ബൈബിളിന്റെ വീക്ഷണം
പ്രലോഭനം
പ്രലോഭനത്തിനു വഴിപ്പെട്ടു പോയാൽ ഉണ്ടാകുന്ന മോശമായ ഫലങ്ങളിൽ ചിലതു മാത്രമാണു വിവാഹത്തകർച്ച, മോശമായ ആരോഗ്യം, മനസ്സാക്ഷിക്കുത്ത് എന്നിവയൊക്കെ. ഈ കെണി ഒഴിവാക്കാൻ എങ്ങനെ കഴിയും?
എന്താണ് പ്രലോഭനം?
നിങ്ങൾക്ക് ഒരു കാര്യത്തോട് ആകർഷണം തോന്നുന്നു. പ്രത്യേകിച്ച് തെറ്റായ ഒരു കാര്യത്തോട്. ഇതിനെയാണു പ്രലോഭനം എന്നു പറയുന്നത്. ഇങ്ങനെ ഉദാഹരിക്കാം. കടയിൽ സാധനങ്ങൾ വാങ്ങുന്നതിനിടെ നിങ്ങൾക്കു വളരെ ഇഷ്ടമുള്ള ഒരു സാധനം കാണുന്നു. ഇപ്പോൾ നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നു. ഈ സാധനം മോഷ്ടിച്ചാൽ ആരും അറിയാൻപോകുന്നില്ല. പക്ഷേ നിങ്ങളുടെ മനസ്സാക്ഷി അതിനു നിങ്ങളെ സമ്മതിക്കുന്നില്ല. അങ്ങനെ നിങ്ങൾ ആ ചിന്ത ഉപേക്ഷിച്ചു കടന്നു പോകുന്നു. ഇവിടെ നിങ്ങളുടെ പ്രലോഭനം തോറ്റു. നിങ്ങൾ വിജയിച്ചു.
ബൈബിൾ പറയുന്നത്
നിങ്ങൾക്കു പ്രലോഭനം തോന്നിയാൽ നിങ്ങൾ മോശക്കാരനാണെന്നല്ല അതിനർഥം. നമുക്കെല്ലാവർക്കും പ്രലോഭനം ഉണ്ടാകുമെന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 10:13) നമ്മൾ അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണു പ്രധാനം. ചിലർ മോശമായ ആഗ്രഹങ്ങൾ മനസ്സിലിട്ടു താലോലിക്കുന്നു. അപ്പോൾ അല്ലെങ്കിൽ പിന്നീട് അതിനു വഴിപ്പെടുന്നു. മറ്റു ചിലർ അങ്ങനെ ചെയ്യുന്നതു തെറ്റാണെന്നു മനസ്സിലാക്കി പെട്ടെന്നുതന്നെ അത് തള്ളിക്കളയുന്നു.
“സ്വന്തം മോഹങ്ങളാണ് ഓരോരുത്തരെയും ആകർഷിച്ച് മയക്കി പരീക്ഷണങ്ങളിൽ അകപ്പെടുത്തുന്നത്.”—യാക്കോബ് 1:14.
പ്രലോഭനം തോന്നുമ്പോൾ അതിനെതിരെ ഉടനടി പ്രവർത്തിക്കുന്നത് ബുദ്ധിയായിരിക്കുന്നത് എന്തുകൊണ്ട്?
തെറ്റായ വഴികളിൽ ചെന്നെത്തുന്നത് എങ്ങനെയെന്നു ബൈബിൾ വിശദീകരിക്കുന്നു. “(തെറ്റായ) മോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു” എന്നു യാക്കോബ് 1:15 പറയുന്നു. ലളിതമായി പറഞ്ഞാൽ, ഒരു സ്ത്രീ ഗർഭിണിയായാൽ പ്രസവിക്കും. ഇതുപോലെ തെറ്റായ ഒരു ആഗ്രഹം താലോലിച്ചുകൊണ്ടിരുന്നാൽ ഏതെങ്കിലും ഒരു അവസരത്തിൽ നമ്മൾ അതനുസരിച്ചു പ്രവർത്തിക്കും. എന്നാൽ മോശമായ ആഗ്രഹങ്ങളുടെ അടിമകളായിരിക്കുന്നത് ഒഴിവാക്കാൻ നമുക്കു കഴിയും. അവയെ വരുതിയിൽ നിറുത്താനും ആകും.
ബൈബിളിനു നിങ്ങളെ സഹായിക്കാനാകും
നമ്മുടെ മനസ്സിനു മോശമായ ആഗ്രഹങ്ങൾ താലോലിക്കാനാകും. മനസ്സുവെച്ചാൽ അവയെ പടിയിറക്കാനും ആകും. എങ്ങനെ? എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടോ ഒരു സുഹൃത്തിനോടു സംസാരിച്ചുകൊണ്ടോ നല്ല കാര്യങ്ങൾ ചിന്തിച്ചുകൊണ്ടോ നമുക്കു ശ്രദ്ധ തിരിച്ചുവിടാം. (ഫിലിപ്പിയർ 4:8) ഒരു പ്രലോഭനത്തിനു വഴങ്ങിയാൽ ഉണ്ടാകുന്ന വൈകാരികവും ശാരീരികവും ആത്മീയവും ആയ ഹാനിയെക്കുറിച്ചു ചിന്തിക്കുന്നത് നല്ലതാണ്. (ആവർത്തനം 32:29) പ്രാർഥന മറ്റൊരു വലിയ സഹായമാണ്. “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ എപ്പോഴും ഉണർന്നിരുന്ന് പ്രാർഥിക്കണം” എന്നു യേശു ക്രിസ്തു പറഞ്ഞു.—മത്തായി 26:41.
“വഴിതെറ്റിക്കപ്പെടരുത്: ദൈവത്തെ പറ്റിക്കാനാകില്ല. ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും.”—ഗലാത്യർ 6:7.
പ്രലോഭനത്തെ നിങ്ങൾക്ക് എങ്ങനെ ചെറുത്തുനിൽക്കാനാകും?
യാഥാർഥ്യം
പ്രലോഭനം ചിന്തയില്ലാത്തവരോ അനുഭവപരിചയമില്ലാത്തവരോ അശ്രദ്ധരോ ആയ ആളുകളെ അപകടത്തിൽ കൊണ്ടെത്തിക്കുന്നു. വാസ്തവത്തിൽ അവ അവരെ വീഴ്ത്താനുള്ള കുരുക്കുകളും കെണികളും മാത്രമാണ്. (യാക്കോബ് 1:14, അടിക്കുറിപ്പ്) ലൈംഗിക അധാർമികത എന്ന പ്രലോഭനത്തിന്റെ കാര്യത്തിൽ അതു വളരെ സത്യമാണ്. ഗുരുതരമായ പ്രത്യാഘാതങ്ങളാണ് അതിനുള്ളത്.—സുഭാഷിതങ്ങൾ 7:22, 23.
ബൈബിളിനു നിങ്ങളെ സഹായിക്കാനാകും
“അതുകൊണ്ട് നീ ഇടറിവീഴാൻ നിന്റെ വലതുകണ്ണ് ഇടയാക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക” എന്ന് യേശുക്രിസ്തു പറഞ്ഞു. (മത്തായി 5:29) യേശുവിന്റെ ഈ വാക്കുകൾ അക്ഷരംപ്രതി എടുക്കാനുള്ളതല്ല. ദൈവത്തെ സന്തോഷിപ്പിക്കാനും നിത്യജീവൻ നേടാനും ആഗ്രഹിക്കുന്നെങ്കിൽ പാപം ചെയ്യാനുള്ള നമ്മുടെ ശരീരത്തിന്റെ ചായ്വിനെ കൊന്നുകളയണം എന്നാണു യേശു ഉദ്ദേശിച്ചത്. (കൊലോസ്യർ 3:5) എന്നു പറഞ്ഞാൽ പ്രലോഭനം ഉണ്ടാകുമ്പോൾ ദൃഢനിശ്ചയത്തോടെ അതിൽനിന്നു മാറി നിൽക്കുക എന്നാണ്. ദൈവത്തോടു വിശ്വസ്തനായ ഒരു വ്യക്തി പ്രാർഥിച്ചത് ഇങ്ങനെയാണ്: “ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾ കാണാതിരിക്കാൻ എന്റെ നോട്ടം തിരിച്ചുവിടേണമേ.”—സങ്കീർത്തനം 119:37.
ആത്മനിയന്ത്രണം പാലിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കാം എന്നത് ഒരു വസ്തുതയാണ്. “ശരീരം ബലഹീനമാണ്.” (മത്തായി 26:41) അതുകൊണ്ടു നമുക്ക് തെറ്റുകൾ പറ്റും. നമ്മൾ യഥാർഥത്തിൽ അനുതപിക്കുകയും ജീവിതത്തിൽ തെറ്റു ചെയ്യുന്നത് ഒരു ശീലമാക്കാതിരിക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുക. ദൈവമായ യഹോവ “കരുണാമയനും അനുകമ്പയുള്ളവനും” ആണെന്ന കാര്യം മറക്കരുത്. (സങ്കീർത്തനം 103:8) എത്ര ആശ്വാസപ്രദം!
“യഹോവേ, തെറ്റുകളിലാണ് അങ്ങ് ശ്രദ്ധ വെക്കുന്നതെങ്കിൽ യാഹേ, ആർക്കു പിടിച്ചുനിൽക്കാനാകും?”—സങ്കീർത്തനം 130:3.