സങ്കീർത്തനം 89:1-52
എസ്രാഹ്യനായ ഏഥാന്റെ+ മാസ്‌കിൽ.*
89 യഹോവയുടെ അചഞ്ചലമായ സ്നേഹത്തെക്കുറിച്ച് ഞാൻ എന്നെന്നും പാടും.
എന്റെ നാവ് വരുംതലമുറകളോടെല്ലാം അങ്ങയുടെ വിശ്വസ്തത വിവരിക്കും.
2 ഞാൻ പറഞ്ഞു: “അചഞ്ചലസ്നേഹം എന്നെന്നും ഉറച്ചുനിൽക്കും;*+അങ്ങ് അങ്ങയുടെ വിശ്വസ്തത സ്വർഗത്തിൽ സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു.”
3 “എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാൻ ഒരു ഉടമ്പടി ഉണ്ടാക്കിയിരിക്കുന്നു;+എന്റെ ദാസനായ ദാവീദിനോടു ഞാൻ ഇങ്ങനെ സത്യം ചെയ്‌തു:+
4 ‘ഞാൻ നിന്റെ സന്തതിയെ* എന്നേക്കുമായി സ്ഥിരപ്പെടുത്തും,+തലമുറതലമുറയോളം നിന്റെ സിംഹാസനം പണിതുറപ്പിക്കും.’”+ (സേലാ)
5 യഹോവേ, സ്വർഗം അങ്ങയുടെ അത്ഭുതങ്ങളെ സ്തുതിക്കുന്നു;അതെ, വിശുദ്ധരുടെ സഭ അങ്ങയുടെ വിശ്വസ്തതയെ കീർത്തിക്കുന്നു.
6 ആകാശങ്ങളിൽ യഹോവയ്ക്കു തുല്യനായി ആരാണുള്ളത്?+
ദൈവപുത്രന്മാരിൽ യഹോവയെപ്പോലെ ആരുണ്ട്?+
7 വിശുദ്ധരുടെ സഭ* ഭയാദരവോടെ ദൈവത്തെ നോക്കുന്നു;+ദൈവം ചുറ്റുമുള്ളവരെക്കാളെല്ലാം മഹനീയനും അവരിൽ ഭയാദരവ് ഉണർത്തുന്നവനും അല്ലോ.+
8 യാഹേ, സൈന്യങ്ങളുടെ ദൈവമായ യഹോവേ,അങ്ങയെപ്പോലെ ശക്തനായി ആരുണ്ട്?+
അങ്ങയുടെ വിശ്വസ്തത അങ്ങയെ വലയം ചെയ്യുന്നു.+
9 ക്ഷോഭിക്കുന്ന കടലിനെ അങ്ങ് നിയന്ത്രിക്കുന്നു;+ഉയർന്നുപൊങ്ങുന്ന കടൽത്തിരകളെ അങ്ങ് ശാന്തമാക്കുന്നു.+
10 അങ്ങ് തകർത്ത രാഹാബ്*+ കൊല്ലപ്പെട്ടവനെപ്പോലെ വീണുകിടക്കുന്നു.+
കരുത്തുറ്റ കൈയാൽ അങ്ങ് ശത്രുക്കളെ നാലുപാടും ചിതറിച്ചു.+
11 സ്വർഗം അങ്ങയുടേത്, ഭൂമിയും അങ്ങയുടേത്;+ഫലപുഷ്ടിയുള്ള നിലവും അതിലുള്ളതും അങ്ങല്ലോ ഉണ്ടാക്കിയത്.+
12 തെക്കും വടക്കും സൃഷ്ടിച്ചത് അങ്ങല്ലോ;താബോരും+ ഹെർമോനും+ സന്തോഷത്തോടെ തിരുനാമം സ്തുതിക്കുന്നു.
13 അങ്ങയുടെ കരം കരുത്തുറ്റത്;+അങ്ങയുടെ കൈ ബലമുള്ളത്;+അങ്ങയുടെ വലങ്കൈ ഉന്നതമായിരിക്കുന്നു.+
14 നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനം;+അചഞ്ചലസ്‌നേഹവും വിശ്വസ്തതയും തിരുമുമ്പിൽ നിൽക്കുന്നു.+
15 ആഹ്ലാദാരവങ്ങളോടെ അങ്ങയെ സ്തുതിക്കുന്നവർ സന്തുഷ്ടർ.+
യഹോവേ, അവർ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തിൽ നടക്കുന്നു.
16 ദിവസം മുഴുവൻ അവർ അങ്ങയുടെ നാമത്തിൽ ആനന്ദിക്കുന്നു;അങ്ങയുടെ നീതിയാൽ അവർക്ക് ഉന്നമനമുണ്ടായിരിക്കുന്നു.
17 അങ്ങല്ലോ അവരുടെ ശക്തിയുടെ മഹത്ത്വം;+അങ്ങയുടെ അംഗീകാരത്താൽ ഞങ്ങൾ കൂടുതൽ ശക്തരായിരിക്കുന്നു.*+
18 ഞങ്ങളുടെ പരിച യഹോവയുടേതല്ലോ;ഞങ്ങളുടെ രാജാവ് ഇസ്രായേലിന്റെ പരിശുദ്ധനായവനു സ്വന്തം.+
19 ആ സമയത്ത് അങ്ങ് അങ്ങയുടെ വിശ്വസ്തദാസരോടു ദിവ്യദർശനത്തിൽ ഇങ്ങനെ പറഞ്ഞു:
“ഒരു വീരനു ഞാൻ ശക്തി പകർന്നിരിക്കുന്നു;+ജനത്തിന് ഇടയിൽനിന്ന് തിരഞ്ഞെടുത്തവനെ ഞാൻ ഉന്നതനാക്കിയിരിക്കുന്നു.+
20 എന്റെ ദാസനായ ദാവീദിനെ ഞാൻ കണ്ടെത്തി;+എന്റെ വിശുദ്ധതൈലംകൊണ്ട് ഞാൻ അവനെ അഭിഷേകം ചെയ്‌തു.+
21 എന്റെ കൈ അവനെ താങ്ങും;+എന്റെ കരം അവനെ ശക്തനാക്കും.
22 ഒരു ശത്രുവും അവനിൽനിന്ന് കപ്പം* ഈടാക്കില്ല;നീതികെട്ടവർ ആരും അവനെ അടിച്ചമർത്തില്ല.+
23 അവന്റെ കൺമുന്നിൽവെച്ച് അവന്റെ ശത്രുക്കളെ ഞാൻ തകർത്ത് തരിപ്പണമാക്കും;+അവനെ വെറുക്കുന്നവരെ ഞാൻ സംഹരിക്കും.+
24 എന്റെ അചഞ്ചലസ്‌നേഹവും വിശ്വസ്തതയും അവന്റെകൂടെയുണ്ട്;+എന്റെ നാമംകൊണ്ട് അവൻ കൂടുതൽ ശക്തനാകും.*
25 ഞാൻ അവന്റെ കൈ* സമുദ്രത്തിന്മേലുംഅവന്റെ വലങ്കൈ നദികളുടെ മേലും വെക്കും.+
26 ‘അങ്ങാണ് എന്റെ പിതാവ്; എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ’+ എന്ന്‌അവൻ എന്നോട് ഉച്ചത്തിൽ വിളിച്ചുപറയും.
27 ഞാൻ അവനു മൂത്ത മകന്റെ സ്ഥാനം നൽകും;+അവനെ ഭൂമിയിലെ രാജാക്കന്മാരിൽ പരമോന്നതനാക്കും.+
28 അവനോടുള്ള എന്റെ അചഞ്ചലമായ സ്നേഹത്തിന് ഒരിക്കലും കുറവ് വരുത്തില്ല;+അവനോടുള്ള എന്റെ ഉടമ്പടി ഒരിക്കലും ലംഘിക്കപ്പെടില്ല.+
29 അവന്റെ സന്തതിയെ* ഞാൻ എന്നേക്കുമായി സ്ഥിരപ്പെടുത്തും;അവന്റെ സിംഹാസനം ആകാശംപോലെ നിലനിൽക്കുന്നതാക്കും.+
30 അവന്റെ പുത്രന്മാർ എന്റെ നിയമം ഉപേക്ഷിക്കുന്നെങ്കിൽ,എന്റെ കല്‌പനകൾ* അനുസരിച്ച് നടക്കുന്നില്ലെങ്കിൽ,
31 എന്റെ നിയമം ലംഘിക്കുന്നെങ്കിൽ,എന്റെ ആജ്ഞകൾ പാലിക്കുന്നില്ലെങ്കിൽ,
32 ആ അനുസരണക്കേടിനു* ഞാൻ അവരെ വടികൊണ്ട് ശിക്ഷിക്കും;+അവരുടെ തെറ്റിനു ഞാൻ അവരെ അടിക്കും.
33 എന്നാൽ അവനോടുള്ള അചഞ്ചലമായ സ്‌നേഹം ഞാൻ ഒരിക്കലും പിൻവലിക്കില്ല;+എന്റെ വാക്കു പാലിക്കാതിരിക്കയുമില്ല.*
34 ഞാൻ എന്റെ ഉടമ്പടി ലംഘിക്കുകയോ+പറഞ്ഞ വാക്കു മാറ്റിപ്പറയുകയോ ഇല്ല.+
35 ഞാൻ എന്റെ വിശുദ്ധിയിൽ സത്യം ചെയ്‌തു, അതിനു മാറ്റം വരില്ല;ദാവീദിനോടു ഞാൻ നുണ പറയില്ല.+
36 അവന്റെ സന്തതി* എന്നും നിലനിൽക്കും;+സൂര്യനെപ്പോലെ അവന്റെ സിംഹാസനവും എന്റെ മുന്നിൽ നിലനിൽക്കും.+
37 ചന്ദ്രനെപ്പോലെ, ആകാശത്തിലെ ഒരു വിശ്വസ്തസാക്ഷിയായി,അത് എന്നും സുസ്ഥിരമായിരിക്കും.” (സേലാ)
38 എന്നാൽ, അങ്ങുതന്നെ അവനെ തള്ളിക്കളഞ്ഞു, അവനെ ഉപേക്ഷിച്ചു;+അങ്ങയുടെ അഭിഷിക്തനോട് അങ്ങയ്‌ക്ക് ഉഗ്രകോപം തോന്നിയിരിക്കുന്നു.
39 അങ്ങയുടെ ദാസനോടുള്ള ഉടമ്പടി അങ്ങ് വെറുത്ത് തള്ളിയിരിക്കുന്നു;അവന്റെ കിരീടം* നിലത്ത് എറിഞ്ഞ് അശുദ്ധമാക്കിയിരിക്കുന്നു.
40 അങ്ങ് അവന്റെ കൻമതിലുകളെല്ലാം* തകർത്തു,അവന്റെ കോട്ടകൾ ഇടിച്ച് നിരത്തി.
41 വഴിപോക്കരെല്ലാം അവനെ കൊള്ളയടിക്കുന്നു;അയൽക്കാർക്ക് അവനൊരു നിന്ദാവിഷയമാണ്.+
42 അങ്ങ് അവന്റെ എതിരാളികൾക്കെല്ലാം വിജയം നൽകി;*+അവന്റെ ശത്രുക്കളെല്ലാം സന്തോഷിക്കാൻ ഇടയാക്കി.
43 അവന്റെ വാൾ തോറ്റുമടങ്ങാൻ ഇടവരുത്തി,അവനെ യുദ്ധത്തിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയിലാക്കി.
44 അങ്ങ് അവന്റെ പ്രതാപത്തിന് അറുതി വരുത്തി,അവന്റെ സിംഹാസനം നിലത്തേക്കു തള്ളിയിട്ടു.
45 അവന്റെ ചെറുപ്പകാലം അങ്ങ് വെട്ടിച്ചുരുക്കി,അവനെ ലജ്ജ ഉടുപ്പിച്ചു. (സേലാ)
46 യഹോവേ, എത്ര കാലംകൂടെ അങ്ങ് മറഞ്ഞിരിക്കും? എന്നേക്കുമോ?+
അങ്ങയുടെ ഉഗ്രകോപം എന്നും ഇങ്ങനെ കത്തിജ്വലിക്കുമോ?
47 എന്റെ ആയുസ്സ് എത്ര ഹ്രസ്വമെന്ന് ഓർക്കേണമേ!+
അങ്ങ് ഈ മനുഷ്യരെയെല്ലാം സൃഷ്ടിച്ചതു വെറുതേയാണോ?
48 ഒരിക്കലും മരിക്കാതെ ജീവിക്കാൻ ഏതു മനുഷ്യനു കഴിയും?+
ശവക്കുഴിയുടെ* പിടിയിൽനിന്ന് തന്നെ രക്ഷിക്കാൻ അവനാകുമോ? (സേലാ)
49 യഹോവേ, അങ്ങയുടെ പണ്ടത്തെ അചഞ്ചലസ്നേഹം എവിടെ?അങ്ങ് വിശ്വസ്തതയിൽ അന്നു ദാവീദിനോടു സത്യം ചെയ്‌ത കാര്യങ്ങളൊക്കെ എവിടെപ്പോയി?+
50 യഹോവേ, അങ്ങയുടെ ദാസർ സഹിക്കുന്ന നിന്ദ ഓർക്കേണമേ;എനിക്കു സകല ജനതകളുടെയും പരിഹാസം ഏൽക്കേണ്ടിവരുന്നതു* കണ്ടോ?
51 യഹോവേ, അങ്ങയുടെ ശത്രുക്കൾ നിന്ദ വർഷിക്കുന്നതു കണ്ടോ?അങ്ങയുടെ അഭിഷിക്തൻ ഓരോ ചുവടു വെക്കുമ്പോഴും അവർ കളിയാക്കുന്നതു കണ്ടോ?
52 യഹോവ എന്നെന്നും വാഴ്ത്തപ്പെടട്ടെ. ആമേൻ! ആമേൻ!+
അടിക്കുറിപ്പുകള്‍
^ അഥവാ “നിലനിൽക്കും.”
^ അക്ഷ. “വിത്തിനെ.”
^ അഥവാ “സമൂഹം.”
^ ഈജിപ്‌തിനെയോ അവിടത്തെ ഫറവോനെയോ ആയിരിക്കാം പരാമർശിക്കുന്നത്.
^ അക്ഷ. “ഞങ്ങളുടെ കൊമ്പ് ഉയർന്നിരിക്കുന്നു.”
^ അക്ഷ. “അവന്റെ കൊമ്പ് ഉയരും.”
^ അഥവാ “അധികാരം.”
^ അക്ഷ. “വിത്തിനെ.”
^ അഥവാ “വിധികൾ.”
^ അഥവാ “ധിക്കാരത്തിന്.”
^ അക്ഷ. “എന്റെ വിശ്വസ്തതയിൽ വിട്ടുവീഴ്ച കാണിക്കില്ല.”
^ അക്ഷ. “വിത്ത്.”
^ അഥവാ “രാജമുടി.”
^ അഥവാ “കല്ലുകൊണ്ടുള്ള അവന്റെ രക്ഷാസങ്കേതങ്ങളെല്ലാം.”
^ അക്ഷ. “അങ്ങ് അവന്റെ എതിരാളികളുടെ വലങ്കൈ ഉയർത്തി.”
^ അക്ഷ. “മാർവിടത്തിൽ വഹിക്കേണ്ടിവരുന്നത്.”