പത്രോസ് എഴുതിയ ഒന്നാമത്തെ കത്ത് 2:1-25
2 അതുകൊണ്ട് എല്ലാ തിന്മയും വഞ്ചനയും കാപട്യവും അസൂയയും ഏഷണിയും ഉപേക്ഷിക്കുക.+
2 രക്ഷയിലേക്കു വളർന്നുവരണമെങ്കിൽ,+ നവജാതശിശുക്കളെപ്പോലെ+ ദൈവവചനത്തിലെ മായമില്ലാത്ത* പാൽ കുടിക്കാൻ അതിയായ ആഗ്രഹം വളർത്തിയെടുക്കുക.
3 കർത്താവ് ദയയുള്ളവനാണെന്നു രുചിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ* നിങ്ങൾക്ക് അതിനു കഴിയും.
4 മനുഷ്യർ തള്ളിക്കളഞ്ഞെങ്കിലും ദൈവം തിരഞ്ഞെടുത്തതും ദൈവത്തിനു വിലപ്പെട്ടതും+ ആയ ജീവനുള്ള കല്ലായ കർത്താവിന്റെ+ അടുത്ത് വരുമ്പോൾ
5 ജീവനുള്ള കല്ലുകളായ നിങ്ങളും ഒരു വിശുദ്ധ പുരോഹിതസംഘമാകാൻ ആത്മീയഭവനമായി+ പണിയപ്പെടുന്നു; അങ്ങനെ യേശുക്രിസ്തുവിലൂടെ ദൈവത്തിനു+ സ്വീകാര്യമായ ആത്മീയബലികൾ+ അർപ്പിക്കാൻ നിങ്ങൾക്കു കഴിയുന്നു.
6 “ഇതാ, തിരഞ്ഞെടുത്ത ഒരു കല്ല്, അമൂല്യമായ ഒരു അടിസ്ഥാന മൂലക്കല്ല്, ഞാൻ സീയോനിൽ സ്ഥാപിക്കുന്നു! അതിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും നിരാശരാകില്ല”*+ എന്നു തിരുവെഴുത്തിലുണ്ടല്ലോ.
7 അതുകൊണ്ട്, വിശ്വാസികളായ നിങ്ങൾക്കു കർത്താവ് വിലപ്പെട്ടവനാണ്. എന്നാൽ വിശ്വാസികളല്ലാത്തവരെ സംബന്ധിച്ചോ, “പണിയുന്നവർ തള്ളിക്കളഞ്ഞ+ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു;”*+
8 അത്, “ഇടറിവീഴാൻ ഇടയാക്കുന്ന ഒരു കല്ലും തട്ടിവീഴാൻ ഇടയാക്കുന്ന ഒരു പാറയും”+ ആയിരിക്കുന്നു. ദൈവവചനം അനുസരിക്കാത്തതുകൊണ്ടാണ് അവർ ഇടറിവീഴുന്നത്. അതുതന്നെയാണ് അവരെ കാത്തിരുന്നത്.
9 എന്നാൽ നിങ്ങൾ, ഇരുളിൽനിന്ന് തന്റെ അത്ഭുതകരമായ പ്രകാശത്തിലേക്കു+ നിങ്ങളെ വിളിച്ച ദൈവത്തിന്റെ “നന്മയെ* എല്ലായിടത്തും അറിയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനവും+ രാജകീയ പുരോഹിതസംഘവും വിശുദ്ധജനതയും+ ദൈവത്തിന്റെ പ്രത്യേകസ്വത്തായ ജനവും”+ ആണ്.
10 മുമ്പ് നിങ്ങൾ ഒരു ജനമായിരുന്നില്ല; ഇപ്പോൾ ദൈവത്തിന്റെ ജനമാണ്.+ മുമ്പ് നിങ്ങളോടു കരുണ കാണിച്ചിരുന്നില്ല; ഇപ്പോൾ നിങ്ങളോടു കരുണ കാണിച്ചിരിക്കുന്നു.+
11 പ്രിയപ്പെട്ടവരേ, നിങ്ങളോടു പോരാടുന്ന+ ജഡികമോഹങ്ങൾ* ഉപേക്ഷിക്കാൻ+ പരദേശികളും പ്രവാസികളും+ ആയ നിങ്ങളോടു ഞാൻ അഭ്യർഥിക്കുന്നു.
12 ജനതകൾക്കിടയിൽ നിങ്ങളുടെ പെരുമാറ്റം നന്നായിരിക്കട്ടെ.+ അങ്ങനെ ചെയ്താൽ, നിങ്ങൾ തെറ്റുകാരാണെന്നു പറഞ്ഞ് അവർ കുറ്റപ്പെടുത്തുമ്പോൾ നിങ്ങളുടെ നല്ല പ്രവൃത്തികൾ കാണുകയും+ ദൈവം പരിശോധിക്കാൻ വരുന്ന ദിവസം അവർ ദൈവത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.
13 മനുഷ്യർ ഉണ്ടാക്കിയ എല്ലാ അധികാരങ്ങൾക്കും*+ കർത്താവിനെപ്രതി കീഴ്പെട്ടിരിക്കുക; ഉന്നതനായ അധികാരിയെന്ന നിലയിൽ രാജാവിനും,+
14 കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കാനും നന്മ ചെയ്യുന്നവരെ പ്രശംസിക്കാനും+ വേണ്ടി രാജാവ് അയച്ചവരെന്ന നിലയിൽ ഗവർണർമാർക്കും കീഴ്പെട്ടിരിക്കുക.
15 കാരണം നിങ്ങൾ നന്മ ചെയ്യുകയും അങ്ങനെ, വിഡ്ഢിത്തം പറയുന്ന അജ്ഞരുടെ വായ് അടപ്പിക്കുകയും വേണം എന്നതാണു ദൈവത്തിന്റെ ആഗ്രഹം.+
16 സ്വതന്ത്രരായി ജീവിക്കുക.+ എന്നാൽ ആ സ്വാതന്ത്ര്യം തെറ്റു ചെയ്യുന്നതിന് ഒരു മറയാക്കാതെ*+ ദൈവത്തിന്റെ അടിമകളായി ജീവിക്കുക.+
17 എല്ലാ മനുഷ്യരെയും ബഹുമാനിക്കുക.+ സഹോദരസമൂഹത്തെ മുഴുവൻ സ്നേഹിക്കുക.+ ദൈവത്തെ ഭയപ്പെടുക.+ രാജാവിനെ ആദരിക്കുക.+
18 വേലക്കാരേ, തികഞ്ഞ ആദരവോടെ നിങ്ങളുടെ യജമാനന്മാർക്കു കീഴ്പെട്ടിരിക്കുക.+ നല്ലവർക്കും വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളവർക്കും* മാത്രമല്ല, സന്തോഷിപ്പിക്കാൻ എളുപ്പമല്ലാത്തവർക്കുപോലും കീഴ്പെട്ടിരിക്കുക.
19 കാരണം ആരെങ്കിലും ദൈവമുമ്പാകെ ശുദ്ധമനസ്സാക്ഷി കാത്തുസൂക്ഷിക്കാനായി+ കഷ്ടതകൾ* സഹിക്കുകയോ അനീതിക്കിരയാകുകയോ ചെയ്താൽ അതിൽ ദൈവം പ്രസാദിക്കുന്നു.
20 പാപം ചെയ്തിട്ടാണ് അടി കൊള്ളുന്നതെങ്കിൽ, അതു സഹിക്കുന്നതിൽ അഭിമാനിക്കാൻ എന്തിരിക്കുന്നു?+ എന്നാൽ നല്ല കാര്യങ്ങൾ ചെയ്തിട്ട് കഷ്ടത സഹിച്ചാൽ അതിൽ ദൈവം പ്രസാദിക്കുന്നു.+
21 ഈ വഴിയേ പോകാനാണു നിങ്ങളെ വിളിച്ചിരിക്കുന്നത്. കാരണം നിങ്ങൾ ക്രിസ്തുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലാനായി ക്രിസ്തുപോലും നിങ്ങൾക്കുവേണ്ടി കഷ്ടതകൾ സഹിച്ച്+ ഒരു മാതൃക വെച്ചിരിക്കുന്നു.+
22 ക്രിസ്തു പാപം ചെയ്തില്ല;+ ക്രിസ്തുവിന്റെ വായിൽ വഞ്ചനയൊന്നുമുണ്ടായിരുന്നതുമില്ല.+
23 അപമാനിക്കപ്പെട്ടപ്പോൾ*+ തിരിച്ച് അപമാനിക്കുകയോ+ കഷ്ടത സഹിച്ചപ്പോൾ+ ഭീഷണിപ്പെടുത്തുകയോ ചെയ്യാതെ, നീതിയോടെ വിധിക്കുന്ന ദൈവത്തിന്റെ കൈയിൽ ക്രിസ്തു തന്റെ കാര്യം ഭരമേൽപ്പിച്ചു.+
24 പാപത്തിന്റെ കാര്യത്തിൽ നമ്മൾ മരിച്ച് നീതിക്കായി ജീവിക്കാൻവേണ്ടി, ക്രിസ്തു സ്തംഭത്തിൽ* തറയ്ക്കപ്പെട്ട+ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ വഹിച്ചു.+ “ക്രിസ്തുവിന്റെ മുറിവുകളാൽ നിങ്ങൾ സുഖപ്പെട്ടിരിക്കുന്നു.”+
25 നിങ്ങൾ വഴിതെറ്റി അലയുന്ന ആടുകളെപ്പോലെയായിരുന്നു.+ എന്നാൽ ഇപ്പോൾ നിങ്ങളുടെ ജീവനെ കാക്കുന്ന ഇടയന്റെ* അടുത്തേക്കു മടങ്ങിവന്നിരിക്കുന്നു.+
അടിക്കുറിപ്പുകള്
^ അഥവാ “ശുദ്ധമായ.”
^ അഥവാ “അനുഭവിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ.”
^ അക്ഷ. “നാണംകെടില്ല.”
^ അക്ഷ. “മൂലയുടെ തലയായിത്തീർന്നിരിക്കുന്നു.”
^ അതായത്, ദൈവത്തിന്റെ ശ്രേഷ്ഠമായ ഗുണങ്ങളും പ്രവൃത്തികളും.
^ അഥവാ “മനുഷ്യർ രൂപീകരിച്ച എല്ലാ സ്ഥാപനങ്ങൾക്കും.”
^ അഥവാ “ഒഴികഴിവാക്കാതെ.”
^ അഥവാ “ന്യായബോധമുള്ളവർക്കും; വഴക്കമുള്ളവർക്കും.”
^ അഥവാ “ദുഃഖം; വേദന.”
^ അഥവാ “അധിക്ഷേപിക്കപ്പെട്ടപ്പോൾ.”
^ അഥവാ “മരത്തിൽ.”
^ അഥവാ “ജീവന്റെ മേൽവിചാരകനും ഇടയനും ആയവന്റെ.”