യശയ്യ 43:1-28
43 യാക്കോബേ, നിന്റെ സ്രഷ്ടാവും ഇസ്രായേലേ, നിന്റെ നിർമാതാവും ആയയഹോവ ഇങ്ങനെ പറയുന്നു:+
“പേടിക്കേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.+
ഞാൻ നിന്നെ പേരെടുത്ത് വിളിച്ചിരിക്കുന്നു.
നീ എന്റേതാണ്.
2 നീ വെള്ളത്തിലൂടെ പോകുമ്പോൾ ഞാൻ കൂടെയുണ്ടാകും,+നദികളിലൂടെ സഞ്ചരിക്കുമ്പോൾ അവ നിന്നെ മുക്കിക്കളയില്ല.+
തീയിലൂടെ നടക്കുമ്പോൾ നിനക്കു പൊള്ളലേൽക്കില്ല,അഗ്നിജ്വാലകളേറ്റ് നീ വാടിപ്പോകില്ല.
3 നിന്റെ ദൈവമായ യഹോവയാണു ഞാൻ,ഇസ്രായേലിന്റെ പരിശുദ്ധൻ! നിന്റെ രക്ഷകൻ!
നിന്റെ മോചനവിലയായി ഞാൻ ഈജിപ്തിനെ നൽകിയിരിക്കുന്നു,നിനക്കു പകരം എത്യോപ്യയെയും സെബയെയും കൊടുത്തിരിക്കുന്നു.
4 കാരണം, നീ എനിക്കു വളരെ വിലപ്പെട്ടവനാണ്,+ഞാൻ നിന്നെ ആദരിക്കുന്നു, നിന്നെ സ്നേഹിക്കുന്നു.+
അതുകൊണ്ട്, ഞാൻ നിനക്കു പകരം ജനതകളെ കൊടുക്കും,നിന്റെ ജീവനുവേണ്ടി ജനസമൂഹങ്ങളെ നൽകും.
5 പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്.+
ഞാൻ നിന്റെ സന്തതിയെ* കിഴക്കുനിന്ന് കൊണ്ടുവരും,പടിഞ്ഞാറുനിന്ന് ഞാൻ നിന്നെ കൂട്ടിച്ചേർക്കും.+
6 ‘അവരെ വിട്ടുതരുക!’+ എന്നു ഞാൻ വടക്കിനോട് ആവശ്യപ്പെടും,
‘അവരെ പിടിച്ചുവെക്കരുത്!’ എന്നു തെക്കിനോടു കല്പിക്കും.
‘ദൂരെനിന്ന് എന്റെ പുത്രന്മാരെയും ഭൂമിയുടെ അതിരുകളിൽനിന്ന് എന്റെ പുത്രിമാരെയും കൊണ്ടുവരുക,+
7 എന്റെ നാമത്തിൽ അറിയപ്പെടുന്ന എല്ലാവരെയും+എന്റെ മഹത്ത്വത്തിനായി ഞാൻ സൃഷ്ടിച്ചവരെയുംഞാൻ രൂപം കൊടുത്തവരെയും ഞാൻ നിർമിച്ചവരെയും കൊണ്ടുവരുക.’+
8 കണ്ണുകളുണ്ടായിട്ടും അന്ധരായ ജനത്തെ,ചെവികളുണ്ടായിട്ടും ബധിരരായ ജനത്തെ, കൊണ്ടുവരുക.+
9 എല്ലാ ജനതകളും ഒരിടത്ത് കൂടിവരട്ടെ,ജനങ്ങൾ ഒരു സ്ഥലത്ത് ഒന്നിച്ചുകൂടട്ടെ.+
അവരിൽ ആർക്കാണ് ഇതു പറയാനാകുക?
ആദ്യത്തെ സംഭവങ്ങളെക്കുറിച്ച്* നമ്മളെ അറിയിക്കാൻ അവർക്കാകുമോ?+
തങ്ങളുടെ ഭാഗം ശരിയെന്നു തെളിയിക്കാൻ അവർ സാക്ഷികളെ ഹാജരാക്കട്ടെ,അല്ലെങ്കിൽ അവർ കേട്ടിട്ട്, ‘ഇതാണു സത്യം!’ എന്നു പറയട്ടെ.”+
10 “നിങ്ങൾ എന്റെ സാക്ഷികൾ”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.“അതെ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ!+എന്നെ അറിഞ്ഞ് എന്നിൽ വിശ്വസിക്കേണ്ടതിനുംഞാൻ മാറ്റമില്ലാത്തവനെന്നു മനസ്സിലാക്കേണ്ടതിനും ഞാൻ തിരഞ്ഞെടുത്തിരിക്കുന്നവർ!+
എനിക്കു മുമ്പ് ഒരു ദൈവം ഉണ്ടായിരുന്നില്ല,എനിക്കു ശേഷം ആരും ഉണ്ടായിട്ടുമില്ല.+
11 ഞാൻ—ഞാൻ യഹോവയാണ്,+ ഞാനല്ലാതെ ഒരു രക്ഷകനുമില്ല.”+
12 “നിങ്ങൾക്കിടയിൽ മറ്റു ദൈവങ്ങളൊന്നുമില്ലാതിരുന്ന കാലത്ത്+ഞാനാണു പ്രഖ്യാപിക്കുകയും രക്ഷിക്കുകയും അറിയിക്കുകയും ചെയ്തത്.
അതുകൊണ്ട്, നിങ്ങൾ എന്റെ സാക്ഷികൾ” എന്ന് യഹോവ പ്രഖ്യാപിക്കുന്നു; “ഞാനാണു ദൈവം,+
13 ഞാൻ മാറ്റമില്ലാത്തവനാണ്;+എന്റെ കൈയിൽനിന്ന് എന്തെങ്കിലും പിടിച്ചുപറിക്കാൻ ആർക്കുമാകില്ല.+
എന്റെ പ്രവൃത്തികൾ തടയാൻ ആർക്കു കഴിയും?”+
14 നിങ്ങളുടെ വീണ്ടെടുപ്പുകാരനും+ ഇസ്രായേലിന്റെ പരിശുദ്ധനും+ ആയ യഹോവ പറയുന്നു:
“നിങ്ങൾക്കുവേണ്ടി ഞാൻ അവരെ ബാബിലോണിലേക്ക് അയയ്ക്കും;അവർ അതിന്റെ കവാടങ്ങളുടെ ഓടാമ്പലുകൾ തകർത്തുകളയും,+കപ്പലുകളിലുള്ള കൽദയരെയും തകർക്കും; അവർ അതിദുഃഖത്തോടെ നിലവിളിക്കും.+
15 നിങ്ങളുടെ പരിശുദ്ധനും+ നിങ്ങളുടെ രാജാവും+ ഇസ്രായേലിന്റെ സ്രഷ്ടാവും+ ആയ യഹോവയാണു ഞാൻ.”
16 കടലിനു നടുവിലൂടെ വഴി ഉണ്ടാക്കുകയുംകുതിച്ചൊഴുകുന്ന നദികളിലൂടെ പാത ഒരുക്കുകയും+ ചെയ്യുന്നയഹോവ പറയുന്നു,
17 യുദ്ധരഥങ്ങളെയും പടക്കുതിരകളെയുംവീരയോദ്ധാക്കളടങ്ങിയ സൈന്യത്തെയും വിളിച്ചുവരുത്തുന്ന+ ദൈവം ഇങ്ങനെ പറയുന്നു:
“അവർ വീണുകിടക്കും, പിന്നെ എഴുന്നേൽക്കില്ല.+
തിരി കെടുത്തിക്കളയുംപോലെ അവരെ ഇല്ലാതാക്കും.”
18 “പഴയ കാര്യങ്ങളെക്കുറിച്ച് ഓർക്കേണ്ടാ,പണ്ടത്തെ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കുകയും വേണ്ടാ.
19 ഞാൻ ഇതാ, പുതിയൊരു കാര്യം ചെയ്യുന്നു;+അതു തുടങ്ങിക്കഴിഞ്ഞു.
നിങ്ങൾ അത് അറിയുകതന്നെ ചെയ്യും.
ഞാൻ വിജനഭൂമിയിലൂടെ ഒരു വഴി ഒരുക്കും,+മരുഭൂമിയിലൂടെ നദികൾ ഒഴുക്കും.+
20 കാട്ടുമൃഗങ്ങൾ എന്നെ ആദരിക്കും,കുറുനരികളും ഒട്ടകപ്പക്ഷികളും എന്നെ മാനിക്കും.കാരണം, ഞാൻ മരുപ്രദേശത്ത് വെള്ളവുംമരുഭൂമിയിൽ നദികളും നൽകുന്നു;+ഞാൻ തിരഞ്ഞെടുത്ത എന്റെ ജനത്തിനു+ കുടിക്കാൻ,
21 എന്റെ സ്തുതി ഘോഷിക്കാനായി ഞാൻ രൂപം കൊടുത്ത ജനത്തിനു+ കുടിക്കാൻ,ഞാൻ വെള്ളം കൊടുക്കുന്നു.
22 എന്നാൽ യാക്കോബേ,+ നിനക്ക് എന്നെ മടുത്തു.അതുകൊണ്ട് ഇസ്രായേലേ,+ നീ എന്നെ വിളിച്ചപേക്ഷിച്ചില്ല,
23 ആടുകളെ കൊണ്ടുവന്ന് നീ എനിക്കു സമ്പൂർണദഹനയാഗങ്ങൾ അർപ്പിച്ചില്ല,ബലികൾ അർപ്പിച്ച് നീ എന്നെ മഹത്ത്വപ്പെടുത്തിയില്ല.
എനിക്കു കാഴ്ച കൊണ്ടുവരാൻ ഞാൻ നിന്നെ നിർബന്ധിച്ചോ?കുന്തിരിക്കം പുകയ്ക്കാൻ+ ആവശ്യപ്പെട്ട് ഞാൻ നിന്നെ ബുദ്ധിമുട്ടിച്ചോ?
24 നീ പണം മുടക്കി എനിക്കായി ഇഞ്ചിപ്പുല്ല്* വാങ്ങിയില്ല,നിന്റെ ബലിമൃഗങ്ങളുടെ കൊഴുപ്പുകൊണ്ട് നീ എന്നെ തൃപ്തിപ്പെടുത്തിയില്ല.+
പകരം, നിന്റെ പാപങ്ങൾകൊണ്ട് നീ എന്നെ ഭാരപ്പെടുത്തി,നിന്റെ തെറ്റുകൾകൊണ്ട് എന്നെ മടുപ്പിച്ചു.+
25 എന്റെ പേരിനെപ്രതി നിങ്ങളുടെ ലംഘനങ്ങൾ*+ മായ്ച്ചുകളയുന്നവൻ ഞാനാണ്,നിങ്ങളുടെ പാപങ്ങൾ ഞാൻ ഓർക്കില്ല.+
26 വരൂ, നമുക്കു തമ്മിൽ വാദിക്കാം.എന്നെ ഓർമിപ്പിക്കുക; നിന്റെ ഭാഗം ശരിയെന്നു തെളിയിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ പറയുക.
27 നിന്റെ പൂർവികരിൽ ആദ്യത്തെയാൾ പാപം ചെയ്തു,നിന്റെ വക്താക്കൾ* എന്നെ ധിക്കരിച്ചു.+
28 അതുകൊണ്ട്, ഞാൻ വിശുദ്ധസ്ഥലത്തെ പ്രഭുക്കന്മാരെ നിന്ദിക്കും,ഞാൻ യാക്കോബിനെ നാശത്തിനു വിട്ടുകൊടുക്കും;ഇസ്രായേലിനെ പരിഹാസവാക്കുകൾക്കിരയാക്കും.+
അടിക്കുറിപ്പുകള്
^ അക്ഷ. “വിത്തിനെ.”
^ ഭാവിയിൽ ആദ്യം നടക്കാനിരിക്കുന്ന സംഭവങ്ങളെയായിരിക്കാം പരാമർശിക്കുന്നത്.
^ വാസനയുള്ള ഒരിനം പുല്ല്.
^ അഥവാ “ധിക്കാരത്തോടെയുള്ള പ്രവൃത്തികൾ.”
^ നിയമം പഠിപ്പിച്ചിരുന്നവരെയായിരിക്കാം പരാമർശിക്കുന്നത്.