പഠനലേഖനം 35
ക്ഷമ കാണിക്കുന്നതിൽ തുടരുക
‘നിങ്ങൾ ക്ഷമ ധരിക്കുക.’—കൊലോ. 3:12.
ഗീതം 114 “ക്ഷമയോടിരിക്കുക”
ചുരുക്കം a
1. ക്ഷമയോടെ ഇടപെടുന്നവരെ നിങ്ങൾ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്?
ആളുകൾ ക്ഷമയോടെ ഇടപെടുന്നതു നമുക്കെല്ലാം ഇഷ്ടമാണ്. ഉദാഹരണത്തിന്, ഒരു കാര്യം നടന്നുകിട്ടാൻ വൈകുമ്പോൾ അസ്വസ്ഥരാകാതെ ക്ഷമയോടെ കാത്തുനിൽക്കുന്നവരോടു നമുക്ക് ഒരു ആദരവ് തോന്നാറില്ലേ? നമുക്കു തെറ്റുപറ്റുന്ന സമയത്ത് മറ്റുള്ളവർ ക്ഷമയോടെ ഇടപെടുമ്പോൾ നമുക്കു നന്ദി തോന്നാറില്ലേ? ഇനി, ബൈബിൾ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ചില കാര്യങ്ങൾ മനസ്സിലാക്കാനും അംഗീകരിക്കാനും ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനും ഒക്കെ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ നമ്മളോടു ക്ഷമയോടെ ഇടപെട്ട ബൈബിൾ അധ്യാപകനോടും നമുക്ക് ഒരുപാടു നന്ദിയുണ്ട്. ഏറ്റവും പ്രധാനമായി, യഹോവ നമ്മളോടു ക്ഷമയോടെ ഇടപെടുന്നതിനെക്കുറിച്ച് ചിന്തിക്കുക. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.—റോമ. 2:4.
2. ക്ഷമ കാണിക്കാൻ ബുദ്ധിമുട്ട് തോന്നിയേക്കാവുന്ന ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്?
2 മറ്റുള്ളവർ നമ്മളോടു ക്ഷമയോടെ ഇടപെടുന്നത് ഇഷ്ടമാണെങ്കിലും മറ്റുള്ളവരോടു ക്ഷമ കാണിക്കുന്നത് എപ്പോഴും നമുക്ക് അത്ര എളുപ്പമായിരിക്കണമെന്നില്ല. ഉദാഹരണത്തിന്, എവിടെയെങ്കിലും ധൃതിയിൽ പോകുമ്പോൾ ഗതാഗതക്കുരുക്കിൽപ്പെട്ടാൽ നമ്മുടെ ക്ഷമ നശിച്ചേക്കാം. നമ്മളെ അസ്വസ്ഥപ്പെടുത്തുന്ന എന്തെങ്കിലും മറ്റുള്ളവർ ചെയ്യുമ്പോൾ നമുക്കു പെട്ടെന്നു ദേഷ്യം വന്നേക്കാം. ഇനി, യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിനായി കാത്തിരിക്കുന്നതു ചിലപ്പോൾ നമുക്കു ബുദ്ധിമുട്ടായി തോന്നിയേക്കാം. ക്ഷമ കാണിക്കുന്ന കാര്യത്തിൽ കൂടുതൽ പുരോഗമിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഈ ലേഖനത്തിൽ, നമുക്ക് എങ്ങനെ ക്ഷമ കാണിക്കാമെന്നും അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും കാണും. കൂടാതെ ക്ഷമ കാണിക്കുന്നതിൽ മെച്ചപ്പെടാൻ നമുക്ക് എന്തൊക്കെ ചെയ്യാമെന്നും പഠിക്കും.
നമുക്ക് എങ്ങനെ ക്ഷമ കാണിക്കാം?
3. മറ്റുള്ളവർ ദേഷ്യം പിടിപ്പിക്കുമ്പോഴും ക്ഷമയുള്ള ഒരാൾ എന്തു ചെയ്യും?
3 ക്ഷമ കാണിക്കാനാകുന്ന നാലു വിധങ്ങളെക്കുറിച്ച് നോക്കാം. ഒന്ന്, ക്ഷമയുള്ള ആൾ പെട്ടെന്നു കോപിക്കില്ല. മറ്റുള്ളവർ ദേഷ്യം പിടിപ്പിക്കുമ്പോഴും അദ്ദേഹം പകരംവീട്ടാതെ ശാന്തനായിരിക്കും. ഇനി, അദ്ദേഹം ടെൻഷനിലാണെങ്കിൽപ്പോലും മറ്റുള്ളവരോടു പൊട്ടിത്തെറിക്കില്ല. “പെട്ടെന്നു കോപിക്കാത്തവൻ” എന്ന പദപ്രയോഗം ബൈബിളിൽ ആദ്യമായി കാണുന്നത് യഹോവയുടെ ഗുണങ്ങളെക്കുറിച്ച് പറയുന്ന ഒരു ഭാഗത്താണ്. അവിടെ പറയുന്നു: “യഹോവ, കരുണയും അനുകമ്പയും ഉള്ള ദൈവം, പെട്ടെന്നു കോപിക്കാത്തവൻ, അചഞ്ചലസ്നേഹവും സത്യവും നിറഞ്ഞവൻ.”—പുറ. 34:6.
4. കാത്തിരിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ ക്ഷമയുള്ള ഒരു വ്യക്തി എങ്ങനെ പ്രതികരിക്കും?
4 രണ്ട്, ക്ഷമയുള്ള ആൾ ശാന്തമായി കാത്തിരിക്കാൻ തയ്യാറാകും. ഒരു കാര്യം നടക്കാൻ, വിചാരിച്ചതിനെക്കാൾ കൂടുതൽ സമയം എടുത്താലും അതിന്റെ പേരിൽ അസ്വസ്ഥനാകാതിരിക്കാൻ ആ വ്യക്തി ശ്രമിക്കും. (സഭാ. 7:8) നിങ്ങൾ ക്ഷമയോടെ കാത്തിരിക്കേണ്ട പല സാഹചര്യങ്ങളുമുണ്ട്. ഉദാഹരണത്തിന്, ആരെങ്കിലും നമ്മളോടു സംസാരിക്കുമ്പോൾ ഇടയ്ക്കു കയറാതെ അവർ പറയുന്നതു ക്ഷമയോടെ കേട്ടിരിക്കണം. (ഇയ്യോ. 36:2) അതുപോലെ, നമ്മുടെ ബൈബിൾവിദ്യാർഥിയെ ഒരു കാര്യം പഠിപ്പിക്കുന്ന സമയത്തും ദുശ്ശീലത്തെ മറികടക്കാൻ സഹായിക്കുമ്പോഴും നമ്മൾ ക്ഷമ കാണിക്കേണ്ടിവന്നേക്കാം.
5. ക്ഷമ കാണിക്കാൻ കഴിയുന്ന മറ്റൊരു വിധം ഏതാണ്?
5 മൂന്ന്, ക്ഷമയുള്ള ഒരു വ്യക്തി ചിന്തിക്കാതെ എടുത്തുചാടി പ്രവർത്തിക്കില്ല. ചില സാഹചര്യങ്ങളിൽ പെട്ടെന്നു പ്രവർത്തിക്കേണ്ടതുണ്ട് എന്നുള്ളതു ശരിയാണ്. എങ്കിലും പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യേണ്ടതുള്ളപ്പോൾ ക്ഷമയുള്ള ഒരു വ്യക്തി അതു തുടങ്ങാനോ തീർക്കാനോ തിരക്കുകൂട്ടില്ല. പകരം, അതെക്കുറിച്ച് പ്ലാൻ ചെയ്യാൻ അദ്ദേഹം ആവശ്യത്തിനു സമയമെടുക്കും. അതു നന്നായി ചെയ്തുതീർക്കാനും വേണ്ടത്ര സമയം മാറ്റിവെക്കും.
6. പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും നേരിടുമ്പോൾ ക്ഷമയുള്ള ഒരു വ്യക്തി എങ്ങനെ പ്രതികരിക്കും?
6 നാല്, ക്ഷമയുള്ള ഒരു വ്യക്തി പരീക്ഷണങ്ങൾ ഉണ്ടാകുമ്പോഴും പരാതി പറയാതെ അതു സഹിക്കാൻ ശ്രമിക്കും. അങ്ങനെ നോക്കുമ്പോൾ ക്ഷമയ്ക്കു സഹനശക്തിയുമായി അടുത്ത ബന്ധമുണ്ടെന്നു പറയാം. അതിന്റെ അർഥം നമുക്കു തോന്നുന്ന വിഷമങ്ങൾ അടുത്ത സുഹൃത്തിനോടു തുറന്നു പറയരുതെന്നല്ല. ക്ഷമയുള്ള ഒരു വ്യക്തി കാര്യങ്ങളെക്കുറിച്ച് നല്ല ഒരു മനോഭാവം നിലനിറുത്തുകയും സന്തോഷത്തോടെ സഹിച്ചുനിൽക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യും. (കൊലോ. 1:11) യഹോവയുടെ ജനം ഈ രീതിയിലെല്ലാം ക്ഷമ കാണിക്കേണ്ടതുണ്ട്. എന്തുകൊണ്ട്? ചില കാരണങ്ങൾ നോക്കാം.
ക്ഷമ കാണിക്കേണ്ടതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
7. യാക്കോബ് 5:7, 8 പറയുന്നതുപോലെ ക്ഷമ കാണിക്കേണ്ടതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ചിത്രവും കാണുക.)
7 രക്ഷ കിട്ടണമെങ്കിൽ നമുക്കു ക്ഷമ കൂടിയേ തീരൂ. മുമ്പ് ജീവിച്ചിരുന്ന വിശ്വസ്തരായ ദൈവദാസന്മാരെപ്പോലെ ദൈവത്തിന്റെ വാഗ്ദാനങ്ങൾ നിറവേറുന്നതു കാണാൻവേണ്ടി നമ്മളും ക്ഷമയോടെ കാത്തിരിക്കണം. (എബ്രാ. 6:11, 12) നമ്മുടെ സാഹചര്യത്തെ ഒരു കർഷകന്റെ ജീവിതത്തോടാണു ബൈബിൾ താരതമ്യം ചെയ്തിരിക്കുന്നത്. (യാക്കോബ് 5:7, 8 വായിക്കുക.) വിത്തു നടാനും അതിനു വെള്ളം ഒഴിക്കാനും ഒരു കർഷകൻ കഠിനാധ്വാനം ചെയ്യുന്നു. പക്ഷേ എപ്പോഴായിരിക്കും അതു വളരുന്നതെന്ന് കൃത്യമായി അദ്ദേഹത്തിന് അറിയില്ല. എങ്കിലും വിളവ് കിട്ടുമെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് അദ്ദേഹം ക്ഷമയോടെ കാത്തിരിക്കുന്നു. അതുപോലെ ‘കർത്താവ് ഏതു ദിവസം വരുമെന്ന് അറിയില്ലെങ്കിലും’ നമ്മൾ തിരക്കോടെ ആത്മീയപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. (മത്താ. 24:42) ഒപ്പം യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങൾ കൃത്യസമയത്തുതന്നെ നടപ്പിലാക്കുമെന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് നമ്മൾ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുന്നു. എന്നാൽ ക്ഷമ നശിച്ചാൽ, കാത്തിരിക്കുന്നതു ചിലപ്പോൾ നമുക്കു മടുപ്പായി തോന്നിയേക്കാം. അങ്ങനെ പതിയെപ്പതിയെ യഹോവയിൽനിന്ന് അകന്നുപോകാനും ഇടയുണ്ട്. കൂടാതെ നമ്മൾ ഇപ്പോൾത്തന്നെ സന്തോഷം തരുമെന്നു വിചാരിക്കുന്ന കാര്യങ്ങളുടെ പുറകേ പോകാനും തുടങ്ങിയേക്കാം. എന്നാൽ നമ്മൾ ക്ഷമയുള്ളവരാണെങ്കിൽ അവസാനംവരെ സഹിച്ചുനിൽക്കാനും രക്ഷ നേടാനും കഴിയും.—മീഖ 7:7; മത്താ. 24:13.
8. മറ്റുള്ളവരോട് ഇടപെടുമ്പോൾ ക്ഷമ നമ്മളെ സഹായിക്കുന്നത് എങ്ങനെ? (കൊലോസ്യർ 3:12, 13)
8 നമുക്കു ക്ഷമയുണ്ടെങ്കിൽ മറ്റുള്ളവരോടു നല്ല വിധത്തിൽ ഇടപെടാനാകും. മറ്റുള്ളവർ സംസാരിക്കുമ്പോൾ ശ്രദ്ധയോടെ കേട്ടിരിക്കാൻ അതു നമ്മളെ സഹായിക്കും. (യാക്കോ. 1:19) മാത്രമല്ല, എല്ലാവരുമായി സമാധാനത്തിലായിരിക്കാനും നമുക്കു കഴിയും. ക്ഷമയുണ്ടെങ്കിൽ ചിന്തിക്കാതെ നമ്മൾ പ്രതികരിക്കുകയോ ടെൻഷനിലാണെങ്കിൽപ്പോലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന വിധത്തിൽ സംസാരിക്കുകയോ ചെയ്യില്ല. ആരെങ്കിലും നമ്മളെ വിഷമിപ്പിച്ചാലും പെട്ടെന്നു ദേഷ്യപ്പെടുകയോ പകരംവീട്ടുകയോ ഇല്ല. മറിച്ച് എല്ലാം ‘സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും ചെയ്യും.’—കൊലോസ്യർ 3:12, 13 വായിക്കുക.
9. തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോൾ ക്ഷമ എങ്ങനെയാണു നമ്മളെ സഹായിക്കുന്നത്? (സുഭാഷിതങ്ങൾ 21:5)
9 ക്ഷമയുണ്ടെങ്കിൽ നല്ല തീരുമാനങ്ങളെടുക്കാനും നമുക്കു കഴിയും. കാരണം അങ്ങനെയാകുമ്പോൾ ചിന്തിക്കാതെ എടുത്തുചാടി നമ്മൾ ഒന്നും തീരുമാനിക്കില്ല. പകരം നമുക്കു മുന്നിലുള്ള സാധ്യതകളൊക്കെ നന്നായി വിലയിരുത്തി ഏറ്റവും ഉചിതമായതു നമ്മൾ തിരഞ്ഞെടുക്കും. (സുഭാഷിതങ്ങൾ 21:5 വായിക്കുക.) ഉദാഹരണത്തിന്, നമ്മൾ ഒരു ജോലി തേടുകയാണെന്നിരിക്കട്ടെ. നമുക്കു ലഭിക്കുന്ന ആദ്യത്തെ ജോലി സ്വീകരിക്കാനായിരിക്കും സ്വാഭാവികമായി നമ്മുടെ പ്രവണത. നമ്മുടെ ശുശ്രൂഷയ്ക്കും മീറ്റിങ്ങിനും ഒക്കെ തടസ്സം ഉണ്ടാക്കുന്നതാണെങ്കിൽപ്പോലും ചിലപ്പോൾ നമ്മൾ അതു തിരഞ്ഞെടുത്തേക്കാം. എന്നാൽ നമുക്കു ക്ഷമയുണ്ടെങ്കിൽ ജോലിസ്ഥലം എത്ര ദൂരെയാണ്, എത്ര സമയം ജോലി ചെയ്യേണ്ടിവരും, അതു നമ്മുടെ കുടുംബത്തെയും യഹോവയുമായുള്ള ബന്ധത്തെയും എങ്ങനെ ബാധിക്കും എന്നതുപോലുള്ള കാര്യങ്ങൾ ചിന്തിക്കാൻ സമയമെടുക്കും. അങ്ങനെ ക്ഷമ കാണിക്കുന്നതിലൂടെ തെറ്റായ തീരുമാനങ്ങൾ ഒഴിവാക്കാൻ നമുക്കാകും.
ക്ഷമ കാണിക്കുന്ന കാര്യത്തിൽ എങ്ങനെ മെച്ചപ്പെടാം?
10. ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ ക്ഷമ വളർത്തിയെടുക്കാനും അതു നിലനിറുത്താനും കഴിയും?
10 കൂടുതൽ ക്ഷമയുള്ളവരായിരിക്കാൻ സഹായിക്കണേ എന്നു പ്രാർഥിക്കുക. പരിശുദ്ധാത്മാവിന്റെ ഫലത്തിന്റെ ഒരു വശമാണു ക്ഷമ. (ഗലാ. 5:22, 23) അതുകൊണ്ട് പരിശുദ്ധാത്മാവിനെ തരണേ എന്നും അതിന്റെ ഫലമായ ക്ഷമ വളർത്തുന്നതിൽ മെച്ചപ്പെടാൻ സഹായിക്കണേ എന്നും യഹോവയോടു പ്രാർഥിക്കാം. ക്ഷമ പരീക്ഷിക്കുന്ന ഒരു സാഹചര്യം നേരിടുമ്പോൾ പരിശുദ്ധാത്മാവിനുവേണ്ടി തുടർച്ചയായി ‘ചോദിച്ചുകൊണ്ടിരിക്കുക.’ (ലൂക്കോ. 11:9, 13) ഇനി, കാര്യങ്ങൾ യഹോവ കാണുന്ന വിധത്തിൽ കാണാൻ സഹായിക്കണേ എന്നും അപേക്ഷിക്കാം. പ്രാർഥിക്കുന്നതോടൊപ്പം ക്ഷമ കാണിക്കാൻ ഓരോ ദിവസവും പരമാവധി ശ്രമിക്കുകയും വേണം. അങ്ങനെ നമ്മൾ എത്രയധികം ഈ ഗുണത്തിനുവേണ്ടി പ്രാർഥിക്കുകയും അതു കാണിക്കാൻ ശ്രമിക്കുകയും ചെയ്യുന്നോ അത്രയധികം ക്ഷമയുള്ളവരാകും. അപ്പോൾ അത് നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമായിത്തീരുകയും ചെയ്യും.
11-12. യഹോവ ക്ഷമ കാണിച്ചിരിക്കുന്നത് എങ്ങനെ?
11 ബൈബിൾമാതൃകകളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക. ക്ഷമ കാണിക്കുന്നതിൽ നല്ല മാതൃകകളായിരുന്ന പലരെയുംകുറിച്ച് ബൈബിളിലുണ്ട്. അവരെക്കുറിച്ച് പഠിക്കുന്നതിലൂടെ എങ്ങനെ ക്ഷമ കാണിക്കാമെന്നു നമുക്കു മനസ്സിലാക്കാനാകും. അത്തരം ചില മാതൃകകൾ നോക്കുന്നതിനു മുമ്പ് ഇക്കാര്യത്തിൽ ഏറ്റവും മികച്ച മാതൃകയായ യഹോവയെക്കുറിച്ച് നമുക്കു പഠിക്കാം.
12 ഏദെൻതോട്ടത്തിൽവെച്ച് സാത്താൻ യഹോവയുടെ പേരിനെ നിന്ദിക്കുകയും യഹോവ സ്നേഹനിധിയും നീതിമാനും ആയ ഒരു ഭരണാധികാരിയല്ലെന്ന് ആരോപിക്കുകയും ചെയ്തു. ഉടൻതന്നെ ആ നിന്ദകനെ നശിപ്പിക്കുന്നതിനു പകരം യഹോവ ക്ഷമയും ആത്മനിയന്ത്രണവും കാണിച്ചു. കാരണം, തന്റെ ഭരണമാണ് ഏറ്റവും നല്ലതെന്നു തെളിയാൻ സമയമെടുക്കുമെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. കാത്തിരിക്കുന്ന ഈ സമയത്ത് തന്റെ പേരിനു വന്നിട്ടുള്ള നിന്ദയെല്ലാം യഹോവ സഹിച്ചുകൊണ്ടാണിരിക്കുന്നത്. അനേകം ആളുകൾക്കു നിത്യജീവൻ നേടാൻ അവസരം കിട്ടേണ്ടതിനുംകൂടെയാണ് യഹോവ ഇത്രയും കാലം ക്ഷമ കാണിച്ചത്. (2 പത്രോ. 3:9, 15) അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് ആളുകൾക്ക് യഹോവയെ അറിയാൻ കഴിഞ്ഞു. യഹോവ കാണിച്ച ക്ഷമയുടെ പ്രയോജനങ്ങളിൽ ശ്രദ്ധിച്ചാൽ അന്ത്യം വരുത്താൻ യഹോവ നിശ്ചയിച്ചിരിക്കുന്ന സമയത്തിനായി കാത്തിരിക്കാൻ നമുക്കു കൂടുതൽ എളുപ്പമായിരിക്കും.
13. പിതാവിന്റെ ക്ഷമ എന്ന ഗുണം യേശു നന്നായി അനുകരിച്ചത് എങ്ങനെയാണ്? (ചിത്രവും കാണുക.)
13 യഹോവയുടെ ക്ഷമയെന്ന ഗുണം യേശു നന്നായി അനുകരിക്കുന്നു. ഭൂമിയിലായിരുന്നപ്പോൾ യേശു അതിനു തെളിവ് നൽകുകയും ചെയ്തു. ക്ഷമ കാണിക്കുന്നതു യേശുവിന് എപ്പോഴും അത്ര എളുപ്പമായിരുന്നില്ല, പ്രത്യേകിച്ച് കപടഭക്തിക്കാരായ ശാസ്ത്രിമാരോടും പരീശന്മാരോടും ഇടപെട്ടപ്പോൾ. (യോഹ. 8:25-27) എന്നിട്ടും തന്റെ പിതാവിനെപ്പോലെതന്നെ പെട്ടെന്നു കോപിക്കാതിരുന്നുകൊണ്ട് യേശുവും ക്ഷമ കാണിച്ചു. അപമാനവും പ്രകോപനവും നേരിടേണ്ടിവന്നപ്പോൾ യേശു പ്രതികാരം ചെയ്തില്ല. (1 പത്രോ. 2:23) പരീക്ഷണങ്ങൾ ഉണ്ടായപ്പോഴും ഒരു പരാതിയും പറയാതെ ക്ഷമയോടെ അതെല്ലാം സഹിച്ചു. അതുകൊണ്ടാണു ‘പാപികൾ പകയോടെ സംസാരിച്ചപ്പോൾ അതു സഹിച്ചുനിന്ന യേശുവിനെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കാൻ’ ബൈബിൾ നമ്മളോട് ആവശ്യപ്പെടുന്നത്. (എബ്രാ. 12:2, 3) യഹോവയുടെ സഹായത്താൽ നമുക്കും യേശുവിനെപ്പോലെ ഏതു പരീക്ഷണത്തെയും ക്ഷമയോടെ സഹിക്കാൻ കഴിയും.
14. ക്ഷമ കാണിക്കുന്ന കാര്യത്തിൽ അബ്രാഹാമിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (എബ്രായർ 6:15) (ചിത്രവും കാണുക.)
14 ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന സമയത്ത് അന്ത്യം വരാതിരുന്നേക്കാം. ഉദാഹരണത്തിന്, വളരെക്കാലം മുമ്പുതന്നെ അന്ത്യം വരുമെന്നായിരിക്കാം നമ്മളിൽ ചിലർ കരുതിയിരുന്നത്. പക്ഷേ അന്ത്യം വരുന്നതുവരെ തങ്ങൾ ജീവിച്ചിരിക്കില്ല എന്നായിരിക്കാം ഇപ്പോൾ ചിന്തിക്കുന്നത്. എന്നാൽ തുടർന്നും ക്ഷമയോടെ കാത്തിരിക്കാൻ നമ്മളെ എന്തു സഹായിക്കും? അബ്രാഹാമിന്റെ മാതൃക നോക്കാം. 75-ാം വയസ്സിലും മക്കളില്ലാതിരുന്ന അബ്രാഹാമിന് യഹോവ ഇങ്ങനെ വാക്കു കൊടുത്തു: ‘ഞാൻ നിന്നെ ഒരു മഹാജനതയാക്കും.’ (ഉൽപ. 12:1-4) ആ വാക്കുകൾ പൂർണമായി നിറവേറുന്നത് അബ്രാഹാമിനു കാണാനായില്ല. യൂഫ്രട്ടീസ് നദി കടന്ന്, നീണ്ട 25 വർഷത്തെ കാത്തിരിപ്പിനു ശേഷം യഹോവ ഒരു അത്ഭുതം പ്രവർത്തിച്ചതിലൂടെ യിസ്ഹാക്ക് എന്ന മകനെ അബ്രാഹാമിനു കിട്ടി. വീണ്ടും 60 വർഷത്തിനു ശേഷം കൊച്ചുമക്കളായ ഏശാവും യാക്കോബും ജനിക്കുന്നതും അബ്രാഹാമിനു കാണാനായി. (എബ്രായർ 6:15 വായിക്കുക.) എന്നാൽ തന്റെ പിൻതലമുറക്കാർ ഒരു മഹാജനതയാകുന്നതും വാഗ്ദത്തദേശം അവകാശമാക്കുന്നതും അബ്രാഹാം ഒരിക്കലും കണ്ടില്ല. എന്നിട്ടും സ്രഷ്ടാവുമായി ഒരു അടുത്ത സുഹൃദ്ബന്ധം വിശ്വസ്തനായ അബ്രാഹാം എന്നും നിലനിറുത്തി. (യാക്കോ. 2:23) തന്റെ വിശ്വാസവും ക്ഷമയും സകല ജനതകൾക്കും ഒരു അനുഗ്രഹമായിത്തീർന്നെന്നു പുനരുത്ഥാനത്തിൽ വരുന്ന അബ്രാഹാം അറിയുമ്പോൾ അദ്ദേഹത്തിന് എത്ര സന്തോഷമാകും! (ഉൽപ. 22:18) എന്താണു നമുക്കുള്ള പാഠം? യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങളും ഇപ്പോൾത്തന്നെ നിറവേറുന്നത് ഒരുപക്ഷേ നമ്മൾ കാണില്ലായിരിക്കാം. എന്നാൽ അബ്രാഹാമിനെപ്പോലെ നമ്മൾ ക്ഷമ കാണിക്കുന്നെങ്കിൽ ഇപ്പോൾത്തന്നെ യഹോവ നമ്മളെ അനുഗ്രഹിക്കുമെന്നും പുതിയ ഭൂമിയിൽ കൂടുതലായ അനുഗ്രഹങ്ങൾ നേടാനാകുമെന്നും നമുക്ക് ഉറപ്പുള്ളവരായിരിക്കാനാകും.—മർക്കോ. 10:29, 30.
15. വ്യക്തിപരമായ പഠനത്തിൽ നമുക്ക് എന്ത് ഉൾപ്പെടുത്താം?
15 ക്ഷമ കാണിച്ച മറ്റു പലരുടെയും മാതൃകകൾ ബൈബിളിലുണ്ട്. (യാക്കോ. 5:10) ആ ബൈബിൾകഥാപാത്രങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ലക്ഷ്യം വെച്ചുകൂടേ? b ഉദാഹരണത്തിന്, ദാവീദിന്റെ കാര്യം നോക്കാം. ചെറുപ്പത്തിൽത്തന്നെ ഇസ്രായേലിന്റെ ഭാവിരാജാവായി ദാവീദിനെ അഭിഷേകം ചെയ്തെങ്കിലും ഒരു രാജാവായി ഭരണം ആരംഭിക്കാൻ അദ്ദേഹത്തിന് കുറെ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. അതുപോലെ ശിമെയോനും അന്നയും ദൈവം വാഗ്ദാനം ചെയ്ത മിശിഹയ്ക്കുവേണ്ടി കാത്തിരുന്ന കാലത്തെല്ലാം വിശ്വസ്തതയോടെ യഹോവയെ ആരാധിച്ചു. (ലൂക്കോ. 2:25, 36-38) അതുപോലുള്ള ചില ഭാഗങ്ങൾ പഠിക്കുമ്പോൾ പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുക: ക്ഷമ കാണിക്കാൻ ഈ കഥാപാത്രത്തെ സഹായിച്ചത് എന്തായിരിക്കാം? അങ്ങനെ ചെയ്തതിലൂടെ അദ്ദേഹത്തിന് എന്തു പ്രയോജനമാണു കിട്ടിയത്? എനിക്ക് എങ്ങനെ അദ്ദേഹത്തിന്റെ മാതൃക പകർത്താം? ഇനി, ക്ഷമ കാണിക്കാതിരുന്നവരിൽനിന്നും ചില കാര്യങ്ങൾ നിങ്ങൾക്കു പഠിക്കാനാകും. (1 ശമു. 13:8-14) നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാം: ‘എന്തുകൊണ്ടായിരിക്കാം ക്ഷമ കാണിക്കാൻ അവർ പരാജയപ്പെട്ടത്? എന്തായിരുന്നു അതിന്റെ ഫലം?’
16. ക്ഷമ കാണിക്കുന്നതുകൊണ്ടുള്ള ചില പ്രയോജനങ്ങൾ എന്തൊക്കയാണ്?
16 ക്ഷമ കാണിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ച് ചിന്തിക്കുക. ക്ഷമയുള്ളവർ കൂടുതൽ സന്തോഷമുള്ളവരും ശാന്തരും ആയിരിക്കും. അതു നമ്മുടെ മാനസികവും ശാരീരികവും ആയ ആരോഗ്യം മെച്ചപ്പെടുത്തും. നമ്മൾ മറ്റുള്ളവരോടു ക്ഷമയോടെ ഇടപെടുമ്പോൾ അവരുമായി നല്ല ബന്ധത്തിലായിരിക്കാനാകും. അതു സഹോദരങ്ങൾക്കിടയിലെ ഐക്യവും വർധിപ്പിക്കും. ആരെങ്കിലും ദേഷ്യം പിടിപ്പിക്കുമ്പോഴും നമ്മൾ പെട്ടെന്നു കോപിക്കാതെ ക്ഷമ കാണിക്കുകയാണെങ്കിൽ സാഹചര്യം കൂടുതൽ വഷളാകില്ല. (സങ്കീ. 37:8; സുഭാ. 14:29) ഏറ്റവും പ്രധാനമായി, ക്ഷമ കാണിക്കുമ്പോൾ നമ്മൾ സ്വർഗീയപിതാവിനെ അനുകരിക്കുകയാണ്, ആ പിതാവിനോടു കൂടുതൽ അടുക്കുകയാണ്.
17. നമ്മൾ എന്തു ചെയ്യാൻ ഉറച്ച തീരുമാനമെടുക്കണം?
17 നമുക്ക് ഒരുപാടു പ്രയോജനം ചെയ്യുന്ന എത്ര ആകർഷകമായ ഒരു ഗുണമാണു ക്ഷമ. ക്ഷമ കാണിക്കുന്നത് എപ്പോഴും അത്ര എളുപ്പമല്ലെങ്കിലും യഹോവയുടെ സഹായത്തോടെ ഈ ഗുണം വളർത്തിയെടുക്കാൻ നമുക്കാകും. പുതിയ ലോകത്തിനായി നമ്മൾ ക്ഷമയോടെ കാത്തിരിക്കുമ്പോൾ ഒരു കാര്യം ഉറപ്പോടെ പറയാം: “യഹോവയുടെ കണ്ണുകൾ, തന്നെ ഭയപ്പെടുന്നവരുടെ മേൽ, തന്റെ അചഞ്ചലമായ സ്നേഹത്തിനായി കാത്തിരിക്കുന്നവരുടെ മേൽ, ഉണ്ട്.” (സങ്കീ. 33:18) അതുകൊണ്ട് എപ്പോഴും ക്ഷമ ധരിക്കുന്നവരായിരിക്കാൻ നമുക്ക് ഉറച്ച തീരുമാനമെടുക്കാം.
ഗീതം 41 എന്റെ പ്രാർഥന കേൾക്കേണമേ
a ഇന്നു മിക്കവർക്കും തീരെ ക്ഷമയില്ല. എന്നാൽ ബൈബിൾ നമ്മളോടു പറയുന്നതു ക്ഷമ ധരിക്കാനാണ്. ഈ ഗുണം ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും നമുക്ക് എങ്ങനെ കൂടുതൽ ക്ഷമയുള്ളവരായിരിക്കാമെന്നും ഈ ലേഖനത്തിൽ പഠിക്കും.
b ക്ഷമയെക്കുറിച്ച് പറഞ്ഞിരിക്കുന്ന ബൈബിൾവിവരണങ്ങൾ കണ്ടെത്താൻ, യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയിൽ “വികാരങ്ങളും ഗുണങ്ങളും പെരുമാറ്റവും” എന്ന തലക്കെട്ടിനു കീഴിൽ “ദീർഘക്ഷമ” എന്ന ഉപതലക്കെട്ടു കാണുക.