ജ്യോതിഷവും ഭാഗ്യംപറച്ചിലും—ഭാവിയിലേക്കുള്ള എത്തിനോട്ടമോ?
ജ്യോതിഷം
നക്ഷത്രങ്ങളും ചന്ദ്രനും ഗ്രഹങ്ങളും ആളുകളുടെ ജീവിതത്തെ ശക്തമായി സ്വാധീനിക്കുന്നു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഭാവി പറയുന്ന രീതിയാണ് ജ്യോതിഷം. ഒരാൾ ജനിക്കുന്ന സമയത്തുള്ള ആകാശഗോളങ്ങളുടെ സ്ഥാനം അയാളുടെ വ്യക്തിത്വത്തെയും ഭാവിയെയും രൂപപ്പെടുത്തുന്നുവെന്നു ജ്യോത്സ്യന്മാർ പറയുന്നു.
ജ്യോതിഷത്തിന്റെ വേരുകൾ തേടിപ്പോയാൽ അതു ചെന്നെത്തുന്നത് പുരാതനബാബിലോണിലാണ്. എന്നാൽ ഇപ്പോഴും ആളുകൾ ജ്യോതിഷത്തിൽ വിശ്വസിക്കുന്നു. 2012-ൽ ഐക്യനാടുകളിൽ നടത്തിയ ഒരു സർവേ അനുസരിച്ച് മൂന്നിൽ ഒരു ഭാഗം ആളുകൾ പറഞ്ഞത് ജ്യോതിഷത്തിൽ “കുറച്ചൊക്കെ ശാസ്ത്രമുണ്ട്” എന്നാണ്. 10 ശതമാനം ആളുകൾ പറഞ്ഞത് ജ്യോതിഷം “ശാസ്ത്രംതന്നെയാണ്” എന്നും. ഇത് ശരിയാണോ? അല്ല. ചില കാരണങ്ങൾ ഇതാ:
-
ജ്യോത്സ്യന്മാർ പറയുന്നതുപോലെ, ഒരാളുടെ ഭാവിയെ സ്വാധീനിക്കുന്ന വിധത്തിൽ ഗ്രഹങ്ങളും നക്ഷത്രങ്ങളും ഒരു ശക്തിയും പുറത്തുവിടുന്നില്ല.
-
പറയുന്ന മിക്ക ഭാവിഫലങ്ങളും ആരുടെ കാര്യത്തിലും സത്യമാകാവുന്നതാണ്.
-
ഗ്രഹങ്ങളെല്ലാം ഭൂമിയെ ചുറ്റുന്നു എന്ന പഴയ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നും ജ്യോതിഷത്തിൽ കണക്കുകൂട്ടലുകളെല്ലാം നടത്തുന്നത്. എന്നാൽ വാസ്തവത്തിൽ ഗ്രഹങ്ങൾ സൂര്യനു ചുറ്റുമാണു കറങ്ങുന്നത്.
-
ഒരാളുടെ ഭാവിയെക്കുറിച്ച് പല ജ്യോത്സ്യന്മാരും പല വിധത്തിലാണു പറയുന്നത്.
-
ജ്യോതിഷമനുസരിച്ച് ആളുകൾ 12 രാശികളിൽ ഏതെങ്കിലും ഒന്നിലാണ് ജനിക്കുന്നത്. നക്ഷത്രസമൂഹങ്ങളുടെ രൂപം അനുസരിച്ചാണ് ഈ രാശികൾക്കു പേരിട്ടിരിക്കുന്നത്. സൂര്യൻ ഓരോ നക്ഷത്രസമൂഹങ്ങളിലൂടെ കടന്നുപോകുന്ന തീയതികൾ കണക്കാക്കി ഒരോ രാശിക്കും ഒരു കാലയളവ് നിശ്ചയിച്ചു. എന്നാൽ ഭൂമിയുടെ ചലനത്തിന്റെ പ്രത്യേകത കാരണം നൂറ്റാണ്ടുകൾകൊണ്ട് ആ രാശികളും നക്ഷത്രസമൂഹങ്ങളും ഒത്തുവരുന്ന തീയതികൾ മാറിപ്പോയി.
രാശിചിഹ്നങ്ങൾ ഒരാളുടെ സ്വഭാവത്തെക്കുറിച്ച് സൂചനകൾ നൽകുന്നതായി പറയപ്പെടുന്നു. സത്യത്തിൽ, ഒരേ ദിവസം ജനിച്ചവർക്കെല്ലാം ഒരേ സ്വഭാവസവിശേഷതയല്ല ഉള്ളത്. ഒരാളുടെ ജനനത്തീയതി അയാളുടെ വ്യക്തിത്വത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്തുന്നില്ല. ഒരു വ്യക്തിയെ അയാൾ ആയിരിക്കുന്നതുപോലെ കാണാതെ, ചില കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ ജ്യോത്സ്യന്മാർ ആ വ്യക്തിയുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും കുറിച്ച് വിധിയെഴുതുന്നു. അത് ശരിയായിരിക്കുമോ?
ഭാഗ്യംപറച്ചിൽ
പണ്ടുകാലംമുതലേ ആളുകൾ ഭാഗ്യം പറയുന്നവരുടെ അടുക്കൽ പോയിരുന്നു. ചില ഭാഗ്യംപറച്ചിലുകാർ മനുഷ്യരുടെയും മൃഗങ്ങളുടെയും ആന്തരികാവയവങ്ങൾ നോക്കി ഭാവി പറഞ്ഞിരുന്നു. ചിലപ്പോൾ ഒരു പൂവൻകോഴി ധാന്യം എങ്ങനെ കൊത്തിത്തിന്നുന്നെന്നു നോക്കിപ്പോലും ഭാവി പറഞ്ഞിരുന്നു. ചിലരാകട്ടെ, ചായയോ കാപ്പിയോ കുടിച്ചതിനു ശേഷം കപ്പിൽ അവശേഷിക്കുന്ന മട്ടിന്റെ രൂപം നോക്കിയാണ് ഭാവി പറഞ്ഞിരുന്നത്. എന്നാൽ ഇക്കാലത്ത് ഭാവി പറയുന്നവർ ഉപയോഗിക്കുന്നത് ചീട്ടുകളും സ്ഫടികഗോളങ്ങളും പകിടകളും മറ്റും ആണ്. എങ്ങനെയായാലും ഭാഗ്യംപറച്ചിൽ ഭാവി അറിയാനുള്ള വിശ്വാസയോഗ്യമായ രീതിയാണോ? അല്ല. എന്തുകൊണ്ടെന്നു നോക്കാം.
ഭാഗ്യം പറയാൻ ഉപയോഗിക്കുന്ന രീതി ഏതായാലും ഭാവിഫലം ഒന്നുതന്നെയായിരിക്കണ്ടേ? എന്നാൽ, മിക്കപ്പോഴും അങ്ങനെയല്ല എന്നതാണ് വസ്തുത. വൈരുധ്യങ്ങൾ കാണുന്നു. ഇനി ഒരേ രീതിതന്നെ ഉപയോഗിച്ചാലും ഭാവിഫലം മാറുന്നു. ഉദാഹരണത്തിന്, ഒരാൾ ഒരു ചോദ്യവുമായി രണ്ടു ഭാഗ്യംപറച്ചിലുകാരുടെ അടുക്കൽ ചെല്ലുന്നു എന്നിരിക്കട്ടെ. അവർ ഒരേ ചീട്ടുകൾ വായിക്കുകയാണെങ്കിൽ ഉത്തരം ഒന്നായിരിക്കണമല്ലോ? എന്നാൽ മിക്കപ്പോഴും അത് അങ്ങനെയായിരിക്കില്ല.
ഭാഗ്യം പറയുന്നവർ ഉപയോഗിക്കുന്ന രീതികളും അവരുടെ ലക്ഷ്യങ്ങളും സംശയത്തിന് ഇടം കൊടുക്കുന്നു. ചീട്ടുകളും സ്ഫടികഗോളങ്ങളും ഒക്കെ ഉപയോഗിക്കുന്നതു വെറുതെ ആളുകളെ പറ്റിക്കാൻവേണ്ടിയാണെന്നാണു ചില വിമർശകർ പറയുന്നത്. ഭാഗ്യം പറയുന്നവർ ചീട്ടോ മറ്റു വസ്തുക്കളോ നോക്കിയായിരിക്കണമെന്നില്ല, പകരം ആളിന്റെ പ്രതികരണം നോക്കിയായിരിക്കും കാര്യങ്ങൾ മനസ്സിലാക്കുന്നത്. ഉദാഹരണത്തിന്, മിടുക്കരായ ഭാഗ്യംപറച്ചിലുകാർ ആളുകളോട് പൊതുവായ ചില ചോദ്യങ്ങൾ ചോദിച്ചിട്ട് അവർ പറഞ്ഞോ പറയാതെയോ നൽകിയ സൂചനകളിൽനിന്ന് കാര്യങ്ങൾ ഗണിച്ചെടുക്കുന്നു. എന്നിട്ട് ആ സൂചനകളിൽനിന്ന് മനസ്സിലാക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ അവർ ആ വ്യക്തിയെക്കുറിച്ചുള്ള ശരിയായ ചില വസ്തുതകൾ പറയും. അത് കേൾക്കുമ്പോൾ അത്ഭുതപ്പെട്ടുപോകുന്ന ആ വ്യക്തിയെ അങ്ങനെ അവർ കൈയിലെടുക്കുന്നു. ഈ രീതിയിൽ വിശ്വാസം നേടിയെടുത്തുകൊണ്ട് ചില ഭാഗ്യംപറച്ചിലുകാർ ആളുകളുടെ കൈയിൽനിന്ന് വലിയ തുക തട്ടിയെടുക്കാറുണ്ട്.
ബൈബിളിനു പറയാനുള്ളത്
നമ്മുടെ ഭാവി മുൻകൂട്ടി തീരുമാനിക്കപ്പെട്ടിരിക്കുന്നു എന്നാണ് ജ്യോതിഷവും ഭാഗ്യംപറച്ചിലും സൂചിപ്പിക്കുന്നത്. എന്നാൽ അത് ശരിയാണോ? എന്തു വിശ്വസിക്കണം എന്തു ചെയ്യണം എന്നൊക്കെ തീരുമാനിക്കാനുള്ള കഴിവ് നമുക്കുണ്ടെന്നും ആ തീരുമാനമനുസരിച്ച് നമ്മുടെ ഭാവി മാറുമെന്നും ആണ് ബൈബിൾ പറയുന്നത്.—യോശുവ 24:15.
കൂടാതെ, ദൈവം എല്ലാ തരം ഭാവിപറയലും കുറ്റംവിധിക്കുന്നു. അതുകൊണ്ട് സത്യദൈവത്തിന്റെ ആരാധകർ ജ്യോതിഷവും ഭാഗ്യംപറച്ചിലും ഉപേക്ഷിക്കുന്നു. ബൈബിളിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ഭാവിഫലം പറയുന്നവൻ, മന്ത്രവാദി, ശകുനം നോക്കുന്നവൻ, ആഭിചാരകൻ, മന്ത്രവിദ്യയാൽ ആളുകളെ ദ്രോഹിക്കുന്നവൻ, ആത്മാക്കളുടെ ഉപദേശം തേടുന്നവന്റെയോ ഭാവി പറയുന്നവന്റെയോ സഹായം തേടുന്നവൻ, മരിച്ചവരോട് ഉപദേശം തേടുന്നവൻ എന്നിങ്ങനെയുള്ളവർ നിങ്ങൾക്കിടയിൽ കാണരുത്. ഇക്കാര്യങ്ങൾ ചെയ്യുന്നവരെ യഹോവയ്ക്ക് a അറപ്പാണ്.”—ആവർത്തനം 18:10-12.
a “മുഴുഭൂമിക്കും മീതെ അത്യുന്നതൻ” ആയ ദൈവത്തിന്റെ പേര്.—സങ്കീർത്തനം 83:18.