വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടും​ബ​ങ്ങൾക്കു​വേണ്ടി | യുവജ​ന​ങ്ങൾ

യഥാർഥ​സു​ഹൃ​ത്തു​ക്കളെ എങ്ങനെ കണ്ടെത്താം?

യഥാർഥ​സു​ഹൃ​ത്തു​ക്കളെ എങ്ങനെ കണ്ടെത്താം?

പ്രശ്‌നം

ചരി​ത്ര​ത്തിൽ ഇതുവരെ സാധി​ച്ചി​ട്ടി​ല്ലാത്ത വിധത്തിൽ ഇന്ന്‌ നിങ്ങൾക്ക്‌ കൂടുതൽ ആളുക​ളു​മാ​യി സമ്പർക്ക​ത്തിൽ വരാനാ​കും. അതും വളരെ എളുപ്പ​ത്തിൽ! സാങ്കേ​തിക വിദ്യ​യു​ടെ ഒരു കുതി​ച്ചു​ചാ​ട്ടം​തന്നെ! എന്നിട്ടും, ആളുകൾ തമ്മിൽ തീരെ ശുഷ്‌ക​മായ ബന്ധങ്ങളാണ്‌ കണ്ടുവ​രു​ന്നത്‌. “എന്റെ സുഹൃദ്‌ബ​ന്ധ​ങ്ങ​ളൊ​ന്നും പച്ചപി​ടി​ക്കു​ന്നില്ല. എന്നാൽ, ഡാഡിക്ക്‌ പതിറ്റാ​ണ്ടു​ക​ളാ​യി അടുപ്പ​മുള്ള ഉറ്റ സുഹൃ​ത്തു​ക്ക​ളുണ്ട്‌” എന്നായി​രു​ന്നു ഒരു ചെറു​പ്പ​ക്കാ​രന്റെ പരാതി.

നമ്മുടെ ഈ നാളു​ക​ളിൽ നിലനിൽക്കു​ന്ന​തും അർഥവ​ത്താ​യ​തും ആയ സുഹൃദ്‌ബ​ന്ധങ്ങൾ ഉണ്ടായി​രി​ക്കു​ന്നത്‌ ഒരു വെല്ലു​വി​ളി​യാണ്‌. എന്തു​കൊണ്ട്‌?

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

പ്രശ്‌ന​ത്തി​ലെ വില്ലൻ ഒരു പരിധി​വരെ സാങ്കേ​തി​ക​വി​ദ്യ​യാണ്‌! രണ്ടുപേർ ഒരുമിച്ച്‌ ആയിരി​ക്കാ​തെ​തന്നെ സൗഹൃദം സ്ഥാപി​ക്കാൻ മെസേ​ജു​കൾ അയയ്‌ക്കു​ന്ന​തും സോഷ്യൽ നെറ്റ്‌വർക്കി​ങും മറ്റ്‌ സാമൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളും സഹായി​ച്ചി​ട്ടു​ണ്ടെ​ന്നു​ള്ളത്‌ ശരിതന്നെ. എന്നാൽ, കഴമ്പു​ള്ള​തും അർഥപൂർണ​വും ആയ സംഭാ​ഷ​ണ​ങ്ങ​ളു​ടെ സ്ഥാനം തുരു​തു​രെ അയയ്‌ക്കുന്ന മെസേ​ജു​കൾ ഏറ്റെടു​ത്തി​രി​ക്കു​ന്നു. “ആളുകൾ തമ്മിൽ മുഖാ​മു​ഖം സംസാ​രി​ക്കു​ന്നത്‌ നന്നേ കുറഞ്ഞി​രി​ക്കു​ന്നു. കുട്ടി​ക​ളാ​കട്ടെ, തമ്മിൽത്ത​മ്മിൽ സംസാ​രി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ സമയം കമ്പ്യൂ​ട്ട​റി​ന്റെ​യും മറ്റും മുന്നി​ലാണ്‌ ചെലവ​ഴി​ക്കു​ന്നത്‌” എന്ന്‌ ഒരു പുസ്‌തകം (Artificial Maturity) പറയുന്നു.

ചില അവസര​ങ്ങ​ളിൽ സുഹൃദ്‌ബ​ന്ധങ്ങൾ അവ യഥാർഥ​ത്തിൽ ആയിരി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ അടുപ്പ​മു​ള്ള​വ​യാ​ണെന്ന്‌ തെറ്റി​ദ്ധ​രി​പ്പി​ക്കാൻ സാങ്കേ​തി​ക​വി​ദ്യയ്‌ക്ക്‌ കഴിയും. “എന്റെ സുഹൃ​ത്തു​ക്ക​ളു​ടെ ക്ഷേമം അന്വേ​ഷി​ച്ചു​കൊണ്ട്‌ അവർക്ക്‌ മെസേ​ജു​കൾ അയയ്‌ക്കു​ന്ന​തിന്‌ എപ്പോ​ഴും മുൻകൈ എടുത്തി​രു​ന്നത്‌ ഞാൻ ആയിരു​ന്നെന്ന്‌ എനിക്ക്‌ ഈയി​ടെ​യാണ്‌ മനസ്സി​ലാ​യത്‌. എന്നാൽ, അവരിൽ എത്ര പേർക്ക്‌ എന്റെ ക്ഷേമത്തിൽ താത്‌പ​ര്യ​മു​ണ്ടെന്ന്‌ അറിയാ​നാ​യി അവർക്ക്‌ മെസേജ്‌ അയയ്‌ക്കു​ന്നത്‌ ഞാൻ നിറു​ത്തി​നോ​ക്കി. പക്ഷെ, വിരലിൽ എണ്ണാവു​ന്ന​വർക്ക്‌ മാത്രമേ എന്നിൽ താത്‌പ​ര്യ​മു​ള്ളൂ എന്ന്‌ ഞാൻ തിരി​ച്ച​റി​ഞ്ഞു. എന്നോട്‌ വളരെ അടുപ്പ​മു​ള്ള​വ​രാണ്‌ എന്ന്‌ ഞാൻ കരുതി​യി​രുന്ന പലരും അങ്ങനെയല്ല” എന്ന്‌ 22 വയസ്സുള്ള ബ്രയൻ a പറയുന്നു.

എന്നിരു​ന്നാ​ലും, മെസേ​ജു​ക​ളും മാധ്യ​മ​ങ്ങ​ളും ആളുക​ളു​മാ​യുള്ള ബന്ധം നിലനി​റു​ത്താ​നും സുഹൃദ്‌ബ​ന്ധങ്ങൾ ഇഴയടു​പ്പ​മു​ള്ള​താ​ക്കാ​നും സഹായി​ക്കു​ന്നി​ല്ലേ? തീർച്ച​യാ​യും. പക്ഷെ, അവരു​മാ​യി നേരി​ട്ടുള്ള ബന്ധങ്ങൾ മുന്നമേ ഉണ്ടായി​രു​ന്നെ​ങ്കിൽ മാത്രമേ അതിനു സാധിക്കൂ. മിക്ക​പ്പോ​ഴും, മാധ്യ​മങ്ങൾ വ്യക്തികൾ തമ്മിൽ അടുക്കാത്ത വിധത്തിൽ അവർക്കി​ട​യിൽ ഒരു പാലം തീർക്കു​ന്നു എന്നതാണ്‌ സത്യം.

നിങ്ങൾക്ക്‌ ചെയ്യാ​നാ​കു​ന്നത്‌

എന്താണ്‌ യഥാർഥ സുഹൃദ്‌ബന്ധം? “സഹോ​ദ​ര​നെ​ക്കാ​ളും പറ്റുള്ള സ്‌നേ​ഹി​ത​ന്മാ​രും ഉണ്ട്‌” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 18:24) അത്തരത്തി​ലുള്ള ഒരു സുഹൃ​ത്തി​നെ​യാ​ണോ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌? നിങ്ങൾതന്നെ അത്തരത്തി​ലുള്ള ഒരു സുഹൃ​ത്താ​ണോ? ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ ഒരു കൂട്ടു​കാ​ര​നിൽ നിങ്ങൾ പ്രതീ​ക്ഷി​ക്കുന്ന മൂന്നു ഗുണങ്ങൾ എഴുതുക. അതിനു ശേഷം, ഒരു നല്ല സൗഹൃ​ദ​ത്തി​നാ​യി നിങ്ങൾക്ക്‌ സംഭാവന ചെയ്യാൻ കഴിയുന്ന മൂന്ന്‌ ഗുണങ്ങ​ളും എഴുതുക. എന്നിട്ട്‌ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: “ഒരു സുഹൃ​ത്തിൽ ഞാൻ പ്രതീ​ക്ഷി​ക്കുന്ന ഗുണങ്ങൾ മാധ്യ​മങ്ങൾ വഴി കിട്ടിയ എന്റെ ഏത്‌ ‘സുഹൃത്തി’നാണ്‌ ഉള്ളത്‌? അവരുടെ വീക്ഷണ​ത്തിൽ, ഈ സൗഹൃ​ദ​ത്തി​നു​വേണ്ടി ഞാൻ ഏതെല്ലാം ഗുണങ്ങ​ളാണ്‌ കാണി​ക്കു​ന്നത്‌?”—ബൈബിൾത​ത്ത്വം: ഫിലി​പ്പി​യർ 2:4.

മുൻഗ​ണ​ന​കൾ വെക്കുക. ഓൺലൈൻ വഴിയുള്ള സൗഹൃ​ദങ്ങൾ മിക്ക​പ്പോ​ഴും ഒരേ വിനോ​ദങ്ങൾ ഇഷ്ടപ്പെ​ടു​ന്നവർ തമ്മിലു​ള്ള​താണ്‌. എന്നാൽ, ഒരേ വിനോ​ദം ഇഷ്ടപ്പെ​ടു​ന്ന​തി​നെ​ക്കാൾ ഒരേ മൂല്യങ്ങൾ വെച്ചു​പു​ലർത്തു​ന്ന​താണ്‌ പ്രാധാ​ന്യ​മേ​റിയ സംഗതി. “എനിക്ക്‌ അധികം സുഹൃ​ത്തു​ക്കൾ ഇല്ലായി​രി​ക്കാം. പക്ഷെ, ഉള്ള സുഹൃ​ത്തു​ക്കൾ എന്നെ ഒരു മെച്ചപ്പെട്ട വ്യക്തി​യാ​യി​ത്തീ​രാൻ സഹായി​ക്കു​ന്നവർ ആയിരി​ക്കണം” എന്ന്‌ 21-കാരി​യായ ലെന പറയുന്നു.—ബൈബിൾത​ത്ത്വം: സദൃശ​വാ​ക്യ​ങ്ങൾ 13:20.

ആളുകളെ കാണാൻ പുറം​ലോ​ക​ത്തേക്ക്‌ ഇറങ്ങുക. നിങ്ങളും മറ്റേ വ്യക്തി​യും പരസ്‌പരം കണ്ടുള്ള സംഭാ​ഷ​ണ​ത്തോട്‌ കിടപി​ടി​ക്കാൻ മറ്റൊ​ന്നി​നു​മാ​കില്ല. കാരണം ശബ്ദവ്യ​തി​യാ​നം, മുഖഭാ​വങ്ങൾ, ശരീര​ഭാഷ, അത്ര പെട്ടെന്ന്‌ ദൃശ്യ​മ​ല്ലാത്ത മൃദു​ച​ല​നങ്ങൾ എന്നിവ​പോ​ലും നേരി​ട്ടു​കണ്ട്‌ മനസ്സി​ലാ​ക്കാ​നാ​കും.—ബൈബിൾത​ത്ത്വം: 1 തെസ്സ​ലോ​നി​ക്യർ 2:17.

കത്തെഴുത്ത്‌. പുതിയ തലമു​റയ്‌ക്ക്‌ അപരി​ചി​ത​മായ കത്തെഴുത്ത്‌ എന്ന ‘പഴഞ്ചൻ സമ്പ്രദാ​യം,’ നിങ്ങൾ ആർക്കാ​ണോ എഴുതു​ന്നത്‌ ആ വ്യക്തിക്ക്‌ നിങ്ങളു​ടെ പൂർണ​മായ ശ്രദ്ധ കൊടു​ക്കു​ന്നു എന്ന സന്ദേശ​മാണ്‌ നൽകു​ന്നത്‌. പല കാര്യങ്ങൾ ഒരേ സമയത്ത്‌ ചെയ്യുക എന്ന രീതി മുഖമു​ദ്ര​യാ​യി​രി​ക്കുന്ന ഇന്നത്തെ ലോക​ത്തിന്‌ ഇത്‌ തികച്ചും അന്യമാണ്‌. ഉദാഹ​ര​ണ​ത്തിന്‌, തനിക്ക്‌ എന്നെങ്കി​ലും വ്യക്തി​പ​ര​മായ ഒരു കത്ത്‌ കിട്ടി​യ​താ​യി ഓർമ​യിൽ എങ്ങുമി​ല്ലെന്ന്‌ ഒരു ചെറു​പ്പ​ക്കാ​രൻ പറഞ്ഞതാ​യി ഷെറി ടെർക്കിൾ എന്ന എഴുത്തു​കാ​രി തന്റെ ഒരു പുസ്‌ത​ക​ത്തിൽ (Alone Together) കുറി​ക്കു​ന്നു. ആളുകൾ കത്ത്‌ എഴുതി​യി​രുന്ന കാല​ത്തെ​ക്കു​റിച്ച്‌, “ആ കാലങ്ങ​ളിൽ ജീവി​ക്കാൻ അവസരം കിട്ടി​യി​ല്ല​ല്ലോ” എന്ന്‌ അദ്ദേഹം ഖേദി​ക്കു​ന്നു. സുഹൃ​ത്തു​ക്കളെ ഉണ്ടാക്കാൻ നമുക്ക്‌ എന്തു​കൊണ്ട്‌ ആ ‘പഴയ സാങ്കേ​തി​ക​വി​ദ്യ’ ഒന്ന്‌ പൊടി​തട്ടി എടുത്തു​കൂ​ടാ!

ചുരു​ക്ക​ത്തിൽ: യഥാർഥ സൗഹൃ​ദ​ത്തിൽ കേവലം സമ്പർക്കം നിലനി​റു​ത്തു​ന്ന​തി​ലും അധികം ഉൾപ്പെ​ടു​ന്നു. ഇതിൽ, നിങ്ങളും നിങ്ങളു​ടെ സുഹൃ​ത്തും സ്‌നേഹം, സമാനു​ഭാ​വം, ക്ഷമ, മാപ്പു​കൊ​ടു​ക്കൽ തുടങ്ങിയ ഗുണങ്ങൾ പ്രകടി​പ്പി​ക്കേണ്ട ആവശ്യ​മുണ്ട്‌. ഇത്തരം ഗുണങ്ങ​ളാണ്‌ ഒരു സുഹൃദ്‌ബന്ധം സുദൃ​ഢ​മാ​ക്കി നിറു​ത്തു​ന്നത്‌. എന്നാൽ, ഓൺലൈ​നി​ലൂ​ടെ​യുള്ള സംഭാ​ഷ​ണ​ത്തിൽ ഇവ പ്രകട​മാ​ക്കുക ദുഷ്‌ക​ര​മാണ്‌. ◼

(g16-E No. 1)

a ഈ ലേഖന​ത്തി​ലെ ചില പേരു​കൾക്ക്‌ മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

കുടുംബങ്ങളെ സഹായി​ക്കുന്ന കൂടുതൽ വിവര​ങ്ങൾക്കാ​യി www.mr1310.com സന്ദർശി​ക്കു​ക