വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മറ്റുള്ളവരെ അഭിനന്ദിക്കേണ്ടത്‌ എന്തുകൊണ്ട്‌?

മറ്റുള്ളവരെ അഭിനന്ദിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ബൈബിളിന്റെ വീക്ഷണം

മറ്റുള്ളവരെ അഭിനന്ദിക്കേണ്ടത്‌ എന്തുകൊണ്ട്‌?

തങ്ങൾ ചെയ്യുന്നതൊന്നും ആരും കാണുന്നില്ലല്ലോ എന്നു പരിതപിക്കുന്നവരാണ്‌ അനേകരും. ഉദാഹരണത്തിന്‌ തങ്ങളുടെ അധ്വാനത്തിന്‌ തൊഴിലുടമകൾ യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്ന്‌ ജോലിക്കാർക്ക്‌ പലപ്പോഴും തോന്നുന്നു. ഇണ തന്നെ അംഗീകരിക്കുന്നില്ലെന്നാണ്‌ മിക്ക ഭാര്യാഭർത്താക്കന്മാരുടെയും പരാതി. ഇനി ചില കുട്ടികളുടെ കാര്യമോ? ഒരിക്കലും അച്ഛനമ്മമാരുടെ പ്രതീക്ഷകൾക്കൊത്ത്‌ ഉയരാൻ സാധിക്കില്ലെന്ന്‌ അവർ ചിന്തിക്കുന്നു. ആവശ്യമായിരുന്ന അവസരങ്ങളിൽ മറ്റുള്ളവരെ അഭിനന്ദിക്കാൻ നമ്മൾ ആരും പിശുക്കു കാണിക്കാതിരുന്നെങ്കിൽ ഇത്തരത്തിലുള്ള പരാതികൾ ഒഴിവാക്കാമായിരുന്നു.

ആത്മാർഥമായ അഭിനന്ദനം ഇന്നത്തെ ലോകത്തിൽ അപൂർവമാണ്‌. ഇതിൽ ഒട്ടും അതിശയിക്കാനില്ല. കാരണം, ‘അന്ത്യകാലത്ത്‌ വിശേഷാൽ ദുഷ്‌കരമായ സമയങ്ങൾ വരും. മനുഷ്യർ സ്വസ്‌നേഹികളും നന്ദികെട്ടവരും’ ആയിരിക്കും എന്ന്‌ ബൈബിൾ പറഞ്ഞിട്ടുണ്ട്‌.—2 തിമൊഥെയൊസ്‌ 3:1, 2.

നിങ്ങളെ ആരെങ്കിലും ആത്മാർഥമായി അഭിനന്ദിച്ചിട്ടുണ്ടോ? എങ്കിൽ അത്‌ ഹൃദയത്തിന്‌ എത്ര ആനന്ദദായകവും ഉന്മേഷകരവും ആണെന്ന്‌ നിങ്ങൾക്ക്‌ അറിയാമായിരിക്കും. “തക്കസമയത്തു പറയുന്ന വാക്ക്‌ എത്ര മനോഹരം” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 15:23) മറ്റുള്ളവരോട്‌ ദയയോടെ ഇടപെടേണ്ടത്‌ എങ്ങനെയെന്നറിയാൻ വിശുദ്ധ തിരുവെഴുത്തുകൾ നമ്മെ സഹായിക്കും.

മറ്റുള്ളവരിലെ നന്മ കാണാൻ ശ്രമിക്കുക

ദൈവത്തിന്‌ നമ്മുടെ കാര്യത്തിൽ വളരെ താത്‌പര്യം ഉള്ളതിനാൽ നമ്മുടെ നല്ല ഗുണങ്ങളും പ്രവൃത്തികളും അവൻ കാണുകയും വിലമതിക്കുകയും ചെയ്യുന്നു. ബൈബിൾ ഇങ്ങനെ ഉറപ്പുനൽകുന്നു: “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.” (2 ദിനവൃത്താന്തം 16:9) ദൈവത്തിന്റെ നിയമങ്ങൾ അനുസരിച്ചുകൊണ്ട്‌ നാം അവനെ സ്‌നേഹിക്കുമ്പോൾ അവൻ അത്‌ വിലമതിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

നമ്മുടെ കുറവുകളല്ല യഹോവയാംദൈവം ശ്രദ്ധിക്കുന്നത്‌. അങ്ങനെയായിരുന്നെങ്കിൽ നമുക്ക്‌ ആർക്കും അവന്റെ മുമ്പാകെ നിൽക്കാൻ സാധിക്കുമായിരുന്നില്ല. (സങ്കീർത്തനം 130:3) ഖനിയിലെ കൽക്കൂമ്പാരത്തിനിടയിൽ അമൂല്യമായ രത്‌നങ്ങൾക്കുവേണ്ടി ക്ഷമയോടെ പരതുന്ന ഒരു ഖനിതാവിനെപ്പോലെയാണ്‌ യഹോവ. ഒരു രത്‌നക്കല്ല്‌ കണ്ടെത്തുമ്പോൾ ഖനിതാവ്‌ വളരെ സന്തോഷിക്കുന്നു. കണ്ടാൽ മൂല്യമുള്ളതായി തോന്നുകയില്ലെങ്കിലും മിനുക്കാത്ത ആ കല്ലിന്റെ യഥാർഥ വില അയാൾക്കറിയാം. സമാനമായി, നമ്മിലെ അമൂല്യമായ ഗുണങ്ങളാണ്‌ യഹോവ തിരയുന്നത്‌, അല്ലാതെ കുറവുകളല്ല. അവ കണ്ടെത്തുമ്പോൾ അവൻ അത്യധികം സന്തോഷിക്കുന്നു. ആ ഗുണങ്ങൾ ചെത്തിമിനുക്കിയെടുക്കുമ്പോൾ, നാം അവന്റെ വിശ്വസ്‌തനും അർപ്പിതനും ആയ ഒരു ആരാധകൻ ആയിത്തീരുമെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം; അമൂല്യമായ രത്‌നംപോലെ.

ദൈവത്തിന്റെ മാതൃക നമുക്കും അനുകരിക്കാം. മറ്റുള്ളവരെ നോക്കുമ്പോൾ അവരുടെ കുറവുകളായിരിക്കും ആദ്യം നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത്‌. പക്ഷേ യഹോവ നോക്കുന്നതുപോലെ നാം ആളുകളെ നോക്കുമ്പോൾ, അവരുടെ നല്ല ഗുണങ്ങളായിരിക്കും നാം അന്വേഷിക്കുക. (സങ്കീർത്തനം 103:8-11, 17, 18) അങ്ങനെ, മറ്റുള്ളവരുടെ നല്ല ഗുണങ്ങൾ കണ്ടെത്തുമ്പോൾ നമുക്ക്‌ അവരെ അഭിനന്ദിക്കാം. എന്തായിരിക്കും അതിന്റെ ഫലം? നമ്മുടെ വാക്കുകൾ അവർക്ക്‌ ഉന്മേഷം പകരും; ശരി ചെയ്യാൻ തുടർന്നും അവർ പരമാവധി ശ്രമിക്കും. നമുക്കാണെങ്കിൽ കൊടുക്കുന്നതിന്റെ സന്തോഷം ആസ്വദിക്കാനുമാകും.—പ്രവൃത്തികൾ 20:35.

സത്‌പ്രവൃത്തികൾ അംഗീകരിക്കുക

യേശു പലപ്പോഴും മറ്റുള്ളവരുടെ സത്‌ചെയ്‌തികൾ നിരീക്ഷിക്കുകയും പ്രശംസിക്കുകയും ചെയ്‌തു. ഒരിക്കൽ സൗഖ്യം പ്രതീക്ഷിച്ച്‌ രോഗിയായ ഒരു സ്‌ത്രീ ഭയപ്പെട്ടുകൊണ്ടാണെങ്കിലും രഹസ്യമായി യേശുവിന്റെ വസ്‌ത്രത്തിൽ തൊട്ടു. അവളെ അഭിനന്ദിച്ചുകൊണ്ട്‌ യേശു പറഞ്ഞു: “മകളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു.”—മർക്കോസ്‌ 5:34.

മറ്റൊരവസരത്തിൽ, യെരുശലേമിലെ ആലയത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കെ, ധനികരായ അനേകം ആളുകൾ ഭണ്ഡാരത്തിൽ പണം നിക്ഷേപിക്കുന്നത്‌ യേശു നിരീക്ഷിക്കുകയുണ്ടായി. അക്കൂട്ടത്തിൽ ദരിദ്രയായ ഒരു വിധവ “മൂല്യംകുറഞ്ഞ രണ്ടു ചെറുതുട്ടുകൾ” ഇടുന്നത്‌ അവന്റെ ശ്രദ്ധയിൽപ്പെട്ടു. മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യുമ്പോൾ അവളുടെ സംഭാവന വളരെ തുച്ഛമായിരുന്നു. എങ്കിലും അവളുടെ ആത്മാർഥതയെ പരസ്യമായി പ്രശംസിച്ചുകൊണ്ട്‌ യേശു പറഞ്ഞു: “ദരിദ്രയെങ്കിലും ഈ വിധവ മറ്റെല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. അവരെല്ലാം തങ്ങളുടെ വഴിപാടുകൾ ഇട്ടത്‌ അവരുടെ സമൃദ്ധിയിൽനിന്നത്രേ; ഇവളോ തന്റെ ഇല്ലായ്‌മയിൽനിന്ന്‌ തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും ഇട്ടിരിക്കുന്നു.”—ലൂക്കോസ്‌ 21:1-4.

നമുക്ക്‌ എങ്ങനെ യേശുവിനെ മാതൃകയാക്കാം? ഉത്തരം ബൈബിളിലുണ്ട്‌: “നന്മ ചെയ്‌വാൻ നിനക്കു പ്രാപ്‌തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുത്‌.”—സദൃശവാക്യങ്ങൾ 3:27.

അഭിനന്ദനത്തിന്റെ ശക്തി ചെറുതല്ല!

നന്ദികെട്ട ഒരു ലോകത്തിലാണ്‌ ജീവിക്കുന്നതെങ്കിലും മറ്റുള്ളവരുടെ സ്‌നേഹവും അംഗീകാരവും കൊതിക്കുന്നവരാണ്‌ നാമെല്ലാം. നമ്മുടെ ആത്മാർഥമായ അഭിനന്ദനം മറ്റുള്ളവരെ ബലപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. നാം മറ്റുള്ളവരെ അകമഴിഞ്ഞ്‌ അഭിനന്ദിക്കുമ്പോൾ സത്‌ചെയ്‌തികളിൽ തുടരാൻ അവർക്ക്‌ അത്‌ പ്രചോദനമേകും.—സദൃശവാക്യങ്ങൾ 31:28, 29.

എല്ലാ ക്രിസ്‌ത്യാനികളെയും ബൈബിൾ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കാൻ തക്കവിധം നമുക്കു പരസ്‌പരം കരുതൽ കാണിക്കാം.” (എബ്രായർ 10:24) എല്ലാവരും മറ്റുള്ളവരിൽ ആത്മാർഥ താത്‌പര്യം കാണിക്കുകയും മറ്റുള്ളവരുടെ സത്‌ചെയ്‌തികൾ അംഗീകരിക്കുകയും അവരിലെ നന്മ കാണാൻ ശ്രമിക്കുകയും ചെയ്‌തിരുന്നെങ്കിൽ ഈ ലോകത്തിന്റെ അവസ്ഥ എത്ര മെച്ചമായിരുന്നേനെ. അഭിനന്ദനത്തിന്റെ ശക്തി ചെറുതല്ല! (g12-E 04)

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

● മറ്റുള്ളവരുടെ സത്‌ചെയ്‌തികളെ നാം അഭിനന്ദിക്കേണ്ടത്‌ എന്തുകൊണ്ട്‌?—സദൃശവാക്യങ്ങൾ 15:23.

● യഹോവ നമ്മെ ശോധനചെയ്യുമ്പോൾ എന്താണ്‌ അവൻ ശ്രദ്ധിക്കുന്നത്‌?—2 ദിനവൃത്താന്തം 16:9.

● നാം മറ്റുള്ളവരെ അഭിനന്ദിക്കേണ്ടത്‌ എപ്പോഴാണ്‌?—സദൃശവാക്യങ്ങൾ 3:27.

[21-ാം പേജിലെ ചിത്രം]

മറ്റുള്ളവരുടെ സത്‌ചെയ്‌തികൾ നിങ്ങൾ ശ്രദ്ധിക്കുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ടോ?