വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടും​ബ​ങ്ങൾക്കു​വേണ്ടി | യുവജ​ന​ങ്ങൾ

മാറ്റങ്ങ​ളു​മാ​യി ഇണങ്ങി​ച്ചേ​രാൻ

മാറ്റങ്ങ​ളു​മാ​യി ഇണങ്ങി​ച്ചേ​രാൻ

വെല്ലു​വി​ളി

  • ജോലി​സം​ബ​ന്ധ​മാ​യി ഡാഡിക്കു നിങ്ങ​ളെ​യും​കൊണ്ട്‌ താമസം മാറേ​ണ്ടി​വ​രു​ന്നു.

  • നിങ്ങളു​ടെ ഉറ്റസു​ഹൃ​ത്തു ദൂരെ ഒരിട​ത്തേക്കു താമസം മാറുന്നു.

  • നിങ്ങളു​ടെ ചേട്ടനോ ചേച്ചി​യോ വിവാഹം കഴിച്ച്‌ വീട്ടിൽനിന്ന്‌ പോകു​ന്നു.

ഇതു​പോ​ലൊ​രു സാഹച​ര്യ​മു​ണ്ടാ​യാൽ നിങ്ങൾ അതുമാ​യി ഇണങ്ങി​ച്ചേ​രു​മോ?

കാറ്റി​ന​നു​സ​രിച്ച്‌ ചായുന്ന ഒരു മരം കൊടു​ങ്കാ​റ്റിൽ പിടി​ച്ചു​നിൽക്കാൻ സാധ്യത കൂടു​ത​ലാണ്‌. അങ്ങനെ​യൊ​രു മരം​പോ​ലെ, നിങ്ങൾക്കു നിയ​ന്ത്ര​ണ​മി​ല്ലാത്ത ചില മാറ്റങ്ങ​ളു​ണ്ടാ​കു​മ്പോൾ അതിന​നു​സ​രിച്ച്‌ “ചായാൻ” നിങ്ങൾക്കു പഠിക്കാ​നാ​കും. അത്‌ എങ്ങനെ ചെയ്യാ​മെന്നു ചിന്തി​ക്കു​ന്ന​തി​നു മുമ്പ്‌, മാറ്റങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾ അറിഞ്ഞി​രി​ക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

മാറ്റം ഒഴിവാ​ക്കാ​നാ​കില്ല. ബൈബി​ളിൽ മനുഷ്യ​രെ​ക്കു​റിച്ച്‌ പറഞ്ഞി​ട്ടുള്ള ഒരു അടിസ്ഥാ​ന​സ​ത്യ​മുണ്ട്‌: “അവർക്കൊ​ക്കെ​യും കാലവും ഗതിയും അത്രേ ലഭിക്കു​ന്നതു (“എല്ലാം യാദൃ​ച്ഛി​ക​മാ​യി സംഭവി​ക്കു​ന്ന​താണ്‌,” പി.ഒ.സി.).” (സഭാ​പ്ര​സം​ഗി 9:11) ഇന്നല്ലെ​ങ്കിൽ നാളെ ആ വാക്കു​ക​ളു​ടെ സത്യത നിങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വ​രും. എന്നാൽ, യാദൃ​ച്ഛി​ക​മാ​യി സംഭവി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും മോശ​മാ​ക​ണ​മെ​ന്നില്ല. ഇനി, ആദ്യം നല്ലത​ല്ലെന്നു തോന്നുന്ന ചില മാറ്റങ്ങൾ പിന്നീട്‌ ഉപകാ​ര​മാ​യെ​ന്നും വരാം. എന്താ​ണെ​ങ്കി​ലും മിക്കയാ​ളു​ക​ളു​ടെ​യും ജീവി​ത​ത്തി​ന്റെ പോക്ക്‌ ഒരു പ്രത്യേക ചിട്ടയ​നു​സ​രി​ച്ചാ​യ​തു​കൊണ്ട്‌ മാറ്റങ്ങൾ, അവ നല്ലതോ മോശ​മോ ആകട്ടെ, അവർക്ക്‌ അസ്വസ്ഥ​ത​യു​ണ്ടാ​ക്കു​ന്നു.

മാറ്റങ്ങൾ കൗമാ​ര​പ്രാ​യ​ക്കാ​രെ കൂടുതൽ അലട്ടും. എന്തു​കൊണ്ട്‌? യുവാ​വായ അലക്‌സ്‌ a പറയുന്നു: “അകമേ നിങ്ങൾ പല മാറ്റങ്ങ​ളി​ലൂ​ടെ കടന്നു​പൊ​യ്‌ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. പുറ​മേ​യുള്ള മാറ്റങ്ങൾകൂ​ടെ​യാ​കു​മ്പോൾ അതു നിങ്ങളെ കൂടുതൽ അലട്ടും.”

മറ്റൊരു കാരണം ഇതാണ്‌: മുതിർന്നവർ മാറ്റങ്ങളെ നേരി​ടു​മ്പോൾ അവർക്കു തങ്ങളുടെ ‘അനുഭ​വ​ങ്ങ​ളു​ടെ പാഠപു​സ്‌തകം’ തുറന്ന്‌ നേരത്തേ ഇതു​പോ​ലുള്ള സാഹച​ര്യ​ങ്ങളെ കൈകാ​ര്യം ചെയ്‌തത്‌ എങ്ങനെ​യെന്നു നോക്കാ​നാ​കും. എന്നാൽ ചെറു​പ്പ​ക്കാർക്ക്‌ അങ്ങനെ നോക്കി​പ്പ​ഠി​ക്കാൻ അനുഭ​വങ്ങൾ കുറവാണ്‌.

ഇണങ്ങി​ച്ചേ​രാൻ പഠിക്കാം. ഒരു ദുരന്ത​ത്തിൽനിന്ന്‌ കരകയ​റാ​നോ ഒരു മാറ്റവു​മാ​യി പൊരു​ത്ത​പ്പെ​ടാ​നോ കഴിയു​ന്ന​യാൾക്കു പെട്ടെന്നു പഴയ സന്തോഷം വീണ്ടെ​ടു​ക്കാ​നാ​കും. അങ്ങനെ​യൊ​രാൾക്കു പുതി​യൊ​രു സാഹച​ര്യ​ത്തിൽ പിടി​ച്ചു​നിൽക്കാൻ കഴിയു​മെന്നു മാത്രമല്ല, മാർഗ​ത​ട​സ്സ​മാ​യി തോന്നി​യേ​ക്കാ​വുന്ന ഒരു കാര്യ​ത്തെ​പ്പോ​ലും തനിക്കുള്ള ഒരു അവസര​മാ​ക്കി മാറ്റാ​നും കഴിയും. അങ്ങനെ​യുള്ള കൗമാ​ര​ക്കാർ, എന്തു ചെയ്യണ​മെന്ന്‌ അറിയാ​തെ​വ​രു​മ്പോൾ മയക്കു​മ​രു​ന്നി​ലോ മദ്യത്തി​ലോ അഭയം​തേ​ടാ​നുള്ള സാധ്യത കുറവാണ്‌.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

യാഥാർഥ്യം അംഗീ​ക​രി​ക്കുക. ജീവിതം പൂർണ​മാ​യി നിങ്ങളു​ടെ വരുതി​യിൽ നിൽക്ക​ണ​മെ​ന്നാ​യി​രി​ക്കും നിങ്ങളു​ടെ ആഗ്രഹം. പക്ഷേ അതു നടക്കി​ല്ലെന്നു നമുക്ക്‌ അറിയാം. കൂട്ടു​കാർ താമസം​മാ​റി പോ​യേ​ക്കാം, വിവാ​ഹി​ത​രാ​യേ​ക്കാം. കൂടെ​പ്പി​റ​പ്പു​കൾ മുതി​രു​മ്പോൾ വീട്ടിൽനിന്ന്‌ താമസം മാറ്റി​യേ​ക്കാം. സാഹച​ര്യ​ങ്ങൾ നിമിത്തം കുടും​ബ​ത്തി​നു താമസം മാറേ​ണ്ടി​വ​രു​മ്പോൾ നിങ്ങൾക്കു കൂട്ടു​കാ​രെ​യും പരിച​യ​മുള്ള ചുറ്റു​പാ​ടു​ക​ളെ​യും പിരി​യേ​ണ്ടി​വ​ന്നേ​ക്കാം. ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ തെറ്റായ ചിന്തകൾകൊണ്ട്‌ മനസ്സു നിറയ്‌ക്കു​ന്ന​തി​നു പകരം യാഥാർഥ്യം അംഗീ​ക​രി​ക്കു​ന്ന​താണ്‌ ഏറ്റവും നല്ലത്‌.—ബൈബിൾത​ത്ത്വം: സഭാ​പ്ര​സം​ഗി 7:10.

മുമ്പി​ലേ​ക്കു നോക്കുക. എപ്പോ​ഴും കഴിഞ്ഞ കാല​ത്തേക്കു തിരി​ഞ്ഞു​നോ​ക്കു​ന്നത്‌, കണ്ണാടി​യി​ലൂ​ടെ പുറകി​ലത്തെ കാഴ്‌ചകൾ മാത്രം കണ്ട്‌ ഒരു ഹൈ​വേ​യി​ലൂ​ടെ കാർ ഓടി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. ഇടയ്‌ക്കി​ടെ കണ്ണാടി​യിൽ നോക്കു​ന്നതു നല്ലതാണ്‌. പക്ഷേ മുന്നി​ലുള്ള റോഡ്‌ ശ്രദ്ധി​ച്ചാ​ണു വണ്ടി ഓടി​ക്കേ​ണ്ടത്‌. മാറ്റങ്ങൾ ഉണ്ടാകു​മ്പോ​ഴും കാര്യങ്ങൾ ഇങ്ങനെ​തന്നെ. ഭാവി​യി​ലേക്കു നോക്കാൻ ശ്രമി​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 4:25) ഉദാഹ​ര​ണ​ത്തിന്‌, അടുത്ത ഒരു മാസ​ത്തേ​ക്കോ ആറു മാസ​ത്തേ​ക്കോ ഒരു ലക്ഷ്യം വെച്ച്‌ പ്രവർത്തി​ക്കാൻ നിങ്ങൾക്കു കഴിയു​മോ?

നല്ല വശം കാണാൻ ശ്രമി​ക്കുക. ലോറാ എന്നു പേരുള്ള ഒരു യുവതി പറയുന്നു: “നിങ്ങൾ പഴയ മാനസി​കാ​വ​സ്ഥ​യി​ലേക്കു തിരി​ച്ചു​വ​രു​മോ എന്നതു നിങ്ങളു​ടെ മനോ​ഭാ​വ​മ​നു​സ​രി​ച്ചി​രി​ക്കും. ഇപ്പോ​ഴത്തെ സാഹച​ര്യ​ത്തി​ന്റെ നല്ല വശങ്ങൾ കാണാൻ ശ്രമി​ക്കുക എന്നതാണു നിങ്ങൾക്കു ചെയ്യാ​വു​ന്നത്‌.” പുതിയ സാഹച​ര്യം​കൊ​ണ്ടുള്ള ഒരു പ്രയോ​ജ​ന​മെ​ങ്കി​ലും നിങ്ങൾക്കു പറയാൻ കഴിയു​മോ?—ബൈബിൾത​ത്ത്വം: സഭാ​പ്ര​സം​ഗി 6:9.

തന്റെ കൗമാ​ര​ത്തിൽ ഉറ്റസു​ഹൃ​ത്തു​ക്ക​ളെ​ല്ലാം താമസം​മാ​റി പോയ കാര്യം യുവതി​യായ വിക്‌ടോ​റിയ ഓർക്കു​ന്നു. അവൾ പറയുന്നു: “വല്ലാതെ ഒറ്റപ്പെ​ട്ട​തു​പോ​ലെ എനിക്കു തോന്നി. ഒന്നും മാറാ​തി​രു​ന്നെ​ങ്കിൽ എന്നു ഞാൻ ആഗ്രഹി​ച്ചു. പക്ഷേ തിരി​ഞ്ഞു​നോ​ക്കു​മ്പോൾ എനിക്ക്‌ ഒരു കാര്യം പറയാ​നാ​കും: ഞാൻ ശരിക്കും വളരാൻ തുടങ്ങി​യത്‌ അപ്പോ​ഴാണ്‌. വളർച്ച​യ്‌ക്കു മാറ്റം ആവശ്യ​മാ​ണെന്നു ഞാൻ മനസ്സി​ലാ​ക്കി. സുഹൃ​ത്തു​ക്ക​ളാ​ക്കാൻ പറ്റിയ ധാരാളം പേർ എന്റെ ചുറ്റി​ലു​മു​ണ്ടാ​യി​രു​ന്നെന്നു ഞാൻ മനസ്സി​ലാ​ക്കി​ത്തു​ട​ങ്ങി​യ​തും അപ്പോ​ഴാണ്‌.”—ബൈബിൾത​ത്ത്വം: സദൃശ​വാ​ക്യ​ങ്ങൾ 27:10.

എപ്പോഴും കഴിഞ്ഞ കാല​ത്തേക്കു തിരി​ഞ്ഞു​നോ​ക്കു​ന്നത്‌, കണ്ണാടി​യി​ലൂ​ടെ പുറകി​ലത്തെ കാഴ്‌ചകൾ മാത്രം കണ്ട്‌ ഒരു ഹൈ​വേ​യി​ലൂ​ടെ കാർ ഓടി​ക്കു​ന്ന​തു​പോ​ലെ​യാണ്‌

മറ്റുള്ള​വ​രെ സഹായി​ക്കുക. “നിങ്ങൾ ഓരോ​രു​ത്ത​രും സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം” എന്നാണു ബൈബിൾ പറയു​ന്നത്‌. (ഫിലി​പ്പി​യർ 2:4) മറ്റുള്ള​വരെ അവരുടെ പ്രശ്‌ന​ങ്ങ​ളിൽ സഹായി​ക്കു​ന്ന​താ​ണു നിങ്ങളു​ടെ പ്രശ്‌ന​ത്തി​നുള്ള നല്ല മറുമ​രുന്ന്‌. 17-കാരി​യായ അന്ന പറയുന്നു: “വളർന്നു​വ​ന്ന​പ്പോൾ എനിക്ക്‌ ഒരു കാര്യം മനസ്സി​ലാ​യി. എന്റേതോ അതിലും മോശ​മാ​യ​തോ ആയ സാഹച​ര്യം നേരി​ടുന്ന ആരെ​യെ​ങ്കി​ലു​മൊ​ക്കെ സഹായി​ക്കു​മ്പോൾ അതൊരു വലിയ സംതൃ​പ്‌തി​യാണ്‌.” ◼ (g16-E No. 5)

a ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല.