റോമിലുള്ളവർക്ക് എഴുതിയ കത്ത് 10:1-21
10 സഹോദരങ്ങളേ, അവർക്കു രക്ഷ കിട്ടണമെന്നാണ് എന്റെ ഹൃദയത്തിലെ ആഗ്രഹവും ദൈവത്തോടുള്ള അകമഴിഞ്ഞ പ്രാർഥനയും.+
2 അവർക്കു ദൈവത്തിന്റെ കാര്യത്തിൽ ശുഷ്കാന്തിയുണ്ടെന്നു+ ഞാൻ സാക്ഷി പറയുന്നു. പക്ഷേ അതു ശരിയായ* അറിവിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നു മാത്രം.
3 ദൈവത്തിന്റെ നീതി+ അറിയാതെ സ്വന്തം നീതി+ സ്ഥാപിക്കാൻ ശ്രമിച്ചതുകൊണ്ട് അവർ ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.+
4 വിശ്വസിക്കുന്ന എല്ലാവരും നീതിമാന്മാരാകാൻ+ ക്രിസ്തു നിയമത്തിന്റെ അവസാനമാണ്.+
5 നിയമത്തിലൂടെയുള്ള നീതിയെക്കുറിച്ച് മോശ എഴുതി: “ഇക്കാര്യങ്ങൾ ചെയ്യുന്ന മനുഷ്യൻ ഇവയാൽ ജീവിക്കും.”+
6 എന്നാൽ വിശ്വാസത്തിലൂടെയുള്ള നീതിയെക്കുറിച്ച് തിരുവെഴുത്തു പറയുന്നു: “ക്രിസ്തുവിനെ ഇറക്കിക്കൊണ്ടുവരാൻ ‘ആരാണു സ്വർഗത്തിലേക്കു കയറിച്ചെല്ലുക’+ എന്നോ
7 ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽനിന്ന് കയറ്റിക്കൊണ്ടുവരാൻ ‘ആരാണ് അഗാധത്തിലേക്ക് ഇറങ്ങുക’+ എന്നോ നിന്റെ ഹൃദയത്തിൽ പറയരുത്.”+
8 തിരുവെഴുത്തു പിന്നെ എന്താണു പറയുന്നത്? “വചനം നിന്റെ അടുത്ത്, നിന്റെ വായിലും ഹൃദയത്തിലും തന്നെയുണ്ട്.”+ ഇപ്പറഞ്ഞ വചനം വിശ്വാസത്തിന്റെ “വചനം” ആണ്. ആ വചനമാണു ഞങ്ങൾ പ്രസംഗിക്കുന്നത്.
9 യേശുവാണു കർത്താവ്+ എന്നു വായ്കൊണ്ട് പരസ്യമായി പ്രഖ്യാപിക്കുകയും ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചെന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്യുന്നെങ്കിൽ നിനക്കു രക്ഷ കിട്ടും.
10 കാരണം ഹൃദയത്തിലെ വിശ്വാസം നീതിയിലേക്കു നയിക്കും. എന്നാൽ വായ്കൊണ്ട് അതു പരസ്യമായി പ്രഖ്യാപിക്കുമ്പോഴാണു+ രക്ഷ കിട്ടുന്നത്.
11 “അവനിൽ വിശ്വാസമർപ്പിക്കുന്ന ആരും നിരാശരാകില്ല”+ എന്നാണല്ലോ തിരുവെഴുത്തു പറയുന്നത്.
12 കാരണം ജൂതനും ഗ്രീക്കുകാരനും തമ്മിൽ ഒരു വ്യത്യാസവുമില്ല.+ എല്ലാവരുടെയും കർത്താവ് ഒരാൾതന്നെയാണ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും കർത്താവ് സമൃദ്ധമായി* കൊടുക്കുന്നു.
13 “യഹോവയുടെ* പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും”+ എന്നാണല്ലോ.
14 എന്നാൽ അവർ വിശ്വാസമർപ്പിക്കാത്ത ഒരാളെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? കേട്ടിട്ടില്ലാത്ത ഒരാളിൽ അവർ എങ്ങനെ വിശ്വാസമർപ്പിക്കും? ആരെങ്കിലും പ്രസംഗിക്കാതെ അവർ എങ്ങനെ കേൾക്കും?
15 ആരെങ്കിലും അയയ്ക്കാതെ അവർ എങ്ങനെ പ്രസംഗിക്കും?+ “നല്ല കാര്യങ്ങളെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കുന്നവരുടെ പാദങ്ങൾ എത്ര മനോഹരം!”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.
16 എന്നാൽ സന്തോഷവാർത്ത കേട്ട എല്ലാവരും അത് അനുസരിച്ചില്ല. “യഹോവേ,* ഞങ്ങൾ പറഞ്ഞതു കേട്ട്* വിശ്വസിച്ച ആരാണുള്ളത്”+ എന്ന് യശയ്യ ചോദിക്കുന്നല്ലോ.
17 അതുകൊണ്ട് വചനം കേട്ടതിനു ശേഷമാണു വിശ്വാസം വരുന്നത്.+ കേൾക്കുന്നതോ, ക്രിസ്തുവിനെക്കുറിച്ചുള്ള വചനം ആരെങ്കിലും പറയുമ്പോഴും.
18 പക്ഷേ ഞാൻ ചോദിക്കുന്നു: ഇനി, അവർ അതു കേട്ടില്ലേ? തീർച്ചയായും കേട്ടു. ശരിക്കും പറഞ്ഞാൽ, “ഭൂമിയിലെങ്ങും അവരുടെ സ്വരം പരന്നിരിക്കുന്നു. നിവസിതഭൂമിയുടെ അറ്റങ്ങളിലേക്ക് അവരുടെ സന്ദേശം എത്തിയിരിക്കുന്നു.”+
19 പക്ഷേ ഞാൻ ചോദിക്കുന്നു: ഇനി, ഇസ്രായേലിന് അതു മനസ്സിലായില്ലേ?+ തീർച്ചയായും മനസ്സിലായി. ആദ്യം മോശ ഇങ്ങനെ പറഞ്ഞു: “നിസ്സാരരായ ഒരു ജനതയെക്കൊണ്ട് ഞാൻ നിങ്ങളിൽ രോഷം ജനിപ്പിക്കും. ബുദ്ധിഹീനരായ ഒരു ജനതയെക്കൊണ്ട് ഞാൻ നിങ്ങളിൽ ക്രോധം ജനിപ്പിക്കും.”+
20 പിന്നെ യശയ്യയും ധൈര്യത്തോടെ ഇങ്ങനെ പറഞ്ഞു: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി.+ എന്നെ ചോദിക്കാത്തവർ എന്നെ അറിഞ്ഞു.”+
21 എന്നാൽ ഇസ്രായേലിനെക്കുറിച്ച് യശയ്യ പറയുന്നു: “അനുസരണംകെട്ട, ശാഠ്യക്കാരായ ഒരു ജനത്തെ സ്വീകരിക്കാനാണല്ലോ ഞാൻ ദിവസം മുഴുവൻ എന്റെ കൈ വിരിച്ചുപിടിച്ചത്.”+