എ4
ദൈവനാമം എബ്രായതിരുവെഴുത്തുകളിൽ
നാല് എബ്രായവ്യഞ്ജനങ്ങൾ (יהוה) ഉപയോഗിച്ച് എഴുതിയിരിക്കുന്ന ദൈവനാമം എബ്രായതിരുവെഴുത്തുകളിൽ 7,000-ത്തോളം പ്രാവശ്യം കാണുന്നു. ചതുരക്ഷരി എന്ന് അറിയപ്പെടുന്ന ഈ നാല് അക്ഷരങ്ങൾ ഈ ബൈബിളിൽ “യഹോവ” എന്നു വിവർത്തനം ചെയ്തിരിക്കുന്നു. ഈ പേരാണു ബൈബിളിൽ ഏറ്റവും കൂടുതലുള്ളത്; മറ്റു പേരുകളൊന്നും ഇതിന്റെ അടുത്തുപോലും എത്തില്ല. ദൈവപ്രചോദിതരായ ബൈബിളെഴുത്തുകാർ ദൈവത്തെ “സർവശക്തൻ,” “അത്യുന്നതൻ,” “കർത്താവ്” എന്നിങ്ങനെ പല സ്ഥാനപ്പേരുകളും വിശേഷണപദങ്ങളും ഉപയോഗിച്ച് വിളിച്ചിട്ടുണ്ടെങ്കിലും ദൈവത്തിന്റെ പേരായി ഉപയോഗിച്ചിരിക്കുന്നത് ഈ ചതുരക്ഷരി മാത്രമാണ്.
തന്റെ പേര് ഉപയോഗിക്കാൻ ബൈബിളെഴുത്തുകാരെ വഴിനയിച്ചതു ദൈവമായ യഹോവതന്നെയാണ്. ഉദാഹരണത്തിന് പിൻവരുന്ന വാക്കുകൾ എഴുതാൻ യോവേൽ പ്രവാചകനെ ദൈവം പ്രചോദിതനാക്കി: “യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.” (യോവേൽ 2:32) “യഹോവ എന്നു പേരുള്ള അങ്ങ് മാത്രം മുഴുഭൂമിക്കും മീതെ അത്യുന്നതൻ എന്ന് ആളുകൾ അറിയട്ടെ” എന്ന് ഒരു സങ്കീർത്തനത്തിൽ രേഖപ്പെടുത്താനും ദൈവം ഇടയാക്കി. (സങ്കീർത്തനം 83:18) ദൈവജനത്തിന് ആലപിക്കാനും ഉരുവിട്ട് പഠിക്കാനും ആയി രചിക്കപ്പെട്ട കവിതകളായ സങ്കീർത്തനങ്ങളിൽ മാത്രം 700-ഓളം പ്രാവശ്യം ദൈവനാമമുണ്ട്. അങ്ങനെയെങ്കിൽ മിക്ക ബൈബിൾഭാഷാന്തരങ്ങളിലും ദൈവനാമമില്ലാത്തത് എന്തുകൊണ്ട്? ഈ ബൈബിളിൽ “യഹോവ” എന്ന ഉച്ചാരണം ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ട്? യഹോവ എന്ന പേരിന്റെ അർഥം എന്താണ്?
മിക്ക ബൈബിൾഭാഷാന്തരങ്ങളിലും ദൈവനാമമില്ലാത്തത് എന്തുകൊണ്ട്? പല കാരണങ്ങളുണ്ട്. സർവശക്തനായ ദൈവത്തെ തിരിച്ചറിയിക്കാൻ ഒരു പേരിന്റെ ആവശ്യമില്ലെന്നു ചിലർ കരുതുന്നു. ദൈവനാമത്തിന്റെ പവിത്രത നഷ്ടമാകുമെന്നു ഭയന്ന് അതിന്റെ ഉപയോഗംതന്നെ ഒഴിവാക്കിയ ജൂതപാരമ്പര്യത്താൽ സ്വാധീനിക്കപ്പെട്ടതാവാം മറ്റു ചിലർ. ഇനി ദൈവനാമത്തിന്റെ കൃത്യമായ ഉച്ചാരണം അറിയില്ലാത്തതുകൊണ്ട് “കർത്താവ്” എന്നോ “ദൈവം” എന്നോ പോലുള്ള സ്ഥാനപ്പേരുകൾ ഉപയോഗിക്കുന്നതാണു കൂടുതൽ നല്ലതെന്നു മറ്റൊരു കൂട്ടർ വിശ്വസിക്കുന്നു. എന്നാൽ ഈ തടസ്സവാദങ്ങളിൽ ഒരു കഴമ്പുമില്ലെന്നു പിൻവരുന്ന വസ്തുതകൾ തെളിയിക്കുന്നു:
-
സർവശക്തനായ ദൈവത്തിന് ഒരു പ്രത്യേകപേര് ആവശ്യമില്ല എന്നു വാദിക്കുന്നവർ, ദൈവവചനത്തിന്റെ ആദ്യകാലപകർപ്പുകളിൽ ദൈവനാമമുണ്ട് എന്ന വസ്തുത സൗകര്യപൂർവം മറന്നുകളയുന്നു. ഈ പകർപ്പുകളിൽ ചിലതു യേശുവിനും മുമ്പുള്ളതാണ്. നമ്മൾ കണ്ടതുപോലെ തിരുവെഴുത്തുകളിൽ തന്റെ പേര് ഏതാണ്ട് 7,000 പ്രാവശ്യം ഉൾപ്പെടുത്താൻ ദൈവം ഇടയാക്കി. നമ്മൾ ദൈവനാമം അറിയാനും ഉപയോഗിക്കാനും ദൈവം ആഗ്രഹിക്കുന്നു എന്ന് ഇതു വ്യക്തമാക്കുന്നു.
-
ജൂതപാരമ്പര്യം മാനിച്ചുകൊണ്ട് ദൈവനാമം നീക്കം ചെയ്യുന്ന വിവർത്തകർ തിരിച്ചറിയാൻ പരാജയപ്പെടുന്ന ഒരു സുപ്രധാനവസ്തുതയുണ്ട്: ചില ജൂതപകർപ്പെഴുത്തുകാർ ദൈവനാമം ഉച്ചരിക്കാൻ വിസമ്മതിച്ചെങ്കിൽപ്പോലും അവർ പകർത്തിയെഴുതിയ ബൈബിളുകളിൽനിന്ന് അതു നീക്കം ചെയ്തില്ല എന്ന വസ്തുത! ചാവുകടലിന് അടുത്തുള്ള ഖുംറാനിൽനിന്ന് കണ്ടുകിട്ടിയ പുരാതനചുരുളുകളിൽ ദൈവനാമം പലയിടങ്ങളിലുമുണ്ടായിരുന്നു. ചില ഇംഗ്ലീഷ് ബൈബിളുകളിൽ “കർത്താവ്” (“LORD”) എന്ന സ്ഥാനപ്പേര് വലിയ അക്ഷരത്തിൽ ഉപയോഗിച്ചിരിക്കുകവഴി മൂലപാഠത്തിൽ ആ സ്ഥാനത്ത് ദൈവനാമമുണ്ടായിരുന്നെന്ന് അതു തർജമ ചെയ്തവർതന്നെ സൂചിപ്പിക്കുന്നു. പക്ഷേ അപ്പോഴും ചോദ്യം അവശേഷിക്കുന്നു: ബൈബിൾപാഠങ്ങളിൽ ആയിരക്കണക്കിനു പ്രാവശ്യം ദൈവനാമമുണ്ടായിരുന്നു എന്നു സമ്മതിക്കുമ്പോൾത്തന്നെ ബൈബിളിൽനിന്ന് ദൈവനാമം നീക്കം ചെയ്യാനോ ആ സ്ഥാനത്ത് പകരപദങ്ങൾ വെക്കാനോ ആ പരിഭാഷകർക്ക് എങ്ങനെ ധൈര്യം വന്നു? ഇങ്ങനെ ഒരു മാറ്റം വരുത്താൻ ആര് അധികാരം നൽകിയെന്നാണ് അവർ വിശ്വസിക്കുന്നത്? അത് അവർക്കു മാത്രം അറിയാം!
-
ഇനി ദൈവനാമത്തിന്റെ ഉച്ചാരണം കൃത്യമായി അറിയാത്തതുകൊണ്ട് അത് ഉപയോഗിക്കരുത് എന്നു വാദിക്കുന്നവരുടെ കാര്യമോ? അവർ യേശു എന്ന പേര് യഥേഷ്ടം ഉപയോഗിക്കുന്നു എന്നതാണു രസകരമായ സംഗതി. പക്ഷേ ആദ്യകാലശിഷ്യന്മാർ യേശുവിന്റെ പേര് ഉച്ചരിച്ചിരുന്നത് ഇന്നത്തെ മിക്ക ക്രിസ്ത്യാനികളും ഉച്ചരിക്കുന്നതിൽനിന്ന് തികച്ചും വ്യത്യസ്തമായിട്ടായിരുന്നു. ജൂതക്രിസ്ത്യാനികൾ യേശു എന്ന പേര് യേശുവാ എന്ന് ഉച്ചരിച്ചിരിക്കാനാണു സാധ്യത; “ക്രിസ്തു” എന്ന സ്ഥാനപ്പേര് മാഷിയാക് അല്ലെങ്കിൽ “മിശിഹ” എന്നും. ഗ്രീക്കു സംസാരിക്കുന്ന ക്രിസ്ത്യാനികൾ യീസോസ് ക്രിസ്തോസ് എന്നും ലത്തീൻ സംസാരിക്കുന്ന ക്രിസ്ത്യാനികൾ യേസുസ് ക്രിസ്തൂസ് എന്നും യേശുവിനെ വിളിച്ചു. എന്നാൽ ആ പേരിന്റെ ഗ്രീക്കുരൂപം ബൈബിളിൽ രേഖപ്പെടുത്താനാണു ദൈവം ബൈബിളെഴുത്തുകാരെ പ്രചോദിപ്പിച്ചത്; അതായിരുന്നു അന്നു പൊതുവേ നിലവിലിരുന്ന ഉച്ചാരണം. സമാനമായി പുരാതന എബ്രായഭാഷയിൽ ദൈവനാമം ഉച്ചരിച്ചിരുന്നത് എങ്ങനെയെന്നു കൃത്യമായി അറിയില്ലെങ്കിലും പൊതുവേ ഉപയോഗിച്ചുവരുന്ന “യഹോവ” എന്ന ഉച്ചാരണം സ്വീകരിക്കുന്നതു ന്യായമാണെന്നു പുതിയ ലോക ബൈബിൾ ഭാഷാന്തരക്കമ്മിറ്റി കരുതുന്നു.
പുതിയ ലോക ഭാഷാന്തരത്തിൽ “യഹോവ” എന്ന ഉച്ചാരണം ഉപയോഗിക്കുന്നത് എന്തുകൊണ്ട്? ചതുരക്ഷരിയുടെ (יהוה) നാല് അക്ഷരങ്ങൾ മലയാളത്തിൽ യ്, ഹ്, വ്, ഹ് എന്നീ വ്യഞ്ജനങ്ങൾകൊണ്ടാണു സൂചിപ്പിക്കുന്നത്. പുരാതന എബ്രായയിലെ പദങ്ങൾ എഴുതിയപ്പോൾ സ്വരങ്ങൾ ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ട് ചതുരക്ഷരിയിലും സ്വരങ്ങളുണ്ടായിരുന്നില്ല.
പുരാതന എബ്രായഭാഷ ഉപയോഗിച്ചിരുന്ന കാലത്ത്, വായിക്കുന്നവർതന്നെ വേണ്ട സ്വരങ്ങൾ ചേർത്ത് വായിക്കുകയായിരുന്നു പതിവ്.എബ്രായതിരുവെഴുത്തുകളുടെ എഴുത്തു പൂർത്തിയായി ഏകദേശം ആയിരം വർഷങ്ങൾക്കു ശേഷം, എബ്രായ ഭാഷ വായിക്കുമ്പോൾ ഏതു സ്വരങ്ങളാണ് ഉപയോഗിക്കേണ്ടതെന്നു സൂചിപ്പിക്കുന്ന ഉച്ചാരണചിഹ്നങ്ങൾ ജൂതപണ്ഡിതന്മാർ വികസിപ്പിച്ചെടുത്തു. പക്ഷേ അപ്പോഴേക്കും ദൈവത്തിന്റെ പേര് ഉച്ചരിക്കുന്നതു തെറ്റാണെന്ന അന്ധവിശ്വാസം ജൂതന്മാർക്കിടയിൽ വ്യാപകമാകുകയും അങ്ങനെ അവർ ദൈവനാമം നീക്കി പകരപദങ്ങൾ ഉപയോഗിക്കാൻതുടങ്ങുകയും ചെയ്തിരുന്നു. ചതുരക്ഷരി പകർത്തിയെഴുതിയപ്പോൾ അവർ ഈ പകരപദങ്ങളുടെ സ്വരങ്ങൾ ചതുരക്ഷരിക്കു കൊടുത്തതായി തോന്നുന്നു. അതുകൊണ്ട് ഈ സ്വരസൂചകചിഹ്നങ്ങൾ അടങ്ങിയ കൈയെഴുത്തുപ്രതികൾ നോക്കി എബ്രായയിൽ ദൈവനാമത്തിന്റെ ശരിക്കുള്ള ഉച്ചാരണം എന്താണെന്നു മനസ്സിലാക്കാൻ പറ്റാതായി. ദൈവനാമം ഉച്ചരിച്ചിരുന്നത് “യാഹ്വെ” എന്നാണെന്നു ചിലർ കരുതുന്നു. വേറെ ചിലർ മറ്റു സാധ്യതകൾ നിരത്തുന്നു. ലേവ്യപുസ്തകത്തിന്റെ ഗ്രീക്കുഭാഷയിലുള്ള ഒരു ഭാഗം ഉൾക്കൊള്ളുന്ന ചാവുകടൽ ചുരുളിൽ ദൈവനാമം യാവൊ എന്നു ലിപ്യന്തരണം ചെയ്തിരിക്കുന്നു. ഇതു കൂടാതെ ആദ്യകാലങ്ങളിലെ ഗ്രീക്കെഴുത്തുകാർ ദൈവനാമത്തിനു യായെ, യാബീ, യാവൂവെ എന്നീ ഉച്ചാരണങ്ങളും ഉപയോഗിച്ചിരിക്കുന്നു. എന്നിരുന്നാലും കൃത്യമായ ഉച്ചാരണം ഏതാണെന്നു തറപ്പിച്ചുപറയാൻ മതിയായ തെളിവുകളില്ല. പുരാതനനാളിലെ ദൈവദാസന്മാർ എബ്രായയിൽ ദൈവനാമം എങ്ങനെയാണ് ഉച്ചരിച്ചിരുന്നതെന്നു നമുക്ക് അറിഞ്ഞുകൂടാ എന്നു സാരം. (ഉൽപത്തി 13:4; പുറപ്പാട് 3:15) എന്നാൽ നമുക്ക് ഇക്കാര്യം അറിയാം: തന്റെ ജനത്തോട് ആശയവിനിമയം ചെയ്തപ്പോൾ ദൈവം തന്റെ പേര് ആവർത്തിച്ച് ഉപയോഗിച്ചു, ദൈവജനം ദൈവത്തെ ആ പേരിൽ സംബോധന ചെയ്തു, മറ്റുള്ളവരോടു സംസാരിച്ചപ്പോൾ അവർ ആ പേര് യഥേഷ്ടം ഉപയോഗിച്ചു.—പുറപ്പാട് 6:2; 1 രാജാക്കന്മാർ 8:23; സങ്കീർത്തനം 99:9.
പിന്നെ എന്തുകൊണ്ടാണ് ഈ പരിഭാഷയിൽ “യഹോവ” എന്ന ഉച്ചാരണം ഉപയോഗിച്ചിരിക്കുന്നത്? കാരണം ദൈവനാമം മലയാളത്തിൽ വർഷങ്ങളായി ഇങ്ങനെയാണ് ഉച്ചരിച്ചുപോരുന്നത്. ഉദാഹരണത്തിന് 1850-കൾക്കു ശേഷം അച്ചടിച്ച ഗുണ്ടർട്ട് ബൈബിളിൽ യഹോവ എന്ന ഉച്ചാരണമാണ് ഉപയോഗിച്ചിരിക്കുന്നത്. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ 1910-ൽ പ്രസിദ്ധീകരിച്ച സത്യവേദപുസ്തകത്തിലും യഹോവ എന്നുതന്നെ ഉപയോഗിച്ചിരിക്കുന്നു.
മറ്റു ഭാഷകളിലും ഈ പേരിന്റെ സമാനമായ രൂപങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ “യാഹ്വെ” എന്ന് ഉപയോഗിക്കാതെ “ജഹോവ” എന്ന് ഉപയോഗിച്ചതിന്റെ കാരണത്തെക്കുറിച്ച് ആദരണീയനായ ബൈബിൾപണ്ഡിതൻ ജോസഫ് ബ്രയ്ന്റ് റോഥർഹാം 1911-ൽ പ്രസിദ്ധീകരിച്ച സങ്കീർത്തനങ്ങൾ—ഒരു പഠനം (Studies in the Psalms) എന്ന തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. “ബൈബിൾ വായിക്കുന്ന പൊതുജനങ്ങൾക്കു കൂടുതൽ പരിചിതമായ (അതേസമയം തികച്ചും സ്വീകാര്യമായ) പേരിന്റെ ഒരു രൂപം” ഉപയോഗിക്കാൻ ആഗ്രഹിച്ചു എന്ന് അദ്ദേഹം പറയുന്നു. പണ്ഡിതനായ എ. എഫ്. കിർക്പാട്രിക് 1930-ൽ “ജഹോവ” എന്ന രൂപം ഉപയോഗിക്കുന്നതു സംബന്ധിച്ച് സമാനമായൊരു ആശയം ചൂണ്ടിക്കാണിക്കുകയുണ്ടായി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ആധുനികവൈയാകരണന്മാർ ഈ നാമം യാഹ്വെ അല്ലെങ്കിൽ യഹാവെ എന്നു വായിക്കണമെന്നു വാദിക്കുന്നു. എന്നാൽ ‘ജഹോവ’ എന്ന രൂപമാണ് ഇംഗ്ലീഷ് ഭാഷയിൽ വേരുറച്ചതായി കാണപ്പെടുന്നത്. വാസ്തവത്തിൽ ദൈവനാമത്തിന്റെ കൃത്യമായ ഉച്ചാരണത്തെക്കാൾ ഏറെ പ്രധാനം, അത് ഒരു പേരാണെന്നും ‘കർത്താവ്’ എന്നതുപോലുള്ള ഒരു സ്ഥാനപ്പേരല്ലെന്നും ഉള്ള തിരിച്ചറിവാണ്.”
യഹോവ എന്ന പേരിന്റെ അർഥം എന്താണ്? “ആയിത്തീരുക” എന്ന് അർഥമുള്ള ഒരു എബ്രായക്രിയയിൽനിന്നാണ് യഹോവ എന്ന പേര് വന്നത്. ആ എബ്രായക്രിയയുടെ കാരണാർഥം ധ്വനിക്കുന്ന ക്രിയാരൂപമാണ് (ഒരു ക്രിയ ചെയ്യാനോ ഒരു അവസ്ഥ സംജാതമാകാനോ കർത്താവ് ഇടയാക്കുന്നു എന്നു സൂചിപ്പിക്കുന്ന ക്രിയാരൂപം.) ഈ പേര് എന്നു പല പണ്ഡിതന്മാരും കരുതുന്നു. അങ്ങനെ നോക്കുമ്പോൾ ദൈവനാമത്തിന്റെ അർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണെന്നു പുതിയ ലോക ബൈബിൾ ഭാഷാന്തരക്കമ്മിറ്റി വിലയിരുത്തുന്നു. പണ്ഡിതന്മാർക്കിടയിൽ പല അഭിപ്രായങ്ങളുമുള്ളതിനാൽ ഈ അർഥം സംബന്ധിച്ച് നമുക്ക് ഉറപ്പു പറയാനാകില്ല. എങ്കിലും ഈ നിർവചനം എല്ലാത്തിന്റെയും സ്രഷ്ടാവും തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നവനും എന്ന നിലയിലുള്ള യഹോവയുടെ ഭാഗധേയത്തിനു തികച്ചും യോജിക്കുന്നു. പ്രപഞ്ചവും ബുദ്ധിയുള്ള ജീവരൂപങ്ങളും അസ്തിത്വത്തിൽ വരാൻ ദൈവം ഇടയാക്കി; അതു മാത്രമല്ല സംഭവങ്ങൾ ചുരുളഴിയവെ തന്റെ ഹിതവും ഉദ്ദേശ്യവും സാക്ഷാത്കരിക്കാൻ ദൈവം ഇടയാക്കിക്കൊണ്ടേയിരിക്കുന്നു.
അതുകൊണ്ട് യഹോവ എന്ന പേരിന്റെ അർഥം പുറപ്പാട് 3:14-ൽ കാണുന്ന, ആ പേരുമായി ബന്ധപ്പെട്ട ക്രിയയുടെ അർഥത്തിൽ ഒതുങ്ങിനിൽക്കുന്നില്ല. “ഞാൻ എന്ത് ആയിത്തീരാൻ തീരുമാനിച്ചാലും അങ്ങനെ ആയിത്തീരും” എന്നാണ് അവിടെ പറയുന്നത്. ശരിക്കും പറഞ്ഞാൽ ഈ വാക്കുകൾ ദൈവനാമത്തെ പൂർണമായി നിർവചിക്കുന്നില്ല. പകരം അതു ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ ഒരു വശം വെളിപ്പെടുത്തുകയാണു ചെയ്യുന്നത്. അതായത് ദൈവം തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ ഓരോ സാഹചര്യത്തിലും എന്ത് ആയിത്തീരണമോ അത് ആയിത്തീരുന്നു എന്നത്. എന്നാൽ യഹോവ സ്വയം എന്തെങ്കിലും ആയിത്തീരുന്നതു മാത്രമല്ല ഈ പേരിന്റെ അർഥത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. തന്റെ ഉദ്ദേശ്യം സാക്ഷാത്കരിക്കാൻവേണ്ടി തന്റെ സൃഷ്ടികൾ എന്ത് ആയിത്തീരണമോ അങ്ങനെ ആക്കിത്തീർക്കാൻ ദൈവം ഇടയാക്കുന്നു എന്നതും ഈ പേരിന്റെ അർഥത്തിൽ ഉൾപ്പെടുന്നു.