ജീവിതകഥ
എന്തു വന്നാലും ഞാൻ ക്രിസ്തുവിന്റെ ഒരു പടയാളിയായിരിക്കും
എനിക്ക് അരികിലൂടെ വെടിയുണ്ടകൾ ചീറിപ്പാഞ്ഞു. ഞാൻ ഒരു വെള്ളത്തൂവാല പൊക്കിക്കാണിച്ചു. ഒളിച്ചിരുന്നിടത്തുനിന്ന് പുറത്ത് വരാൻ പട്ടാളക്കാർ അലറി. പേടിയോടെ, പതുക്കെപ്പതുക്കെ ഞാൻ അവരുടെ അടുത്തേക്കു ചെന്നു. കൊല്ലാനാണോ എന്നെ വിളിക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ എങ്ങനെയാണ് ഈ സാഹചര്യത്തിൽ വന്നുപെട്ടത്?
ഗ്രീസിലെ കരിറ്റ്സ എന്ന കൊച്ചുഗ്രാമത്തിൽ എട്ടു കുട്ടികളിൽ ഏഴാമത്തവനായി 1926-ൽ ഞാൻ ജനിച്ചു. എന്റെ പപ്പയും മമ്മിയും കഠിനാധ്വാനികളായിരുന്നു.
എന്റെ ജനനത്തിനു തൊട്ടുമുമ്പുള്ള വർഷമാണ് എന്റെ പപ്പയും മമ്മിയും ജോൺ പപ്പാറിസോസ് എന്ന ഉത്സാഹിയായ ബൈബിൾവിദ്യാർഥിയെ പരിചയപ്പെട്ടത്. (ബൈബിൾവിദ്യാർഥികൾ ഇപ്പോൾ യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്നു.) വളരെയധികം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു ജോൺ. തിരുവെഴുത്തുകൾ ഉപയോഗിച്ച് അദ്ദേഹം നടത്തിയ വ്യക്തമായ ന്യായവാദങ്ങൾ എന്റെ മാതാപിതാക്കളെ ചിന്തിപ്പിച്ചു. ഞങ്ങളുടെ ഗ്രാമത്തിൽ ബൈബിൾവിദ്യാർഥികൾ നടത്തുന്ന മീറ്റിങ്ങുകൾക്ക് അവർ പോയിത്തുടങ്ങി. എന്റെ മമ്മിക്ക് യഹോവയിൽ അടിയുറച്ച വിശ്വാസമുണ്ടായിരുന്നു. എഴുതാനും വായിക്കാനും അറിയില്ലായിരുന്നെങ്കിലും അവസരം കിട്ടിയപ്പോഴൊക്കെ മമ്മി മറ്റുള്ളവരോടു മമ്മിയുടെ വിശ്വാസം പങ്കുവെച്ചു. പക്ഷേ എന്റെ പപ്പ സഭയിലുള്ള ചിലരുടെ കുറവുകളിൽ ശ്രദ്ധിച്ചതു കാരണം മീറ്റിങ്ങുകൾക്കു പോകുന്നതു പതിയെപ്പതിയെ നിറുത്തി.
എനിക്കും എന്റെ കൂടപ്പിറപ്പുകൾക്കും ബൈബിളിനോട് ആദരവുണ്ടായിരുന്നെങ്കിലും യൗവനത്തിന്റേതായ മോഹങ്ങളും ആഗ്രഹങ്ങളും ഞങ്ങളുടെ ശ്രദ്ധ പതറിച്ചു. എന്നാൽ 1939-ൽ ലോകമഹായുദ്ധം യൂറോപ്പിലെങ്ങും പടർന്നുകൊണ്ടിരുന്ന സമയത്ത് ഞങ്ങളെ ഇരുത്തിച്ചിന്തിപ്പിച്ച ഒരു സംഭവം ഞങ്ങളുടെ ഗ്രാമത്തിൽ നടന്നു. ഞങ്ങളുടെ അയൽവാസിയും പപ്പയുടെ സഹോദരന്റെ മകനും ആയ നിക്കോളാസ് സാറസിനെ നിർബന്ധിതമായി അധികാരികൾ സൈന്യത്തിൽ ചേർക്കാൻ ശ്രമിച്ചു. 20-കാരനായ നിക്കോളാസ് സ്നാനമേറ്റിട്ട് അധികമായിരുന്നില്ലെങ്കിലും അധികാരികളുടെ മുമ്പാകെ ധൈര്യത്തോടെ ഇങ്ങനെ പറഞ്ഞു: “ഞാൻ യുദ്ധം ചെയ്യില്ല. കാരണം ഞാൻ ക്രിസ്തുവിന്റെ പടയാളിയാണ്.” സൈനികകോടതിയുടെ മുമ്പാകെ ഹാജരാക്കിയ നിക്കോളാസിനെ പത്തു വർഷം ജയിൽശിക്ഷയ്ക്കു വിധിച്ചു. ഈ സംഭവം ഞങ്ങളെ ഒന്നു പിടിച്ചുകുലുക്കി.
1941-ന്റെ തുടക്കത്തിൽ സഖ്യകക്ഷികൾ ഗ്രീസിൽ പ്രവേശിച്ചു. സന്തോഷകരമെന്നു പറയട്ടെ, അപ്പോൾ നിക്കോളാസ് ജയിൽമോചിതനായി. നിക്കോളാസ് കരിറ്റ്സയിലേക്കു തിരിച്ചുവന്നപ്പോൾ എന്റെ ചേട്ടനായ ഇലെയാസ് ബൈബിളിലെ ചില കാര്യങ്ങളെക്കുറിച്ച് നിക്കോളാസിനോടു കുറെ ചോദ്യങ്ങൾ ചോദിച്ചു. അവരുടെ സംഭാഷണം ഞാനും ശ്രദ്ധിച്ചുകേട്ടു. അങ്ങനെ, ഇലെയാസും ഞാനും ഞങ്ങളുടെ ഇളയ പെങ്ങൾ എഫ്മോർഫിയയും
ബൈബിൾ പഠിക്കാനും ക്രമമായി മീറ്റിങ്ങുകൾക്കു പോകാനും തുടങ്ങി. അടുത്ത വർഷം ഞങ്ങൾ മൂന്നു പേരും യഹോവയ്ക്കു സമർപ്പിച്ച് സ്നാനമേറ്റു. പിന്നീട് ഞങ്ങളുടെ നാലു കൂടപ്പിറപ്പുകളുംകൂടെ യഹോവയുടെ സാക്ഷികളായി.1942-ൽ കരിറ്റ്സ സഭയിൽ 15-നും 25-നും ഇടയിൽ പ്രായമുള്ള ഒൻപതു പേരാണുണ്ടായിരുന്നത്. കഠിനമായ പരിശോധനകൾ ഞങ്ങളെ കാത്തിരിക്കുന്നുണ്ടെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. അവയ്ക്കായി ഒരുങ്ങാൻവേണ്ടി, സാധ്യമായപ്പോഴൊക്കെ ഞങ്ങൾ കൂടിവന്ന് ബൈബിൾ പഠിക്കുകയും പാട്ടുകൾ പാടുകയും പ്രാർഥിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങളുടെ വിശ്വാസം കൂടുതൽ ശക്തമായി.
ആഭ്യന്തരയുദ്ധം
രണ്ടാം ലോകമഹായുദ്ധം തീരാറായ സമയത്ത് ഗ്രീസിലെ കമ്മ്യൂണിസ്റ്റുകാർ അവിടത്തെ ഗവൺമെന്റിന് എതിരെ വിപ്ലവം ആരംഭിച്ചു. അത് ഒരു ആഭ്യന്തരയുദ്ധത്തിനു തിരികൊളുത്തി. കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികൾ ഗ്രാമംതോറും ചെന്ന് ആളുകളെ ബലമായി അവരുടെ സംഘത്തിൽ ചേർക്കാൻ ശ്രമിച്ചു. കമ്മ്യൂണിസ്റ്റുകാർ ഞങ്ങളുടെ ഗ്രാമത്തിലും എത്തി. അവർ എന്നെയും അന്റോണിയോ സുകാറീസിനെയും ഇലെയാസിനെയും പിടിച്ചുകൊണ്ടുപോയി. ഞങ്ങൾ ക്രിസ്ത്യാനികളാണെന്നും ആരുടെയും പക്ഷം പിടിക്കില്ലെന്നും പറഞ്ഞെങ്കിലും ഒരു ഫലവുമുണ്ടായില്ല. അവർ ഞങ്ങളെ ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് ഏകദേശം 12 മണിക്കൂർ യാത്രയുണ്ടായിരുന്ന ഒളിമ്പസ് പർവതത്തിലേക്കു കൊണ്ടുപോയി.
അവിടെ എത്തി അധികം വൈകാതെ ഒരു കമ്മ്യൂണിസ്റ്റ് ഓഫീസർ ഞങ്ങളോട് ഒളിപ്പോരാളികളുടെ ഒരു സംഘത്തിൽ ചേരാൻ ആജ്ഞാപിച്ചു. സത്യക്രിസ്ത്യാനികൾ മറ്റു മനുഷ്യർക്കെതിരെ ആയുധമെടുക്കില്ലെന്നു ഞങ്ങൾ പറഞ്ഞപ്പോൾ കലിപൂണ്ട ആ ഓഫീസർ ഞങ്ങളെ വലിച്ചിഴച്ച് മേലധികാരിയുടെ മുന്നിൽ കൊണ്ടുപോയി. അദ്ദേഹത്തോടും ഞങ്ങൾ അതേ കാര്യം പറഞ്ഞു. അപ്പോൾ അദ്ദേഹം ഞങ്ങളോട്, “എന്നാൽപ്പിന്നെ യുദ്ധത്തിൽ പരിക്കേറ്റ സൈനികരെ കോവർകഴുതയുടെ പുറത്ത് കയറ്റി ആശുപത്രിയിൽ എത്തിക്കുക” എന്ന് ആജ്ഞാപിച്ചു.
അപ്പോൾ ഞങ്ങൾ ചോദിച്ചു: “ഞങ്ങളെ ഗവൺമെന്റിന്റെ പട്ടാളക്കാർ പിടിച്ചാൽ ഞങ്ങളെ യുദ്ധത്തിൽ പങ്കെടുക്കുന്നവരായിട്ടല്ലേ കണക്കാക്കുക?” അപ്പോൾ അദ്ദേഹം പറഞ്ഞു: “എങ്കിൽപ്പിന്നെ യുദ്ധമുന്നണിയിലുള്ള സൈനികർക്കു കൊണ്ടുപോയി ഭക്ഷണം കൊടുക്കുക.” ഞങ്ങൾ ചോദിച്ചു: “പക്ഷേ ഞങ്ങൾ കോവർകഴുതയുമായി ചെല്ലുന്നത് ഒരു ഓഫീസർ കണ്ടിട്ട് ഞങ്ങളോടു പട്ടാളക്കാർക്ക് ആയുധം കൊണ്ടുപോയി കൊടുക്കാൻ കല്പിച്ചാലോ?” കുറച്ച് നേരം ചിന്തിച്ചിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എന്നാൽ ശരി, എന്തായാലും നിങ്ങൾക്ക് ആടുകളെ നോക്കാമായിരിക്കും. അവയെ മേയ്ച്ച് ഈ മലയിൽ നിൽക്ക്.”
ആഭ്യന്തരയുദ്ധം കൊടുമ്പിരികൊള്ളുകയായിരുന്നു. ആടുകളെ നോക്കുന്ന ജോലി ചെയ്യാൻ ഞങ്ങളുടെ മനസ്സാക്ഷി അനുവദിച്ചു. ഒരു വർഷത്തിനു ശേഷം, ഞങ്ങളുടെ വിധവയായ അമ്മയെ നോക്കാൻവേണ്ടി തിരിച്ചുപോകാൻ, വീട്ടിലെ മൂത്തയാളായ ഇലെയാസിനെ അവർ അനുവദിച്ചു. ഒരു രോഗം വന്നതുകൊണ്ട് അവർ അന്റോണിയോയെയും വിട്ടയച്ചു. പക്ഷേ എന്നെ മാത്രം വിട്ടില്ല.
അങ്ങനെയിരിക്കെ, ഗ്രീക്കുസൈന്യം കമ്മ്യൂണിസ്റ്റുകാരെ ലക്ഷ്യമാക്കി വരാൻതുടങ്ങി. അവർ അടുത്തടുത്ത് വരുകയാണെന്ന് അറിഞ്ഞപ്പോൾ, എന്നെ ബന്ദിയാക്കിയിരുന്ന സംഘം മലകൾ താണ്ടി അടുത്തുള്ള അൽബേനിയ ലക്ഷ്യമാക്കി നീങ്ങി. പക്ഷേ അതിർത്തിക്കടുത്തുവെച്ച് ഗ്രീക്കുസൈന്യം പെട്ടെന്നു ഞങ്ങളെ വളഞ്ഞു. വിപ്ലവകാരികൾ പേടിച്ചോടി. വീണുകിടന്ന ഒരു മരത്തിനു പിന്നിൽ ഞാൻ ഒളിച്ചു. അതേത്തുടർന്നാണു തുടക്കത്തിൽ പറഞ്ഞ സംഭവങ്ങൾ അരങ്ങേറിയത്.
എന്നെ കമ്മ്യൂണിസ്റ്റുകാർ ബന്ദിയാക്കിയതാണെന്നു ഞാൻ പറഞ്ഞപ്പോൾ പട്ടാളക്കാർ എന്നെ വിചാരണയ്ക്കുവേണ്ടി വെറിയായുടെ അടുത്തുള്ള പട്ടാളക്യാമ്പിലേക്കു കൊണ്ടുപോയി. ബൈബിൾക്കാലത്തെ നഗരമായ ബരോവയുടെ ഇപ്പോഴത്തെ പേരാണു വെറിയാ. പട്ടാളക്കാർക്കുവേണ്ടി കിടങ്ങുകൾ നിർമിക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞപ്പോൾ ഓഫീസർ എന്നെ, തടവുകാരെ പാർപ്പിക്കുന്നതിൽ കുപ്രസിദ്ധിയാർജിച്ച മാക്രോന്നീസോസ് ദ്വീപിലേക്കു നാടുകടത്തി.
ഒരു ഭീകരദ്വീപ്
ആതൻസിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ, ആറ്റിക്കാ തീരത്തോടടുത്ത് സ്ഥിതി ചെയ്യുന്ന തരിശായ ഒരു ദ്വീപാണു മാക്രോന്നീസോസ്. വെള്ളമില്ലാതെ, വരണ്ടുണങ്ങിയ, പാറക്കെട്ടുകൾ നിറഞ്ഞ ആ ദ്വീപിന് 13 കിലോമീറ്റർ നീളവും ഏറ്റവും വിസ്താരമേറിയ സ്ഥലത്ത് 2.5 കിലോമീറ്റർ വീതിയും മാത്രമേ ഉള്ളൂ. എന്നിട്ടും 1947 മുതൽ 1958 വരെയുള്ള കാലയളവിൽ ഒരു ലക്ഷത്തിലധികം തടവുകാരെ അവിടെ പാർപ്പിച്ചു. അതിൽ കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റുകാരെന്നു സംശയിക്കപ്പെട്ടവരും മുൻവിപ്ലവകാരികളും വിശ്വസ്തരായ അനേകം യഹോവയുടെ സാക്ഷികളും ഉണ്ടായിരുന്നു.
1949-ന്റെ തുടക്കത്തിലാണു ഞാൻ അവിടെ എത്തിയത്. തടവുകാരെ തരംതിരിച്ച് വ്യത്യസ്തക്യാമ്പുകളിലാക്കിയിരുന്നു. കർശനമായ നിയന്ത്രണങ്ങളൊന്നുമില്ലാത്ത ഒരു ക്യാമ്പിൽ നൂറു കണക്കിന് ആളുകളോടൊപ്പമാണ് എന്നെ പാർപ്പിച്ചത്. 10 പേർക്കു കിടക്കാവുന്ന ഒരു ടെന്റിൽ ഞങ്ങൾ 40 പേരാണു കിടന്നിരുന്നത്, അതും വെറും തറയിൽ! കുടിക്കാൻ കിട്ടിയിരുന്നതു മലിനജലം, കഴിക്കാനാണെങ്കിലോ വഴുതനങ്ങയും പയറും മാത്രം. പൊടിയും വീശിയടിക്കുന്ന കാറ്റും അവിടത്തെ ജീവിതം ദുരിതപൂർണമാക്കി. പക്ഷേ ഒരു ആശ്വാസമുണ്ടായിരുന്നു. അവിടെ ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും വലിയ പാറ ഉരുട്ടിക്കൊണ്ട് നടക്കേണ്ടതില്ലായിരുന്നു. തടവുകാരുടെ ശരീരത്തെയും മനസ്സിനെയും തകർക്കുന്ന ക്രൂരമായ ആ പീഡനമുറയിൽനിന്ന് അവർ ഞങ്ങളെ ഒഴിവാക്കിയിരുന്നു.
ഒരു ദിവസം കടൽത്തീരത്തുകൂടെ നടക്കുമ്പോൾ ഞാൻ മറ്റു ക്യാമ്പുകളിലുള്ള ചില സാക്ഷികളെ കണ്ടുമുട്ടി. ഞങ്ങൾക്കെല്ലാം വലിയ സന്തോഷമായി. പിന്നീട്, സാധ്യമായപ്പോഴൊക്കെ അധികാരികളുടെ കണ്ണിൽപ്പെടാതെ ഞങ്ങൾ ഒത്തുകൂടുമായിരുന്നു. വളരെ ശ്രദ്ധയോടെ ഞങ്ങൾ മറ്റു തടവുകാരോടു സാക്ഷീകരിക്കുകയും ചെയ്തു. അവരിൽ ചിലർ പിന്നീട് യഹോവയുടെ സാക്ഷികളായി. ഇങ്ങനെയുള്ള പ്രവർത്തനങ്ങളും ഉള്ളുരുകിയുള്ള പ്രാർഥനകളും ആത്മീയമായി തളരാതിരിക്കാൻ ഞങ്ങളെ സഹായിച്ചു.
തീച്ചൂളയിലേക്ക്
ആ ഭീകരദ്വീപിലെ പത്തു മാസത്തെ ‘സുഖവാസത്തിനു’ ശേഷം പട്ടാളക്കാർ എന്നോടു സൈനികവേഷം ധരിക്കാൻ ആവശ്യപ്പെട്ടു. അതിനു വിസമ്മതിച്ചപ്പോൾ അവർ എന്നെ പിടിച്ചുവലിച്ച് ക്യാമ്പുമേധാവിയുടെ അടുത്തേക്കു കൊണ്ടുപോയി. ഞാൻ അദ്ദേഹത്തിന് ഇങ്ങനെ എഴുതിക്കൊടുത്തു: “ക്രിസ്തുവിന്റെ മാത്രം പടയാളിയായിരിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്.” കുറെ ഭീഷണിപ്പെടുത്തിയശേഷം മേധാവി എന്നെ കീഴുദ്യോഗസ്ഥനു കൈമാറി. ഒരു ഗ്രീക്ക് ഓർത്തഡോക്സ് മെത്രാപ്പോലീത്തയായിരുന്നു ആ കീഴുദ്യോഗസ്ഥൻ. ഒരു മതപുരോഹിതന്റെ എല്ലാ വേഷഭൂഷാധികളും അണിഞ്ഞുവന്ന അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കെല്ലാം ഞാൻ തിരുവെഴുത്ത് ഉപയോഗിച്ച് ഉത്തരം കൊടുത്തു. അപ്പോൾ ദേഷ്യപ്പെട്ട് അദ്ദേഹം അലറിവിളിച്ചു: “ഇയാളെ ഇവിടെനിന്ന് കൊണ്ടുപോ! ഇവനു മതഭ്രാന്താണ്.”
അടുത്ത ദിവസം രാവിലെയും പട്ടാളക്കാർ എന്നോടു സൈനികവേഷം ധരിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ അവർ എന്നെ മുഷ്ടികൊണ്ട് ഇടിക്കുകയും ലാത്തികൊണ്ട് അടിക്കുകയും ചെയ്തു. എന്റെ എല്ലുകളൊന്നും ഒടിഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കാൻ ക്യാമ്പിലെ ആശുപത്രിയിൽ കൊണ്ടുപോയശേഷം തിരികെ എന്റെ ക്യാമ്പിലേക്കു വലിച്ചിഴച്ച് കൊണ്ടുവന്നു. ദിവസേനയുള്ള ഈ ക്രൂരപീഡനം രണ്ടു മാസത്തോളം തുടർന്നു.
ഞാൻ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നു കണ്ടപ്പോൾ ദേഷ്യം മൂത്ത പട്ടാളക്കാർ വേറൊരു മാർഗം സ്വീകരിച്ചു. അവർ എന്റെ കൈകൾ പുറകിൽ കെട്ടിവെച്ചശേഷം ഉള്ളങ്കാലിൽ കയറുകൊണ്ട് മൃഗീയമായി അടിക്കാൻതുടങ്ങി. വേദന അതികഠിനമായിരുന്നെങ്കിലും ഞാൻ അപ്പോൾ യേശുവിന്റെ ഈ വാക്കുകൾ ഓർത്തു: “ആളുകൾ നിങ്ങളെ നിന്ദിക്കുകയും ഉപദ്രവിക്കുകയും . . . ചെയ്യുമ്പോൾ നിങ്ങൾ സന്തുഷ്ടർ. സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായതുകൊണ്ട് ആനന്ദിച്ച് ആഹ്ലാദിക്കുക. നിങ്ങൾക്കു മുമ്പുള്ള പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചിട്ടുണ്ടല്ലോ.” (മത്താ. 5:11, 12) കുറെ സമയം ആ പീഡനം തുടർന്നു. ഒടുവിൽ അടിയുടെ വേദനകൊണ്ട് ഞാൻ ബോധംകെട്ടുപോയി.
കണ്ണു തുറന്നപ്പോൾ ഞാൻ തണുത്തുറഞ്ഞ ഒരു ജയിലറയിലായിരുന്നു. എനിക്കു ഭക്ഷണമോ വെള്ളമോ പുതയ്ക്കാൻ ഒരു പുതപ്പോ ഇല്ലായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നെങ്കിലും എനിക്കു നല്ല ശാന്തതയും സമാധാനവും തോന്നി. ‘ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെയും ചിന്തകളെയും കാക്കും’ എന്ന തിരുവെഴുത്തിന്റെ സത്യത ഞാൻ തിരിച്ചറിഞ്ഞു. (ഫിലി. 4:7, അടിക്കുറിപ്പ്) അടുത്ത ദിവസം, എന്നോടു ദയ തോന്നിയ ഒരു പട്ടാളക്കാരൻ എനിക്കു ഭക്ഷണവും വെള്ളവും, തണുപ്പകറ്റാൻ ഒരു ഓവർകോട്ടും തന്നു. മറ്റൊരു പട്ടാളക്കാരൻ അദ്ദേഹത്തിന്റെ ഭക്ഷണം എനിക്കു തന്നു. ഇതിലൂടെയെല്ലാം ഞാൻ യഹോവയുടെ സ്നേഹം അനുഭവിച്ചറിഞ്ഞു.
എത്ര ശിക്ഷിച്ചാലും നന്നാകാത്ത ഒരു കടുത്ത വിപ്ലവകാരിയായിട്ടാണ് അധികാരികൾ എന്നെ കണ്ടത്. അതുകൊണ്ട് അവർ എന്നെ ആതൻസിലെ സൈനികകോടതിയിൽ ഹാജരാക്കി. കോടതി എന്നെ മൂന്നു വർഷത്തെ തടവിനു വിധിച്ച് യാറോസിലേക്ക് (ഗയറോസിലേക്ക്) അയച്ചു. മാക്രോന്നീസോസിന് 50 കിലോമീറ്റർ കിഴക്കുള്ള ഒരു ദ്വീപാണ് അത്.
“വിശ്വസിക്കാൻകൊള്ളാവുന്നവരാണു നിങ്ങൾ”
ചുവന്ന ഇഷ്ടികകൾകൊണ്ടുള്ള ഒരു വലിയ കോട്ടയാണു യാറോസ് ജയിൽ. 5,000-ത്തിലധികം രാഷ്ട്രീയതടവുകാരെ പാർപ്പിച്ചിരുന്ന ആ ജയിലിൽ സൈനികസേവനം ചെയ്യാൻ വിസമ്മതിച്ച വേറെ ആറ് യഹോവയുടെ സാക്ഷികളുമുണ്ടായിരുന്നു. കർശനവിലക്കുണ്ടായിരുന്നെങ്കിലും ഞങ്ങൾ ഏഴു പേരും രഹസ്യമായി കൂടിവന്ന് ബൈബിൾ പഠിച്ചു. ഒളിച്ച് കടത്തിക്കൊണ്ടുവരുന്ന വീക്ഷാഗോപുരം ഞങ്ങൾ ഓരോരുത്തരും പകർത്തിയെഴുതി പഠനത്തിന് ഉപയോഗിക്കുമായിരുന്നു.
ഒരു ദിവസം ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കെ ഒരു ജയിലധികാരി ഞങ്ങളെ കൈയോടെ പിടികൂടി. പ്രസിദ്ധീകരണങ്ങൾ പിടിച്ചെടുത്ത് ഞങ്ങളെ ഡപ്യൂട്ടി വാർഡന്റെ ഓഫീസിൽ ഹാജരാക്കി. ഞങ്ങളുടെ ശിക്ഷാകാലയളവ് നീട്ടുമെന്നുതന്നെ ഞങ്ങൾ പ്രതീക്ഷിച്ചു. പക്ഷേ സംഭവിച്ചത് അതല്ലായിരുന്നു! ഡപ്യൂട്ടി വാർഡൻ പറഞ്ഞു: “നിങ്ങളെയെല്ലാം എനിക്ക് അറിയാം. നിങ്ങളുടെ നിലപാടിനോട് എനിക്ക് ആദരവേ ഉള്ളൂ. വിശ്വസിക്കാൻകൊള്ളാവുന്നവരാണു നിങ്ങൾ എന്നു ഞങ്ങൾക്ക് അറിയാം. തിരിച്ചുപോയി ജോലി തുടർന്നോളൂ.” അദ്ദേഹം ഞങ്ങളിൽ ചിലർക്കു കുറച്ചുകൂടി എളുപ്പമുള്ള ചില ജോലികൾ നിയമിച്ചുതരുകയും ചെയ്തു. ഞങ്ങളുടെ ഹൃദയം നന്ദിയാൽ നിറഞ്ഞു. ജയിലിലും നമ്മുടെ നിഷ്പക്ഷനിലപാട് യഹോവയ്ക്കു മഹത്ത്വം കൈവരുത്തുന്നു.
ഞങ്ങളുടെ ഉറച്ച നിലപാടിനു വേറെയും ചില നല്ല ഫലങ്ങളുണ്ടായി. മുമ്പ് കണക്കു പ്രൊഫസറായിരുന്ന ഒരാൾ തടവുകാരനായി ഞങ്ങളുടെകൂടെയുണ്ടായിരുന്നു. ഞങ്ങളുടെ നല്ല പെരുമാറ്റം നിരീക്ഷിച്ചശേഷം അദ്ദേഹം നമ്മുടെ വിശ്വാസങ്ങളെപ്പറ്റി ചോദിച്ചു. സാക്ഷികളായ ഞങ്ങൾ 1951-ന്റെ തുടക്കത്തിൽ ജയിൽമോചിതരായപ്പോൾ അദ്ദേഹവും മോചിതനായി. പിന്നീട് അദ്ദേഹം സ്നാനപ്പെടുകയും ഒരു മുഴുസമയസുവിശേഷകനാകുകയും ചെയ്തു.
ഇപ്പോഴും ഒരു പടയാളി
ജയിൽമോചിതനായശേഷം ഞാൻ കരിറ്റ്സയിലുള്ള എന്റെ കുടുംബാംഗങ്ങളുടെ അടുത്തേക്കു മടങ്ങി. പിന്നീട് എന്റെ രാജ്യക്കാരായ അനേകർക്കൊപ്പം ഞാനും ഓസ്ട്രേലിയയിലെ മെൽബണിലേക്കു കുടിയേറി. അവിടെ ഞാൻ നല്ല ആത്മീയതയുള്ള ജാനറ്റ് എന്ന സഹോദരിയെ കണ്ടു. ഞങ്ങൾ വിവാഹിതരായി. ഞങ്ങൾക്ക് ഒരു മകനും മൂന്നു പെൺമക്കളും ജനിച്ചു. അവരെയെല്ലാം ക്രിസ്തീയമാർഗത്തിൽത്തന്നെ വളർത്തി.
എനിക്കു പ്രായം 90 കഴിഞ്ഞു. ഇപ്പോഴും ഞാൻ സജീവമായി പ്രവർത്തിക്കുന്നു, സഭയിൽ ഒരു ക്രിസ്തീയമൂപ്പനായി സേവിക്കുന്നു. ശരീരത്തിൽ, പ്രത്യേകിച്ച് കാലിൽ, ആ പഴയ പരിക്കുകളുടെ വേദന ഇപ്പോഴും അനുഭവപ്പെടാറുണ്ട്. പ്രസംഗപ്രവർത്തനത്തിലൊക്കെ ഏർപ്പെട്ട് കഴിയുമ്പോൾ അത് അസഹ്യമാകും. എന്നാൽ ഒരു കാര്യം ഉറപ്പാണ്: എന്തുവന്നാലും ഞാൻ ‘ക്രിസ്തുവിന്റെ ഒരു പടയാളിയായി’ നിലകൊള്ളും.—2 തിമൊ. 2:3.