വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹം മുൻവിധിയെ കീഴടക്കുന്നു

സ്‌നേഹം മുൻവിധിയെ കീഴടക്കുന്നു

സ്‌നേഹം മുൻവിധിയെ കീഴടക്കുന്നു

“ചരിത്രത്തിൽ ആദ്യമായാണ്‌ ഇത്തരമൊരു മതസമൂഹം ഉദയംകൊള്ളുന്നത്‌—ദേശീയത മതമാക്കാത്ത ഒരു ജനത. അവർക്കിടയിൽ സാമൂഹിക, വംശീയ, ദേശീയ ഭിന്നതകളില്ല. യാതൊരു തരംതിരിവുകളുമില്ലാതെ കേവലം മനുഷ്യരായിട്ടാണ്‌ അവർ അവരുടെ ദൈവത്തിന്റെ മുമ്പാകെ നിൽക്കുന്നത്‌.”—പോൾ ജോൺസൺ എഴുതിയ ക്രിസ്‌ത്യാനിത്വത്തിന്റെ ചരിത്രം.

സത്യക്രിസ്‌ത്യാനിത്വം റോമൻ സാമ്രാജ്യമാകെ വ്യാപിക്കവെ, അത്ഭുതത്തോടെയാണ്‌ ആളുകൾ അതു നോക്കിക്കണ്ടത്‌: യഥാർഥ സമാധാനത്തിലും ഐക്യത്തിലും ജീവിക്കാൻ പഠിച്ച ഒരു ആഗോള ആത്മീയ കുടുംബം. ഈ കുടുംബത്തിന്റെ സമാധാനത്തിന്‌ അടിസ്ഥാനം കറയറ്റ സ്‌നേഹമായിരുന്നു. വെറും വികാരത്തിന്റെ പുറത്തുള്ള സ്‌നേഹമല്ല, ദൈവം പഠിപ്പിച്ച തത്ത്വങ്ങളെ ആധാരമാക്കിയുള്ള സ്‌നേഹം.

യേശുവിന്റെ വാക്കിലും പ്രവൃത്തിയിലും അന്തർലീനമായിരുന്നത്‌ ആ തത്ത്വങ്ങളാണ്‌. എന്നാൽ ആ യേശുവിനുപോലും വിദ്വേഷവും മുൻവിധിയും നേരിടേണ്ടിവന്നു. (1 പത്രോസ്‌ 2:21-23) യേശു ഗലീലക്കാരനായിരുന്നു എന്നതാണ്‌ ഒരു കാരണം. കൃഷിയും മത്സ്യബന്ധനവും ജീവിതവൃത്തിയാക്കിയിരുന്ന ഗലീലക്കാരെ യെരുശലേമിലെ യഹൂദനേതാക്കന്മാർ പുച്ഛത്തോടെയാണ്‌ വീക്ഷിച്ചിരുന്നത്‌. (യോഹന്നാൻ 7:45-52) മാത്രമല്ല, നല്ലൊരു അധ്യാപകൻ എന്നനിലയിൽ യേശുവിനെ ആളുകൾ അങ്ങേയറ്റം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്‌തിരുന്നു. അത്‌ മതനേതാക്കന്മാർക്ക്‌ രസിച്ചില്ല. അസൂയാലുക്കളായ അവർ അവനെക്കുറിച്ച്‌ നുണകൾ പറഞ്ഞുപരത്തി. എന്തിന്‌, അവനെ കൊല്ലാൻപോലും പദ്ധതിയിട്ടു!—മർക്കോസ്‌ 15:9, 10; യോഹന്നാൻ 9:16, 22; 11:45-53.

യേശു പക്ഷേ “തിന്മയ്‌ക്കു പകരം തിന്മ” ചെയ്‌തില്ല. (റോമർ 12:17) പരീശമതത്തിലെ (യേശുവിനെ എതിർത്തിരുന്ന ഒരു യഹൂദമതവിഭാഗം) ചിലർ അവനെ സമീപിച്ച്‌ ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ യേശു അവർക്ക്‌ ഉത്തരം കൊടുക്കാതിരുന്നില്ല. (യോഹന്നാൻ 3:1-21) അവൻ അവരോടൊപ്പം ഭക്ഷണം കഴിക്കുകപോലും ചെയ്‌തു. യേശു, തന്നെക്കുറിച്ച്‌ മുൻവിധിയുണ്ടായിരുന്ന ഒരു പരീശന്റെ ആതിഥ്യം സ്വീകരിച്ചതിനെക്കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. വീട്ടിൽ വരുന്ന അതിഥിയുടെ കാൽ കഴുകുന്നത്‌ അന്നാട്ടിലെ ഒരു രീതിയായിരുന്നു. പക്ഷേ തന്റെ വീട്ടിൽ വന്ന യേശുവിന്റെ കാൽ കഴുകാൻ ഈ പരീശൻ തയ്യാറായില്ല. യേശുവിന്‌ അതിൽ നീരസം തോന്നിയോ? ഇല്ലെന്നു മാത്രമല്ല, കരുണയുടെയും ക്ഷമയുടെയും പ്രാധാന്യം അയാളെ പഠിപ്പിക്കാൻ അവൻ ആ സന്ദർഭം ഉപയോഗിച്ചു.—ലൂക്കോസ്‌ 7:36-50; 11:37.

യേശു നിന്ദിതരെ സ്‌നേഹിച്ചു

യേശുവിന്റെ വിഖ്യാതമായ, നല്ല ശമര്യക്കാരന്റെ ഉപമയെക്കുറിച്ചു ചിന്തിക്കുക. കള്ളന്മാർ അടിച്ച്‌ അവശനാക്കി വഴിയോരത്ത്‌ ഉപേക്ഷിച്ചുപോയ സാധുവായ ഒരു യഹൂദനെ സ്വന്തം ചെലവിൽ സഹായിക്കാൻ ആ ശമര്യക്കാരൻ തയ്യാറായി. (ലൂക്കോസ്‌ 10:30-37) ആകട്ടെ, ശമര്യക്കാരന്റെ പ്രവൃത്തിയിൽ ഇത്ര ശ്രദ്ധേയമായി എന്താണുള്ളത്‌? യഹൂദന്മാരും ശമര്യക്കാരും ബദ്ധശത്രുക്കളായിരുന്നു. യഹൂദന്മാർ, വെറുപ്പ്‌ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പദമായിരുന്നു “ശമര്യക്കാരൻ” എന്നത്‌. യേശുവിനെത്തന്നെ അവർ അങ്ങനെ വിളിച്ചിട്ടുണ്ട്‌. (യോഹന്നാൻ 8:48) അതുകൊണ്ട്‌, മുഖപക്ഷമില്ലാത്ത സ്‌നേഹം എടുത്തുകാട്ടാൻ തികച്ചും അനുയോജ്യമായ ഒരു ദൃഷ്ടാന്തമായിരുന്നു അത്‌ എന്നു പറയാനാകും.

ശമര്യക്കാരനായ ഒരു കുഷ്‌ഠരോഗിയെ സുഖപ്പെടുത്തിക്കൊണ്ട്‌ യേശുതന്നെ ആ സ്‌നേഹം കാണിച്ചു. (ലൂക്കോസ്‌ 17:11-19) കൂടാതെ, അവൻ ശമര്യക്കാരെ ആത്മീയസത്യങ്ങൾ പഠിപ്പിക്കുകയും ചെയ്‌തു. ഒരു സന്ദർഭത്തിൽ ഒരു ശമര്യസ്‌ത്രീയുമായി അവൻ ദീർഘമായ ഒരു സംഭാഷണം നടത്തി. (യോഹന്നാൻ 4:7-30, 39-42) ഈ സംഭവം വിശേഷാൽ ശ്രദ്ധേയമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? യഹൂദ റബ്ബിമാർ പൊതുസ്ഥലത്തുവെച്ച്‌ സ്‌ത്രീകളോടു സംസാരിക്കുക പതിവില്ലായിരുന്നു, അവർ അടുത്ത ബന്ധുക്കളാണെങ്കിൽപ്പോലും. അപ്പോൾപ്പിന്നെ, അവർ ഒരു ശമര്യസ്‌ത്രീയോടു സംസാരിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാനാകുമോ?

മുൻവിധികൾ ഉണ്ടെങ്കിലും ഹൃദയത്തിൽനിന്ന്‌ അത്‌ പിഴുതെറിയാൻ പാടുപെടുന്ന ഒരു വ്യക്തിയെ ദൈവം എങ്ങനെയായിരിക്കും വീക്ഷിക്കുന്നത്‌? ബൈബിൾ നമുക്ക്‌ ആശ്വാസദായകമായ ഉത്തരം നൽകുന്നു.

ദൈവം കരുണയുള്ളവൻ

കാലങ്ങളായി യഹൂദർ യഹൂദേതരരോട്‌ പുലർത്തിപ്പോന്നിരുന്ന മുൻവിധി മനസ്സിൽനിന്ന്‌ അകറ്റിക്കളയാൻ ഒന്നാം നൂറ്റാണ്ടിലെ പല യഹൂദ ക്രിസ്‌ത്യാനികൾക്കും ബുദ്ധിമുട്ടായിരുന്നു. യഹൂദേതരരായ ഒട്ടനവധിപേർ ആ സമയത്ത്‌ ക്രിസ്‌തീയ വിശ്വാസം സ്വീകരിച്ചിരുന്നു. ഭിന്നിപ്പിനിടയാക്കുമായിരുന്ന ഈ സാഹചര്യത്തെ യഹോവയാം ദൈവം എങ്ങനെയാണ്‌ കൈകാര്യം ചെയ്‌തത്‌? അവൻ ക്ഷമയോടെ ക്രിസ്‌തീയ സഭയ്‌ക്ക്‌ ആവശ്യമായ പ്രബോധനം നൽകി. (പ്രവൃത്തികൾ 15:1-5) അതിന്‌ ഫലമുണ്ടായി. അങ്ങനെ തുടക്കത്തിൽ പറഞ്ഞതുപോലെ, സാമൂഹിക, വംശീയ, ദേശീയ ഭിന്നതകളെ മറികടക്കാൻ ആ ജനസമൂഹത്തിനു സാധിച്ചു. തന്നിമിത്തം, “സഭകൾ വിശ്വാസത്തിൽ ഉറച്ചു; അംഗസംഖ്യ ദിനമ്പ്രതി വർധിക്കുകയും ചെയ്‌തു.”—പ്രവൃത്തികൾ 16:5.

ഇതിൽനിന്ന്‌ എന്തു പാഠം ഉൾക്കൊള്ളാനാകും? മടുത്തു പിന്മാറാതെ, സഹായത്തിനായി ദൈവത്തെ ആശ്രയിക്കുക. ‘വിശ്വാസത്തോടെ യാചിക്കുന്നവർക്ക്‌’ ദൈവം ജ്ഞാനവും ഉൾക്കരുത്തും ധാരാളമായി നൽകും. (യാക്കോബ്‌ 1:5, 6) ആദ്യത്തെ ലേഖനത്തിൽ പരാമർശിച്ച ജനിഫർ, തിമോത്തി, ജോൺ, ഓൾഗ എന്നിവരെ ഓർക്കുന്നുണ്ടാകുമല്ലോ. ഹൈസ്‌കൂളിൽ എത്തിയപ്പോഴേക്കും ജനിഫർ ആത്മീയമായി പക്വത പ്രാപിച്ചിരുന്നു. അതുകൊണ്ടുതന്നെ ആകാരത്തെയും വർഗത്തെയും പറ്റിയുള്ള പരിഹാസങ്ങൾ അവഗണിക്കാൻ അവൾ പഠിച്ചു. അതുകഴിഞ്ഞ്‌ ക്ലാസ്സിലെ കുട്ടികൾ മറ്റൊരു കുട്ടിയെ ഇതുപോലെ കളിയാക്കാൻ തുടങ്ങിയപ്പോൾ ജനിഫർ അവളുടെ സഹായത്തിനെത്തി.

വർഗത്തിന്റെ പേരിൽ സഹപാഠികൾ തിമോത്തിയെ പരിഹസിച്ചപ്പോൾ സംയമനം പാലിക്കാൻ അവനു സാധിച്ചത്‌ എങ്ങനെയാണ്‌? തിമോത്തി പറയുന്നു: “ഞാൻ തിരിച്ചടിച്ചാൽ അത്‌ യഹോവയാം ദൈവത്തിന്‌ എത്രമാത്രം നിന്ദ വരുത്തുമെന്ന്‌ ഞാൻ ചിന്തിച്ചു. മാത്രമല്ല, ‘തിന്മയ്‌ക്കു കീഴടങ്ങാതെ നന്മയാൽ തിന്മയെ കീഴടക്കുക’ എന്ന ബൈബിൾവാക്യം ഞാൻ എപ്പോഴും ഓർക്കുമായിരുന്നു.”—റോമർ 12:21.

ഹൗസ ഗോത്രക്കാരനായ സഹപാഠിയോട്‌ ഉണ്ടായിരുന്ന മുൻവിധിയെ മറികടക്കാൻ ജോണിനു സാധിച്ചു. “കുറച്ചു വലുതായപ്പോൾ ഹൗസ ഗോത്രത്തിൽപ്പെട്ട ചില കുട്ടികളെ ഞാൻ സുഹൃത്തുക്കളാക്കി. അവരിൽ ഒരാളോടൊപ്പം ഞാനൊരു പ്രോജക്‌റ്റ്‌ ചെയ്‌തു. ഞങ്ങൾക്കിടയിൽ ഒരു പ്രശ്‌നവും ഉണ്ടായില്ല. ഇപ്പോൾ വർഗത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ ആളുകളെ വിലയിരുത്താറില്ല. മനുഷ്യരായിട്ടാണ്‌ ഞാൻ എല്ലാവരെയും കാണുന്നത്‌.”

ഓൾഗയും അവരുടെ മിഷനറി കൂട്ടാളിയും എതിരാളികളെ പേടിച്ച്‌ പിന്മാറിയില്ല. ചിലരെങ്കിലും ബൈബിൾ സന്ദേശത്തിൽ താത്‌പര്യം കാണിക്കുമെന്ന വിശ്വാസത്തോടെ തങ്ങളുടെ പ്രവർത്തനം തുടർന്നു. പലരും അനുകൂലമായി പ്രതികരിക്കുകയും ചെയ്‌തു. ഓൾഗ പറയുന്നു: “50 വർഷത്തിനുശേഷം ഒരു മനുഷ്യൻ വന്ന്‌ ഭംഗിയുള്ള ഒരു ബാഗ്‌ എനിക്കു തന്നു. അതിൽ കുറെ കൊച്ചുകൊച്ചു കല്ലുകൾ ഉണ്ടായിരുന്നു. ആ കല്ലുകളിന്മേൽ നന്മ, ദയ, സ്‌നേഹം, സമാധാനം തുടങ്ങിയ ക്രിസ്‌തീയ ഗുണങ്ങൾ കൊത്തിയിരുന്നു. പണ്ട്‌ എന്നെ കല്ലെറിഞ്ഞ കുട്ടികളുടെ കൂട്ടത്തിൽ താനും ഉണ്ടായിരുന്നെന്ന്‌ അദ്ദേഹം എന്നോട്‌ പറഞ്ഞു. ഇപ്പോഴിതാ അദ്ദേഹം എന്റെ ക്രിസ്‌തീയ സഹോദരനാണ്‌. ആ ബാഗിനൊപ്പം അദ്ദേഹവും ഭാര്യയും എനിക്ക്‌ കുറെ വെളുത്ത റോസാപ്പൂക്കളും തന്നു.”

മുൻവിധിയും വിവേചനവും ഇല്ലാത്ത ഒരു കാലം

മുൻവിധിയും വിവേചനവും ഉടൻതന്നെ തുടച്ചുനീക്കപ്പെടും. ‘കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്യുകയില്ലാത്ത’ യേശുവായിരിക്കും അന്ന്‌ ഭൂമിയുടെ ഏകഭരണാധിപൻ. (യെശയ്യാവു 11:1-5) മാത്രമല്ല, യേശുവിന്റെ മനോഭാവം പൂർണമായി പ്രതിഫലിപ്പിക്കുന്നവരായിരിക്കും അവന്റെ പ്രജകൾ. കാരണം, അവരെല്ലാം യേശുവിനാലും അവന്റെ പിതാവായ യഹോവയാം ദൈവത്താലും പഠിപ്പിക്കപ്പെട്ടവരായിരിക്കും.—യെശയ്യാവു 11:9.

ആ ആത്മീയ പ്രബോധന പരിപാടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌. പുതിയ ലോകത്തിലെ ജീവിതത്തിനുവേണ്ടി ദൈവജനത്തെ ഒരുക്കുകയാണ്‌ ഈ പഠനപരിപാടിയുടെ ഉദ്ദേശ്യം. ബൈബിൾ പഠിച്ചുകൊണ്ട്‌ അതിൽനിന്ന്‌ നിങ്ങൾക്കും പ്രയോജനം നേടാം. * ദൈവത്തിന്‌ മുഖപക്ഷമില്ല. “സകലതരം മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തണ”മെന്നുമാണ്‌ അവൻ ആഗ്രഹിക്കുന്നത്‌.—1 തിമൊഥെയൊസ്‌ 2:3, 4.

[അടിക്കുറിപ്പ്‌]

^ ഖ. 18 ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ സ്ഥലത്തുള്ള യഹോവയുടെ സാക്ഷികളുടെ സഭയുമായോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന വിലാസത്തിൽ അവരുടെ ബ്രാഞ്ചോഫീസുമായോ ബന്ധപ്പെടുക. www.watchtower.org എന്ന വെബ്‌സൈറ്റ്‌ അഡ്രസ്സിലും യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടാവുന്നതാണ്‌. നിങ്ങൾക്ക്‌ സൗജന്യമായി ബൈബിൾ പഠിക്കാനുള്ള ക്രമീകരണം അവർ ചെയ്യുന്നതായിരിക്കും.

[8-ാം പേജിലെ ആകർഷക വാക്യം]

മുൻവിധിയും വിവേചനവും പെട്ടെന്നുതന്നെ പൊയ്‌പ്പോകും

[9-ാം പേജിലെ ചതുരം/ചിത്രം]

ദൈവം നൽകിയ ചില തത്ത്വങ്ങൾ

“ആർക്കും തിന്മയ്‌ക്കു പകരം തിന്മ ചെയ്യരുത്‌. . . . നന്മയാൽ തിന്മയെ കീഴടക്കുക.” (റോമർ 12:17-21) ഇതിന്റെ സാരം എന്താണ്‌? മറ്റുള്ളവരിലെ തിന്മ നിങ്ങളിലെ നന്മ പുറത്തുകൊണ്ടുവരണം. “അവർ കാരണം കൂടാതെ എന്നെ ദ്വേഷിച്ചു” എന്ന്‌ യേശുക്രിസ്‌തു പറഞ്ഞു. എന്നാൽ അവൻ എതിരാളികളോട്‌ അതേ നാണയത്തിൽ തിരിച്ചടിച്ചില്ല.—യോഹന്നാൻ 15:25.

‘അന്യോന്യം അസൂയപ്പെട്ടുകൊണ്ട്‌ നമുക്ക്‌ ദുരഭിമാനികൾ ആകാതിരിക്കാം.’ (ഗലാത്യർ 5:26) അസൂയയും ദുരഭിമാനവും വിദ്വേഷത്തിനും മുൻവിധിക്കും കാരണമാകും. ആത്മീയമായി അത്‌ നമുക്ക്‌ ദോഷംചെയ്യും.—മർക്കോസ്‌ 7:20-23.

“മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്ന്‌ നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ.” (മത്തായി 7:12) സ്വയം ചോദിക്കുക: ‘മറ്റുള്ളവർ എന്നോട്‌ എങ്ങനെ ഇടപെടാനാണ്‌ ഞാൻ പ്രതീക്ഷിക്കുന്നത്‌?’ മറ്റുള്ളവരോടും അതുപോലെ ഇടപെടുക, അവരുടെ പ്രായമോ നിറമോ ഭാഷയോ സംസ്‌കാരമോ കണക്കിലെടുക്കാതെ.

“ക്രിസ്‌തു നമ്മെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊള്ളുവിൻ.” (റോമർ 15:7) മറ്റു പശ്ചാത്തലങ്ങളിൽനിന്നും സംസ്‌കാരങ്ങളിൽനിന്നും ഉള്ള ആളുകളെ, വിശേഷാൽ നിങ്ങളുടെ സഹവിശ്വാസികളെ അടുത്തറിയാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ?—2 കൊരിന്ത്യർ 6:11.

“എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.” (സങ്കീർത്തനം 27:10) മറ്റുള്ളവർ നിങ്ങളോട്‌ എങ്ങനെ ഇടപെട്ടാലും ദൈവത്തോട്‌ നിങ്ങൾ വിശ്വസ്‌തനായിരിക്കുന്നിടത്തോളം അവൻ നിങ്ങളെ കൈവിടില്ല.

[7-ാം പേജിലെ ചിത്രം]

നല്ലവനായ ശമര്യക്കാരൻ ആക്രമണത്തിന്‌ ഇരയായ യഹൂദനെ സഹായിക്കുന്നു