‘നിങ്ങളുടെ സഹോദരസ്നേഹം നിലനിറുത്താൻ’ ദൃഢചിത്തരായിരിക്കുക!
“നിങ്ങളുടെ സഹോദരസ്നേഹം നിലനിൽക്കട്ടെ.”—എബ്രാ. 13:1.
ഗീതം: 72, 119
1, 2. എബ്രായക്രിസ്ത്യാനികൾക്ക് പൗലോസ് ലേഖനം എഴുതിയത് എന്തുകൊണ്ട്?
വർഷം എ.ഡി. 61. ഇസ്രായേലിലുടനീളമുള്ള സഭകൾ ഒരളവോളം സമാധാനം ആസ്വദിച്ചിരുന്ന ഒരു കാലം. അപ്പൊസ്തലനായ പൗലോസ് ഇപ്പോൾ റോമിൽ തടവിലാണ്. എന്നാൽ പെട്ടെന്നുതന്നെ താൻ മോചിതനാകുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നു. പൗലോസിന്റെ പങ്കാളിയായിരുന്ന തിമൊഥെയൊസ് അപ്പോൾ ജയിൽമോചിതനായതേ ഉള്ളൂ. അവർ ഇരുവരുംകൂടി യെഹൂദ്യയിലുള്ള ക്രിസ്തീയസഹോദരങ്ങളെ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു. (എബ്രാ. 13:23) എന്നിരുന്നാലും അഞ്ചു വർഷത്തിനുള്ളിൽ യെഹൂദ്യയിലുള്ളവർ, പ്രത്യേകിച്ചും യെരുശലേമിൽ താമസിച്ചിരുന്ന ക്രിസ്ത്യാനികൾ ഒരു ഉറച്ച തീരുമാനം എടുക്കേണ്ടിവരുമായിരുന്നു. കാരണം, സൈന്യങ്ങൾ യെരുശലേമിനു ചുറ്റും പാളയമടിക്കുന്നതു കാണുമ്പോൾ അവർ അവിടം വിട്ട് ഓടിപ്പോകണമെന്ന് യേശു അവർക്ക് മുന്നറിയിപ്പു കൊടുത്തിരുന്നു.—ലൂക്കോ. 21:20-24.
2 യേശു ആ മുന്നറിയിപ്പ് കൊടുത്തിട്ട് അപ്പോൾ 28 വർഷം കഴിഞ്ഞിരുന്നു. ഈ കാലയളവിലുടനീളം ഇസ്രായേലിലുണ്ടായിരുന്ന ക്രിസ്ത്യാനികൾ അനേകം ഉപദ്രവങ്ങൾക്കും പരിശോധനകൾക്കും മധ്യേ വിശ്വസ്തരായി നിലകൊണ്ടു. (എബ്രാ. 10:32-34) എന്നാൽ ഭാവിയിൽ നടക്കാൻ പോകുന്ന സംഭവങ്ങൾക്കായി അവരെ ഒരുക്കാൻ പൗലോസ് ആഗ്രഹിച്ചു. കാരണം അവർ വിശ്വാസത്തിന്റെ ഒരു വലിയ പരിശോധന നേരിടാൻ പോകുകയായിരുന്നു. (മത്താ. 24:20, 21; എബ്രാ. 12:4) അവരുടെ ജീവൻ ആശ്രയിച്ചിരുന്നത് ഓടിപ്പോകാനുള്ള യേശുവിന്റെ കല്പന അനുസരിക്കുന്നതിലായിരുന്നു. എന്നാൽ അതിന് അവർക്ക് മുമ്പെന്നത്തെക്കാളുമധികം സഹിഷ്ണുതയും വിശ്വാസവും ആവശ്യമായിരുന്നു. (എബ്രായർ 10:36-39 വായിക്കുക.) അതുകൊണ്ടാണ് സംഭവിക്കാൻപോകുന്ന കാര്യങ്ങൾക്കായി അവരെ ഒരുക്കുന്നതിനുവേണ്ടി അവർക്ക് ഒരു ലേഖനം എഴുതാൻ യഹോവ പൗലോസിനെ നിശ്വസ്തനാക്കിയത്. അതാണ് എബ്രായർക്കുള്ള ലേഖനം എന്ന പേരിൽ അറിയപ്പെടുന്നത്.
3. എബ്രായർക്ക് എഴുതിയ ലേഖനത്തിൽ നമ്മൾ താത്പര്യമുള്ളവർ ആയിരിക്കേണ്ടതെന്തുകൊണ്ട്?
3 ദൈവജനമെന്ന നിലയിൽ എബ്രായർക്ക് എഴുതിയ ലേഖനത്തിൽ നമ്മളും തത്പരരായിരിക്കണം. എന്തുകൊണ്ട്? കാരണം നമ്മുടെ സാഹചര്യവും യെഹൂദ്യയിലെ ക്രിസ്ത്യാനികളുടേതിനോട് സമാനമാണ്. ഈ “ദുഷ്കരമായ സമയങ്ങ”ളിൽ യഹോവയുടെ ജനം എല്ലാ തരത്തിലുമുള്ള ഉപദ്രവങ്ങളും എതിർപ്പുകളും നേരിട്ടിട്ടുണ്ട്. (2 തിമൊ. 3:1, 12) നമ്മുടെ വിശ്വാസവും ദൈവഭക്തിയും ശക്തമാണെന്ന് ഒരു സംശയത്തിനും ഇടയില്ലാത്തവിധം നമ്മൾ ഇക്കാലങ്ങളിലുടനീളം തെളിയിച്ചിട്ടുണ്ട്. നമ്മളിൽ മിക്കവരും ഇപ്പോൾ ദൈവത്തെ സേവിക്കുന്നത് നേരിട്ടുള്ള എതിർപ്പുകളൊന്നുമില്ലാതെ താരതമ്യേന സമാധാനപരമായ അന്തരീക്ഷത്തിലാണ്. എങ്കിലും പൗലോസിന്റെ നാളിലെ ക്രിസ്ത്യാനികളെപ്പോലെ നമ്മളെല്ലാവരും ജാഗ്രതയുളളവരായിരിക്കണം. എന്തുകൊണ്ട്? കാരണം വളരെ പെട്ടെന്നുതന്നെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പരിശോധനയെ നമ്മളെല്ലാം നേരിടാൻ പോകുകയാണ്!—ലൂക്കോസ് 21:34-36 വായിക്കുക.
4. 2016-ലെ വാർഷികവാക്യം ഏതാണ്, അത് അനുയോജ്യമായിരിക്കുന്നത് എന്തുകൊണ്ട്?
4 ഈ ഭാവിസംഭവത്തിനായി ഒരുങ്ങാൻ നമ്മളെ എന്തു സഹായിക്കും? എബ്രായർക്കുള്ള ലേഖനത്തിൽ നമ്മുടെ വിശ്വാസം ബലപ്പെടുത്താൻ സഹായിക്കുന്ന പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. പ്രധാനപ്പെട്ട ഒരു ഓർമിപ്പിക്കൽ എബ്രായർ 13:1-ൽ കാണാം. ആ വാക്യം നമ്മളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “നിങ്ങളുടെ സഹോദരസ്നേഹം നിലനിൽക്കട്ടെ.” ഈ വാക്യമാണ് 2016-ലെ വാർഷികവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്.
2016-ലെ നമ്മുടെ വാർഷികവാക്യം: “നിങ്ങളുടെ സഹോദരസ്നേഹം നിലനിൽക്കട്ടെ.” —എബ്രായർ 13:1
എന്താണ് സഹോദരസ്നേഹം?
5. എന്താണ് സഹോദരസ്നേഹം?
5 എന്താണ് സഹോദരസ്നേഹം? ഇവിടെ പൗലോസ് ഉപയോഗിച്ച ഗ്രീക്ക് വാക്കിന്റെ അർഥം “ഒരു സഹോദരനോടു തോന്നുന്ന പ്രിയം” എന്നാണ്. കുടുംബാംഗങ്ങൾക്കിടയിലോ അടുത്ത സുഹൃത്തുക്കൾക്കിടയിലോ ഉള്ള ശക്തവും ഊഷ്മളവുമായ ഒരു ആർദ്രവികാരമാണ് സഹോദരസ്നേഹം. (യോഹ. 11:36) അതുകൊണ്ട് നമ്മൾ സഹോദരനോ സഹോദരിയോ ആയി നടിക്കുകയല്ല ചെയ്യുന്നത്, നമ്മൾ എപ്പോഴും സഹോദരീസഹോദരന്മാർ ആണ്. (മത്താ. 23:8) “സഹോദരസ്നേഹത്തിൽ അന്യോന്യം ആർദ്രതയുള്ളവരായിരിക്കുവിൻ. പരസ്പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുവിൻ” എന്ന് പൗലോസ് പറയുന്നു. (റോമ. 12:10) സഹോദരങ്ങളോടുള്ള നമ്മുടെ പ്രിയം എത്രമാത്രം ശക്തമാണെന്ന് ഈ വാക്കുകൾ കാണിക്കുന്നു. ക്രിസ്തീയതത്ത്വങ്ങളിൽ അടിസ്ഥാനപ്പെട്ടിരിക്കുന്ന സ്നേഹത്തോടൊപ്പം ഈ സഹോദരസ്നേഹവും കാണിക്കുന്നത്, അന്യോന്യം ഉറ്റ സുഹൃത്തുക്കളായിരിക്കാനും ഐക്യമുള്ളവരായിരിക്കാനും ദൈവജനത്തെ സഹായിക്കുന്നു.
6. സഹോദരസ്നേഹത്തിന്റെ അർഥം സത്യക്രിസ്ത്യാനികൾ മനസ്സിലാക്കുന്നത് എങ്ങനെയാണ്?
6 സഹോദരസ്നേഹം എന്ന പദപ്രയോഗം കൂടുതലായി കാണുന്നത് ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിലാണ്. യഹൂദന്മാർ മുൻകാലങ്ങളിൽ “സഹോദരൻ” എന്ന പദം ഒരു ബന്ധുവിനെയോ ചിലപ്പോൾ കുടുംബത്തിനു പുറത്തുള്ള ഒരാളെയോ അർഥമാക്കാനാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ യഹൂദനല്ലാത്ത ഒരാളെ കുറിക്കാൻ ആ പദം അവർ ഒരിക്കലും ഉപയോഗിച്ചിരുന്നില്ല. എന്നാൽ സത്യക്രിസ്ത്യാനികളെ സംബന്ധിച്ച് “സഹോദരൻ” എന്നത് ഒരു സഹവിശ്വാസിയാണ്, ആ വ്യക്തി ഏതു രാജ്യക്കാരനായിരുന്നാലും ശരി. (റോമ. 10:12) പരസ്പരം സഹോദരപ്രീതി കാണിക്കാനാണ് യഹോവ നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. (1 തെസ്സ. 4:9) സഹോദരസ്നേഹം കാണിക്കുന്നതിൽ തുടരേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
സഹോദരസ്നേഹം കാണിക്കുന്നതിൽ തുടരേണ്ടത് എന്തുകൊണ്ട്?
7. (എ) സഹോദരസ്നേഹം കാണിക്കേണ്ടതിന്റെ ഏറ്റവും പ്രധാനകാരണം എന്താണ്? (ബി) സഹോദരസ്നേഹം ശക്തമാക്കേണ്ടതിന്റെ മറ്റൊരു കാരണം പറയുക.
7 സഹോദരസ്നേഹം കാണിക്കേണ്ടതിന്റെ ഏറ്റവും പ്രധാന കാരണം, അങ്ങനെ ചെയ്യാൻ യഹോവ നമ്മോട് ആവശ്യപ്പെടുന്നു എന്നതാണ്. സഹോദരങ്ങളെ സ്നേഹിക്കാൻ കഴിയാത്ത ഒരാൾക്ക് യഹോവയെ സ്നേഹിക്കാൻ കഴിയില്ല. (1 യോഹ. 4:7, 20, 21) മറ്റൊരു കാരണം, നമുക്ക് പരസ്പരസഹായം ആവശ്യമുണ്ട് എന്നതാണ്; വിശേഷാൽ പ്രശ്നങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിൽ. എബ്രായ ക്രിസ്ത്യാനികൾക്ക് പൗലോസ് ലേഖനം എഴുതിയപ്പോൾ അധികം വൈകാതെതന്നെ അവരിൽ പലർക്കും തങ്ങളുടെ വീടുകളും വസ്തുവകകളും ഒക്കെ ഉപേക്ഷിച്ചുപോകേണ്ടിവരുമെന്ന് അവന് അറിയാമായിരുന്നു. ആ കാലം എത്ര ക്ലേശകരമായിരിക്കും എന്ന് യേശു മുൻകൂട്ടി പറഞ്ഞിരുന്നു. (മർക്കോ. 13:14-18; ലൂക്കോ. 21:21-23) ആ കാലം വരുന്നതിനു മുമ്പുതന്നെ ക്രിസ്ത്യാനികൾ അവർക്കിടയിലെ സ്നേഹം ശക്തമാക്കണമായിരുന്നു.—റോമ. 12:9.
8. മഹാകഷ്ടം തുടങ്ങുന്നതിനുമുമ്പ്, ഇപ്പോൾത്തന്നെ, നമ്മൾ എന്തു ചെയ്യണം?
8 മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കഷ്ടം അടുത്തെത്തിയിരിക്കുന്നു. (മർക്കോ. 13:19; വെളി. 7:1-3) അതുകൊണ്ട് പിൻവരുന്ന ആഹ്വാനം നമ്മൾ അനുസരിക്കേണ്ടത് ആവശ്യമായിവരും: “എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.” (യെശ. 26:20) ആ “അറകൾ” സൂചിപ്പിക്കുന്നത് സഭകളെയായിരിക്കാം. കാരണം സഭകളിലാണ് സഹോദരങ്ങളോടൊപ്പം നമ്മൾ യഹോവയെ ആരാധിക്കുന്നത്. എന്നാൽ കേവലം ഹാജരാകുന്നതിലധികം നമ്മൾ ചെയ്യേണ്ടതുണ്ട്. അത്തരം അവസരങ്ങളിൽ, സ്നേഹം കാണിക്കാനും നന്മ ചെയ്യാനും കഴിയേണ്ടതിന് പരസ്പരം പ്രോത്സാഹിപ്പിക്കാൻ പൗലോസ് എബ്രായ ക്രിസ്ത്യാനികളെ ഓർമിപ്പിച്ചു. (എബ്രാ. 10:24, 25) അതുകൊണ്ട് ഇപ്പോൾത്തന്നെ നമ്മുടെ സഹോദരസ്നേഹം കരുത്തുറ്റതാക്കാം; അതു ഭാവിയിൽ എന്തെല്ലാം പ്രതിസന്ധികൾ വന്നാലും സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കും.
9. (എ) സഹോദരസ്നേഹം കാണിക്കാനുള്ള എന്തെല്ലാം അവസരങ്ങൾ ആണ് ഇപ്പോൾ നമുക്കുള്ളത്? (ബി) യഹോവയുടെ ജനം സഹോദരസ്നേഹം കാണിച്ചതിന്റെ ചില ഉദാഹരണങ്ങൾ നൽകുക.
9 മഹാകഷ്ടം തുടങ്ങുന്നതിനുമുമ്പ് ഇപ്പോൾത്തന്നെ സഹോദരസ്നേഹം കാണിക്കുന്നതിനുള്ള പല അവസരങ്ങളുണ്ട്. നമ്മുടെ സഹോദരങ്ങളിൽ പലരും ഭൂകമ്പം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, സുനാമി, എന്നിവ പോലുള്ള പ്രകൃതിദുരന്തങ്ങളാൽ കഷ്ടപ്പെടുന്നു. ചില സഹോദരങ്ങൾക്ക് എതിർപ്പുകളും ഉപദ്രവങ്ങളും സഹിക്കേണ്ടിവരുന്നു. (മത്താ. 24:6-9) ഈ ദുഷിച്ച ലോകത്തിൽ ജീവിക്കുന്നതുകൊണ്ട് സാമ്പത്തികബുദ്ധിമുട്ടുകളും നമുക്കുണ്ട്. (വെളി. 6:5, 6) അത്തരം പ്രശ്നങ്ങൾ എത്രത്തോളം കൂടിക്കൂടി വരുന്നുവോ അത്രത്തോളം പരസ്പരം സഹോദരസ്നേഹം കാണിക്കുന്നതിനുള്ള അവസരങ്ങളും നമുക്ക് ലഭിക്കുന്നു. ഈ ലോകത്തിലെ “മിക്കവരുടെയും സ്നേഹം തണുത്തുപോകും” എങ്കിലും സഹോദരസ്നേഹം കാണിക്കുന്നതിൽ നമ്മൾ തുടരണം.—മത്താ. 24:12. [1]
എങ്ങനെ സഹോദരസ്നേഹത്തിൽ നിലനിൽക്കാം?
10. ഇപ്പോൾ നമ്മൾ എന്താണ് പരിശോധിക്കാൻ പോകുന്നത്?
10 എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും നമ്മൾ സഹോദരസ്നേഹത്തിൽ നിലനിൽക്കുന്നു എന്ന് എങ്ങനെ ഉറപ്പുവരുത്താം? നമ്മുടെ സഹോദരങ്ങളോട് ആർദ്രപ്രിയമുണ്ടെന്ന് നമുക്ക് എങ്ങനെ തെളിയിക്കാം? “നിങ്ങളുടെ സഹോദരസ്നേഹം നിലനിൽക്കട്ടെ” എന്ന് പറഞ്ഞതിനു ശേഷം അപ്പൊസ്തലനായ പൗലോസ് ഇത് ചെയ്യാൻ കഴിയുന്ന വ്യത്യസ്ത വിധങ്ങളെക്കുറിച്ച് പറയുന്നു. അവയിൽ ആറെണ്ണം നമുക്ക് ഇപ്പോൾ പരിശോധിക്കാം.
11, 12. അതിഥിസത്കാരം കാണിക്കുക എന്നാൽ എന്താണ് അർഥം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
11 “അതിഥിസത്കാരം മറക്കരുത്.” (എബ്രായർ 13:2 വായിക്കുക.) “അതിഥിസത്കാരം” എന്ന വാക്കിന്റെ അർഥം എന്താണ്? പൗലോസ് ഉപയോഗിച്ച വാക്കിന്റെ അക്ഷരാർഥം “അപരിചിതരോട് കാണിക്കുന്ന ദയ” എന്നാണ്. ഒരുപക്ഷേ ഈ പദത്തെക്കുറിച്ച് കേൾക്കുമ്പോൾ അബ്രാഹാമിനെയും ലോത്തിനെയും കുറിച്ചായിരിക്കാം നമ്മൾ ഓർക്കുന്നത്. ഇവർ രണ്ടുപേരും അപരിചിതരായ സന്ദർശകരോട് ദയ കാണിച്ചു. ആ അപരിചിതർ ദൂതന്മാരായിരുന്നു എന്ന് അബ്രാഹാമും ലോത്തും പിന്നീടാണ് അറിഞ്ഞത്. (ഉല്പ. 18:2-5; 19:1-3) അതിഥിപ്രിയരായിരുന്നുകൊണ്ട് സഹോദരസ്നേഹം കാണിക്കാൻ ഈ ദൃഷ്ടാന്തങ്ങൾ എബ്രായക്രിസ്ത്യാനികളെ പ്രചോദിപ്പിച്ചു.
12 നമുക്ക് എങ്ങനെ അതിഥിപ്രിയരായിരിക്കാം? ഭക്ഷണത്തിനും സഹവാസത്തിനും ആയി നമുക്ക് സഹോദരങ്ങളെ വീട്ടിലേക്കു ക്ഷണിക്കാം. അതിന്റെ അർഥം വലിയ ചെലവ് വരുത്തിക്കൊണ്ട് വിപുലമായ രീതിയിൽ സത്കരിക്കണമെന്നല്ല. ഇനി ഏതെങ്കിലും വിധത്തിൽ നമുക്ക് പ്രത്യുപകാരം ചെയ്യുന്നവരെ മാത്രം ക്ഷണിക്കുന്നതുമല്ല അതിഥിപ്രിയരായിരിക്കുന്നതിൽ ഉൾപ്പെടുന്നത്. (ലൂക്കോ. 10:42; 14:12-14) നമ്മുടെ ലക്ഷ്യം ആളുകളിൽ മതിപ്പ് ഉളവാക്കുക എന്നതല്ല, പകരം പ്രോത്സാഹനം പകരുക എന്നതാണ്. അതുകൊണ്ട് സർക്കിട്ട് മേൽവിചാരകനെയും സഹോദരിയെയും പരിചയമില്ലെങ്കിലും, നമുക്ക് അവരെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് അതിഥിപ്രിയം കാണിക്കാം. (3 യോഹ. 5-8) അനുദിനജീവിതത്തിന്റെ സമ്മർദങ്ങളും തിരക്കുകളും ഒക്കെ ഉണ്ടെങ്കിലും ‘അതിഥിസത്കാരം മറക്കാതിരിക്കുന്നത്’എത്ര പ്രധാനമാണ്!
13, 14. ‘തടവിൽ കിടക്കുന്നവരെ . . . അനുസ്മരിക്കാൻ’ നമുക്ക് എങ്ങനെ കഴിയും?
13 “തടവിൽ കിടക്കുന്നവരെ . . . അനുസ്മരിക്കുവിൻ.” (എബ്രായർ 13:3 വായിക്കുക.) പൗലോസ് ഇത് എഴുതിയപ്പോൾ വിശ്വാസം നിമിത്തം തടവിൽ കഴിഞ്ഞിരുന്ന സഹോദരങ്ങളെക്കുറിച്ചാണു പരാമർശിച്ചത്. (ഫിലി. 1:12-14) “തടവുകാരോടു . . . സഹതാപം കാണിച്ച”തുകൊണ്ടാണ് പൗലോസ് സഭയെ അഭിനന്ദിച്ചത്. (എബ്രാ. 10:34) പൗലോസ് റോമിൽ തടവിലായിരുന്ന നാലു വർഷക്കാലം ചില സഹോദരങ്ങൾ അവനെ സഹായിച്ചു. എന്നാൽ ദൂരെയായിരുന്ന സഹോദരങ്ങൾക്ക് പൗലോസിനെ എങ്ങനെ സഹായിക്കാനാകുമായിരുന്നു? അവനുവേണ്ടി ഉള്ളുരുകി പ്രാർഥിച്ചുകൊണ്ട്.—എബ്രാ. 13:18, 19.
14 ഇന്നും യഹോവയുടെ സാക്ഷികളിൽ പലരും വിശ്വാസം നിമിത്തം ജയിലുകളിലാണ്. അടുത്തുള്ള സഹോദരങ്ങൾക്ക് പ്രായോഗികസഹായങ്ങൾ നേരിട്ട് കൊടുക്കാൻ കഴിയും. എന്നാൽ നമ്മളിൽ പലരും ദൂരെയാണ് താമസിക്കുന്നത്. അവരെ സഹായിക്കാനും, മറക്കുന്നില്ല എന്നു കാണിക്കാനും നമുക്ക് എന്തു ചെയ്യാനാകും? അവർക്കുവേണ്ടി ഉള്ളുരുകി പ്രാർഥിക്കാൻ സഹോദരസ്നേഹം നമ്മളെ പ്രചോദിപ്പിക്കും. ഉദാഹരണത്തിന്, എറിട്രിയയിൽ നമ്മുടെ സഹോദരങ്ങളിൽ പലരും, കുട്ടികൾ പോലും ജയിലിലാണ്. പൗലോസ് ഇയാസു, ഇസക് മോഗോസ്, നെഗെഡെ ടെക്ലമാരിയാം എന്നീ സഹോദരങ്ങൾ 20 വർഷത്തിലധികമായി ജയിലിലാണ്. നമ്മുടെ പ്രാർഥനകളിൽ നമുക്ക് അവരെ ഓർക്കാം.
15. വിവാഹബന്ധത്തെ ആദരിക്കുന്നെന്ന് നമുക്ക് എങ്ങനെ കാണിക്കാം?
15 “വിവാഹത്തെ എല്ലാവരും ആദരണീയമായി കരുതട്ടെ.” (എബ്രായർ 13:4 വായിക്കുക.) ധാർമികമായി ശുദ്ധി പാലിച്ചുകൊണ്ടും നമുക്ക് സഹോദരസ്നേഹം കാണിക്കാം. (1 തിമൊ. 5:1, 2) ഉദാഹരണത്തിന്, ഒരു സഹോദരനുമായോ സഹോദരിയുമായോ ലൈംഗികാധാർമികതയിൽ ഏർപ്പെടാൻ ഇടയായാൽ ആ വ്യക്തിയെയും കുടുംബത്തെയും നമ്മൾ ദ്രോഹിക്കുകയായിരിക്കും. സഹോദരങ്ങൾക്കിടയിലുള്ള പരസ്പരവിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. (1 തെസ്സ. 4:3-8) അതുപോലെ, ഭർത്താവ് അശ്ലീലം വീക്ഷിച്ചുകൊണ്ട് തന്നെ വഞ്ചിക്കുന്നതായി ഒരു ഭാര്യ അറിയുന്നെങ്കിൽ അത് അവളെ എങ്ങനെ ബാധിക്കും എന്ന് ഒന്നു ചിന്തിച്ചുനോക്കൂ! ആ ഭർത്താവ് തന്നെ സ്നേഹിക്കുന്നുണ്ടെന്നും തങ്ങളുടെ വിവാഹത്തെ ആദരിക്കുന്നുണ്ടെന്നും അവൾക്ക് തോന്നാൻ ഇടയുണ്ടോ?—മത്താ. 5:28.
16. ഉള്ളതുകൊണ്ട് തൃപ്തരായിരിക്കുന്നത് സഹോദരസ്നേഹം കാണിക്കാൻ നമ്മളെ എങ്ങനെ സഹായിക്കും?
16 “ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവിൻ.” (എബ്രായർ 13:5 വായിക്കുക.) യഹോവയിൽ ആശ്രയിക്കുന്നത്, ഉള്ളതുകൊണ്ട് തൃപ്തരായിരിക്കാൻ നമ്മളെ സഹായിക്കും. ഇത് എങ്ങനെയാണ് സഹോദരസ്നേഹം കാണിക്കാൻ നമ്മളെ സഹായിക്കുന്നത്? ഉള്ളതുകൊണ്ട് തൃപ്തിപ്പെടുമ്പോൾ, പണത്തെക്കാളും മറ്റു വസ്തുവകകളെക്കാളും പ്രധാനമാണ് സഹോദരങ്ങളുമായുള്ള ബന്ധം എന്ന് നമ്മൾ എപ്പോഴും ഓർക്കും. (1 തിമൊ. 6:6-8) നമ്മൾ ഒരിക്കലും സഹോദരങ്ങളെക്കുറിച്ചോ നമ്മുടെ സാഹചര്യങ്ങളെക്കുറിച്ചോ പരാതിപ്പെടില്ല. അതുപോലെ അസൂയയുള്ളവരോ അത്യാഗ്രഹികളോ ആയിരിക്കുകയുമില്ല. പകരം, സംതൃപ്തരാണെങ്കിൽ നമ്മൾ ഉദാരമതികളായിരിക്കും.—1 തിമൊ. 6:17-19.
17. സഹോദരസ്നേഹം കാണിക്കാൻ ധൈര്യം നമ്മളെ എങ്ങനെ സഹായിക്കും?
17 ‘ധൈര്യമുള്ളവരായിരിക്കുക.’ (എബ്രായർ 13:6 വായിക്കുക.) യഹോവയിലുള്ള ആശ്രയം കഠിനപരിശോധനകൾ സഹിച്ചുനിൽക്കാനുള്ള ധൈര്യം തരും. ഈ ധൈര്യം നിരുത്സാഹപ്പെട്ടുപോകാതിരിക്കാൻ നമ്മളെ സഹായിക്കും. അങ്ങനെയാകുമ്പോൾ മറ്റുള്ളവരെ ബലപ്പെടുത്തിക്കൊണ്ടും ആശ്വസിപ്പിച്ചുകൊണ്ടും നമ്മൾ സഹോദരസ്നേഹം കാണിക്കും. (1 തെസ്സ. 5:14, 15) വിടുതൽ അടുത്തിരിക്കുന്നുവെന്ന് അറിയാവുന്നതുകൊണ്ട് മഹാകഷ്ടത്തിന്റെ സമയത്തുപോലും നമ്മൾ ധൈര്യമുള്ളവരായിരിക്കും.—ലൂക്കോ. 21:25-28.
18. ‘നേതൃത്വംവഹിക്കുന്നവരോടുള്ള’ സ്നേഹം നമുക്ക് എങ്ങനെ ശക്തിപ്പെടുത്താം?
18 “നേതൃത്വംവഹിക്കുന്നവരെ ഓർത്തുകൊള്ളുവിൻ.” (എബ്രായർ 13:7, 17 വായിക്കുക.) സഭയിലെ മൂപ്പന്മാർ അവരുടെ വ്യക്തിപരമായ സമയമാണ് നമുക്കുവേണ്ടി കഠിനാധ്വാനം ചെയ്യാൻ ഉപയോഗിക്കുന്നത്. അവർ നമുക്കുവേണ്ടി ചെയ്യുന്ന സേവനങ്ങളെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോൾ അവരോടുള്ള സ്നേഹവും വിലമതിപ്പും വർധിക്കും. നമ്മുടെ ഏതെങ്കിലും പ്രവൃത്തി നിമിത്തം അവരുടെ സന്തോഷം നഷ്ടപ്പെടാനോ അവർ അസ്വസ്ഥരാകാനോ നമ്മൾ ആഗ്രഹിക്കുകയില്ല. പകരം മനസ്സോടെ അനുസരിച്ചുകൊണ്ട്, “അവരുടെ വേലനിമിത്തം അവരെ സ്നേഹത്തോടെ അത്യന്തം ആദരിക്കു”ന്നുവെന്ന് നമുക്ക് തെളിയിക്കാം.—1 തെസ്സ. 5:13.
കൂടുതൽ തികവോടെ അത് ചെയ്യുന്നതിൽ തുടരുക
19, 20. കൂടുതൽ മെച്ചമായ വിധത്തിൽ തുടർന്നും സഹോദരസ്നേഹം കാണിക്കാൻ നമുക്കെങ്ങനെ കഴിയും?
19 യഹോവയുടെ സാക്ഷികൾ അവരുടെ സഹോദരസ്നേഹത്തിന് പേരുകേട്ടവരാണ്. പൗലോസിന്റെ നാളിലും അത് അങ്ങനെതന്നെയായിരുന്നു. എന്നിട്ടും, സ്നേഹം കാണിക്കുന്നതിൽ ഇനിയും മെച്ചപ്പെടാൻ പൗലോസ് സഹോദരങ്ങളെ പ്രബോധിപ്പിച്ചു. “ഇതിൽ അധികമധികം അഭിവൃദ്ധി പ്രാപിക്കണമെന്ന്” അവൻ പറഞ്ഞു. (1 തെസ്സ. 4:9, 10) അതെ, സ്നേഹം കാണിക്കുന്നതിൽ നമുക്ക് തുടർന്നും വിശാലരാകാം.
20 അതുകൊണ്ട് രാജ്യഹാളിന്റെ ചുവരിൽ ഈ വർഷത്തെ വാർഷികവാക്യം കാണുമ്പോൾ നമുക്ക് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കാം: അതിഥിപ്രിയം കാണിക്കുന്ന കാര്യത്തിൽ എനിക്ക് ഇനിയും മെച്ചപ്പെടാനാകുമോ? തടവിലായിരിക്കുന്ന സഹോദരങ്ങളെ എനിക്ക് എങ്ങനെ സഹായിക്കാം? ദൈവം ഏർപ്പെടുത്തിയിരിക്കുന്ന വിവാഹക്രമീകരണത്തെ ഞാൻ ആദരിക്കുന്നുണ്ടോ? ഉള്ളതുകൊണ്ട് തൃപ്തനായിരിക്കാൻ എന്നെ എന്ത് സഹായിക്കും? യഹോവയിലുള്ള ആശ്രയം കൂടുതൽ ശക്തിപ്പെടുത്താൻ എനിക്ക് എങ്ങനെ കഴിയും? നേതൃത്വം എടുക്കുന്നവരെ അനുസരിക്കുന്നതിൽ എനിക്ക് എങ്ങനെ പുരോഗമിക്കാൻ കഴിയും? ഈ ആറു മേഖലകളിലും പുരോഗമിക്കാൻ നമ്മൾ ശ്രമിക്കുന്നെങ്കിൽ, വാർഷികവാക്യം രാജ്യഹാളിലെ കേവലം ഒരു ചുവരെഴുത്ത് മാത്രമായി അവശേഷിക്കയില്ല. പകരം, “നിങ്ങളുടെ സഹോദരസ്നേഹം നിലനിൽക്കട്ടെ” എന്ന ഉദ്ബോധനം പ്രാവർത്തികമാക്കാൻ അത് നമ്മളെ സഹായിക്കും.—എബ്രാ. 13:1.
^ [1] (ഖണ്ഡിക 9) ദുരന്തങ്ങളുടെ സമയത്ത് യഹോവയുടെ സാക്ഷികൾ സഹോദരസ്നേഹം കാണിച്ചതിന്റെ ഉദാഹരണങ്ങൾക്കായി, 2002 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 8-9 പേജുകളും യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 19-ാം അധ്യായവും കാണുക.