ദിനവൃ​ത്താ​ന്തം രണ്ടാം ഭാഗം 16:1-14

16  യഹൂദാ​രാ​ജാ​വായ ആസയുടെ അടു​ത്തേക്ക്‌ ആരും വരുക​യോ അവി​ടെ​നിന്ന്‌ ആരും പോകുകയോ* ചെയ്യാതിരിക്കാൻ+ ആസയുടെ ഭരണത്തി​ന്റെ 36-ാം വർഷം ഇസ്രാ​യേൽരാ​ജാ​വായ ബയെശ+ യഹൂദ​യ്‌ക്കു നേരെ വന്ന്‌ രാമ+ പണിയാൻതു​ടങ്ങി.* 2  അപ്പോൾ ആസ യഹോ​വ​യു​ടെ ഭവനത്തി​ലെ ഖജനാ​വി​ലും രാജാ​വി​ന്റെ കൊട്ടാ​ര​ത്തി​ലെ ഖജനാ​വി​ലും ഉണ്ടായി​രുന്ന സ്വർണ​വും വെള്ളി​യും എടുത്ത്‌+ ദമസ്‌കൊ​സിൽ താമസി​ച്ചി​രുന്ന സിറി​യ​യി​ലെ രാജാ​വായ ബൻ-ഹദദിനു കൊടു​ത്ത​യച്ചു.+ എന്നിട്ട്‌ ആസ പറഞ്ഞു: 3  “ഞാനും താങ്കളും തമ്മിലും എന്റെ അപ്പനും താങ്കളു​ടെ അപ്പനും തമ്മിലും സഖ്യമു​ണ്ട​ല്ലോ.* ഞാൻ ഇതാ, താങ്കൾക്കു സ്വർണ​വും വെള്ളി​യും കൊടു​ത്ത​യ​യ്‌ക്കു​ന്നു. ഇസ്രാ​യേൽരാ​ജാ​വായ ബയെശ എന്നെ വിട്ട്‌ പോക​ണ​മെ​ങ്കിൽ താങ്കൾ ബയെശ​യു​മാ​യുള്ള സഖ്യം ഉപേക്ഷി​ച്ച്‌ എന്നെ സഹായി​ക്കണം.” 4  ആസയുടെ അഭ്യർഥ​ന​പ്ര​കാ​രം ബൻ-ഹദദ്‌ സൈന്യാ​ധി​പ​ന്മാ​രെ ഇസ്രാ​യേൽന​ഗ​ര​ങ്ങൾക്കു നേരെ അയച്ചു. അവർ ഈയോൻ,+ ദാൻ,+ ആബേൽ-മയീം എന്നിവ​യും നഫ്‌താ​ലി​ന​ഗ​ര​ങ്ങ​ളി​ലുള്ള എല്ലാ സംഭര​ണ​ശാ​ല​ക​ളും പിടി​ച്ച​ടക്കി.+ 5  ഇത്‌ അറിഞ്ഞ ഉടനെ ബയെശ രാമ പണിയുന്നതു+ നിറുത്തി. ബയെശ ആ പദ്ധതി ഉപേക്ഷി​ച്ചെന്നു കേട്ട​പ്പോൾ 6  ആസ യഹൂദ​യി​ലു​ള്ള​വ​രെ​യെ​ല്ലാം കൂട്ടി രാമയിലേക്കു+ ചെന്ന്‌ പണിക്ക്‌ ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രുന്ന കല്ലും മരവും എടുത്തു​കൊ​ണ്ടു​പോ​ന്നു. അത്‌ ഉപയോ​ഗിച്ച്‌ ആസ മിസ്‌പയും+ ഗേബയും+ പണിതു.* 7  ആ സമയത്ത്‌ ദിവ്യ​ജ്ഞാ​നി​യായ ഹനാനി+ യഹൂദാ​രാ​ജാ​വായ ആസയുടെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “നീ നിന്റെ ദൈവ​മായ യഹോ​വ​യിൽ ആശ്രയിക്കാതെ* സിറി​യ​യി​ലെ രാജാ​വിൽ ആശ്രയി​ച്ച​തു​കൊണ്ട്‌ സിറി​യ​യി​ലെ രാജാ​വി​ന്റെ സൈന്യം നിന്റെ കൈയിൽനി​ന്ന്‌ രക്ഷപ്പെ​ട്ടി​രി​ക്കു​ന്നു.+ 8  അനേകം രഥങ്ങളും കുതി​ര​പ്പ​ട​യാ​ളി​ക​ളും ഉള്ള വലി​യൊ​രു സൈന്യ​വു​മാ​യല്ലേ എത്യോ​പ്യ​ക്കാ​രും ലിബി​യ​ക്കാ​രും വന്നത്‌? പക്ഷേ അന്നു നീ ദൈവ​മായ യഹോ​വ​യിൽ ആശ്രയി​ച്ച​തു​കൊണ്ട്‌ ദൈവം അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചു.+ 9  പൂർണഹൃദയത്തോടെ തന്നിൽ ആശ്രയിക്കുന്നവർക്കുവേണ്ടി*+ തന്റെ ശക്തി പ്രകടിപ്പിക്കാൻ* യഹോ​വ​യു​ടെ കണ്ണുകൾ ഭൂമി​യി​ലെ​ങ്ങും ചുറ്റി​സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.+ എന്നാൽ ഇക്കാര്യ​ത്തിൽ നീ ബുദ്ധി​മോ​ശ​മാ​ണു കാണി​ച്ചത്‌. അതു​കൊണ്ട്‌ ഇനിമു​തൽ നിനക്കു യുദ്ധം ഉണ്ടാകും.”+ 10  ഇതു കേട്ട​പ്പോൾ ആസ പ്രകോ​പി​ത​നാ​യി; രാജാവ്‌ ആ ദിവ്യ​ജ്ഞാ​നി​യോ​ടു കോപി​ച്ച്‌ അദ്ദേഹത്തെ തടവി​ലാ​ക്കി.* അക്കാലത്ത്‌ ആസ ജനങ്ങളിൽ ചിലരെ ഉപദ്ര​വി​ക്കാ​നും തുടങ്ങി. 11  യഹൂദയിലെയും ഇസ്രാ​യേ​ലി​ലെ​യും രാജാ​ക്ക​ന്മാ​രു​ടെ പുസ്‌ത​ക​ത്തിൽ ആസയുടെ ചരിത്രം ആദി​യോ​ടന്തം രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.+ 12  ആസയ്‌ക്കു ഭരണത്തി​ന്റെ 39-ാം വർഷം കാലിൽ ഒരു രോഗം പിടി​പെട്ടു. രോഗം മൂർച്ഛി​ച്ച​പ്പോൾപ്പോ​ലും ആസ യഹോ​വ​യി​ലേക്കു തിരി​ഞ്ഞില്ല; പകരം വൈദ്യ​ന്മാ​രി​ലേ​ക്കാ​ണു തിരി​ഞ്ഞത്‌. 13  പിന്നെ ആസ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു.+ ഭരണത്തി​ന്റെ 41-ാം വർഷം ആസ മരിച്ചു. 14  അവർ ആസയെ ദാവീ​ദി​ന്റെ നഗരത്തിൽ ആസ തനിക്കു​വേണ്ടി വെട്ടി​യു​ണ്ടാ​ക്കിയ വിശേ​ഷ​പ്പെട്ട കല്ലറയിൽ അടക്കം ചെയ്‌തു.+ സുഗന്ധ​തൈ​ല​വും പല ചേരു​വകൾ ചേർത്ത്‌ പ്രത്യേ​ക​മാ​യി തയ്യാറാ​ക്കിയ തൈല​വും നിറച്ച ഒരു ശവമഞ്ച​ത്തി​ലാണ്‌ അവർ ആസയെ കിടത്തി​യത്‌.+ ശവസം​സ്‌കാ​ര​ച്ച​ട​ങ്ങിൽ അവർ ആസയ്‌ക്കു​വേണ്ടി അതിഗം​ഭീ​ര​മായ ഒരു അഗ്നി ഒരുക്കു​ക​യും ചെയ്‌തു.*

അടിക്കുറിപ്പുകള്‍

അഥവാ “ആസയുടെ പ്രദേ​ശ​ത്തേക്ക്‌ ആരും പ്രവേ​ശി​ക്കു​ക​യോ അവി​ടെ​നി​ന്ന്‌ പോകു​ക​യോ.”
അഥവാ “സുരക്ഷി​ത​മാ​ക്കാൻതു​ടങ്ങി; പുനർനിർമി​ക്കാൻതു​ടങ്ങി.”
അഥവാ “ഉടമ്പടി​യു​ണ്ട​ല്ലോ.”
അഥവാ “സുരക്ഷി​ത​മാ​ക്കി; പുനർനിർമി​ച്ചു.”
അക്ഷ. “ഊന്നാതെ.”
അഥവാ “ആശ്രയി​ക്കു​ന്ന​വരെ പിന്താ​ങ്ങാൻ.”
അഥവാ “തന്നിൽ ഹൃദയം പൂർണ​മാ​യി അർപ്പി​ക്കു​ന്ന​വർക്കു​വേണ്ടി.”
അക്ഷ. “അദ്ദേഹത്തെ തടിവി​ല​ങ്ങു​ക​ളു​ടെ ഭവനത്തി​ലാ​ക്കി.”
തെളിവനുസരിച്ച്‌ ആസയുടെ ശവം ദഹിപ്പി​ക്കു​ന്ന​തി​നെയല്ല, സുഗന്ധ​ദ്ര​വ്യം കത്തിക്കു​ന്ന​തി​നെ​യാ​ണ്‌ ഇത്‌ അർഥമാ​ക്കു​ന്നത്‌.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം