റോമിലുള്ളവർക്ക് എഴുതിയ കത്ത് 15:1-33
15 എന്നാൽ ശക്തരായ നമ്മൾ അശക്തരുടെ ബലഹീനതകളെ ചുമക്കണം,+ നമ്മളെത്തന്നെ പ്രീതിപ്പെടുത്തുകയല്ല വേണ്ടത്.+
2 നമ്മൾ ഓരോരുത്തരും അയൽക്കാരനു ഗുണം ചെയ്ത് അയാളെ പ്രീതിപ്പെടുത്തണം, അയാളെ ബലപ്പെടുത്തണം.+
3 ക്രിസ്തുപോലും തന്നെത്തന്നെ പ്രീതിപ്പെടുത്തിയില്ല.+ “അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്.
4 മുമ്പ് എഴുതിയിട്ടുള്ളതെല്ലാം നമുക്കുവേണ്ടിയാണ്. അതായത്, നമ്മളെ പഠിപ്പിക്കാനും+ അങ്ങനെ നമ്മുടെ സഹനത്താലും+ തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസത്താലും നമുക്കു പ്രത്യാശ ഉണ്ടാകാനും+ വേണ്ടിയാണ്.
5 സഹനശക്തിയും ആശ്വാസവും തരുന്ന ദൈവം, ക്രിസ്തുയേശുവിനുണ്ടായിരുന്ന അതേ മനോഭാവം നിങ്ങൾക്കും ഉണ്ടാകാൻ ഇടവരുത്തട്ടെ.
6 അങ്ങനെ നിങ്ങൾ ഐക്യത്തോടെ+ ഒരേ സ്വരത്തിൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ വാഴ്ത്തും.
7 അതുകൊണ്ട് ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ,+ ദൈവത്തെ മഹത്ത്വപ്പെടുത്തണം എന്ന ലക്ഷ്യത്തിൽ അന്യോന്യം സ്വീകരിക്കുക.*+
8 ഞാൻ പറയുന്നു: ദൈവം സത്യവാനാണെന്നു സാക്ഷ്യപ്പെടുത്താൻ ക്രിസ്തു, പരിച്ഛേദനയേറ്റവരുടെ*+ ശുശ്രൂഷകനായിത്തീർന്നു. അവരുടെ പൂർവികരോടു ദൈവം ചെയ്ത വാഗ്ദാനങ്ങൾക്ക്+ ഉറപ്പുകൊടുക്കാനും
9 ദൈവത്തിന്റെ കരുണയുടെ പേരിൽ ജനതകൾ ദൈവത്തെ മഹത്ത്വപ്പെടുത്താനും+ വേണ്ടിയായിരുന്നു അത്. “അതുകൊണ്ട് ഞാൻ പരസ്യമായി ജനതകൾക്കിടയിൽ അങ്ങയെ വാഴ്ത്തി അങ്ങയുടെ നാമത്തിനു സ്തുതി പാടും”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.
10 വീണ്ടും ദൈവം പറയുന്നു: “ജനതകളേ, ദൈവത്തിന്റെ ജനത്തോടൊപ്പം ആനന്ദിക്കുവിൻ.”+
11 “ജനതകളേ, നിങ്ങളേവരും യഹോവയെ* സ്തുതിപ്പിൻ. സകല ജനങ്ങളും ദൈവത്തെ സ്തുതിക്കട്ടെ”+ എന്നും പറയുന്നു.
12 “ജനതകളെ ഭരിക്കാനിരിക്കുന്ന,+ യിശ്ശായിയുടെ വേര്+ എഴുന്നേൽക്കും. അദ്ദേഹത്തിൽ ജനതകൾ പ്രത്യാശ വെക്കും”+ എന്ന് യശയ്യയും പറയുന്നു.
13 നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുമ്പോൾ പ്രത്യാശ നൽകുന്ന ആ ദൈവം നിങ്ങളിൽ വലിയ സന്തോഷവും സമാധാനവും നിറയ്ക്കട്ടെ. അങ്ങനെ, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ+ നിങ്ങളിൽ പ്രത്യാശ നിറഞ്ഞുകവിയട്ടെ.
14 എന്റെ സഹോദരങ്ങളേ, നിങ്ങൾ നന്മ നിറഞ്ഞവരും തികഞ്ഞ അറിവുള്ളവരും അന്യോന്യം ഉപദേശിക്കാൻ പ്രാപ്തരും ആണെന്ന് എനിക്ക് ഇപ്പോൾ ബോധ്യമായി.
15 എന്നാൽ ചില കാര്യങ്ങൾ നിങ്ങളെ ഒന്നുകൂടെ ഓർമിപ്പിക്കുന്നതിന് എനിക്ക് അവ വെട്ടിത്തുറന്ന് പറയേണ്ടിവന്നു. ദൈവം എന്നോട് അനർഹദയ കാണിച്ച്
16 ജനതകൾക്കുവേണ്ടി ക്രിസ്തുയേശുവിന്റെ ഒരു സേവകനായിരിക്കാൻ+ അവസരം തന്നതുകൊണ്ടാണ് ഇക്കാര്യങ്ങൾ ഞാൻ എഴുതിയത്. ഈ ജനതകളെ പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിച്ച് സ്വീകാര്യമായ ഒരു യാഗമായി അർപ്പിക്കാൻവേണ്ടിയാണു ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത+ അറിയിക്കുകയെന്ന വിശുദ്ധമായ പ്രവർത്തനം ഞാൻ നടത്തുന്നത്.
17 അതുകൊണ്ട് ക്രിസ്തുയേശുവിന്റെ ശിഷ്യനായ എനിക്കു ദൈവസേവനത്തിൽ സന്തോഷിക്കാൻ വകയുണ്ട്.
18 ജനതകളെ അനുസരണത്തിലേക്കു വരുത്താനായി, ക്രിസ്തു എന്നിലൂടെ ചെയ്ത കാര്യങ്ങളെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാൻ ഞാൻ മുതിരാറില്ല. എന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും
19 അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും+ പ്രഭാവത്തിലൂടെയും ദൈവാത്മാവിന്റെ ശക്തിയിലൂടെയും ചെയ്ത കാര്യങ്ങളെക്കുറിച്ച് മാത്രമേ ഞാൻ പറയാറുള്ളൂ. അങ്ങനെ, ഞാൻ യരുശലേം മുതൽ ഇല്ലുര്യ വരെയുള്ള പ്രദേശങ്ങളിലെല്ലാം ചുറ്റിസഞ്ചരിച്ച് ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത സമഗ്രമായി പ്രസംഗിച്ചിരിക്കുന്നു.+
20 മറ്റൊരാൾ ഇട്ട അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കാൻവേണ്ടി, ക്രിസ്തുവിന്റെ പേര് അറിഞ്ഞിട്ടുള്ള സ്ഥലങ്ങളിൽ ആ സന്തോഷവാർത്ത അറിയിക്കേണ്ടെന്നു ഞാൻ തീരുമാനിച്ചു.
21 “അവനെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്തവർ കാണും. അവനെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ മനസ്സിലാക്കും”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.
22 അതുകൊണ്ടാണ് പല തവണ വിചാരിച്ചിട്ടും എനിക്കു നിങ്ങളുടെ അടുത്ത് വരാൻ കഴിയാതിരുന്നത്.
23 ഇപ്പോഴാണെങ്കിൽ, ഈ പ്രദേശങ്ങളിൽ ഞാൻ പ്രവർത്തിക്കാത്തതായി ഒരു സ്ഥലവും ബാക്കിയില്ല. അനേകം* വർഷങ്ങളായി നിങ്ങളുടെ അടുത്ത് വരണമെന്നു ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
24 അതുകൊണ്ട് സ്പെയിനിലേക്കു പോകുന്ന വഴിക്കു നിങ്ങളെ കാണാമെന്നു ഞാൻ കരുതുന്നു. നിങ്ങളെ കണ്ട് കുറച്ച് സമയം നിങ്ങളുടെകൂടെ ചെലവഴിക്കണമെന്നാണ് എന്റെ ആഗ്രഹം. ഞാൻ അവിടെനിന്ന് പോകുമ്പോൾ നിങ്ങൾ കുറച്ച് ദൂരം എന്റെകൂടെ വരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
25 എന്നാൽ ഇപ്പോൾ വിശുദ്ധരെ സഹായിക്കാൻ* എനിക്ക് യരുശലേമിൽ പോകേണ്ടതുണ്ട്.+
26 കാരണം യരുശലേമിലെ വിശുദ്ധരിൽ ദരിദ്രരായവർക്ക് ഒരു സംഭാവന കൊടുക്കാൻ മാസിഡോണിയയിലും അഖായയിലും ഉള്ളവർക്കു സന്മനസ്സു തോന്നി.+
27 വാസ്തവത്തിൽ, അങ്ങനെ ചെയ്യാൻ അവർ കടപ്പെട്ടവരുമാണ്. ആ വിശുദ്ധർ തങ്ങളുടെ ആത്മീയാനുഗ്രഹങ്ങൾ ജനതകളിൽപ്പെട്ടവരുമായി പങ്കുവെച്ച സ്ഥിതിക്ക്, ജനതകളിൽപ്പെട്ടവർ തങ്ങളുടെ ഭൗതികാനുഗ്രഹങ്ങൾകൊണ്ട് അവരെയും സഹായിക്കേണ്ടതാണല്ലോ.+
28 ഈ സംഭാവന* ഭദ്രമായി അവരെ ഏൽപ്പിച്ച് എന്റെ ജോലി പൂർത്തിയാക്കിയശേഷം ഞാൻ നിങ്ങളുടെ അടുത്ത് വരും. എന്നിട്ട് അവിടെനിന്ന് സ്പെയിനിലേക്കു പോകും.
29 എന്തായാലും ഞാൻ നിങ്ങളുടെ അടുത്ത് വരുന്നതു ക്രിസ്തുവിൽനിന്നുള്ള സമൃദ്ധമായ അനുഗ്രഹങ്ങളുമായിട്ടായിരിക്കും എന്ന് എനിക്ക് അറിയാം.
30 സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെയും ദൈവാത്മാവിനാലുള്ള സ്നേഹത്തിന്റെയും പേരിൽ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു: നിങ്ങൾ എന്നോടൊപ്പം എനിക്കുവേണ്ടി ദൈവത്തോടു മുട്ടിപ്പായി പ്രാർഥിക്കണം.+
31 അതുവഴി യഹൂദ്യയിലെ അവിശ്വാസികളുടെ കൈയിൽനിന്ന് ഞാൻ രക്ഷപ്പെടാനും+ യരുശലേമിലെ വിശുദ്ധർക്കുവേണ്ടിയുള്ള+ എന്റെ ശുശ്രൂഷ അവർക്കു സ്വീകാര്യമാകാനും ഇടയാകട്ടെ.
32 അങ്ങനെ, ദൈവത്തിന്റെ ഇഷ്ടമെങ്കിൽ, ഞാൻ നിങ്ങളുടെ അടുത്ത് സന്തോഷത്തോടെ വരുകയും ഞാനും നിങ്ങളും ഒരുപോലെ ഉന്മേഷം നേടുകയും ചെയ്യും.
33 സമാധാനം തരുന്ന ദൈവം നിങ്ങളുടെ എല്ലാവരുടെയുംകൂടെയുണ്ടായിരിക്കട്ടെ.+ ആമേൻ.
അടിക്കുറിപ്പുകള്
^ അഥവാ “സ്വാഗതം ചെയ്യുക.”
^ മറ്റൊരു സാധ്യത “കുറച്ച്.”
^ അക്ഷ. “വിശുദ്ധർക്കു ശുശ്രൂഷചെയ്യാൻ.”
^ അക്ഷ. “ഫലം.”