന പദവും ചേർത്തിട്ടുണ്ട്‌. രണ്ടു സുവിശേഷവിവരണങ്ങൾ തമ്മിൽ സമയത്തിന്റെ കാര്യത്തിൽ വ്യത്യാസം വരാനുള്ള കാരണങ്ങൾ ഇവയായിരിക്കാം. മർക്കോസ്‌ രേഖപ്പെടുത്തിയതിൽനിന്ന്‌ വ്യത്യസ്‌തമായ ഒരു സമയമാണു പതിറ്റാണ്ടുകൾക്കു ശേഷം യോഹന്നാൻ തന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയത്‌ എന്നു പ്രത്യക്ഷത്തിൽ തോന്നിയേക്കാമെങ്കിലും അതു സൂചിപ്പിക്കുന്നതു യോഹന്നാൻ കണ്ണുമടച്ച്‌ മർക്കോസിന്റെ വിവരണം പകർത്തുകയായിരുന്നില്ല എന്നാണ്‌.

കവർച്ചക്കാർ: മത്ത 27:38-ന്റെ പഠനക്കുറിപ്പു കാണുക.

പിൽക്കാലത്തെ ഏതാനും ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ ഈ വാക്കുകൾ കാണാം: “‘അവനെ നിയമലംഘകരുടെ കൂട്ടത്തിൽ എണ്ണി’ എന്ന തിരുവെഴുത്തു നിവൃത്തിയായി.” ഇത്‌ യശ 53:12-ന്റെ ഭാഗികമായ ഉദ്ധരണിയാണ്‌. എന്നാൽ ഏറ്റവും കാലപ്പഴക്കമുള്ളതും ഏറെ വിശ്വാസയോഗ്യവും ആയ കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. അതു സൂചിപ്പിക്കുന്നത്‌, മർക്കോസ്‌ സുവിശേഷം എഴുതിയപ്പോൾ ഈ വാക്കുകൾ അതിൽ ഇല്ലായിരുന്നു എന്നാണ്‌. എങ്കിലും സമാനമായ വാക്കുകൾ ലൂക്ക 22:37-ൽ കാണാം. അതാകട്ടെ ദൈവപ്രചോദിതമായി രേഖപ്പെടുത്തിയ തിരുവെഴുത്തുകളുടെ ഭാഗമാണുതാനും. ലൂക്കോസിന്റെ വിവരണത്തിലെ ആ വാക്കുകൾ ഒരു പകർപ്പെഴുത്തുകാരൻ മർക്കോസിന്റെ വിവരണത്തിലേക്കു കടമെടുത്തതാകാം എന്നാണു ചിലരുടെ അഭിപ്രായം.​—അനു. എ3 കാണുക.

തലകുലുക്കിക്കൊണ്ട്‌: മത്ത 27:39-ന്റെ പഠനക്കുറിപ്പു കാണുക.

ദണ്ഡനസ്‌തംഭം: മത്ത 27:32-ന്റെ പഠനക്കുറിപ്പു കാണുക.

ദണ്ഡനസ്‌തംഭം: മത്ത 27:32-ന്റെ പഠനക്കുറിപ്പു കാണുക.

ആറാം മണി: അതായത്‌, ഉച്ചയ്‌ക്ക്‌ ഏകദേശം 12 മണി.​—മത്ത 20:3-ന്റെ പഠനക്കുറിപ്പു കാണുക.

ഒൻപതാം മണി: അതായത്‌, ഉച്ച കഴിഞ്ഞ്‌ ഏകദേശം 3 മണി.​—മത്ത 20:3-ന്റെ പഠനക്കുറിപ്പു കാണുക.

ഇരുട്ട്‌: ലൂക്കോസിന്റെ സമാന്തരവിവരണത്തിൽ “സൂര്യപ്രകാശം മങ്ങിപ്പോയി” എന്നൊരു വിശദാംശവും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്‌. (ലൂക്ക 23:44, 45) ഇത്‌ എന്തായാലും സൂര്യഗ്രഹണംകൊണ്ടുണ്ടായ ഇരുട്ടല്ല, മറിച്ച്‌ ദൈവത്തിന്റെ ഒരു അത്ഭുതമായിരുന്നു. കാരണം സാധാരണയായി സൂര്യഗ്രഹണം ഉണ്ടാകുന്നതു അമാവാസിയുടെ സമയത്താണ്‌. എന്നാൽ ഇതു പെസഹയുടെ കാലമായതുകൊണ്ട്‌ പൂർണചന്ദ്രനെ കാണുന്ന സമയമായിരുന്നു. ഇനി, പൂർണസൂര്യഗ്രഹണംപോലും ഏറിയാൽ എട്ടു മിനിട്ടിൽ താഴെ മാത്രമേ നീണ്ടുനിൽക്കൂ. എന്നാൽ ഇവിടെ ഇരുട്ടു മൂന്നു മണിക്കൂർ നീണ്ടുനിന്നു.

ഏലീ, ഏലീ, ലമാ ശബക്താനീ: മത്ത 27:46-ന്റെ പഠനക്കുറിപ്പു കാണുക.

എന്റെ ദൈവമേ, എന്റെ ദൈവമേ: മത്ത 27:46-ന്റെ പഠനക്കുറിപ്പു കാണുക.

ഏലിയ: “എന്റെ ദൈവം യഹോവയാണ്‌ ” എന്ന്‌ അർഥമുള്ള ഒരു എബ്രായപേരിൽനിന്ന്‌ വന്നത്‌.

പുളിച്ച വീഞ്ഞ്‌: മത്ത 27:48-ന്റെ പഠനക്കുറിപ്പു കാണുക.

ഈറ്റത്തണ്ട്‌: മത്ത 27:48-ന്റെ പഠനക്കുറിപ്പു കാണുക.

ജീവൻ വെടിഞ്ഞു: അഥവാ “അന്ത്യശ്വാസം വലിച്ചു.”​—മത്ത 27:50-ന്റെ പഠനക്കുറിപ്പു കാണുക.

വിശുദ്ധമന്ദിരം: മത്ത 27:51-ന്റെ പഠനക്കുറിപ്പു കാണുക.

തിരശ്ശീല: മത്ത 27:51-ന്റെ പഠനക്കുറിപ്പു കാണുക.

സൈനികോദ്യോഗസ്ഥൻ: അഥവാ “ശതാധിപൻ.” അതായത്‌ റോമൻ സൈന്യത്തിലെ ഏകദേശം 100 പടയാളികളുടെ മേധാവി. പീലാത്തൊസ്‌ യേശുവിനെ വിചാരണ ചെയ്യുന്ന സമയത്ത്‌ ഈ ഉന്നതോദ്യോഗസ്ഥൻ അവിടെയുണ്ടായിരുന്നിരിക്കാം. അതുകൊണ്ടുതന്നെ യേശു ദൈവപുത്രനാണെന്ന്‌ അവകാശപ്പെട്ടതായി ജൂതന്മാർ പറഞ്ഞത്‌ അദ്ദേഹം കേട്ടിരിക്കാനിടയുണ്ട്‌. (മർ 15:16; യോഹ 19:7) കെൻടൂറിയൊൻ എന്ന ഗ്രീക്കുപദമാണു മർക്കോസ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. ലത്തീനിൽനിന്ന്‌ കടമെടുത്തിരിക്കുന്ന ഈ പദം മർ 15:44, 45-ലും കാണാം.​—“മർക്കോസ്‌​—ആമുഖം” എന്നതും മർ 6:​27; യോഹ 19:20 എന്നിവയുടെ പഠനക്കുറിപ്പുകളും കാണുക.

മഗ്‌ദലക്കാരി മറിയ: മത്ത 27:56-ന്റെ പഠനക്കുറിപ്പു കാണുക.

ചെറിയ യാക്കോബ്‌: യേശുവിന്റെ അപ്പോസ്‌തലന്മാരിൽ ഒരാളായ ഇദ്ദേഹം അൽഫായിയുടെ മകനാണ്‌. (മത്ത 10:2, 3; മർ 3:18; ലൂക്ക 6:15; പ്രവൃ 1:13) ഇദ്ദേഹത്തിനു യേശുവിന്റെ മറ്റൊരു അപ്പോസ്‌തലനായ യാക്കോബിന്റെ (സെബദിയുടെ മകൻ) അത്രയും പ്രായമോ ഉയരമോ ഇല്ലായിരുന്നതുകൊണ്ടാകാം ഇദ്ദേഹത്തെ “ചെറിയ” യാക്കോബ്‌ എന്നു വിളിച്ചിരുന്നത്‌.

യോസെ: “യാഹ്‌ ചേർക്കട്ടെ (വർധിപ്പിക്കട്ടെ); യാഹ്‌ ചേർത്തു (വർധിപ്പിച്ചു)” എന്നൊക്കെ അർഥമുള്ള യോസിഫ്യ എന്ന എബ്രായപേരിന്റെ ഹ്രസ്വരൂപം. ചുരുക്കം ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ “യോസേഫ്‌ ” എന്നാണു കാണുന്നതെങ്കിലും മിക്ക പുരാതന കൈയെഴുത്തുപ്രതികളിലും “യോസെ” എന്നാണു കാണുന്നത്‌.​—മത്ത 27:56-ലെ സമാന്തരവിവരണം താരതമ്യം ചെയ്യുക.

ശലോമ: സാധ്യതയനുസരിച്ച്‌ “സമാധാനം” എന്ന്‌ അർഥമുള്ള എബ്രായപദത്തിൽനിന്ന്‌ വന്നത്‌. യേശുവിന്റെ ഒരു ശിഷ്യയായിരുന്നു ശലോമ. മത്ത 27:56-നെ മർ 3:17; 15:40 എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ അപ്പോസ്‌തലന്മാരായ യാക്കോബിന്റെയും യോഹന്നാന്റെയും അമ്മയായിരിക്കാം ശലോമ എന്നതിന്റെ സൂചന ലഭിക്കുന്നു. കാരണം മത്തായി ആ സ്‌ത്രീയെക്കുറിച്ച്‌ “സെബെദിപുത്രന്മാരുടെ അമ്മ” എന്നു പറയുമ്പോൾ മർക്കോസ്‌ അവരെ “ശലോമ” എന്നാണു വിളിച്ചിരിക്കുന്നത്‌. ഇനി ഈ വാക്യത്തെ യോഹ 19:25-മായി താരതമ്യം ചെയ്യുമ്പോൾ, ശലോമ യേശുവിന്റെ അമ്മയായ മറിയയുടെ സ്വന്തം സഹോദരിയായിരിക്കാം എന്നൊരു സൂചനയും കിട്ടുന്നു. അങ്ങനെയാണെങ്കിൽ യാക്കോബും യോഹന്നാനും യേശുവിന്റെ അടുത്ത ബന്ധുക്കളാണ്‌. ഇനി, യേശുവിനെ അനുഗമിക്കുകയും സ്വന്തം സ്വത്തുക്കൾകൊണ്ട്‌ യേശുവിനെ ശുശ്രൂഷിക്കുകയും ചെയ്‌ത സ്‌ത്രീകളുടെ കൂട്ടത്തിൽ ശലോമയും ഉണ്ടായിരുന്നെന്ന്‌ മത്ത 27:55, 56; മർ 15:41; ലൂക്ക 8:3 എന്നീ വാക്യങ്ങൾ കാണിക്കുന്നു.

ഒരുക്കനാൾ: തെളിവനുസരിച്ച്‌ മർക്കോസ്‌ ഇത്‌ എഴുതിയതു മുഖ്യമായും ജൂതന്മാരല്ലാത്ത വായനക്കാരെ മനസ്സിൽക്കണ്ടായതുകൊണ്ട്‌ ഒരുക്കനാൾ ശബത്തിന്റെ തലേദിവസമാണെന്ന വിശദീകരണവുംകൂടെ ഇതിൽ ചേർത്തിരിക്കുന്നു. മറ്റു സുവിശേഷവിവരണങ്ങളിലൊന്നും കാണാത്ത ഒരു വിശദീകരണമാണ്‌ ഇത്‌. (മത്ത 27:62; ലൂക്ക 23:54; യോഹ 19:31) ഈ ദിവസം ജൂതന്മാർ ശബത്തിനുവേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. ശബത്തുദിവസംകൂടി കണക്കാക്കി കൂടുതൽ ഭക്ഷണം ഉണ്ടാക്കുക, ശബത്ത്‌ കഴിയുന്നതുവരെ മാറ്റിവെക്കാൻ പറ്റാത്ത ജോലികൾ ചെയ്‌തുതീർക്കുക എന്നിവയെല്ലാം അതിന്റെ ഭാഗമായിരുന്നു. ഇത്തവണ നീസാൻ 14 ആയിരുന്നു ആ ഒരുക്കനാൾ.​—പദാവലി കാണുക.

അരിമഥ്യ: മത്ത 27:57-ന്റെ പഠനക്കുറിപ്പു കാണുക.

യോസേഫ്‌: യോസേഫിനെക്കുറിച്ച്‌ ഓരോ സുവിശേഷയെഴുത്തുകാരനും നൽകുന്ന വിശദാംശങ്ങൾ വ്യത്യസ്‌തമാണ്‌. അവരുടെ ഓരോരുത്തരുടെയും പശ്ചാത്തലം അതിനെ സ്വാധീനിച്ചിരിക്കുന്നതായി കാണാം. ഉദാഹരണത്തിന്‌, നികുതിപിരിവുകാരനായ മത്തായി, യോസേഫ്‌ ധനികനാണെന്നു രേഖപ്പെടുത്തിയിരിക്കുന്നു; റോമാക്കാർക്കുവേണ്ടി എഴുതിയ മർക്കോസ്‌ ആകട്ടെ, ദൈവരാജ്യത്തിനുവേണ്ടി കാത്തിരുന്ന ആളായ യോസേഫ്‌ ‘ന്യായാധിപസഭയിലെ ബഹുമാന്യനായ ഒരു അംഗമാണ്‌ ’ എന്നു പറയുന്നു; മനസ്സലിവുള്ള വൈദ്യനായ ലൂക്കോസ്‌ എഴുതിയത്‌ യോസേഫ്‌ യേശുവിന്‌ എതിരെയുള്ള ന്യായാധിപസഭയുടെ തീരുമാനത്തെ അനുകൂലിക്കാഞ്ഞ, ‘നല്ലവനും നീതിമാനും’ ആയ ഒരാളാണെന്നാണ്‌; യോസേഫ്‌ “ജൂതന്മാരെ പേടിച്ച്‌ യേശുവിന്റെ ഒരു രഹസ്യശിഷ്യനായി കഴിഞ്ഞിരുന്ന” ആളാണെന്നു പറഞ്ഞിരിക്കുന്നതു യോഹന്നാൻ മാത്രമാണ്‌.​—മത്ത 27:57-60; മർ 15:43-46; ലൂക്ക 23:50-53; യോഹ 19:38-42.

ന്യായാധിപസഭയിലെ . . . അംഗം: അഥവാ “കൗൺസിലർ.” അതായത്‌, ജൂതന്മാരുടെ പരമോന്നതകോടതിയായ സൻഹെദ്രിനിലെ ഒരംഗം. ആ കോടതി യരുശലേമിലായിരുന്നു.​—മത്ത 26:59-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “സൻഹെദ്രിൻ” എന്നതും കാണുക.

കല്ലറ: മത്ത 27:60-ന്റെ പഠനക്കുറിപ്പു കാണുക.

ഒരു കല്ല്‌: സാധ്യതയനുസരിച്ച്‌ ഇതിനു വൃത്താകൃതിയായിരുന്നു. കാരണം ഈ വാക്യത്തിൽ ‘കല്ല്‌ ഉരുട്ടിവെച്ചു’ എന്നും മർ 16:4-ൽ യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നിടത്ത്‌ “കല്ല്‌ ഉരുട്ടിമാറ്റി” എന്നും കാണുന്നു. ഇതിന്‌ ഒരുപക്ഷേ ഒരു ടണ്ണോ അതിൽ കൂടുതലോ ഭാരം വരുമായിരുന്നു. മത്തായിയുടെ വിവരണത്തിൽ ഇതിനെ “വലിയ കല്ല്‌ ” എന്നു വിശേഷിപ്പിച്ചിട്ടുണ്ട്‌.​—മത്ത 27:60.

ദൃശ്യാവിഷ്കാരം

സൻഹെ​ദ്രിൻ
സൻഹെ​ദ്രിൻ

മഹാസൻഹെ​ദ്രിൻ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന, ജൂതന്മാ​രു​ടെ പരമോ​ന്ന​ത​കോ​ട​തി​യിൽ 71 അംഗങ്ങ​ളു​ണ്ടാ​യി​രു​ന്നു. യരുശ​ലേ​മി​ലാ​യി​രു​ന്നു അത്‌. (പദാവ​ലി​യിൽ “സൻഹെ​ദ്രിൻ” കാണുക.) അതിലെ ഇരിപ്പി​ടങ്ങൾ അർധവൃ​ത്താ​കൃ​തി​യിൽ, മൂന്നു നിരയാ​യി​ട്ടാ​ണു ക്രമീ​ക​രി​ച്ചി​രു​ന്നത്‌ എന്നു മിഷ്‌ന പറയുന്നു. കോട​തി​വി​ധി​കൾ രേഖ​പ്പെ​ടു​ത്താൻ രണ്ടു ശാസ്‌ത്രി​മാ​രും കാണും. ഒന്നാം നൂറ്റാ​ണ്ടി​ലെ സൻഹെ​ദ്രിൻ എന്നു ചിലർ കരുതുന്ന ഒരു കെട്ടി​ട​ത്തി​ന്റെ (യരുശ​ലേ​മിൽനിന്ന്‌ കണ്ടെടു​ത്തത്‌) വാസ്‌തു​ശൈലി അടിസ്ഥാ​ന​മാ​ക്കി​യാണ്‌ ഈ ചിത്ര​ത്തി​ലെ ചില ഭാഗങ്ങൾ തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌.—അനുബന്ധം ബി12-ലെ “യരുശ​ലേ​മും സമീപ​പ്ര​ദേ​ശ​വും” എന്ന ഭൂപടം കാണുക.

1. മഹാപു​രോ​ഹി​തൻ

2. സൻഹെ​ദ്രി​നി​ലെ അംഗങ്ങൾ

3. പ്രതി

4. ഗുമസ്‌തന്മാർ

ഉപ്പൂറ്റി​യി​ലെ അസ്ഥിയിൽ അടിച്ചു​ക​യ​റ്റിയ ആണി
ഉപ്പൂറ്റി​യി​ലെ അസ്ഥിയിൽ അടിച്ചു​ക​യ​റ്റിയ ആണി

മനുഷ്യ​ന്റെ ഉപ്പൂറ്റി​യി​ലെ അസ്ഥിയിൽ 11.5 സെ.മീ. നീളമുള്ള ഇരുമ്പാ​ണി അടിച്ചു​ക​യ​റ്റി​യി​രി​ക്കു​ന്ന​തി​ന്റെ ഒരു ഫോ​ട്ടോ​യാണ്‌ ഇത്‌. ഈ അസ്ഥിയും ആണിയും യഥാർഥ​ത്തി​ലു​ള്ള​തി​ന്റെ ഒരു പകർപ്പു മാത്ര​മാണ്‌. യഥാർഥ​ത്തി​ലു​ള്ളതു കണ്ടെത്തി​യത്‌ 1968-ൽ വടക്കേ യരുശ​ലേ​മിൽ പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ ഉത്‌ഖ​നനം നടത്തി​യ​പ്പോ​ഴാണ്‌. ഇതിനു റോമൻ ഭരണകാ​ല​ത്തോ​ളം പഴക്കമുണ്ട്‌. തടി​കൊ​ണ്ടുള്ള സ്‌തം​ഭ​ത്തിൽ ഒരാളെ ബന്ധിക്കു​ന്ന​തിന്‌ ആണികൾ ഉപയോ​ഗി​ച്ചി​രി​ക്കാം എന്നതിനെ പുരാ​വ​സ്‌തു​ശാ​സ്‌ത്രം പിന്താ​ങ്ങു​ന്ന​തി​ന്റെ തെളി​വാണ്‌ ഇത്‌. ഇതു​പോ​ലുള്ള ആണിക​ളാ​യി​രി​ക്കാം റോമൻ പടയാ​ളി​കൾ യേശു​ക്രി​സ്‌തു​വി​നെ സ്‌തം​ഭ​ത്തിൽ തറയ്‌ക്കാൻ ഉപയോ​ഗി​ച്ചത്‌. ഗവേഷ​കർക്ക്‌ ഇതു കിട്ടി​യത്‌, ശവശരീ​രം ജീർണി​ച്ച​ശേഷം ബാക്കി​യാ​കുന്ന അസ്ഥികൾ സൂക്ഷി​ക്കുന്ന കല്ലു​കൊ​ണ്ടുള്ള ഒരു പെട്ടി​യിൽനി​ന്നാണ്‌. സ്‌തം​ഭ​ത്തിൽ വധിക്കുന്ന ആളുകൾക്കു ശവസം​സ്‌കാ​രം ലഭിച്ചി​രി​ക്കാം എന്നാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌.

ശവക്കല്ലറ
ശവക്കല്ലറ

പാറയിൽ വെട്ടി​യു​ണ്ടാ​ക്കിയ ഗുഹക​ളി​ലോ അറകളി​ലോ ആണ്‌ ജൂതന്മാർ സാധാ​ര​ണ​യാ​യി ശവസം​സ്‌കാ​രം നടത്തി​യി​രു​ന്നത്‌. രാജാ​ക്ക​ന്മാ​രു​ടേത്‌ ഒഴി​കെ​യുള്ള കല്ലറക​ളെ​ല്ലാം പൊതു​വേ നഗരങ്ങൾക്കു വെളി​യി​ലാ​യി​രു​ന്നു. ഇപ്പോൾ കണ്ടെത്തി​യി​ട്ടുള്ള ജൂതക​ല്ല​റ​ക​ളു​ടെ ഒരു പ്രത്യേ​കത അവയുടെ ലാളി​ത്യ​മാണ്‌. ജൂതന്മാർ മരിച്ച​വരെ ആരാധി​ക്കാ​ഞ്ഞ​താ​യി​രി​ക്കാം ഇതിന്റെ കാരണം. മരണ​ശേഷം ഒരാൾ ഒരു ആത്മലോ​കത്ത്‌ ജീവി​ക്കു​ന്നു എന്ന വിശ്വാ​സ​വും ജൂതമ​ത​ത്തി​ന്റെ ഭാഗമ​ല്ലാ​യി​രു​ന്നു.