ചില വിശ്വാസങ്ങൾ
ഹിന്ദുമതവിശ്വാസം
ഒരു വ്യക്തിക്കു ദുരിതങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം, ഈ ജന്മത്തിലോ മുൻജന്മത്തിലോ അദ്ദേഹം ചെയ്ത പ്രവൃത്തികളുടെ ഫലമാണ്. അതിൽനിന്ന് മോക്ഷം കിട്ടാൻ അതായത്, പുനർജന്മചക്രത്തിൽനിന്ന് മുക്തി നേടാൻ, ഒരു വ്യക്തി ഇഹലോകകാര്യങ്ങളിൽനിന്നെല്ലാം മനസ്സിനെ മുക്തമാക്കണം.
ഇസ്ലാംമതവിശ്വാസം
ദുരിതങ്ങളെ പാപത്തിനുള്ള ശിക്ഷയായിട്ടും ദൈവത്തിൽനിന്നുള്ള പരീക്ഷണമായിട്ടും ആണ് ഇവർ കാണുന്നത്. “ദൈവം തന്നിട്ടുള്ള അനുഗ്രഹങ്ങൾക്കു നന്ദികൊടുക്കാനും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാനും ഉള്ള” ഓർമപ്പെടുത്തലാണു ദുരിതങ്ങൾ എന്നാണ് വടക്കേ അമേരിക്കയിലെ ഇസ്ലാമിക സമൂഹത്തിന്റെ പ്രസിഡന്റ് ഡോ. സായ്യീദ്ദ് സയ്യീദ് പറയുന്നത്.
ജൂതപാരമ്പര്യവിശ്വാസം
ഓരോരുത്തരുടെയും പ്രവൃത്തിയുടെ ഫലമാണു ദുരിതങ്ങൾ എന്നു ജൂതപാരമ്പര്യം പറയുന്നു. മരിച്ചവരെ ഭാവിയിൽ ഉയിർത്തെഴുന്നേൽപ്പിക്കുമെന്നും ദുരിതങ്ങൾ അനുഭവിച്ച നിരപരാധികൾക്ക് അപ്പോൾ നീതി ലഭിക്കുമെന്നും വിശ്വസിക്കുന്ന ജൂതന്മാരും ഉണ്ട്. കബ്ബല്ലിസ്റ്റ് ജൂതർ പുനർജന്മത്തിൽ വിശ്വസിക്കുന്നു. ചെയ്ത തെറ്റിനു പ്രായശ്ചിത്തം ചെയ്യാൻ പുനർജന്മം ഒരു വ്യക്തിക്കു വീണ്ടുംവീണ്ടും അവസരം കൊടുക്കും.
ബുദ്ധമതവിശ്വാസം
ഒരു വ്യക്തിക്കു പല ജന്മങ്ങളുണ്ട്. ആ ജന്മങ്ങളിലൊക്കെ ആ വ്യക്തി ദുരിതങ്ങൾ അനുഭവിക്കണം. ആ വ്യക്തിയുടെ തെറ്റായ പ്രവർത്തനങ്ങളും വികാരങ്ങളും ചായ്വുകളും നശിക്കുന്നതുവരെ പുനർജന്മത്തിന്റെ ആ ചക്രം തുടരും. ബോധോദയത്തിലൂടെയും നന്മപ്രവൃത്തികളിലൂടെയും മനസ്സിനെ നിയന്ത്രിക്കുന്നതിലൂടെയും ഒരു വ്യക്തിക്കു നിർവ്വാണം (മോക്ഷം) ലഭിക്കുന്നു. അതായത്, ദുരിതങ്ങളിൽനിന്ന് മോചനം ലഭിക്കുന്ന അവസ്ഥയുണ്ടാകുന്നു.
കൺഫ്യൂഷ്യൻ മതവിശ്വാസം
ദുരിതങ്ങൾക്ക് ഏറിയ പങ്കിനും കാരണം “മനുഷ്യന്റെതന്നെ പരാജയങ്ങളും കുഴപ്പങ്ങളും” ആണെന്നാണു കൺഫ്യൂഷ്യൻ മതത്തിലുള്ളവർ വിശ്വസിക്കുന്നതെന്നു മതങ്ങളെക്കുറിച്ചുള്ള ഒരു നിഘണ്ടു പറയുന്നു. ഈ മതവിശ്വാസം അനുസരിച്ച്, നല്ലതു ചെയ്ത് ജീവിച്ചാൽ ദുരിതങ്ങൾ കുറയ്ക്കാൻ പറ്റുമെങ്കിലും ഒട്ടുമിക്ക ദുരിതങ്ങളും “ആത്മാക്കൾ വരുത്തുന്നതാണ്. അതു മനുഷ്യനിയന്ത്രണത്തിന് അപ്പുറമാണ്. അതൊക്കെ വിധിയാണെന്നു കരുതി സഹിക്കണം.”
ചില ഗോത്രമതവിശ്വാസങ്ങൾ
മന്ത്രവാദത്തിന്റെ ഫലമായാണു ദുരിതങ്ങളുണ്ടാകുന്നതെന്ന് ഇവർ വിശ്വസിക്കുന്നു. അവരുടെ വിശ്വാസമനുസരിച്ച് ദുർമന്ത്രവാദികൾക്കു ഗുണവും ദോഷവും വരുത്താൻ കഴിയും. എന്നാൽ അതിനു തടയിടാൻ ചില ആചാരാനുഷ്ഠാനങ്ങൾക്കു കഴിയുമെന്നും അവർ വിശ്വസിക്കുന്നു. ഉദാഹരണത്തിന്, ദുർമന്ത്രവാദം കാരണം ഒരു വ്യക്തിക്കു രോഗം വന്നാൽ മന്ത്രവാദവൈദ്യന്മാരുടെ മരുന്നുകൾ കഴിക്കുന്നതും അവർ പറയുന്ന കർമങ്ങൾ ചെയ്യുന്നതും രോഗം കുറയ്ക്കാൻ സഹായിക്കുമത്രേ.
ക്രിസ്തുമതവിശ്വാസം
ബൈബിളിലെ ഉൽപത്തി പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ആദ്യമനുഷ്യരുടെ പാപംകൊണ്ടാണ് ദുരിതങ്ങളുണ്ടായതെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ പല ക്രിസ്തീയ മതവിഭാഗങ്ങളും ഈ ഉപദേശത്തിലേക്ക് അവരുടേതായ ചില ആശയങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു. ഉദാഹരണത്തിന്, ചില കത്തോലിക്കർ വിശ്വസിക്കുന്നതു ദുരിതങ്ങൾ തങ്ങൾക്കു വരുത്തുന്ന യാതനയെ ‘ദൈവത്തിന് ഒരു യാഗമായി സമർപ്പിച്ചാൽ’ അതു സഭയ്ക്കു ഗുണം ചെയ്യുമെന്നും മറ്റുള്ളവർക്കു രക്ഷ കിട്ടാൻ ഇടയാക്കുമെന്നും ആണ്.
കൂടുതൽ അറിയാൻ
jw.org വെബ്സൈറ്റിലെ എല്ലാ തരം ആരാധനയും ദൈവം സ്വീകരിക്കുമോ? എന്ന വീഡിയോ കാണുക.