നിങ്ങളുടെ പുഞ്ചിരി—ഒരു നല്ല സമ്മാനം!
ആരെങ്കിലും നിങ്ങളെ നോക്കി ഒന്നു പുഞ്ചിരിച്ചാൽ നിങ്ങൾ എന്തു ചെയ്യും? സാധ്യതയനുസരിച്ച് നിങ്ങൾ തിരിച്ചും ഒന്നു പുഞ്ചിരിക്കും. നിങ്ങൾക്ക് അപ്പോൾ സന്തോഷം തോന്നിക്കാണുമെന്ന് പറയേണ്ടതില്ലല്ലോ? അതെ, ആത്മാർഥമായ ഒരു പുഞ്ചിരി—സുഹൃത്തുക്കളിൽനിന്നോ അപരിചിതരിൽനിന്നോ ആകട്ടെ—മറ്റുള്ളവരിലേക്കു പടരുന്ന ഒന്നാണ്. അവ നമുക്ക് പുത്തൻ ഉണർവ് നൽകുന്നു. മരിച്ചുപോയ തന്റെ ഭർത്താവിനെക്കുറിച്ച് മഗ്ദെലെന എന്ന ഒരു സ്ത്രീ ഇങ്ങനെ അഭിപ്രായപ്പെട്ടു: “അദ്ദേഹത്തിന് എപ്പോഴും ഒരു നിറപുഞ്ചിരിയാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് ആദ്യമായി നോക്കിയ നിമിഷം ഞാൻ ഇപ്പോഴും ഓർക്കുന്നു. അദ്ദേഹത്തിന്റെ മൃദുമന്ദഹാസം ഞാൻ സുരക്ഷിതയാണെന്ന ഉറപ്പാണ് എനിക്കു തന്നത്. എന്റെ പിരിമുറുക്കമെല്ലാം പോയ്മറഞ്ഞു.”
ആത്മാർഥമായ ഒരു പുഞ്ചിരിക്ക് പ്രസന്നത, സന്തോഷം, ആനന്ദം, തമാശ, രസം തുടങ്ങിയവയെ സൂചിപ്പിക്കാനാകും. “മനുഷ്യപ്രകൃതത്തിന്റെ ഒരു അവിഭാജ്യഘടകമാണ് . . . ചിരിയെന്ന് തോന്നുന്നു” എന്ന് മനഃശാസ്ത്ര സമിതിയുടെ ഒരു ഓൺലൈൻ പത്രികയായ നിരീക്ഷകൻ (ഇംഗ്ലീഷ്) അഭിപ്രായപ്പെട്ടു. ഒരു നവജാതശിശുവിനുപോലും “മറ്റൊരാളുടെ മുഖഭാവം എന്താണ് സൂചിപ്പിക്കുന്നതെന്ന് അതീവകൃത്യതയോടെ മനസ്സിലാക്കാൻ കഴിയും” എന്ന് ആ പത്രിക പറയുന്നു. “ഉപകാരപ്രദമായ വിവരങ്ങൾ ഒരാളുടെ ചിരിയിൽനിന്ന് മനസ്സിലാക്കിയെടുക്കാൻ മാത്രമല്ല അതിന്റെ അടിസ്ഥാനത്തിൽ തങ്ങൾ എങ്ങനെ പെരുമാറണമെന്ന് ആളുകൾക്ക് തീരുമാനിക്കാനും കഴിയുന്നു” എന്നും ആ പത്രിക കൂട്ടിച്ചേർക്കുന്നു. a
ഡോക്ടർമാരുടെ മുഖഭാവത്തിലെ മാറ്റം അവർ ചികിത്സിക്കുന്ന, പ്രായംചെന്ന രോഗികളിൽ ഉണ്ടാക്കുന്ന ഫലം എന്താണ് എന്നതിനെക്കുറിച്ച് ഐക്യനാടുകളിലെ ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഒരു പഠനം നടത്തിയിരുന്നു. ഊഷ്മളതയും കരുതലും വ്യക്തിപരമായ താത്പര്യവും സഹാനുഭൂതിയും പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു മുഖഭാവം ഡോക്ടർമാർക്കുണ്ടായിരുന്നപ്പോൾ
രോഗികൾ കൂടുതൽ സംതൃപ്തരായതായും അവരുടെ ശാരീരികവും മാനസികവും ആയ ആരോഗ്യം മെച്ചപ്പെട്ടതായും ഗവേഷകർ അഭിപ്രായപ്പെട്ടു. എന്നാൽ രോഗികളോടു സംസാരിക്കാൻപോലും കൂട്ടാക്കാതെയുള്ള ഡോക്ടർമാരുടെ പെരുമാറ്റം അവരെ രോഗികളിൽനിന്ന് അകറ്റുകയാണുണ്ടായത്.നിങ്ങൾ ചിരിക്കുമ്പോൾ അതു നിങ്ങൾക്കും ഗുണം ചെയ്യും. വർധിച്ച ആത്മവിശ്വാസവും സന്തോഷവും തോന്നും, പിരിമുറുക്കം കുറയും. നേരെമറിച്ച് ഗൗരവമുള്ള മുഖം വിപരീതഫലമേ ഉണ്ടാക്കൂ.
പുഞ്ചിരി “എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു”
മുമ്പ് പരാമർശിച്ച മഗ്ദെലെന യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് നാസികളുടെ പ്രത്യയശാസ്ത്രം അംഗീകരിക്കാത്തതിനെ തുടർന്ന് അവരെയും കുടുംബത്തെയും ജർമനിയിലെ റാവൻസ്ബ്രൂക്കിലുള്ള നാസി തടങ്കൽപ്പാളയത്തിലേക്ക് അയച്ചു. മഗ്ദെലെന പറയുന്നു: “ചില സമയങ്ങളിൽ സഹതടവുകാരോട് സംസാരിക്കാൻപോലും കാവൽക്കാർ അനുവദിച്ചിരുന്നില്ല. എന്നാൽ അവർക്ക് ഞങ്ങളുടെ മുഖഭാവങ്ങളെ നിയന്ത്രിക്കാൻ കഴിയില്ലല്ലോ. എന്റെ അമ്മയുടെയും അനുജത്തിയുടെയും പുഞ്ചിരി ഒന്നു കാണുന്നതുതന്നെ എന്റെ ആത്മവിശ്വാസവും സഹിച്ചുനിൽക്കാനുള്ള നിശ്ചയദാർഢ്യവും ശക്തിപ്പെടുത്തി.”
ജീവിതത്തിൽ ഉത്കണ്ഠകൾ വരുമ്പോൾ ചിരിക്കാൻ ഒരു കാരണവുമില്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ ഓർക്കുക: ചിന്തകളിൽനിന്നാണ് വികാരങ്ങളുണ്ടാകുന്നത്. (സുഭാഷിതങ്ങൾ 15:15; ഫിലിപ്പിയർ 4:8, 9) അതുകൊണ്ട് സാധ്യമാകുമ്പോഴെല്ലാം നല്ലതും സന്തോഷം തരുന്നതും ആയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ നമുക്ക് ശ്രമിക്കാം. അത് അൽപ്പം ബുദ്ധിമുട്ടാണെങ്കിൽകൂടി. b ബൈബിൾവായനയും പ്രാർഥനയും അങ്ങനെ ചെയ്യാൻ അനേകരെ സഹായിച്ചിട്ടുണ്ട്. (മത്തായി 5:3; ഫിലിപ്പിയർ 4:6, 7) വാസ്തവത്തിൽ ‘സന്തോഷം’ ‘ആനന്ദം’ എന്നീ പദങ്ങളും അവയുടെ വ്യത്യസ്തരൂപങ്ങളും നൂറുകണക്കിനു പ്രാവശ്യം ബൈബിളിൽ കാണുന്നു. അതിലെ ഒന്നോ രണ്ടോ താളുകൾ ദിവസവും വായിക്കാൻ നിങ്ങൾക്ക് ലക്ഷ്യം വെക്കാവുന്നതാണ്. അത് നിങ്ങളെയും കൂടെക്കൂടെ പുഞ്ചിരിക്കുന്ന ഒരു വ്യക്തിയാക്കും. തീർച്ച.
മറ്റുള്ളവർ നിങ്ങളെ നോക്കി ആദ്യം ചിരിക്കട്ടെ എന്നു കരുതരുത്. അതിനായി മുൻകൈയെടുക്കുക. അവരുടെ ജീവിതത്തിൽ അൽപ്പം സന്തോഷം പകരുക. പുഞ്ചിരിയുടെ വശ്യതയും സൗന്ദര്യവും അറിയാൻ കണ്ണാടിയുടെ മുന്നിൽനിന്ന് ഒന്നു പുഞ്ചിരിച്ചുനോക്കൂ! അത് നിങ്ങളെ മാത്രമല്ല കാണുന്നവരെയും ഉന്മേഷഭരിതരാക്കുന്ന ഒരു ദിവ്യ സമ്മാനമാണെന്നു നിങ്ങൾ മനസ്സിലാക്കും.
a ദൈവം പുഞ്ചിരിക്കുന്നതായി ആലങ്കാരികഭാഷയിൽ ബൈബിൾ വർണിക്കുന്നു. “ഈ ദാസന്റെ മേൽ അങ്ങ് പുഞ്ചിരി തൂകേണമേ” എന്ന് സങ്കീർത്തനം 119:135 പറയുന്നു.—അടിക്കുറിപ്പ്.
b 2013 നവംബർ ലക്കം ഉണരുക!-യിലെ (ഇംഗ്ലീഷ്) “നിങ്ങൾക്ക് ‘എന്നും വിരുന്നാണോ?’” എന്ന ലേഖനം കാണുക.