ദൈവത്തോടുകൂടെ വേല ചെയ്യുന്നത് സന്തോഷത്തിനുള്ള കാരണം
“നിങ്ങൾക്കു ലഭിച്ച ദൈവകൃപ വ്യർഥമാക്കിക്കളയരുതെന്നും ദൈവത്തിന്റെ കൂട്ടുവേലക്കാരായ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു.”—2 കൊരി. 6:1.
ഗീതം: 75, 74
1. യഹോവ അത്യുന്നതനാണെങ്കിലും എന്ത് ചെയ്യാൻ അവൻ മറ്റുള്ളവരെ ക്ഷണിക്കുന്നു?
യഹോവ അത്യുന്നതനാണ്. സകലവും സൃഷ്ടിച്ച അവൻ അതിരറ്റ ജ്ഞാനത്തിനും ശക്തിക്കും ഉടമയാണ്. ഈ വസ്തുത മനസ്സിലാക്കാൻ യഹോവ ഇയ്യോബിനെ സഹായിച്ചപ്പോൾ ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു.” (ഇയ്യോ. 42:2) മറ്റാരുടെയും സഹായം കൂടാതെ താൻ തീരുമാനിക്കുന്നതെല്ലാം ചെയ്യാൻ യഹോവ പ്രാപ്തനാണ്. എന്നാൽ തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിനു വേണ്ടി തന്നോടൊപ്പം പ്രവർത്തിക്കാൻ മറ്റുള്ളവരെ ക്ഷണിച്ചുകൊണ്ട് യഹോവ അവരോടുള്ള സ്നേഹം കാണിക്കുന്നു.
2. ഏത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് യഹോവ യേശുവിനെ ഏൽപ്പിച്ചത്?
2 സകലവും സൃഷ്ടിക്കുന്നതിന് മുമ്പ് ദൈവം തന്റെ പുത്രനായ യേശുവിനെ സൃഷ്ടിച്ചു. തുടർന്ന് മറ്റെല്ലാം സൃഷ്ടിച്ചപ്പോൾ തന്നോടൊപ്പം പ്രവർത്തിക്കാൻ യഹോവ തന്റെ ഈ പുത്രനെ അനുവദിച്ചു. (യോഹ. 1:1-3, 18) യേശുവിനെക്കുറിച്ച് അപ്പൊസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “സ്വർഗത്തിലും ഭൂമിയിലുമുള്ള മറ്റെല്ലാം അവൻ മുഖാന്തരമത്രേ സൃഷ്ടിക്കപ്പെട്ടത്; ദൃശ്യമായതും അദൃശ്യമായതും, സിംഹാസനങ്ങളാകട്ടെ കർത്തൃത്വങ്ങളാകട്ടെ വാഴ്ചകളാകട്ടെ അധികാരങ്ങളാകട്ടെ എല്ലാം, അവനിലൂടെയും അവനായിട്ടും സൃഷ്ടിക്കപ്പെട്ടു.” (കൊലോ. 1:15-17) ഇത് കാണിക്കുന്നത്, യഹോവ തന്റെ പുത്രനെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വം ഏൽപ്പിച്ചു എന്നു മാത്രമല്ല അതെക്കുറിച്ച് മറ്റുള്ളവരോട് പറയുകയും ചെയ്തു എന്നാണ്. എത്ര വലിയൊരു ബഹുമതി!
3. യഹോവ എന്ത് നിയമനമാണ് ആദാമിന് നൽകിയത്, എന്തുകൊണ്ട്?
3 തന്നോടൊപ്പം പ്രവർത്തിക്കാൻ യഹോവ മനുഷ്യരെയും ക്ഷണിച്ചു. ഉദാഹരണത്തിന്, മൃഗങ്ങൾക്കെല്ലാം പേര് ഇടാൻ യഹോവ ആദാമിനെ അനുവദിച്ചു. (ഉല്പ. 2:19, 20) അപ്പോൾ ആദാം ആസ്വദിച്ച സന്തോഷം ഒന്ന് ഭാവനയിൽ കണ്ടുനോക്കൂ! മൃഗങ്ങളെ അടുത്തു നിരീക്ഷിച്ചുകൊണ്ടും അവയുടെ സ്വഭാവസവിശേഷതകൾ പഠിച്ചുകൊണ്ടും അവൻ അവയ്ക്കെല്ലാം ഏറ്റവും അനുയോജ്യമായ പേര് ഇട്ടു. ഈ മൃഗങ്ങളെയെല്ലാം സൃഷ്ടിച്ചത് യഹോവയായിരുന്നു. അതുകൊണ്ട് വേണമെങ്കിൽ യഹോവയ്ക്കുതന്നെ അവയ്ക്കെല്ലാം പേരിടാൻ കഴിയുമായിരുന്നു. എന്നാൽ ഈ നിയമനം ആദാമിനെ ഏൽപ്പിക്കുകവഴി താൻ അവനെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് യഹോവ തെളിയിച്ചു. മുഴുഭൂമിയെയും ഒരു പറുദീസയാക്കാനുള്ള നിയമനവും ദൈവം അവന് നൽകി. (ഉല്പ. 1:27, 28) എന്നാൽ കാലാന്തരത്തിൽ ദൈവത്തോടൊപ്പം വേല ചെയ്യുന്നത് നിറുത്താൻ ആദാം തീരുമാനിച്ചു, അത് അവനും അവന്റെ സന്തതിപരമ്പരകൾക്കും എത്ര വലിയ ദുരന്തമാണ് വരുത്തിവെച്ചത്!—ഉല്പ. 3:17-19, 23.
4. തന്റെ ഉദ്ദേശ്യം നിറവേറ്റാനായി മറ്റു ചിലരും ദൈവത്തോടൊപ്പം പ്രവർത്തിച്ചത് എങ്ങനെ?
4 പിന്നീട് ദൈവം മറ്റ് പലരെയും തന്നോടൊപ്പം പ്രവർത്തിക്കാൻ ക്ഷണിച്ചു. കുടുംബസമേതം പ്രളയത്തെ അതിജീവിക്കാൻ സഹായിച്ച ഒരു പെട്ടകം നോഹ പണിതു. മോശ ഇസ്രായേൽജനതയെ ഈജിപ്തിൽനിന്ന് മോചിപ്പിച്ചു. യോശുവ ഇസ്രായേല്യരെ വാഗ്ദത്തദേശത്തേക്ക് നയിച്ചു. ശലോമോൻ യെരുശലേമിൽ ആലയം പണിതു. മറിയ യേശുവിന്റെ അമ്മയായിത്തീർന്നു. ഇവരും മറ്റനേകരും യഹോവയുടെ ഉദ്ദേശ്യം നിറവേറ്റാനായി അവനോടൊപ്പം പ്രവർത്തിച്ചവരാണ്.
5. ഇന്ന് നമുക്ക് ഏതു പ്രവർത്തനത്തിൽ പങ്കുപറ്റാം, ഇതിൽ നമ്മളെ ഉൾപ്പെടുത്തേണ്ട ആവശ്യം യഹോവയ്ക്കുണ്ടായിരുന്നോ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
5 ഇന്ന്, തന്റെ രാജ്യത്തെ പിന്തുണയ്ക്കാനായി സാധ്യമായതെല്ലാം ചെയ്യാൻ യഹോവ നമ്മളെ ക്ഷണിക്കുന്നു. വിശുദ്ധസേവനത്തിന്റെ പല വശങ്ങളുണ്ട്. എല്ലാ ക്രിസ്ത്യാനികൾക്കും അതിലെല്ലാം ഉൾപ്പെടാനാകില്ലെങ്കിലും നമുക്കെല്ലാം ചെയ്യാനാകുന്ന ഒന്നുണ്ട്—സുവാർത്താപ്രസംഗവേല. യഹോവയ്ക്ക് മറ്റാരുടെയും സഹായമില്ലാതെ ഈ വേല ചെയ്യാമായിരുന്നു. വേണമെങ്കിൽ അവന് സ്വർഗത്തിൽനിന്നു നേരിട്ടു മനുഷ്യരോട് സംസാരിക്കാനാകുമായിരുന്നു. ദൈവരാജ്യത്തിന്റെ രാജാവിനെക്കുറിച്ചു മറ്റുള്ളവരോട് പറയാൻ യഹോവയ്ക്ക് വേണമെങ്കിൽ കല്ലുകളെപ്പോലും ഉപയോഗിക്കാൻ കഴിയും എന്ന് യേശു പറഞ്ഞു. (ലൂക്കോ. 19:37-40) എന്നാൽ തന്റെ കൂട്ടുവേലക്കാരായി പ്രവർത്തിക്കാൻ യഹോവ നമ്മളെ അനുവദിക്കുന്നു. (1 കൊരി. 3:9) പൗലോസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “നിങ്ങൾക്കു ലഭിച്ച ദൈവകൃപ വ്യർഥമാക്കിക്കളയരുതെന്നും ദൈവത്തിന്റെ കൂട്ടുവേലക്കാരായ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു.” (2 കൊരി. 6:1) ദൈവത്തോടൊപ്പം പ്രവർത്തിക്കാനുള്ള ക്ഷണം ലഭിക്കുക എന്നത് തീർച്ചയായും ഒരു വലിയ ബഹുമതിയാണ്. ഇത് അളവറ്റ സന്തോഷം നൽകുന്നതിന്റെ ചില കാരണങ്ങൾ നമുക്ക് പരിചിന്തിക്കാം.
ദൈവത്തോടൊപ്പം പ്രവർത്തിക്കുന്നത് സന്തോഷം നൽകുന്നു
6. പിതാവിനോടൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ച് ദൈവത്തിന്റെ ആദ്യജാതപുത്രൻ എന്താണ് പറഞ്ഞത്?
6 യഹോവയോടൊപ്പം പ്രവർത്തിക്കുന്നത് അവന്റെ ആരാധകർക്ക് എല്ലാക്കാലത്തും സന്തോഷം നൽകിയിട്ടുണ്ട്. ഭൂമിയിലേക്കു വരുന്നതിനുമുമ്പ് ദൈവത്തിന്റെ ആദ്യജാതപുത്രൻ ഇങ്ങനെ പറഞ്ഞു: “യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി എന്നെ ഉളവാക്കി. ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനമ്പ്രതി അവന്റെ പ്രമോദമായിരുന്നു.” (സദൃ. 8:22, 30) യേശു തന്റെ പിതാവിനോടൊപ്പം പ്രവർത്തിച്ചപ്പോൾ, ഏൽപ്പിച്ച കാര്യങ്ങളെല്ലാം ചെയ്തതുകൊണ്ടും യഹോവ അവനെ സ്നേഹിക്കുന്നെന്ന് അറിയാമായിരുന്നതുകൊണ്ടും അവൻ വളരെ സന്തോഷിച്ചു. എന്നാൽ നമ്മളെക്കുറിച്ചെന്ത്?
7. പ്രസംഗവേല നമുക്കു സന്തോഷം തരുന്നത് എന്തുകൊണ്ട്?
7 വാങ്ങുന്നതിലും കൊടുക്കുന്നതിലും സന്തോഷമുണ്ടെന്ന് യേശു പറഞ്ഞു. (പ്രവൃ. 20:35) സത്യം ലഭിച്ചപ്പോൾ അത് നമുക്ക് സന്തോഷം നൽകി. എന്നാൽ ആ സത്യം മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ നമുക്ക് സന്തോഷം ലഭിക്കുന്നത് എന്തുകൊണ്ട്? ബൈബിൾസത്യങ്ങൾ മനസ്സിലാക്കി ദൈവവുമായി ഒരു ബന്ധത്തിലേക്കു വരുമ്പോൾ പുതിയവർ സന്തോഷിക്കുന്നു. അത് കാണുന്നത് നമ്മളെയും സന്തോഷിപ്പിക്കുന്നു. ചിന്തകളിലും ജീവിതത്തിലും അവർ വരുത്തുന്ന മാറ്റങ്ങൾ നമ്മളെ ആവേശഭരിതരാക്കുന്നു. പ്രസംഗവേലയാണ് നമുക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും സംതൃപ്തികരവുമായ വേല. ദൈവവുമായി അനുരഞ്ജനത്തിലാകുന്നവർക്ക് അത് നിത്യജീവനിലേക്കുള്ള വഴി തുറന്നുകൊടുക്കുന്നു.—2 കൊരി. 5:20.
8. യഹോവയോടൊപ്പം വേല ചെയ്യുന്നതിന്റെ സന്തോഷത്തെക്കുറിച്ച് ചിലർ എന്താണ് പറഞ്ഞത്?
8 ദൈവത്തെക്കുറിച്ച് പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുമ്പോൾ നമ്മൾ യഹോവയെ സന്തോഷിപ്പിക്കുകയാണെന്നും അവനെ സേവിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ അവൻ വിലമതിക്കുന്നുവെന്നും നമുക്കറിയാം. ഇതും നമുക്ക് സന്തോഷം തരും. (1 കൊരിന്ത്യർ 15:58 വായിക്കുക.) ഇറ്റലിയിൽ താമസിക്കുന്ന മാർക്കോ പറയുന്നു: “ഞാൻ എന്റെ ഏറ്റവും മികച്ചത് നൽകുന്നത്, ഞാൻ ചെയ്യുന്ന കാര്യങ്ങൾ പെട്ടെന്ന് മറന്നുപോകുന്ന ആർക്കെങ്കിലുമല്ല മറിച്ച് യഹോവയ്ക്കാണ് എന്നത് എനിക്ക് അളവറ്റ സന്തോഷം നൽകുന്നു.” സമാനമായി, ഇറ്റലിയിൽത്തന്നെ സേവിക്കുന്ന ഫ്രാങ്കോ പറയുന്നു: “നമ്മൾ ചെയ്യുന്നത് ഒന്നുമല്ല എന്ന് നമുക്ക് തോന്നിയേക്കാമെങ്കിലും, നമ്മളെ സ്നേഹിക്കുന്നുണ്ടെന്നും നമ്മൾ യഹോവയ്ക്കായി ചെയ്യുന്നതെല്ലാം അവൻ അതിയായി വിലമതിക്കുന്നുണ്ടെന്നും യഹോവ തന്റെ വചനത്തിലൂടെയും മറ്റ് ആത്മീയകരുതലുകളിലൂടെയും നമ്മളെ ദിവസവും ഓർമിപ്പിക്കുന്നു. അതുകൊണ്ടാണ് ദൈവത്തോടുകൂടെ വേല ചെയ്യുന്നത് എന്നെ സന്തോഷിപ്പിക്കുന്നതും എന്റെ ജീവിതം അർഥപൂർണ്ണമാക്കുന്നതും.”
ദൈവത്തോടൊപ്പം വേല ചെയ്യുന്നത് ദൈവവുമായും മറ്റുള്ളവരുമായും നമ്മളെ അടുപ്പിക്കുന്നു
9. യഹോവയ്ക്കും യേശുവിനും ഇടയിലുള്ള ബന്ധം എത്ര ശക്തമാണ്, എന്തുകൊണ്ട്?
9 നമ്മൾ സ്നേഹിക്കുന്നവരോടൊപ്പം പ്രവർത്തിക്കുമ്പോൾ അവരുമായി നമ്മൾ കൂടുതൽ അടുക്കും. അവരുടെ വ്യക്തിത്വത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കും. അവരുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്നും അവർ അത് എത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് എങ്ങനെയെന്നും നമ്മൾ പഠിക്കും. സാധ്യതയനുസരിച്ച് യേശു യഹോവയോടൊപ്പം ശതകോടിക്കണക്കിന് വർഷം പ്രവർത്തിച്ചിട്ടുണ്ട്. അവർക്കിടയിലുള്ള സ്നേഹവും പ്രിയവും മറ്റൊന്നിനും തകർക്കാനാകാത്ത വിധം അത്ര ശക്തമായിത്തീർന്നു. ആ ഉറ്റബന്ധം യേശു പിൻവരുന്ന വാക്കുകളിൽ വർണിച്ചു: “ഞാനും പിതാവും ഒന്നാണ്.” (യോഹ. 10:30) അതിന്റെ അർഥം, അവർ തികഞ്ഞ ഐക്യത്തിലും പൂർണസഹകരണത്തിലും ഒന്നിച്ച് പ്രവർത്തിച്ചു എന്നാണ്.
10. പ്രസംഗപ്രവർത്തനം ദൈവത്തോടും മറ്റുള്ളവരോടും നമ്മളെ കൂടുതൽ അടുപ്പിക്കുന്നത് എന്തുകൊണ്ട്?
10 തന്റെ ശിഷ്യന്മാരെ കാത്തുകൊള്ളേണമേയെന്ന് യേശു യഹോവയോട് അപേക്ഷിച്ചു. എന്തുകൊണ്ട്? അവൻ ഇങ്ങനെ പ്രാർഥിച്ചു: “നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കേണ്ടതിന്.” (യോഹ. 17:11) ദൈവത്തിന്റെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കുകയും പ്രസംഗവേലയിൽ പങ്കുപറ്റുകയും ചെയ്യുമ്പോൾ അവന്റെ മഹനീയഗുണങ്ങളെക്കുറിച്ച് ഏറെ മെച്ചമായി നമുക്കു മനസ്സിലാക്കാനാകും. അവനിൽ ആശ്രയിക്കുന്നതും അവന്റെ മാർഗനിർദേശം പിന്തുടരുന്നതും ജ്ഞാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും നമ്മൾ പഠിക്കും. അങ്ങനെ നമ്മൾ ദൈവത്തോട് അടുത്തുചെല്ലുമ്പോൾ അവൻ നമ്മളോട് അടുത്തുവരും. (യാക്കോബ് 4:8 വായിക്കുക.) നമ്മൾ സഹോദരങ്ങളോടും കൂടുതൽ അടുക്കും. കാരണം നമ്മൾ നേരിടുന്ന പ്രശ്നങ്ങളും ആസ്വദിക്കുന്ന സന്തോഷങ്ങളും വെച്ചിരിക്കുന്ന ലക്ഷ്യങ്ങളും ഏറെക്കുറെ സമാനമാണ്. അതുകൊണ്ട്, നമ്മൾ ഒരുമിച്ച് വേല ചെയ്യുന്നു, ഒരുമിച്ച് സന്തോഷിക്കുന്നു, ഒരുമിച്ച് സഹിച്ചുനിൽക്കുന്നു. ബ്രിട്ടനിൽ താമസിക്കുന്ന ഒക്ടേവിയ ഇങ്ങനെ പറയുന്നു: “യഹോവയോടൊപ്പം പ്രവർത്തിക്കുന്നത് എന്നെ മറ്റുള്ളവരുമായി അടുപ്പിക്കുന്നു.” കാരണം സുഹൃത്തുക്കളോടൊപ്പം എല്ലാവരും “ഒരേ ദിശയിൽ ഒരേ ലക്ഷ്യത്തിൽ” ആണല്ലോ പ്രവർത്തിക്കുന്നത്. നമുക്കും ഇങ്ങനെ തന്നെയല്ലേ തോന്നുന്നത്! യഹോവയെ പ്രീതിപ്പെടുത്താൻ നമ്മുടെ സഹോദരങ്ങൾ നടത്തുന്ന ശ്രമങ്ങൾ കാണുന്നത് അവരിലേക്കു നമ്മളെ കൂടുതൽ അടുപ്പിക്കും.
11. പുതിയലോകത്തിൽ നമ്മൾ യഹോവയുമായും സഹോദരങ്ങളുമായും കൂടുതൽ അടുക്കുമെന്ന് പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
11 ദൈവത്തോടും സഹോദരങ്ങളോടുമുള്ള നമ്മുടെ സ്നേഹം ഇപ്പോൾത്തന്നെ ശക്തമാണ്. പുതിയലോകത്തിൽ അത് കൂടുതൽ ശക്തമായിത്തീരും. ഭാവിയിൽ നമ്മൾ ചെയ്യാൻ പോകുന്ന ആവേശകരമായ കാര്യങ്ങളെക്കുറിച്ചെല്ലാം ഒന്നു ചിന്തിച്ചുനോക്കൂ! പുനരുത്ഥാനം പ്രാപിച്ചു വരുന്നവരെ നമ്മൾ സ്വാഗതം ചെയ്യുകയും യഹോവയെക്കുറിച്ച് അവരെ പഠിപ്പിക്കുകയും ചെയ്യും. ഭൂമിയെ ഒരു പറുദീസയാക്കി മാറ്റും. ക്രിസ്തുവിന്റെ ഭരണത്തിൻകീഴിൽ ഈ കാര്യങ്ങളെല്ലാം ഒത്തൊരുമിച്ച് ചെയ്യുന്നതും കാലക്രമത്തിൽ നമ്മൾ പൂർണതയുള്ള വ്യക്തികളായിത്തീരുന്നതും എത്ര സന്തോഷം നൽകും! അന്നുള്ളവരെല്ലാം ‘ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്ന’ ദൈവവുമായും പരസ്പരവും മുമ്പെന്നത്തേതിലും അടുപ്പമുള്ളവരായിരിക്കും.—സങ്കീ. 145:16.
ദൈവത്തോടൊപ്പം പ്രവർത്തിക്കുന്നത് ഒരു സംരക്ഷണം
12. പ്രസംഗവേല ഒരു സംരക്ഷണമായിരിക്കുന്നത് എങ്ങനെ?
12 യഹോവയുമായുള്ള ബന്ധം നമ്മൾ കാത്തുസൂക്ഷിക്കണം. കാരണം നമ്മൾ ജീവിക്കുന്നത് സാത്താന്റെ ലോകത്തിലാണ്, നമ്മൾ അപൂർണരുമാണ്. അതുകൊണ്ട് ഈ ലോകത്തിലെ ആളുകളെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എളുപ്പമാണ്. ഒരുതരത്തിൽ പറഞ്ഞാൽ ഈ ലോകത്തിൽ ജീവിക്കുന്നത് ഒഴുക്കിനെതിരെ നീന്തുന്നതുപോലെയാണ്. സർവശക്തിയുമെടുത്ത് നീന്തിയാലേ നമുക്ക് ശരിയായ ദിശയിൽ പോകാൻ കഴിയൂ. സാത്താന്റെ ലോകം നമ്മളെ സ്വാധീനിക്കാതിരിക്കണമെങ്കിൽ നമ്മൾ നല്ല ശ്രമം ചെയ്യണം. അങ്ങനെയെങ്കിൽ പ്രസംഗവേല നമ്മളെ എങ്ങനെയാണ് സംരക്ഷിക്കുന്നത്? യഹോവയെയും ബൈബിളിനെയും കുറിച്ച് സംസാരിക്കുമ്പോൾ നമ്മുടെ ശ്രദ്ധ പ്രാധാന്യമേറിയതും പ്രയോജനകരവുമായ കാര്യങ്ങളിലായിരിക്കും. അല്ലാതെ നമ്മുടെ വിശ്വാസത്തെ ദുർബലപ്പെടുത്തുന്ന കാര്യങ്ങളിലായിരിക്കില്ല. (ഫിലി. 4:8) പ്രസംഗവേല ദൈവത്തിന്റെ വാഗ്ദാനങ്ങളെയും സ്നേഹപൂർവമായ നിലവാരങ്ങളെയും കുറിച്ച് നമ്മളെ ഓർമിപ്പിക്കുന്നു. അത് നമ്മുടെ വിശ്വാസം ശക്തമാക്കുന്നു. കൂടാതെ, സാത്താനിൽനിന്നും അവന്റെ ലോകത്തിൽനിന്നും നമ്മളെ സംരക്ഷിക്കുന്ന ഗുണങ്ങൾ നിലനിറുത്താൻ അത് സഹായിക്കുകയും ചെയ്യുന്നു.—എഫെസ്യർ 6:14-17 വായിക്കുക.
13. ഓസ്ട്രേലിയയിലുള്ള ഒരു യഹോവയുടെ സാക്ഷി പ്രസംഗവേലയെക്കുറിച്ച് എന്തു പറഞ്ഞു?
13 പ്രസംഗപ്രവർത്തനത്തിലും പഠനത്തിലും സഹോദരങ്ങളെ സഹായിക്കുന്നതിലും ഒക്കെ തിരക്കുള്ളവർ ആയിരിക്കുമ്പോൾ നമ്മൾ സുരക്ഷിതരായിരിക്കും. കാരണം നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് അമിതമായി ചിന്തിക്കാൻ നമുക്ക് സമയം ഉണ്ടായിരിക്കുകയില്ല. ഓസ്ട്രേലിയയിൽ നിന്നുള്ള ജോയൽ പറയുന്നു: “ജീവിതയാഥാർഥ്യങ്ങൾ മറക്കാതിരിക്കാൻ പ്രസംഗവേല എന്നെ സഹായിക്കുന്നു. ആളുകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും ബൈബിൾതത്വങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയതിന്റെ പ്രയോജനങ്ങളെക്കുറിച്ചും അത് എന്നെ ഓർമിപ്പിക്കുന്നു. പ്രസംഗവേല താഴ്മയുള്ളവനായിരിക്കാൻ എന്നെ സഹായിക്കുന്നു; കാരണം, അത് യഹോവയിലും സഹോദരങ്ങളിലും ആശ്രയിക്കാനുള്ള അവസരം നൽകുന്നു.”
14. പ്രസംഗവേലയിലുള്ള നമ്മുടെ സ്ഥിരോത്സാഹം ദൈവാത്മാവ് നമ്മോടൊപ്പമുണ്ടെന്നതിന്റെ തെളിവു നൽകുന്നത് എങ്ങനെ?
14 പ്രസംഗവേല, പരിശുദ്ധാത്മാവ് നമ്മോടൊപ്പമുണ്ടെന്നുള്ള നമ്മുടെ ബോധ്യം ശക്തമാക്കും. ഒരു ദൃഷ്ടാന്തം ചിന്തിക്കുക: നിങ്ങളുടെ പ്രദേശത്തുള്ള ആളുകൾക്ക് പോഷകാഹാരം വിതരണം ചെയ്യാനുള്ള ഒരു ജോലി നിങ്ങൾക്കുണ്ടെന്ന് വിചാരിക്കുക. നിങ്ങൾക്കിതിന് ശമ്പളമൊന്നും കിട്ടുന്നില്ലെന്ന് മാത്രമല്ല വരുന്ന ചെലവുകൾ എല്ലാം നിങ്ങൾ സ്വന്തമായി വഹിക്കുകയും വേണം. ഇനി കൊണ്ടുചെല്ലുന്ന ആഹാരം അനേകർക്കും വേണ്ടെന്നുമാത്രമല്ല, അത് കൊണ്ടുചെല്ലുന്ന നിങ്ങളോടും അവർക്ക് വെറുപ്പാണ്. അത്തരമൊരു ജോലിയിൽ നിങ്ങൾ എത്രനാൾ തുടരും? തീർച്ചയായും, വളരെ പെട്ടെന്ന് നിങ്ങൾ നിരുത്സാഹിതരാകും. ഒരുപക്ഷേ ആ ജോലി നിറുത്തുകയും ചെയ്തേക്കാം. പ്രസംഗപ്രവർത്തനത്തിന്റെ കാര്യമോ? നമ്മുടെ സമയവും പണവും ചെലവഴിച്ചുകൊണ്ട് ഈ വേല ചെയ്യുമ്പോൾ മിക്കവരും നമ്മെ കളിയാക്കുകയും നമ്മോട് ദേഷ്യപ്പെടുകയും ചെയ്യുന്നു. എന്നിട്ടും, വർഷങ്ങളായി നമ്മൾ, സഹിഷ്ണുതയോടെ ഈ വേലയിൽ തുടരുന്നു. ദൈവാത്മാവ് നമ്മളെ സഹായിക്കുന്നു എന്നതിന്റെ തെളിവല്ലേ അത്?
ദൈവത്തോടൊപ്പം പ്രവർത്തിക്കുന്നത് ദൈവത്തോടും മറ്റുള്ളവരോടും ഉള്ള സ്നേഹത്തിന്റെ തെളിവാണ്
15. സുവാർത്ത പ്രസംഗിക്കുന്നത്, മനുഷ്യവർഗത്തെക്കുറിച്ചുള്ള ദൈവോദ്ദേശ്യവുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്?
15 പ്രസംഗപ്രവർത്തനം മനുഷ്യവർഗത്തെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യവുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്? മനുഷ്യർ എന്നേക്കും ജീവിക്കണം എന്നതാണ് ദൈവോദ്ദേശ്യം. ആദാം പാപം ചെയ്തെങ്കിലും ദൈവം ആ ഉദ്ദേശ്യത്തിനു മാറ്റം വരുത്തിയില്ല. (യെശ. 55:11) പകരം പാപത്തിൽനിന്നും മരണത്തിൽനിന്നും നമ്മെ വിടുവിക്കുന്നതിന് ദൈവം ക്രമീകരണം ചെയ്തു. എങ്ങനെ? യേശു ഭൂമിയിലേക്കു വന്ന് തന്റെ ജീവൻ അനുസരണമുള്ള മനുഷ്യർക്കുവേണ്ടി ഒരു യാഗമായി അർപ്പിച്ചു. എന്നാൽ ആ യാഗത്തിൽനിന്ന് മനുഷ്യർ പ്രയോജനം നേടണമെങ്കിൽ അവർ ദൈവത്തെ അനുസരിക്കണം. അതുകൊണ്ട് ദൈവം എന്താണ് ആവശ്യപ്പെടുന്നതെന്ന് യേശു ആളുകളെ പഠിപ്പിച്ചു. അങ്ങനെ ചെയ്യാൻ യേശു ശിഷ്യന്മാരോട് കല്പിക്കുകയും ചെയ്തു. നമ്മൾ പ്രസംഗിക്കുകയും ആളുകളെ ദൈവത്തിന്റെ സുഹൃത്തുക്കളായിത്തീരാൻ സഹായിക്കുകയും ചെയ്യുമ്പോൾ മനുഷ്യരെ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കുകയെന്ന, ദൈവത്തിന്റെ സ്നേഹപൂർവമായ ക്രമീകരണത്തോട് യോജിച്ചു പ്രവർത്തിക്കുകയാണ് ചെയ്യുന്നത്.
16. പ്രസംഗപ്രവർത്തനം ദൈവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കല്പനകളുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
16 ആളുകളെ നിത്യജീവനിലേക്കുള്ള വഴി കണ്ടെത്താൻ സഹായിക്കുമ്പോൾ നമ്മൾ അവരെയും ദൈവത്തെയും സ്നേഹിക്കുന്നുവെന്ന് തെളിയിക്കുകയാണ്. “സകലതരം മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തണമെന്നുമത്രേ അവൻ ആഗ്രഹിക്കുന്നത്.” (1 തിമൊ. 2:4) ഏറ്റവും വലിയ കല്പന ഏതാണെന്ന് ഒരു പരീശൻ ചോദിച്ചപ്പോൾ യേശു പറഞ്ഞു: “‘നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടുംകൂടെ സ്നേഹിക്കണം.’ ഇതാകുന്നു ഏറ്റവും വലിയതും ഒന്നാമത്തേതുമായ കൽപ്പന. രണ്ടാമത്തേത് ഇതിനോടു സമം: ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.’” (മത്താ. 22:37-39) സുവാർത്ത പ്രസംഗിക്കുമ്പോൾ നമ്മൾ ഈ കല്പനകൾ അനുസരിക്കുകയാണ്.—പ്രവൃത്തികൾ 10:42 വായിക്കുക.
17. പ്രസംഗിക്കുക എന്ന പദവിയെക്കുറിച്ചു നിങ്ങൾക്ക് എന്താണ് തോന്നുന്നത്?
17 നമ്മൾ എത്ര അനുഗ്രഹീതരാണ്! യഹോവ നമുക്കു തന്നിരിക്കുന്നത് സന്തോഷം നൽകിത്തരുന്നതും അവനുമായും സഹോദരങ്ങളുമായും നമ്മളെ അടുപ്പിക്കുന്നതും ദൈവവുമായുള്ള നമ്മുടെ ബന്ധം കാത്തുസൂക്ഷിക്കാൻ നമ്മെ സഹായിക്കുന്നതും ആയ ഒരു വേലയാണ്. ദൈവത്തോടും മറ്റുള്ളവരോടും സ്നേഹമുണ്ട് എന്ന് കാണിക്കുന്നതിനുള്ള അവസരവും അത് നൽകുന്നു. ലോകത്തെമ്പാടുമായി യഹോവയ്ക്ക് ദശലക്ഷക്കണക്കിന് ദാസന്മാരുണ്ട്. അവരുടെയെല്ലാം സാഹചര്യം തികച്ചും വ്യത്യസ്തമാണ്. എന്നാൽ ചെറുപ്പക്കാരോ പ്രായമേറിയവരോ പണക്കാരോ പാവപ്പെട്ടവരോ ശക്തരോ ബലഹീനരോ ആരാണെങ്കിലും ശരി നമ്മുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കാൻ നമ്മാലാവുന്നതെല്ലാം നമ്മൾ ചെയ്യുന്നു. ഫ്രാൻസിൽ നിന്നുള്ള ഷാന്റെൽ ഇങ്ങനെ പറയുന്നു: “പ്രപഞ്ചത്തിലെ ഏറ്റവും ശക്തനും സകലത്തിന്റെയും സ്രഷ്ടാവും സന്തുഷ്ടനുമായ ദൈവം, എന്നോടു പറയുകയാണ്: ‘ചെല്ലുക! ചെന്നു പറയുക! എനിക്കുവേണ്ടി സംസാരിക്കുക, നിന്റെ ഹൃദയത്തിൽനിന്നു സംസാരിക്കുക. ഞാൻ നിനക്ക് എന്റെ ശക്തിയും എന്റെ വചനവും ദൂതന്മാരുടെ പിന്തുണയും തരുന്നു, കൂടാതെ ഭൂമിയിൽ ധാരാളം സുഹൃത്തുക്കളെയും തുടർച്ചയായ പരിശീലനവും തക്കസമയത്ത് നിർദേശങ്ങളും തരാം.’ യഹോവ നമ്മോട് ആവശ്യപ്പെടുന്നത് ചെയ്യുന്നതും ദൈവത്തോടൊപ്പം പ്രവർത്തിക്കുന്നതും എത്ര വലിയ പദവിയാണ്!”