ദൈവം ഇല്ലെന്നു തെളിയിക്കാൻ ശാസ്‌ത്രത്തിനു കഴിഞ്ഞിട്ടുണ്ടോ?
ദൈവം ഇല്ലെന്നു തെളിയിക്കാൻ ശാസ്‌ത്രത്തിനു കഴിഞ്ഞിട്ടുണ്ടോ?
ഏതാണ്ട് അമ്പതു വർഷക്കാലം ഒരു നാസ്‌തികൻ എന്നനിലയിൽ സമകാലികർക്കിടയിൽ ഏറെ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്‌ത വ്യക്തിയാണ് ബ്രിട്ടീഷുകാരനായ ആന്റണി ഫ്‌ളൂ. 1950-ൽ “തിയോളജി ആൻഡ് ഫോൾസിഫിക്കേഷൻ” എന്ന പേരിൽ അദ്ദേഹം പുറത്തിറക്കിയ പ്രബന്ധം “(20-ാം) നൂറ്റാണ്ടിൽ ഏറ്റവും വ്യാപകമായി പുനർമുദ്രണം ചെയ്യപ്പെട്ട തത്ത്വശാസ്‌ത്ര പ്രബന്ധമായിത്തീർന്നു.” 1986-ൽ, “ഈശ്വരവാദത്തിന്റെ വിമർശകരിൽ അഗ്രഗണ്യൻ” എന്ന് ഒരു ഗ്രന്ഥം അദ്ദേഹത്തെ വിശേഷിപ്പിക്കുകപോലും ചെയ്‌തു. അങ്ങനെയിരിക്കെ 2004-ൽ ദാർശനികലോകത്തെ ഞെട്ടിച്ചുകൊണ്ട് ഫ്‌ളൂ ഒരു പ്രസ്‌താവന നടത്തി. തന്റെ വീക്ഷണം താൻ മാറ്റിയിരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.
ഫ്‌ളൂവിന്റെ മനസ്സുമാറ്റിയത് എന്താണ്? ഒറ്റവാക്കിൽ പറഞ്ഞാൽ, ശാസ്‌ത്രം! പ്രപഞ്ചവും പ്രപഞ്ചനിയമങ്ങളും ജീവനും യാദൃച്ഛികമായി ഉണ്ടായതല്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി. അദ്ദേഹത്തിന്റെ നിഗമനം യുക്തിസഹമായിരുന്നോ?
പ്രപഞ്ചനിയമങ്ങൾ എങ്ങനെ ഉണ്ടായി?
മഴ ഉൾപ്പെടെയുള്ള പ്രകൃതിയിലെ പ്രതിഭാസങ്ങൾ കാര്യകാരണസഹിതം വിശദീകരിക്കുന്ന ശാസ്‌ത്രത്തിന് പക്ഷേ, “‘പ്രപഞ്ചനിയമങ്ങൾ എങ്ങനെയുണ്ടായി?’ എന്നതുപോലുള്ള ചോദ്യങ്ങൾക്ക് തൃപ്‌തികരമായ ഉത്തരം നൽകാൻ കഴിയുന്നില്ല” എന്ന് ഭൗതികശാസ്‌ത്രജ്ഞനും എഴുത്തുകാരനുമായ പോൾ ഡേവിസ് ചൂണ്ടിക്കാട്ടുന്നു. “ശാസ്‌ത്രീയ കണ്ടുപിടിത്തങ്ങൾ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സഹായിച്ചിട്ടില്ല. മാനവസംസ്‌കൃതിയുടെ ഉത്ഭവംമുതൽ ഇന്നോളം ഉത്തരം കിട്ടാത്ത മഹാസമസ്യകളായി അവ മനുഷ്യമനസ്സുകളെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു.”
“പ്രകൃതിയിൽ നിയമങ്ങളുണ്ട് എന്നതിനെക്കാൾ അത്ഭുതകരമായ സംഗതി, ആ നിയമങ്ങൾ ഗണിതശാസ്‌ത്രപരമായി കൃത്യതയുള്ളതും സാർവത്രികവും പരസ്‌പരബന്ധിതവുമാണ് എന്നുള്ളതാണ്,” 2007-ൽ ഫ്‌ളൂ എഴുതി. ‘യുക്തിയുടെ പ്രതിഫലനം’ എന്നാണ് ഐൻസ്റ്റീൻ ഈ നിയമങ്ങളെ വിശേഷിപ്പിച്ചത്. പ്രപഞ്ചത്തിന് ഈ ക്രമനിബദ്ധത കൈവന്നത് എങ്ങനെയെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ന്യൂട്ടൻ, ഐൻസ്റ്റീൻ, ഹെയ്‌സൻബർഗ് തുടങ്ങിയ ശാസ്‌ത്രലോകത്തെ മഹാരഥന്മാരുടെ മനസ്സിനെ മഥിച്ച ചോദ്യമാണത്. അവർക്ക് അതിന് ഉത്തരം ലഭിക്കുകയും ചെയ്‌തു. ‘സ്രഷ്ടാവിന്റെ മനസ്സ്’ എന്നതായിരുന്നു ആ ഉത്തരം.
ബുദ്ധിശക്തിയുള്ള ഒരു ‘ആദികാരണം’ ഉണ്ടെന്നു വിശ്വസിക്കുന്നത് ശാസ്‌ത്രബുദ്ധിക്ക് നിരക്കാത്തതാണെന്ന് ആദരണീയരായ പല ശാസ്‌ത്രജ്ഞന്മാരും കരുതുന്നില്ല. പ്രപഞ്ചവും പ്രപഞ്ചനിയമങ്ങളും ജീവനുമൊക്കെ അബദ്ധത്തിൽ ഉളവായതാണെന്ന വാദമാണ് വാസ്‌തവത്തിൽ ബുദ്ധിക്കു നിരക്കാത്തത്. ഏതൊരു രൂപകൽപ്പനയ്‌ക്കും ഒരു രൂപകൽപ്പിതാവ് വേണം, അത് സങ്കീർണമാണെങ്കിൽ വിശേഷിച്ചും.
നിങ്ങൾ ഏതു വിശ്വാസം സ്വീകരിക്കും?
ശാസ്‌ത്രത്തിന്റെ കൊടിക്കുപിന്നിൽ അണിനിരക്കാനാണ് പുതിയ യുക്തിവാദികൾക്ക് ഇഷ്ടം. എന്നാൽ ഈശ്വരവാദവും
നിരീശ്വരവാദവും പൂർണമായും ശാസ്‌ത്രത്തിൽ അധിഷ്‌ഠിതമായിരിക്കുന്നില്ല. ഇവ രണ്ടിലും വിശ്വാസത്തിന്റെ അംശമുണ്ട്. ഈശ്വരവാദം, ബുദ്ധിശക്തിയുള്ള ഒരു ആദികാരണം ഉണ്ട് എന്ന വിശ്വാസത്തിൽ അധിഷ്‌ഠിതമാണെങ്കിൽ നിരീശ്വരവാദം, എല്ലാം യാദൃച്ഛിക സംഭവത്തിൽനിന്ന് അബദ്ധത്തിൽ ഉളവായതാണെന്ന വിശ്വാസത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. “മതചിന്തകളെല്ലാം അന്ധവിശ്വാസങ്ങളാണ്” എന്നാണ് ഈ പുതിയ യുക്തിവാദികളുടെ പക്ഷം എന്ന് ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ, ജോൺ ലെന്നോക്‌സ് എന്ന ഗണിതശാസ്‌ത്ര പ്രൊഫസർ എഴുതി. “ആ ധാരണ തെറ്റാണെന്ന് സ്ഥാപിക്കപ്പെടണം,” അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ട് ചോദ്യം ഇതാണ്: ഏതു വിശ്വാസത്തിനാണ് തെളിവുകളുടെ പിൻബലമുള്ളത്? ഈശ്വരവാദത്തിനോ നിരീശ്വരവാദത്തിനോ? നമുക്ക് ജീവന്റെ ഉത്‌പത്തിയെക്കുറിച്ചുതന്നെ ചിന്തിക്കാം.ജീവോത്‌പത്തി ഇന്നും ഒരു സമസ്യയാണെന്ന് പരിണാമവാദികൾ യാതൊരു മടിയുമില്ലാതെ സമ്മതിക്കും. ജീവൻ എങ്ങനെ ഉളവായി എന്നതു സംബന്ധിച്ച പല സിദ്ധാന്തങ്ങളും നിലവിലുണ്ടെങ്കിലും പലതും പരസ്‌പര വിരുദ്ധമാണ്. ഈ പ്രപഞ്ചത്തിൽ അനേകമനേകം ഗ്രഹങ്ങൾ ഉള്ളതിനാൽ എവിടെ വേണമെങ്കിലും ജീവൻ ഉത്ഭവിച്ചിരിക്കാം എന്ന പക്ഷക്കാരനാണ് പ്രമുഖ യുക്തിവാദിയായ റിച്ചാർഡ് ഡോക്കിൻസ്. എന്നാൽ വിഖ്യാതരായ പല ശാസ്‌ത്രജ്ഞന്മാർക്കും അക്കാര്യത്തിൽ ഉറപ്പില്ല. ഉദാഹരണത്തിന്, “ജീവനും മനുഷ്യമനസ്സും പരിണമിച്ച് ഉണ്ടായതാണ്” എന്ന സിദ്ധാന്തം “വഴിമുട്ടി നിൽക്കുകയാണ്” എന്ന് കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ജോൺ ബാരോ അഭിപ്രായപ്പെടുന്നു. അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “തികച്ചും പ്രതികൂലമായ ഒരു പരിസ്ഥിതിയിൽ പുരോഗമനപരമായ പരിണാമത്തിലൂടെ ജീവൻ ഉത്ഭവിച്ചിരിക്കാൻ സാധ്യതയില്ലെന്നു പറയാൻ പല കാരണങ്ങളുമുണ്ട്. സ്ഥിതി അതാണെന്നിരിക്കെ, കുറെ കാർബൺ ഒരു കാലഘട്ടംകൊണ്ട് എന്തൊക്കെയോ പ്രക്രിയകളിലൂടെ കടന്നുപോയി ജീവൻ ആയി പരിണമിച്ചു എന്നു പറയുന്നത് മഹാ അബദ്ധമായിരിക്കും.”
കുറെ മൂലകങ്ങൾ സംയോജിച്ചതുകൊണ്ടുമാത്രം ജീവൻ ഉണ്ടാകുകയില്ല. ഡിഎൻ എ-യിൽ അടങ്ങിയിട്ടുള്ള അതിസങ്കീർണമായ ഒരു വിവരസഞ്ചയമാണ് ജീവന് ആധാരം. അതുകൊണ്ട് ജീവോത്‌പത്തിയെപ്പറ്റി വിവരിക്കാൻ ശ്രമിക്കുമ്പോൾ ഡിഎൻ എ-യിൽ അടക്കം ചെയ്‌തിരിക്കുന്ന വിവരസംഹിത എവിടെനിന്നു വന്നു എന്ന ചോദ്യവും ഉയരും. ഈ വിവരങ്ങളുടെ ഉറവിടം ഏതായിരിക്കാം? “ബുദ്ധിശക്തിയുള്ള ഒരു മനസ്സ്” എന്നേ അതിന് ഉത്തരമുള്ളൂ. ഒരു കമ്പ്യൂട്ടർ പ്രോഗ്രാം, ഒരു ഗണിതശാസ്‌ത്ര ഫോർമുല, അതുമല്ലെങ്കിൽ ഒരു വിജ്ഞാനകോശം ഇങ്ങനെയുള്ള സങ്കീർണ വിവരങ്ങൾ യാദൃച്ഛികമായി ഉരുത്തിരിയുമോ? എന്തിന് ഒരു കേക്കിന്റെ റെസിപ്പിപോലും അങ്ങനെയുണ്ടാകുമോ? ജീവജാലങ്ങളുടെ ജനിതക കോഡിൽ ശേഖരിച്ചുവെച്ചിരിക്കുന്ന വിവരങ്ങളുടെ മഹാസാഗരവുമായി താരതമ്യം ചെയ്യുമ്പോൾ ഇവയുടെ സങ്കീർണത എത്രയോ നിസ്സാരം!
എല്ലാം എങ്ങനെയോ ഉണ്ടായി എന്ന വാദം ശാസ്‌ത്രീയമോ?
നിരീശ്വരവാദികളുടെ വാദമുഖം പോൾ ഡേവിസ് വിവരിക്കുന്നത് ഇങ്ങനെ: “ഈ പ്രപഞ്ചം നിഗൂഢമായ ഏതോ വിധത്തിൽ ഇങ്ങനെയായതാണ്. അതിൽ എങ്ങനെയോ ജീവൻ ഉത്ഭവിച്ചു, എങ്ങനെയോ ജീവൻ നിലനിൽക്കുകയും ചെയ്യുന്നു . . . മറ്റൊരു വിധത്തിൽ സംഭവിച്ചിരുന്നെങ്കിൽ ഇന്ന് ഇതേക്കുറിച്ചു പറയാൻ നമ്മളൊന്നും ഇവിടെ ഉണ്ടാകുമായിരുന്നില്ല എന്നേയുള്ളൂ. ഈ പ്രപഞ്ചം പരസ്‌പരബന്ധിതമായിരിക്കാം, അല്ലായിരിക്കാം. പക്ഷേ ഒരു കാര്യം വ്യക്തമാണ്: പ്രപഞ്ചത്തിലുള്ള ഒന്നും രൂപകൽപ്പന ചെയ്യപ്പെട്ടതല്ല, ഒന്നിനും ഒരു ഉദ്ദേശ്യമില്ല, ഒന്നിനും ഒരു അർഥവുമില്ല—ചുരുങ്ങിയപക്ഷം നമ്മുടെ ബുദ്ധിക്കു നിരക്കുന്ന ഒരു വിശദീകരണം കണ്ടെത്താനാകുന്നില്ല.” പോൾ ഡേവിസ് തുടരുന്നു: “ഈ വാദത്തിന് ഒരു നേട്ടമുണ്ട്: ഒരു മറുചോദ്യമുണ്ടായാലും പിടിച്ചുനിൽക്കാം, വിശദീകരണങ്ങൾ നൽകാതെ ഒഴിഞ്ഞുമാറാം.”
പരിണാമം: പ്രതിസന്ധിയിലായ ഒരു സിദ്ധാന്തം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്‌തകത്തിൽ തന്മാത്രാ ജീവശാസ്‌ത്രജ്ഞനായ മൈക്കിൾ ഡെന്റൻ പറയുന്നത്, പരിണാമ സിദ്ധാന്തം “മധ്യകാലഘട്ടത്തിലെ ജ്യോതിഷം പോലെയാണ്” എന്നാണ്. “ഒരു ശാസ്‌ത്രസിദ്ധാന്തത്തിന്റെ ഘനമോ ഗാംഭീര്യമോ ഒന്നും അതിനില്ല.” നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ കെട്ടുകഥ എന്ന് അദ്ദേഹം ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ വിശേഷിപ്പിക്കുകയുണ്ടായി.
പ്രപഞ്ചത്തിൽ ഉള്ളതെല്ലാം എങ്ങനെയോ ഉളവായതാണ് എന്ന സിദ്ധാന്തത്തെ ഒരു കെട്ടുകഥയായി കാണാനേ നമുക്കാകൂ. എന്തുകൊണ്ട്? ഒരു ഉദാഹരണം ചിന്തിക്കുക: ഒരു പുരാവസ്‌തു ഗവേഷകൻ ഏറെക്കുറെ എബ്രായർ 3:4) ആ യുക്തി ശരിയാണെന്ന് നിങ്ങൾക്കും തോന്നുന്നില്ലേ?
സമചതുരാകൃതിയിലുള്ള ഒരു പാറക്കഷണം കാണുന്നു എന്നിരിക്കട്ടെ. അത് ആ ആകൃതി കൈവരിച്ചത് യാദൃച്ഛികമായിട്ടാണെന്ന് അദ്ദേഹം നിഗമനം ചെയ്‌തേക്കാം. അത് ശരിയുമായിരിക്കാം. എന്നാൽ പിഴവറ്റ രീതിയിൽ കല്ലിൽ തീർത്ത ഒരു മനുഷ്യരൂപം അദ്ദേഹം കാണുന്നെങ്കിലോ? അതും യാദൃച്ഛികമായി ഉണ്ടായതാണെന്ന് അദ്ദേഹം പറയുമോ? ഇല്ല. ‘ഇത് ആരോ കൊത്തിയുണ്ടാക്കിയതാണ്’ എന്ന് അദ്ദേഹത്തിന്റെ യുക്തിബോധം അദ്ദേഹത്തോടു പറയും. പ്രപഞ്ചത്തിന്റെ അസ്‌തിത്വം വിശദീകരിക്കാൻ ബൈബിൾ നൽകുന്നതും ഇതേ യുക്തിയാണ്: “ഏതു ഭവനവും നിർമിക്കാൻ ഒരാൾ വേണം; സകലവും നിർമിച്ചവനോ ദൈവംതന്നെ.” (ജോൺ ലെന്നോക്‌സ് ഇപ്രകാരം എഴുതി: “നമ്മുടെ പ്രപഞ്ചത്തെ നാം എത്ര സൂക്ഷ്‌മമായി അപഗ്രഥിക്കുന്നുവോ അതിന് ഒരു സൃഷ്ടിതാവ് ഉണ്ടെന്നും ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് അവൻ പ്രപഞ്ചത്തെ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും ഉള്ള വിശ്വാസം അത്രയധികം ബലപ്പെടും. നമ്മുടെ അസ്‌തിത്വത്തിനുള്ള ഏറ്റവും യുക്തിസഹമായ വിശദീകരണമായിരിക്കും അത്.”
ദൈവവിശ്വാസത്തിനു തുരങ്കംവെക്കുന്ന പ്രധാന സംഗതികളിൽ ഒന്ന് ദൈവത്തിന്റെ പേരിൽ ചെയ്യപ്പെടുന്ന ദുഷ്‌ചെയ്‌തികളാണ്. ഇവകണ്ട് മനസ്സുമടുത്ത് പലരും, ‘മതം ഇല്ലായിരുന്നെങ്കിൽ ലോകം എത്ര നന്നായേനെ’ എന്നു ചിന്തിച്ചുപോകുന്നു. നിങ്ങളുടെ അഭിപ്രായമെന്താണ്? (g10-E 11)