സഭാപ്രസംഗകൻ 10:1-20
10 ചത്ത ഈച്ച സുഗന്ധദ്രവ്യക്കാരന്റെ തൈലത്തിനു ദുർഗന്ധമുണ്ടാക്കുകയും അതു പതയാൻ ഇടയാക്കുകയും ചെയ്യുന്നതുപോലെ അൽപ്പം വിഡ്ഢിത്തം ജ്ഞാനത്തെയും മഹത്ത്വത്തെയും നിഷ്പ്രഭമാക്കുന്നു.+
2 ബുദ്ധിമാന്റെ ഹൃദയം അവനെ ശരിയായ വഴിയിൽ നയിക്കുന്നു.* മണ്ടന്റെ ഹൃദയം അവനെ നയിക്കുന്നതോ തെറ്റായ വഴിയിലൂടെയും.*+
3 വിഡ്‌ഢി ഏതു വഴിയേ നടന്നാലും സാമാന്യബോധം കാണിക്കില്ല.*+ താൻ വിഡ്ഢിയാണെന്ന് അവൻ എല്ലാവർക്കും വെളിപ്പെടുത്തുന്നു.+
4 നിന്റെ നേരെ ഭരണാധികാരിയുടെ കോപം* ജ്വലിച്ചാൽ നീ നിന്റെ സ്ഥാനം ഉപേക്ഷിച്ച് പോകരുത്.+ കാരണം, ശാന്തത വലിയ പാപങ്ങളെ തടഞ്ഞുനിറുത്തും.+
5 സൂര്യനു കീഴെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കാര്യം ഞാൻ കണ്ടു, പൊതുവേ അധികാരത്തിലുള്ളവർ വരുത്തുന്ന പിഴവ്:+
6 വിഡ്‌ഢികളെ പല ഉന്നതസ്ഥാനങ്ങളിലും പ്രതിഷ്ഠിച്ചിരിക്കുന്നു. സമ്പന്നരോ* താഴ്‌ന്ന സ്ഥാനങ്ങളിൽത്തന്നെ തുടരുന്നു.
7 ദാസർ കുതിരപ്പുറത്ത് സവാരി ചെയ്യുന്നതു ഞാൻ കണ്ടിട്ടുണ്ട്. അതേസമയം പ്രഭുക്കന്മാർ ദാസരെപ്പോലെ നടന്നുപോകുന്നതും കണ്ടിട്ടുണ്ട്.+
8 കുഴി കുഴിക്കുന്നവൻ അതിൽ വീണേക്കാം.+ കൻമതിൽ പൊളിക്കുന്നവനെ പാമ്പു കടിച്ചേക്കാം.
9 പാറ പൊട്ടിക്കുന്നവനു മുറിവേറ്റേക്കാം. വിറകു കീറുന്നവന് അപകടമുണ്ടായേക്കാം.*
10 ഒരാൾ മൂർച്ചയില്ലാത്ത ഇരുമ്പായുധത്തിന്റെ വായ്ത്തലയ്ക്കു മൂർച്ച കൂട്ടാതിരുന്നാൽ അയാൾ കൂടുതൽ അധ്വാനിക്കേണ്ടിവരും. പക്ഷേ, വിജയം വരിക്കാൻ ജ്ഞാനം സഹായിക്കുന്നു.
11 പാമ്പാട്ടി മയക്കുംമുമ്പേ പാമ്പു കടിച്ചാൽ പാമ്പാട്ടി എത്രതന്നെ വിദഗ്ധനാണെങ്കിലും അവന്* എന്തു ഗുണം?
12 ബുദ്ധിമാനു തന്റെ വായിലെ വാക്കുകളാൽ പ്രീതി കിട്ടുന്നു.+ മണ്ടന്റെ ചുണ്ടുകളോ അവനു നാശം വരുത്തുന്നു.+
13 അവന്റെ വായിൽനിന്ന് ആദ്യം വരുന്നതു വിഡ്ഢിത്തമാണ്.+ ഒടുവിൽ വരുന്നതോ വിനാശകമായ ഭ്രാന്തും.
14 എന്നിട്ടും വിഡ്‌ഢി സംസാരം നിറുത്തുന്നില്ല.+
എന്താണു സംഭവിക്കാൻപോകുന്നതെന്നു മനുഷ്യന് അറിയില്ല. അവന്റെ കാലശേഷം എന്തു സംഭവിക്കുമെന്ന് ആർക്ക് അവനോടു പറയാനാകും?+
15 മണ്ടന്റെ കഠിനാധ്വാനം അവനെ തളർത്തിക്കളയുന്നു. നഗരത്തിലേക്കുള്ള വഴി കണ്ടുപിടിക്കാൻപോലും അവന് അറിയില്ലല്ലോ.
16 ബാലനായ രാജാവും+ രാവിലെതന്നെ സദ്യ ഉണ്ണാൻ തുടങ്ങുന്ന പ്രഭുക്കന്മാരും ഉള്ള നാടിന്റെ സ്ഥിതി എത്ര ശോചനീയം!
17 പക്ഷേ, കുലീനപുത്രനായ ഒരു രാജാവും അമിതമായി കുടിക്കാനല്ല, ശക്തിയാർജിക്കാൻവേണ്ടി ഉചിതമായ സമയത്ത് മാത്രം ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള നാട് എത്ര സന്തോഷമുള്ളത്!+
18 അങ്ങേയറ്റത്തെ മടി കാരണം മേൽക്കൂരയുടെ തുലാം വളഞ്ഞുതൂങ്ങുന്നു. കൈകൾ അലസമായതുകൊണ്ട് വീടു ചോർന്നൊലിക്കുന്നു.+
19 അപ്പം* ഉല്ലാസത്തിനുവേണ്ടിയാണ്. വീഞ്ഞു ജീവിതം ആനന്ദഭരിതമാക്കുന്നു.+ പക്ഷേ പണമാണ് എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നത്.+
20 നിന്റെ മനസ്സിൽപ്പോലും* രാജാവിനെ ശപിക്കരുത്.+ നിന്റെ കിടപ്പറയിൽവെച്ച് ധനവാനെയും ശപിക്കരുത്. കാരണം, ഒരു പക്ഷി* ആ ശബ്ദം* കൊണ്ടുപോകുകയോ ഒരു പറവ അക്കാര്യം പാടിനടക്കുകയോ ചെയ്തേക്കാം.
അടിക്കുറിപ്പുകള്‍
^ അക്ഷ. “അവന്റെ വലതുകൈയുടെ വശത്താണ്.”
^ അക്ഷ. “അവന്റെ ഇടതുകൈയുടെ വശത്താണ്.”
^ അക്ഷ. “നടന്നാലും അവനു ഹൃദയമില്ല.”
^ അക്ഷ. “ആത്മാവ്; ശ്വാസം.”
^ അഥവാ “കാര്യപ്രാപ്തിയുള്ളവരോ.”
^ മറ്റൊരു സാധ്യത “വിറകു കീറുന്നവൻ അതു സൂക്ഷിച്ച് ചെയ്യണം.”
^ അക്ഷ. “നാവിന്റെ ഉപയോഗത്തിൽ നിപുണനായവന്.”
^ അഥവാ “ആഹാരം.”
^ മറ്റൊരു സാധ്യത “നിന്റെ കിടക്കയിൽവെച്ചുപോലും.”
^ അക്ഷ. “ആകാശത്ത് പറന്നുനടക്കുന്ന ഒരു ജീവി.”
^ അഥവാ “സന്ദേശം.”