ലേവ്യ 27:1-34
27 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു:
2 “ഇസ്രായേല്യരോടു പറയുക: ‘ഒരു വ്യക്തിയുടെ മതിപ്പുവില യഹോവയ്ക്കു നൽകാമെന്ന് ഒരാൾ ഒരു സവിശേഷനേർച്ച നേരുന്നെങ്കിൽ+
3 20-നും 60-നും ഇടയ്ക്കു പ്രായമുള്ള പുരുഷന്റെ മതിപ്പുവില വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കപ്രകാരം 50 ശേക്കെൽ വെള്ളിയായിരിക്കും.
4 സ്ത്രീയുടേതോ 30 ശേക്കെലും.
5 5-നും 20-നും ഇടയ്ക്കു പ്രായമുള്ള ആണിന്റെ മതിപ്പുവില 20 ശേക്കെലും പെണ്ണിന്റേത് 10 ശേക്കെലും ആയിരിക്കും.
6 ഒരു മാസത്തിനും അഞ്ചു വയസ്സിനും ഇടയ്ക്കു പ്രായമുള്ള ആണിന്റെ മതിപ്പുവില അഞ്ചു ശേക്കെൽ വെള്ളിയും പെണ്ണിന്റേതു മൂന്നു ശേക്കെൽ വെള്ളിയും ആയിരിക്കും.
7 “60-ഓ അതിനു മുകളിലോ പ്രായമുള്ള പുരുഷന്റെ മതിപ്പുവില 15 ശേക്കെലും സ്ത്രീയുടേതു 10 ശേക്കെലും ആയിരിക്കും.
8 എന്നാൽ അവൻ ആ വ്യക്തിയുടെ മതിപ്പുവില കൊടുക്കാൻ കഴിയാത്തത്ര ദരിദ്രനാണെങ്കിൽ+ ആ വ്യക്തി പുരോഹിതന്റെ മുന്നിൽ നിൽക്കണം. പുരോഹിതൻ അവന് ഒരു വില നിശ്ചയിക്കും. നേർച്ച നേരുന്നവന്റെ പ്രാപ്തിയനുസരിച്ചായിരിക്കും പുരോഹിതൻ വില നിശ്ചയിക്കുന്നത്.+
9 “‘യഹോവയ്ക്ക് അർപ്പിക്കാൻ പറ്റിയ ഒരു മൃഗത്തെ ഒരാൾ നേരുന്നെന്നിരിക്കട്ടെ. ഇത്തരത്തിൽ യഹോവയ്ക്കു കൊടുക്കുന്ന ഏതൊരു മൃഗവും വിശുദ്ധമാണ്.
10 അവൻ അതിനു പകരം മറ്റൊന്നിനെ കൊടുക്കരുത്. നല്ലതിനു പകരം ചീത്തയോ ചീത്തയ്ക്കു പകരം നല്ലതോ വെച്ചുമാറുകയും അരുത്. അഥവാ, വെച്ചുമാറിയാൽ അവ രണ്ടും വിശുദ്ധമായിത്തീരും.
11 പക്ഷേ യഹോവയ്ക്ക് അർപ്പിക്കാൻ പാടില്ലാത്ത തരം ശുദ്ധിയില്ലാത്ത മൃഗമാണ്+ അതെങ്കിൽ അവൻ അതിനെ പുരോഹിതന്റെ മുന്നിൽ നിറുത്തും.
12 അതു നല്ലതോ ചീത്തയോ എന്നതിനനുസരിച്ച് പുരോഹിതൻ അതിന്റെ വില നിശ്ചയിക്കും. പുരോഹിതൻ മതിക്കുന്നതായിരിക്കും അതിന്റെ വില.
13 ഇനി, അഥവാ അവന് അതിനെ തിരികെ വാങ്ങണമെന്നുണ്ടെങ്കിൽ ആ മതിപ്പുവിലയോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടെ കൊടുക്കണം.+
14 “‘ഇനി, ഒരാൾ തന്റെ വീടു വിശുദ്ധമായ ഒന്നായി യഹോവയ്ക്കു കൊടുക്കുന്നെങ്കിൽ അതു നല്ലതോ ചീത്തയോ എന്നതിനനുസരിച്ച് പുരോഹിതൻ അതിന്റെ വില നിശ്ചയിക്കും. പുരോഹിതൻ നിശ്ചയിക്കുന്നതായിരിക്കും അതിന്റെ വില.+
15 എന്നാൽ വീടു വിശുദ്ധമായ ഒന്നായി നൽകുന്ന ഒരാൾക്ക് അതു തിരികെ വാങ്ങണമെന്നുണ്ടെങ്കിൽ, മതിപ്പുവിലയോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടെ കൊടുക്കണം. അപ്പോൾ അത് അവന്റേതായിത്തീരും.
16 “‘ഒരു മനുഷ്യൻ കൈവശമുള്ള നിലത്തിൽ കുറച്ച് യഹോവയ്ക്കു നേർന്ന് വിശുദ്ധീകരിക്കുന്നെങ്കിൽ അവിടെ വിതയ്ക്കാൻ ആവശ്യമായ വിത്തിന് ആനുപാതികമായിട്ടായിരിക്കും അതിന്റെ വില മതിക്കുന്നത്: ഒരു ഹോമർ* ബാർളി വിത്തിന് 50 ശേക്കെൽ വെള്ളി.
17 അവൻ തന്റെ നിലം വിശുദ്ധീകരിക്കുന്നതു ജൂബിലിവർഷംമുതലാണെങ്കിൽ+ മതിപ്പുവിലയായിരിക്കും അതിന്റെ വില.
18 എന്നാൽ അവൻ നിലം വിശുദ്ധീകരിക്കുന്നതു ജൂബിലിക്കു ശേഷമാണെങ്കിൽ അടുത്ത ജൂബിലിവരെ ബാക്കിയുള്ള വർഷങ്ങൾക്ക് ആനുപാതികമായുള്ള വില പുരോഹിതൻ അവനുവേണ്ടി കണക്കുകൂട്ടി അതനുസരിച്ച് മതിപ്പുവിലയിൽ ഇളവ് വരുത്തണം.+
19 ഇനി, അഥവാ നിലം വിശുദ്ധീകരിച്ചവന് അതു തിരികെ വാങ്ങണമെന്നുണ്ടെങ്കിൽ മതിപ്പുവിലയോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടെ അവൻ കൊടുക്കണം. പിന്നെ അത് അവന്റേതായിരിക്കും.
20 എന്നാൽ അവൻ നിലം തിരികെ വാങ്ങാതിരിക്കുകയും അതു മറ്റൊരു വ്യക്തിക്കു വിറ്റുപോകുകയും ചെയ്യുന്നെങ്കിൽ പിന്നീട് ഒരിക്കലും അതു തിരികെ വാങ്ങാനാകില്ല.
21 ജൂബിലിയിൽ നിലം സ്വതന്ത്രമാകുമ്പോൾ യഹോവയ്ക്കു സമർപ്പിച്ച നിലമെന്നപോലെ അത് അവനു വിശുദ്ധമായ ഒന്നായിത്തീരും. ആ വസ്തു പുരോഹിതന്മാരുടേതാകും.+
22 “‘താൻ വില കൊടുത്ത് വാങ്ങിയ, തന്റെ പൈതൃകാവകാശമല്ലാത്ത,+ ഒരു നിലമാണ് ഒരാൾ യഹോവയ്ക്കു നേർന്ന് വിശുദ്ധീകരിക്കുന്നതെങ്കിൽ
23 ജൂബിലിവർഷംവരെയുള്ള അതിന്റെ മൂല്യം പുരോഹിതൻ അവനുവേണ്ടി കണക്കുകൂട്ടും. അവൻ അന്നുതന്നെ ആ മതിപ്പുവില കൊടുക്കുകയും ചെയ്യും.+ അത് യഹോവയ്ക്കു വിശുദ്ധമാണ്.
24 ജൂബിലിവർഷത്തിൽ ആ നിലം, അവൻ അത് ആരിൽനിന്ന് വാങ്ങിയോ അവന്, അതായത് അതിന്റെ ശരിക്കുള്ള അവകാശിക്ക്, തിരികെ കിട്ടും.+
25 “‘എല്ലാ വിലയും കണക്കാക്കുന്നതു വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കമനുസരിച്ചായിരിക്കണം. 20 ഗേരയാണ്* ഒരു ശേക്കെൽ.
26 “‘പക്ഷേ മൃഗങ്ങളിലെ കടിഞ്ഞൂലിനെ ആരും വിശുദ്ധീകരിക്കരുത്. കാരണം അതു പിറക്കുന്നതുതന്നെ യഹോവയ്ക്കുള്ള കടിഞ്ഞൂലായിട്ടാണ്.+ കാളയായാലും ആടായാലും അത് യഹോവയുടേതാണ്.+
27 എന്നാൽ അതു ശുദ്ധിയില്ലാത്ത* മൃഗങ്ങളിൽപ്പെട്ടതാണെങ്കിൽ മതിപ്പുവില കൊടുത്ത് അവന് അതിനെ വീണ്ടെടുക്കാം. പക്ഷേ അവൻ ആ തുകയോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടെ കൊടുക്കണം.+ എന്നാൽ തിരികെ വാങ്ങുന്നില്ലെങ്കിൽ മതിപ്പുവിലയ്ക്ക് അതിനെ വിൽക്കും.
28 “‘എന്നാൽ ഒരാൾ തനിക്കുള്ളതിൽനിന്ന് യഹോവയ്ക്കു നിരുപാധികം സമർപ്പിക്കുന്ന യാതൊന്നും, അതു മനുഷ്യനോ മൃഗമോ അവന്റെ കൈവശമുള്ള നിലമോ ആകട്ടെ, വിൽക്കുകയോ തിരികെ വാങ്ങുകയോ അരുത്. സമർപ്പിതമായതെല്ലാം യഹോവയ്ക്ക് ഏറ്റവും വിശുദ്ധമാണ്.+
29 കൂടാതെ, കുറ്റം വിധിച്ച് നാശത്തിനായി വേർതിരിച്ചിരിക്കുന്ന ആരെയും വീണ്ടെടുക്കരുത്.+ അവനെ കൊന്നുകളയണം.+
30 “‘വയലിലെ വിളവ്, വൃക്ഷങ്ങളുടെ ഫലം എന്നിങ്ങനെ നിലത്തിലെ എല്ലാത്തിന്റെയും പത്തിലൊന്ന്*+ യഹോവയ്ക്കുള്ളതാണ്. അത് യഹോവയ്ക്കു വിശുദ്ധമാണ്.
31 ഇനി, അഥവാ ഒരാൾക്ക് ആ പത്തിലൊന്നു തിരികെ വാങ്ങണമെന്നുണ്ടെങ്കിൽ അവൻ അതിന്റെ വിലയോടൊപ്പം അഞ്ചിലൊന്നുകൂടെ കൊടുക്കണം.
32 കന്നുകാലികളിലെയും ആട്ടിൻപറ്റത്തിലെയും പത്തിലൊന്നിന്റെ കാര്യത്തിൽ, ഇടയന്റെ കോലിനു കീഴിലൂടെ കടന്നുപോകുന്ന ഓരോ പത്താമത്തെ മൃഗവും* യഹോവയ്ക്കു വിശുദ്ധമായിരിക്കും.
33 അതു നല്ലതോ ചീത്തയോ എന്ന് അവൻ പരിശോധിക്കരുത്. അതിനെ മറ്റൊന്നുമായി വെച്ചുമാറാനും പാടില്ല. ഇനി, അഥവാ അവൻ അതിനെ മറ്റൊന്നുമായി വെച്ചുമാറാൻ ശ്രമിച്ചാൽ അതും വെച്ചുമാറിയതും വിശുദ്ധമാകും.+ അതിനെ തിരികെ വാങ്ങിക്കൂടാ.’”
34 ഇവയാണ് ഇസ്രായേല്യർക്കുവേണ്ടി സീനായ് പർവതത്തിൽവെച്ച്+ യഹോവ മോശയ്ക്കു കൊടുത്ത കല്പനകൾ.
അടിക്കുറിപ്പുകള്
^ ന്യൂനതയുള്ള ഒരു മൃഗത്തെയായിരിക്കാം ഇവിടെ ഉദ്ദേശിക്കുന്നത്.
^ അഥവാ “ദശാംശം മുഴുവൻ.”
^ അഥവാ “തലയും.”