വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാപിതാക്കളുടെ ശ്രദ്ധയ്‌ക്ക്‌!

മാതാപിതാക്കളുടെ ശ്രദ്ധയ്‌ക്ക്‌!

മാതാപിതാക്കളുടെ ശ്രദ്ധയ്‌ക്ക്‌!

“പണ്ടൊക്കെ ടിവി കാഴ്‌ചയായിരുന്നു പ്രശ്‌നം. ഇന്നിപ്പോൾ വീഡിയോ ഗെയിമുകളെയും കമ്പ്യൂട്ടറിനെയും സെൽഫോണിനെയുമൊക്കെ പേടിക്കണം. ഇവയുടെ വിസ്‌മയപ്രപഞ്ചത്തിൽ ചെന്നുപെടുന്ന ഇളംമനസ്സുകൾ ഇവയോട്‌ കടുത്ത ആസക്തി വളർത്തിയെടുക്കുന്നു. . . . ഇത്തരം ദൃശ്യ, ശ്രവ്യ ചോദനങ്ങളില്ലെങ്കിൽ അവരുടെ മസ്‌തിഷ്‌കം പ്രവർത്തിക്കില്ലെന്ന അവസ്ഥയാണ്‌. മറ്റേതെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടാൻ അവരെക്കൊണ്ട്‌ സാധിക്കില്ല.”’—മാലി മൻ, എം.ഡി.

ഇ-വലയത്തിലാണ്‌ ലോകം ഇന്ന്‌. സെൽഫോണും മീഡിയാ പ്ലെയറുമില്ലാതെ പുറത്തിറങ്ങുന്നതിനെക്കുറിച്ച്‌ ആലോചിക്കാൻപോലും ഇന്നത്തെ യുവതലമുറയ്‌ക്കാവുന്നില്ല. സെൽഫോണുകളും കമ്പ്യൂട്ടറുകളും കുറഞ്ഞ ചെലവിൽ കൂടുതൽ ഫീച്ചറുകളുമായി വിപണിയിലെത്തുമ്പോൾ കഷ്ടത്തിലാകുന്നത്‌ പാവം മാതാപിതാക്കളാണ്‌. മക്കളെ നിയന്ത്രിക്കുന്നത്‌ അവരെ സംബന്ധിച്ചിടത്തോളം ഏറെ ശ്രമകരമാകുന്നു.

ഈ വെല്ലുവിളി മറികടക്കാൻ മാതാപിതാക്കൾക്ക്‌ എങ്ങനെ സാധിക്കും? ചെയ്യാനാകുന്ന രണ്ടുകാര്യങ്ങളുണ്ട്‌. ഒന്ന്‌, സദൃശവാക്യങ്ങൾ 22:15-ലെ (ന്യൂ ഇൻഡ്യാ ബൈബിൾ വേർഷൻ) വാക്കുകളുടെ സത്യത അവർ തിരിച്ചറിയണം: “ഭോഷത്തം ഒരു ബാലന്റെ ഹൃദയത്തോടു പറ്റിച്ചേർന്നിരിക്കുന്നു. ശിക്ഷണത്തിന്റെ വടി അതിനെ അവനിൽനിന്ന്‌ അകറ്റിക്കളയും.” രണ്ട്‌, കുട്ടികളെ ഗുണകരമായും ദോഷകരമായും സ്വാധീനിക്കാൻ സാങ്കേതികവിദ്യയ്‌ക്കു കഴിയുമെന്ന്‌ മനസ്സിലാക്കുക.

ഇളംപ്രായത്തിലേ. . . !

ടിവി കണ്ടുകൊണ്ടാണ്‌ പല കുട്ടികളും സാങ്കേതികതയുടെ ലോകത്തേക്കു പിച്ചവെക്കുന്നത്‌. പല കുടുംബങ്ങളിലും ടിവി ഒരു ‘ആയ’യെപ്പോലെയാണ്‌. ചില മാനസികാരോഗ്യ വിദഗ്‌ധരുടെ അഭിപ്രായത്തിൽ, തീരെ ചെറുപ്രായത്തിൽത്തന്നെ ടിവി-യുടെ മുമ്പിൽ ചടഞ്ഞിരിക്കുന്നത്‌ പലവിധത്തിൽ ദോഷംചെയ്യും. വ്യായാമത്തിൽ താത്‌പര്യമില്ലായ്‌മ, മിഥ്യയും യാഥാർഥ്യവും തമ്മിൽ തിരിച്ചറിയാനാകാത്ത അവസ്ഥ, വൈകാരിക പ്രശ്‌നങ്ങൾ എന്നിവ അതിൽ ചിലതുമാത്രം. ഇങ്ങനെയുള്ള കുട്ടികൾ സ്‌കൂളിലെത്തുമ്പോൾ ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കാനും അവർക്ക്‌ ബുദ്ധിമുട്ട്‌ അനുഭവപ്പെടും. “അറ്റൻഷൻ ഡെഫിസിറ്റ്‌ ഡിസോർഡർ, അറ്റൻഷൻ ഡെഫിസിറ്റ്‌ ഹൈപ്പർ ആക്‌ടിവിറ്റി ഡിസോർഡർ, ബൈപ്പോളാർ ഡിസോർഡർ തുടങ്ങിയ തകരാറുകളാണോ ഈ കുട്ടികൾക്ക്‌ എന്നുപോലും ഡോക്‌ടർമാർ തെറ്റിദ്ധരിച്ചേക്കാം” എന്ന്‌ ഡോ. മാലി മൻ പറയുന്നു. അതുകൊണ്ട്‌, രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികളെ ടെലിവിഷൻ കാണിക്കരുതെന്നാണ്‌ ചില വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്‌.

“ഒരു കുഞ്ഞ്‌ ജനിച്ച്‌ ആദ്യവർഷങ്ങളിലാണ്‌ അവനും അച്ഛനമ്മമാരും തമ്മിലുള്ള സുദൃഢമായ ആ ബന്ധം സ്ഥാപിതമാകുന്നത്‌. കുഞ്ഞിന്റെ ജീവിതത്തിൽ നടക്കുന്ന സുപ്രധാന കാര്യങ്ങളിലൊന്നാണ്‌ അത്‌.” അമേരിക്കൻ അക്കാഡമി ഓഫ്‌ പീഡിയാട്രിക്‌സിന്റെ വക്താവായ ഡോ. കെന്നെത്ത്‌ ഗിൻസ്‌ബർഗ്‌ ആണ്‌ ഇതു പറഞ്ഞത്‌. മാതാപിതാക്കൾ കുഞ്ഞിനോടു സംസാരിക്കുകയും അവനോടൊത്തു കളിക്കുകയും അവനു കഥകൾ വായിച്ചുകൊടുക്കുകയുമൊക്കെ ചെയ്യുമ്പോൾ ആ ബന്ധം കരുത്തുറ്റതാകുന്നു. പല മാതാപിതാക്കൾക്കും അറിയാവുന്നതുപോലെ, കുട്ടികളെ വായിച്ചുകേൾപ്പിക്കുന്നതിന്‌ മറ്റൊരു പ്രയോജനംകൂടെയുണ്ട്‌. വലുതാകുമ്പോൾ അവൻ വായന ഇഷ്ടപ്പെടാൻ തുടങ്ങും.

സാങ്കേതികവിദ്യയെക്കുറിച്ച്‌ മനസ്സിലാക്കുന്നത്‌ കുട്ടികൾക്ക്‌ ഗുണം ചെയ്യുമെന്നതിന്‌ സംശയമില്ല. എന്നാൽ കുട്ടികൾ കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ഗെയിമുകൾ, ഇന്റർനെറ്റ്‌ എന്നിവയോട്‌ അതിരുകടന്ന താത്‌പര്യം കാണിക്കുന്നതായി കണ്ടാൽ മറ്റു കാര്യങ്ങളിലേക്ക്‌ അവരുടെ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കണം. കരകൗശല വസ്‌തുക്കൾ ഉണ്ടാക്കൽ, സംഗീതോപകരണം വായിക്കാൻ പഠിക്കൽ, അങ്ങനെ സർഗാത്മകതയെ ഉത്തേജിപ്പിക്കുന്ന വ്യത്യസ്‌തമായ ഒരു മേഖല അവനു തുറന്നുകൊടുക്കുക.

ഇത്‌ കുട്ടിക്ക്‌ ഉണർവു പകരും എന്നു മാത്രമല്ല, ക്ഷമാശീലം, നിശ്ചയദാർഢ്യം, ആത്മനിയന്ത്രണം, സർഗശേഷി തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കാൻ അവനെ സഹായിക്കുകയും ചെയ്യും. ഈ ഗുണങ്ങളാകട്ടെ ജീവിത വിജയത്തിന്‌ അനിവാര്യമാണുതാനും. ഒരു ‘മൗസ്‌ ക്ലിക്കുകൊണ്ട്‌’ ജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാവില്ലല്ലോ!

ജ്ഞാനവും വകതിരിവും ആവശ്യം

“വകതിരിവ്‌” അല്ലെങ്കിൽ ചിന്താപ്രാപ്‌തി വളർത്തിയെടുക്കാൻ കുട്ടികളെയും പ്രായമായവരെയും ബൈബിൾ ഒരുപോലെ ഉദ്‌ബോധിപ്പിക്കുന്നു. (റോമർ 12:1; സദൃശവാക്യങ്ങൾ 1:8, 9; 3:21) നാം അതനുസരിച്ച്‌ പ്രവർത്തിക്കുന്നെങ്കിൽ നമുക്ക്‌ ശരിയും തെറ്റും വിവേചിക്കാൻ കഴിയും എന്നുമാത്രമല്ല ബുദ്ധിപൂർവം പ്രവർത്തിക്കാനും സാധിക്കും. മണിക്കൂറുകളോളം കമ്പ്യൂട്ടർ ഗെയിം കളിക്കുന്നതോ ടിവി കാണുന്നതോ നിയമവിരുദ്ധമല്ല. എന്നാൽ അത്‌ ബുദ്ധിയായിരിക്കുമോ? ഏറ്റവും പുതിയ ഉപകരണങ്ങളോ സോഫ്‌റ്റ്‌വെയറോ വാങ്ങുന്നതും നിയമപരമായി നോക്കിയാൽ തെറ്റല്ല. എന്നാൽ വീണ്ടും ചോദ്യം ഇതാണ്‌, അത്‌ ബുദ്ധിയായിരിക്കുമോ? അങ്ങനെയെങ്കിൽ ഇക്കാര്യത്തിൽ ജ്ഞാനപൂർവം പ്രവർത്തിക്കാൻ നിങ്ങളുടെ കുട്ടിയെ എങ്ങനെ സഹായിക്കാം?

അപകടങ്ങൾ വിശദീകരിച്ചുകൊടുക്കുക. സെൽഫോണും ഇന്റർനെറ്റും കൈകാര്യം ചെയ്യുന്ന കാര്യത്തിൽ കുട്ടികൾ സമർഥരായിരിക്കാം. എന്നാൽ അറിവും അനുഭവപരിചയവും കുറവായതുകൊണ്ട്‌ അവർ കബളിപ്പിക്കപ്പെടാൻ എളുപ്പമാണ്‌. അതുകൊണ്ട്‌ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും അത്‌ ഒഴിവാക്കാനുള്ള മാർഗങ്ങളെക്കുറിച്ചും അവർക്ക്‌ പറഞ്ഞുകൊടുക്കുക. ഓൺലൈൻ സോഷ്യൽ നെറ്റ്‌വർക്കുതന്നെ ഉദാഹരണം. സ്വയം പരിചയപ്പെടുത്താനും മറ്റു യുവപ്രായക്കാരുമായി പരിചയപ്പെടാനുമുള്ള വേദി ഒരുക്കിക്കൊടുക്കുമെങ്കിലും ആഭാസന്മാരുടെ കൂത്തരങ്ങാണ്‌ ഇത്തരം നെറ്റ്‌വർക്കുകൾ. * (1 കൊരിന്ത്യർ 15:33) അതുകൊണ്ട്‌ വ്യക്തിപരമായ വിവരങ്ങൾ ഓൺലൈനിൽ വെളിപ്പെടുത്തരുതെന്ന്‌ ബുദ്ധിയുള്ള മാതാപിതാക്കൾ മക്കൾക്കു പറഞ്ഞുകൊടുക്കും. *

വളരുന്നതനുസരിച്ച്‌ കുട്ടികൾക്ക്‌ സ്വകാര്യത വേണം എന്നതു ശരിതന്നെ. പക്ഷേ കുട്ടികളെ പഠിപ്പിക്കാനും നിയന്ത്രിക്കാനും ഉള്ള ഉത്തരവാദിത്വം ദൈവം ഏൽപ്പിച്ചിരിക്കുന്നത്‌ മാതാപിതാക്കളായ നിങ്ങളെയാണ്‌ എന്ന കാര്യം മറക്കരുത്‌. (സദൃശവാക്യങ്ങൾ 22:6; എഫെസ്യർ 6:4) നിങ്ങൾ അനാവശ്യമായി അവന്റെ കാര്യത്തിൽ ഇടപെടുകയല്ല, മറിച്ച്‌ സ്‌നേഹമുള്ളതുകൊണ്ട്‌ അവന്റെ കാര്യത്തിൽ താത്‌പര്യമെടുക്കുന്നു എന്നേയുള്ളൂ എന്ന വസ്‌തുത ഇന്നല്ലെങ്കിൽ നാളെ അവൻ തിരിച്ചറിയും.

“കുട്ടികൾ ഉപയോഗിക്കുന്ന ഉപകരണങ്ങളെക്കുറിച്ച്‌ എന്തെങ്കിലും അറിയാമെങ്കിലല്ലേ എനിക്ക്‌ അവരെ സഹായിക്കാൻ പറ്റൂ” എന്നായിരിക്കാം നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്‌. വഴിയുണ്ട്‌. കുട്ടികൾക്ക്‌ പ്രിയപ്പെട്ട ഈ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത്‌ എങ്ങനെയെന്ന്‌ പഠിക്കുക. അതിനെക്കുറിച്ചുള്ള സകലതും പഠിക്കണമെന്നല്ല, അത്യാവശ്യം ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. 90-ലേറെ പ്രായമുണ്ട്‌ മെൽബയ്‌ക്ക്‌. 80 വയസ്സുവരെ കമ്പ്യൂട്ടർ കൈകൊണ്ടു തൊട്ടിട്ടില്ല അവർ. “ആദ്യം ആ സാധനം കൈയിൽ കിട്ടിയപ്പോൾ ജനലിലൂടെ പുറത്തേക്ക്‌ എറിയാനാണ്‌ എനിക്കു തോന്നിയത്‌; അത്രയ്‌ക്കു ബുദ്ധിമുട്ടായിരുന്നു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ സംഭവം എനിക്ക്‌ ഏറെക്കുറെ പിടികിട്ടി. ഇപ്പോൾ ഇ-മെയിൽ അയയ്‌ക്കാനും മറ്റും എനിക്ക്‌ ഒരു ബുദ്ധിമുട്ടുമില്ല.”

പരിധികൾ വെക്കുക. നിങ്ങളുടെ കുട്ടി ദിവസം മുഴുവൻ ടിവി-യുടെയോ കമ്പ്യൂട്ടറിന്റെയോ മുമ്പിലാണോ? എങ്കിൽ ഒരു കാര്യം ചെയ്യുക. വീട്ടിൽ ടിവി-യും കമ്പ്യൂട്ടറും നിങ്ങളുടെ കണ്ണെത്തുന്നിടത്തുമാത്രം വെക്കാൻ ശ്രദ്ധിക്കുക. അതുപോലെ ഒരു നിശ്ചിത സമയത്ത്‌ ഇവ ഉപയോഗിക്കാൻ പാടില്ലെന്നു നിഷ്‌കർഷിക്കുക. അങ്ങനെ ചെയ്‌താൽ, “എല്ലാറ്റിന്നും ഒരു സമയമുണ്ട്‌” എന്ന ബൈബിൾതത്ത്വത്തിന്റെ പ്രാധാന്യം കുട്ടിക്കു മനസ്സിലാകും. (സഭാപ്രസംഗി 3:1) പഠിക്കാനും കൂട്ടുകൂടാനും ആഹാരം കഴിക്കാനും വ്യായാമം ചെയ്യാനും വീട്ടുകാരോടൊപ്പം ആയിരിക്കാനും ഒക്കെ ഒരു സമയമുണ്ടെന്ന്‌ അവൻ മനസ്സിലാക്കും. ഇത്തരത്തിൽ ന്യായമായ നിയമങ്ങൾ വെക്കുന്നതും അതിനോടു പറ്റിനിൽക്കുന്നതും നല്ല പെരുമാറ്റശീലങ്ങൾ വളർത്തിയെടുക്കാനും പരിഗണനയോടും സൗഹാർദത്തോടും കൂടെ മറ്റുള്ളവരോട്‌ ഇടപെടാനും കുട്ടികളെ സഹായിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 12 2009 ജനുവരി ലക്കം ഉണരുക!-യിലെ “കുട്ടികൾ ഇൻർനെറ്റിൽ—മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത്‌” എന്ന ലേഖനത്തിൽ സഹായകമായ വിവരങ്ങളുണ്ട്‌. 2007 മാർച്ച്‌, ഡിസംബർ, 2008 ജനുവരി എന്നീ ലക്കങ്ങളിൽ കാണുന്ന വീഡിയോ ഗെയിം, അശ്ലീലം, ഇന്റർനെറ്റ്‌ എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങളും സഹായകമാണ്‌.

^ ഖ. 12 ചില യുവപ്രായക്കാർ സ്വന്തം അശ്ലീലചിത്രങ്ങൾ സെൽഫോണിലൂടെ കൂട്ടുകാർക്ക്‌ അയച്ചുകൊടുക്കുന്നതും ഇന്ന്‌ അസാധാരണമല്ല. ഈ പ്രവണത സദാചാരവിരുദ്ധമാണെന്നു മാത്രമല്ല, ബുദ്ധിശൂന്യവുമാണ്‌. ഫോട്ടോ കിട്ടുന്ന വ്യക്തി അത്‌ പലർക്കും കൈമാറാനുള്ള സാധ്യതയുണ്ട്‌.

[17-ാം പേജിലെ ചിത്രം]

ബുദ്ധി വികസിക്കാനും ക്ഷമയും നിശ്ചയദാർഢ്യവും വളർത്തിയെടുക്കാനും ഇത്തരം പ്രവർത്തനങ്ങൾ അനുപേക്ഷണീയമാണ്‌