വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ദമ്പതികളല്ലാത്ത ഒരു പുരുഷനും സ്ത്രീയും അനുചിതമായ സാഹചര്യങ്ങളിൽ ഒരുമിച്ച് രാത്രി ചെലവഴിച്ചാൽ അതു നീതിന്യായനടപടി കൈക്കൊള്ളാൻമാത്രം ഗൗരവമുള്ള പാപമായി കണക്കാക്കുമോ?
ഉവ്വ്. തക്കതായ കാരണങ്ങളില്ലാതെയാണു രാത്രി തങ്ങിയതെങ്കിൽ ലൈംഗിക അധാർമികത നടന്നെന്നു സ്ഥാപിക്കാവുന്ന ശക്തമായ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു നീതിന്യായക്കമ്മിറ്റി രൂപീകരിക്കും.—1 കൊരി. 6:18.
ഒരു നീതിന്യായക്കമ്മിറ്റിക്കുള്ള സാധുതയുണ്ടോ എന്നു നിർണയിക്കാൻ മൂപ്പന്മാരുടെ സംഘം ഓരോ കേസും ശ്രദ്ധയോടെ വിലയിരുത്തും. ഉദാഹരണത്തിന്, അവർ പ്രണയത്തിലായിരുന്നോ? പരസ്പരമുള്ള ഇടപെടൽ സംബന്ധിച്ച് അവർക്കു മുമ്പ് എപ്പോഴെങ്കിലും ബുദ്ധിയുപദേശം കിട്ടിയിട്ടുണ്ടോ? ഒരുമിച്ച് രാത്രി തങ്ങിയതിലേക്കു നയിച്ച സാഹചര്യങ്ങൾ എന്തെല്ലാമാണ്? അവർ അതു നേരത്തേതന്നെ ആസൂത്രണം ചെയ്തിരുന്നതാണോ? അവർക്ക് അത് ഒഴിവാക്കാൻ കഴിയുമായിരുന്നോ? അതോ അവർ മറ്റൊരു നിർവാഹവുമില്ലാത്ത സാഹചര്യത്തിലായിരുന്നോ? അപ്രതീക്ഷിതസംഭവങ്ങളോ ഒരു അടിയന്തിരസാഹചര്യമോ ആണോ അതിന് ഇടയാക്കിയത്? (സഭാ. 9:11) ഉറങ്ങാനുള്ള ക്രമീകരണം എങ്ങനെയായിരുന്നു? ഓരോ കേസും വ്യത്യസ്തമാണ്. മൂപ്പന്മാർ കണക്കിലെടുക്കേണ്ട മറ്റു കാര്യങ്ങളുമുണ്ടായിരിക്കാം.
വസ്തുതകൾ സ്ഥിരീകരിച്ചുകഴിഞ്ഞാൽ മൂപ്പന്മാരുടെ സംഘം നീതിന്യായക്കമ്മിറ്റി രൂപീകരിക്കണോ എന്നു തീരുമാനിക്കും.