ആരുടെ കരവിരുത്?
പോളിയ ബെറിയുടെ കടുംനീല നിറം
പോളിയ കൊൺഡെൻസേറ്റ എന്ന ശാസ്ത്രനാമമുള്ള ഒരിനം ചെടി ആഫ്രിക്കയിൽ ഉടനീളം കാണാം. അതിന്റെ ചെറിയ പഴമാണ് പോളിയ ബെറി. ഇത്ര കടുപ്പമേറിയ നീല നിറമുള്ള പഴം മറ്റൊരു ചെടിയിലും ഒരിക്കലും കണ്ടിട്ടില്ല. എന്നാൽ ഇതിനു നീല നിറം നൽകുന്ന പദാർഥങ്ങളൊന്നും ഇതിലില്ലതാനും. ഈ കടുംനീല നിറത്തിനു പിന്നിലെ രഹസ്യം എന്താണ്?
സവിശേഷത: ഈ പഴത്തൊലിയുടെ കോശത്തിന്റെ ഒരു പ്രത്യേകതയാണ് ഇതിന് ഈ നിറം നൽകുന്നത്. ഇതിന്റെ കോശഭിത്തി നിറയെ ഒരുതരം ചെറിയ നാരുകളാണ്. തീപ്പെട്ടിക്കൊള്ളികൾ അടുക്കിവെച്ചിരിക്കുന്നതുപോലെയാണ് ഈ നാരുകൾ കാണുന്നത്. പല അട്ടികളായിട്ടാണ് ഇവ അടുക്കിവെച്ചിരിക്കുന്നത്. ഏറ്റവും അടിയിലത്തെ അട്ടിയുടെ തൊട്ടു മുകളിലുള്ള അട്ടിയിൽ നാരുകൾ അൽപ്പം ചെരിച്ചാണ് അടുക്കി വെച്ചിരിക്കുന്നത്. അതിന്റെ മുകളിലത്തെ അട്ടിയിലുള്ള നാരുകൾ അൽപ്പംകൂടെ ചെരിച്ചാണ് അടുക്കിയിരിക്കുന്നത്. മുകളിലോട്ടു വരുംതോറും ഓരോ അട്ടിക്കും ഇതുപോലെ ചെരിവുണ്ട്. ഓരോ അട്ടിയുടെയും കട്ടിയിലുള്ള ചെറിയചെറിയ വ്യത്യാസങ്ങൾ അനുസരിച്ചു ചില കോശങ്ങൾ പച്ചയോ പിങ്കോ മഞ്ഞയോ ആയി കാണപ്പെടുന്നു. എവിടെനിന്നു നോക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ നിറവ്യത്യാസം. ഈ നാരുകൾ അട്ടിയട്ടിയായി അടുക്കിയിരിക്കുന്ന ഈ വിധമാണ് ഈ പഴത്തിനു തിളക്കവും നിറവൈവിധ്യവും നൽകുന്നത്. അല്ലാതെ ഇതിലുള്ള ഏതെങ്കിലും പദാർഥമല്ല. ഈ നാരുകളുടെ നിറം നീലയുമല്ല. പക്ഷേ മിക്ക കോശങ്ങളും നീലയായി കാണപ്പെടുന്നെന്നു മാത്രം. ശരിക്ക് അടുത്തു പരിശോധിക്കുകയാണെങ്കിൽ ഈ നിറങ്ങൾ കമ്പ്യൂട്ടർ സ്ക്രീനിലേതുപോലെ കുത്തുകുത്തുകളായാണ് കാണപ്പെടുന്നത്.
ഈ കായ്കൾക്കു നീല നിറം നൽകുന്ന പദാർഥം ഒന്നും ഇല്ലാത്തതിനാൽ ചെടിയിൽനിന്നു വീണുകഴിഞ്ഞാലും നിറത്തിന് ഒരു മാറ്റവും സംഭവിക്കുന്നില്ല. ഒരു നൂറ്റാണ്ടു മുമ്പു ശേഖരിച്ചുവെച്ച ചില പഴങ്ങൾപോലും ഇപ്പോൾ പറിച്ചെടുത്തതുപോലെ തോന്നിക്കും. ഈ പഴത്തിനു കുരുക്കൾ അല്ലാതെ കഴിക്കാൻ പറ്റുന്ന മാംസളഭാഗം ഒന്നുമില്ലെങ്കിലും പക്ഷികളെ അതിലേക്കു ശക്തമായി വശീകരിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ടെന്നാണു ഗവേഷകർ പറയുന്നത്.
നിറം കൊടുക്കുന്ന പദാർഥം ഒന്നുമില്ലാത്ത പോളിയ ബെറിയുടെ ഈ പ്രത്യേകത, നിറം പോകാത്ത ചായക്കൂട്ടുകൾ മുതൽ പ്രത്യേകതരം പേപ്പർവരെ (മറ്റാർക്കും ഉണ്ടാക്കാനാകാത്ത) നിർമിക്കാൻ ശാസ്ത്രജ്ഞന്മാരെ പ്രേരിപ്പിച്ചേക്കാം.
നിങ്ങൾക്ക് എന്തു തോന്നുന്നു? പോളിയ ബെറിക്ക് ഈ നീല നിറം ലഭിച്ചത് പരിണാമപ്രക്രിയയിലൂടെയാണോ? അതോ ആരെങ്കിലും അത് രൂപകല്പന ചെയ്തതാണോ?