കുടുംബസന്തുഷ്ടിക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കുക
കുടുംബസന്തുഷ്ടിക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കുക
“ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത് . . . വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേൽപ്പിക്കും.”—സഭാപ്രസംഗി 4:9, 10.
എന്താണ് അതിനർഥം? സന്തുഷ്ട ദാമ്പത്യം നയിക്കുന്നവർ ബൈബിളിൽ വിവരിച്ചിരിക്കുന്ന ശിരഃസ്ഥാന ക്രമീകരണത്തെ ആദരിക്കുന്നവരാണ്. (എഫെസ്യർ 5:22-24) എങ്കിൽത്തന്നെയും ഭാര്യയും ഭർത്താവും ഒറ്റയ്ക്കൊറ്റയ്ക്കല്ല, മറിച്ച് ഒറ്റക്കെട്ടായിട്ടായിരിക്കും പ്രവർത്തിക്കുക. ‘ഞാൻ, നീ’ ‘എന്റെ, നിന്റെ’ എന്നിങ്ങനെയുള്ള ചിന്താഗതിക്ക് അവരുടെ ജീവിതത്തിൽ സ്ഥാനമില്ല. അവർ “ഏകദേഹ”മാണ് എന്ന് ബൈബിൾ പറയുന്നു. വിവാഹം ഒരു ആജീവനാന്ത ബന്ധമാണെന്ന് ആ പദപ്രയോഗം സൂചിപ്പിക്കുന്നു. ദമ്പതികൾക്കിടയിൽ ഉണ്ടായിരിക്കേണ്ട ഉറ്റബന്ധത്തെയും ഇത് എടുത്തുകാണിക്കുന്നു.—ഉല്പത്തി 2:24.
അതിന്റെ പ്രാധാന്യം: ദമ്പതികളിരുവരും ഒറ്റക്കെട്ടായി പ്രവർത്തിക്കാത്തപക്ഷം ചെറിയചെറിയ കാര്യങ്ങൾ വലിയ പ്രശ്നങ്ങളായി പരിണമിച്ചേക്കാം; പ്രശ്നം പരിഹരിക്കുന്നതിനുപകരം ഇരുവരും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ നിങ്ങൾ ഒരു ടീമായി പ്രവർത്തിക്കുന്നെങ്കിലോ? കൂട്ടിയിടിക്കാൻ പോകുന്ന രണ്ടു വിമാനങ്ങളിലെ പൈലറ്റുമാരെപ്പോലെ ആയിരിക്കില്ല നിങ്ങൾ; പിന്നെയോ, ഒരു വിമാനത്തിൽ സഹകരിച്ചു പ്രവർത്തിക്കുന്ന രണ്ടു പൈലറ്റുമാരെപ്പോലെയായിരിക്കും. വിയോജിപ്പുകളുള്ളപ്പോൾ പരസ്പരം കുറ്റപ്പെടുത്തി സമയവും ഊർജവും പാഴാക്കുന്നതിനുപകരം പ്രശ്നത്തിനു പരിഹാരം കാണാനായിരിക്കും നിങ്ങൾ ശ്രമിക്കുക.
നിങ്ങളുടെ ഉത്തരം എന്താണ്? പിൻവരുന്ന ചോദ്യങ്ങളുടെ സഹായത്തോടെ സ്വയം വിലയിരുത്തുക.
▪ ഞാൻ സമ്പാദിക്കുന്ന പണം എന്റേതുമാത്രമാണ് എന്നൊരു ധാരണ എനിക്കുണ്ടോ?
▪ ഇണയുടെ ബന്ധുക്കളോട് ഞാൻ അകലം പാലിക്കാറുണ്ടോ?
▪ സ്വസ്ഥത വേണമെന്നു പറഞ്ഞ് ഞാൻ ഇണയിൽനിന്ന് അകന്നിരിക്കാറുണ്ടോ?
ഒരു ഉറച്ച തീരുമാനം എടുക്കുക. ഇണയോടൊത്ത് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ സാധിക്കുന്ന ഒന്നോ രണ്ടോ മേഖലകളെക്കുറിച്ചു ചിന്തിക്കുക.
ഇക്കാര്യത്തിൽ ഇണയുടെ അഭിപ്രായം ആരായുക.
[5-ാം പേജിലെ ചിത്രം]
ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ദമ്പതികൾ ഒരു വിമാനത്തിൽ സഹകരിച്ചു പ്രവർത്തിക്കുന്ന രണ്ടു പൈലറ്റുമാരെപ്പോലെയായിരിക്കും