സങ്കീർത്തനം 116:1-19
116 ദൈവം എന്റെ സ്വരം കേൾക്കുന്നതിനാൽ,സഹായത്തിനായുള്ള എന്റെ യാചനകൾ ശ്രദ്ധിക്കുന്നതിനാൽ,+ഞാൻ യഹോവയെ സ്നേഹിക്കുന്നു.*
2 ദൈവം എന്നിലേക്കു ചെവി ചായിക്കുന്നു;*+ജീവിച്ചിരിക്കുന്നിടത്തോളം ഞാൻ ദൈവത്തെ വിളിക്കും.
3 മരണത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുമുറുക്കി;ശവക്കുഴി എന്റെ മേൽ പിടി മുറുക്കി.+
യാതനയും ദുഃഖവും എന്നെ കീഴ്പെടുത്തി.+
4 പക്ഷേ, ഞാൻ യഹോവയുടെ പേര് വിളിച്ച്,+
“യഹോവേ, എന്നെ രക്ഷിക്കേണമേ!” എന്ന് അപേക്ഷിച്ചു.
5 യഹോവ അനുകമ്പയും* നീതിയും കാട്ടുന്നവൻ;+നമ്മുടെ ദൈവം കരുണാമയൻ.+
6 യഹോവ അനുഭവജ്ഞാനമില്ലാത്തവനെ കാക്കുന്നു.+
ഞാൻ തകർന്നുപോയപ്പോൾ ദൈവം എന്നെ രക്ഷിച്ചു.
7 എന്റെ ദേഹിക്കു* വീണ്ടും ആശ്വസിക്കാം;യഹോവ എന്നോടു ദയയോടെ ഇടപെട്ടല്ലോ.
8 അങ്ങ് എന്നെ മരണത്തിൽനിന്ന് രക്ഷിച്ചിരിക്കുന്നു;എന്റെ കണ്ണുകൾ മേലാൽ ഈറനണിയാതെ നോക്കുന്നു,എന്റെ കാലുകൾ ഇടറാതെ കാക്കുന്നു.+
9 ഞാൻ യഹോവയുടെ മുമ്പാകെ ജീവനുള്ളവരുടെ ദേശത്ത് നടക്കും.
10 എനിക്കു വിശ്വാസമുണ്ടായിരുന്നു; അതുകൊണ്ട്, ഞാൻ സംസാരിച്ചു;+ഞാൻ ദുരിതക്കയത്തിലായിരുന്നു.
11 പരിഭ്രാന്തനായിപ്പോയ ഞാൻ,
“എല്ലാ മനുഷ്യരും നുണയന്മാരാണ്”+ എന്നു പറഞ്ഞു.
12 യഹോവ ചെയ്തുതന്ന സകല നന്മകൾക്കുംഞാൻ എന്തു പകരം കൊടുക്കും?
13 ഞാൻ രക്ഷയുടെ* പാനപാത്രം എടുക്കും,യഹോവയുടെ പേര് വിളിച്ചപേക്ഷിക്കും.
14 ഞാൻ യഹോവയ്ക്കു നേർന്ന നേർച്ചകൾദൈവജനമെല്ലാം കാൺകെ നിറവേറ്റും.+
15 തന്റെ വിശ്വസ്തരുടെ മരണംയഹോവയുടെ കണ്ണിൽ വലിയൊരു നഷ്ടമാണ്.*+
16 യഹോവേ, ഞാൻ യാചിക്കുന്നു;ഞാൻ അങ്ങയുടെ ദാസനല്ലോ.
ഞാൻ അങ്ങയുടെ ദാസൻ, അങ്ങയുടെ അടിമയുടെ മകൻ.
അങ്ങ് ബന്ധനങ്ങൾ അഴിച്ച് എന്നെ സ്വതന്ത്രനാക്കി.+
17 ഞാൻ അങ്ങയ്‌ക്കു നന്ദിപ്രകാശനബലി അർപ്പിക്കും,യഹോവയുടെ പേര് വിളിച്ചപേക്ഷിക്കും.+
18 ഞാൻ യഹോവയ്ക്കു നേർന്ന നേർച്ചകൾ+ദൈവജനമെല്ലാം കാൺകെ നിറവേറ്റും;+
19 അതെ, യഹോവയുടെ ഭവനത്തിന്റെ മുറ്റത്തുവെച്ച്,+യരുശലേമേ, നിന്റെ മധ്യേവെച്ച്, ഞാൻ അവ നിറവേറ്റും.
യാഹിനെ സ്തുതിപ്പിൻ!*+
അടിക്കുറിപ്പുകള്‍
^ മറ്റൊരു സാധ്യത “യഹോവ എന്റെ സ്വരം കേൾക്കുന്നത്, സഹായത്തിനായുള്ള എന്റെ യാചനകൾ ശ്രദ്ധിക്കുന്നത്, ഞാൻ ഇഷ്ടപ്പെടുന്നു.”
^ അഥവാ “കുനിഞ്ഞ് എനിക്കു പറയാനുള്ളതു ശ്രദ്ധിക്കുന്നു.”
^ അഥവാ “കൃപയും.”
^ അഥവാ “മഹാരക്ഷയുടെ.”
^ അക്ഷ. “വിലയേറിയത്.”
^ അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”