സങ്കീർത്തനം 132:1-18
ആരോഹണഗീതം.
132 യഹോവേ, ദാവീദിനെയുംഅവന്റെ സകല കഷ്ടപ്പാടുകളെയും ഓർക്കേണമേ.+
2 അവൻ യഹോവയോട് ഇങ്ങനെ സത്യം ചെയ്തല്ലോ,യാക്കോബിൻശക്തന് ഇങ്ങനെ നേർച്ച നേർന്നല്ലോ:+
3 “ഞാൻ എന്റെ കൂടാരത്തിലേക്ക്, എന്റെ വീട്ടിലേക്ക്, പോകില്ല;+
എന്റെ കിടക്കയിൽ, രാജമെത്തയിൽ, കിടക്കില്ല;
4 ഉറങ്ങാൻ എന്റെ കണ്ണുകളെയോമയങ്ങാൻ എന്റെ കൺപോളകളെയോ അനുവദിക്കില്ല;
5 യഹോവയ്ക്കായി ഒരു സ്ഥലം,യാക്കോബിൻശക്തന് ഒരു നല്ല വസതി,* കണ്ടെത്തുംവരെഞാൻ അങ്ങനെ ചെയ്യില്ല.”+
6 ഞങ്ങൾ എഫ്രാത്തയിൽവെച്ച് അതെപ്പറ്റി കേട്ടു.+വനപ്രദേശത്ത് ഞങ്ങൾ അതു കണ്ടെത്തി.+
7 നമുക്കു ദൈവത്തിന്റെ വസതിയിലേക്കു ചെല്ലാം,+ദൈവത്തിന്റെ പാദപീഠത്തിൽ കുമ്പിടാം.+
8 യഹോവേ, എഴുന്നേറ്റ് അങ്ങയുടെ വിശ്രമസ്ഥലത്തേക്കു വരേണമേ;+അങ്ങയുടെ ശക്തിയിൻപെട്ടകവുമായി അങ്ങ് വരേണമേ.+
9 അങ്ങയുടെ പുരോഹിതന്മാർ നീതി ധരിച്ചവരായിരിക്കട്ടെ;അങ്ങയുടെ വിശ്വസ്തർ സന്തോഷിച്ചാർക്കട്ടെ.
10 അങ്ങയുടെ ദാസനായ ദാവീദിനെ ഓർക്കേണമേ.അങ്ങയുടെ അഭിഷിക്തനെ തള്ളിക്കളയരുതേ.+
11 യഹോവ ദാവീദിനോടു സത്യം ചെയ്തു;തന്റെ ഈ വാക്കിൽനിന്ന് ദൈവം ഒരിക്കലും പിന്മാറില്ല:
“നിന്റെ സന്തതികളിൽ ഒരാളെ*ഞാൻ നിന്റെ സിംഹാസനത്തിൽ ഇരുത്തും.+
12 നിന്റെ പുത്രന്മാർ എന്റെ ഉടമ്പടി പാലിക്കുന്നെങ്കിൽ,ഞാൻ പഠിപ്പിക്കുന്ന ഓർമിപ്പിക്കലുകൾ അനുസരിക്കുന്നെങ്കിൽ,+അവരുടെ പുത്രന്മാരും നിന്റെ സിംഹാസനത്തിൽ എന്നെന്നും ഇരിക്കും.”+
13 യഹോവ സീയോനെ തിരഞ്ഞെടുത്തല്ലോ;+അതു തന്റെ വാസസ്ഥലമാക്കാൻ ദൈവം ആഗ്രഹിച്ചു:+
14 “ഇതാണ് എന്നെന്നും എന്റെ വിശ്രമസ്ഥലം;ഇവിടെ ഞാൻ വസിക്കും;+ അതാണ് എന്റെ ആഗ്രഹം.
15 ഞാൻ അതിനെ ഭക്ഷ്യവിഭവങ്ങൾകൊണ്ട് സമൃദ്ധമായി അനുഗ്രഹിക്കും;അതിലെ ദരിദ്രർക്കു മതിയാവോളം അപ്പം കൊടുക്കും.+
16 അവിടെയുള്ള പുരോഹിതന്മാരെ ഞാൻ രക്ഷ അണിയിക്കും;+അവിടത്തെ വിശ്വസ്തർ സന്തോഷിച്ചാർക്കും.+
17 അവിടെവെച്ച് ദാവീദിനെ കൂടുതൽ ശക്തനാക്കും.*
എന്റെ അഭിഷിക്തനു ഞാൻ ഒരു വിളക്ക് ഒരുക്കിയിരിക്കുന്നു.+
18 അവന്റെ ശത്രുക്കളെ ഞാൻ ലജ്ജ ധരിപ്പിക്കും;എന്നാൽ, അവന്റെ രാജാധികാരം* അഭിവൃദ്ധിപ്പെടും.”+
അടിക്കുറിപ്പുകള്
^ അഥവാ “ഒരു മഹനീയകൂടാരം.”
^ അക്ഷ. “ഗർഭപാത്രത്തിന്റെ ഫലങ്ങളിൽ ഒന്നിനെ.”
^ അക്ഷ. “ദാവീദിന്റെ കൊമ്പു വളർത്തും.”
^ അക്ഷ. “രാജമുടി.”