എങ്ങനെയാണ് സ്രഷ്ടാവ് തന്റെ വാഗ്ദാനങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്?
മനുഷ്യരെ സൃഷ്ടിച്ചതുമുതൽ ദൈവം അവരോടു ദൂതന്മാരിലൂടെയും പ്രവാചകന്മാരിലൂടെയും ആശയവിനിമയം നടത്തിയിട്ടുണ്ട്. അതുകൂടാതെ, ദൈവത്തിന്റെ സന്ദേശവും വാഗ്ദാനവും എഴുതി സൂക്ഷിച്ചിട്ടുമുണ്ട്. ആ വാഗ്ദാനങ്ങളിൽ നിങ്ങളുടെ ഭാവിയും ഉൾപ്പെടുന്നു. എന്നാൽ ഈ വാഗ്ദാനങ്ങൾ നിങ്ങൾക്ക് എവിടെ കണ്ടെത്താൻ കഴിയും?
വിശുദ്ധതിരുവെഴുത്തുകളിൽ ദൈവത്തിന്റെ ആ സന്ദേശം കണ്ടെത്താനാകും. (2 തിമൊഥെയൊസ് 3:16) തന്റെ സന്ദേശം എഴുതാൻ ദൈവം പ്രവാചകന്മാരെ എങ്ങനെയാണ് ഉപയോഗിച്ചത്? (2 പത്രോസ് 1:21) ദൈവം തന്റെ ചിന്തകൾ എഴുത്തുകാരുടെ മനസ്സിൽ കൊടുത്തു. അവർ അത് എഴുതി. അതിനെ നമുക്ക് ഇങ്ങനെ ഉദാഹരിക്കാം. ഒരു ബിസിനെസ്സുകാരൻ സെക്രട്ടറിയെ ഉപയോഗിച്ചുകൊണ്ട് തന്റെ മനസ്സിലുള്ള ആശയങ്ങൾ എഴുതിക്കുന്നു. ആ ആശയങ്ങൾ ആ ബിസിനെസ്സുകാരന്റേതാണ് അല്ലാതെ സെക്രട്ടറിയുടേതല്ല. അതുപോലെ ദൈവം തന്റെ സന്ദേശം എഴുതാൻ മനുഷ്യരെ ഉപയോഗിച്ചെങ്കിലും ആ സന്ദേശത്തിന്റെ യഥാർഥ ഉറവിടം ദൈവമാണ്.
ദൈവവചനം എല്ലാവർക്കും
ദൈവം തന്റെ സന്ദേശം എല്ലാം ആളുകളും വായിക്കാനും മനസ്സിലാക്കാനും ആഗ്രഹിക്കുന്നു. ‘എന്നും നിലനിൽക്കുന്ന ഈ സന്തോഷവാർത്ത എല്ലാ ജനതകൾക്കും ഗോത്രക്കാർക്കും ഭാഷക്കാർക്കും’ ഇന്നു ലഭ്യമാണ്. (വെളിപാട് 14:6) ദൈവത്തിന്റെ അനുഗ്രഹത്താൽ ഈ വിശുദ്ധ എഴുത്തുകൾ മുഴുവനായോ ഭാഗികമായോ 3,000-ത്തിലധികം ഭാഷകളിൽ ഇന്നു പ്രസിദ്ധീകരിച്ചിരിക്കുന്നു, മറ്റേതു പുസ്തകത്തെക്കാളും അധികം!