വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

3. പാകം ചെയ്യുമ്പോഴും മിച്ചം വരുന്നത്‌ എടുത്തുവെക്കുമ്പോഴും

3. പാകം ചെയ്യുമ്പോഴും മിച്ചം വരുന്നത്‌ എടുത്തുവെക്കുമ്പോഴും

3. പാകം ചെയ്യുമ്പോഴും മിച്ചം വരുന്നത്‌ എടുത്തുവെക്കുമ്പോഴും

പുരാതനകാലത്ത്‌ ഇസ്രായേലിൽ നടന്ന ഒരു സംഭവം നോക്കൂ. ശ്രദ്ധയില്ലാത്ത ഒരു പാചകക്കാരൻ വിഷക്കനിയാണെന്ന്‌ അറിയാതെ കുറച്ച്‌ കാട്ടുകനികൾ പറിച്ചുകൊണ്ടുവന്ന്‌ പായസക്കലത്തിൽ ഇട്ടു. കഴിച്ചവർക്കെല്ലാം അതു വിഷമാണെന്നു തോന്നി. “കലത്തിൽ മരണം,” അവർ ഉച്ചത്തിൽ നിലവിളിച്ചു.​—⁠2 രാജാക്കന്മാർ 4:​38-41.

ഈ അനുഭവം ഒരു കാര്യം വ്യക്തമാക്കുന്നു. അശ്രദ്ധമായി ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചാൽ അത്‌ ആരോഗ്യം നശിപ്പിച്ചേക്കാം, എന്തിന്‌ മരണംപോലും സംഭവിച്ചേക്കാം. അതുകൊണ്ട്‌ ഭക്ഷ്യജന്യരോഗങ്ങളിൽനിന്ന്‌ ഒഴിഞ്ഞിരിക്കാൻ ആഹാരം ശ്രദ്ധാപൂർവം പാകം ചെയ്യുക; മിച്ചം വരുന്നത്‌ കേടാകാത്തവിധം സൂക്ഷിക്കുക. താഴെപ്പറയുന്ന നാലുനിർദേശങ്ങൾ ഒന്ന്‌ പിൻപറ്റി നോക്കൂ:

ഫ്രീസറിൽനിന്ന്‌ എടുത്ത മാംസം മൃദുവാകാൻ അന്തരീക്ഷ ഊഷ്‌മാവിൽ വെക്കരുത്‌

യു. എസ്‌. കാർഷിക ഡിപ്പാർട്ടുമെന്റ്‌ പറയുന്നത്‌ ഇങ്ങനെയാണ്‌: “(ഫ്രീസറിൽനിന്ന്‌ പുറത്തെടുത്തു വെച്ച മാംസത്തിന്റെ) ഉൾഭാഗം തണുത്ത്‌ ഉറഞ്ഞിരിക്കുമ്പോഴും പുറംഭാഗം 40°F-നും (4°C) 140°F-നും (60°C) ഇടയ്‌ക്കുള്ള ‘അപകടമേഖല’യിലായിരിക്കും. ബാക്‌ടീരിയ ത്വരിതഗതിയിൽ പെരുകാൻ പറ്റിയ ഊഷ്‌മാവാണ്‌ ഇത്‌.” അതുകൊണ്ട്‌ മാംസം മൃദുവാകുന്നതിനായി അന്തരീക്ഷ ഊഷ്‌മാവിൽ വെക്കുന്നതിനു പകരം ഫ്രിഡ്‌ജിലെ തണുപ്പുകുറഞ്ഞ ഭാഗത്തോ മൈക്രോവേവിലോ വെക്കുക. അല്ലെങ്കിൽ വെള്ളം കടക്കാത്തവിധം നന്നായി പൊതിഞ്ഞ്‌ തണുത്ത വെള്ളത്തിൽ മുക്കിവെക്കുക.

നന്നായി വേവിക്കുക

“ഭക്ഷണം നന്നായി വേവിക്കുന്നെങ്കിൽ അപകടകാരികളായ മിക്ക സൂക്ഷ്‌മാണുക്കളെയും ഇല്ലാതാക്കാൻ കഴിയും,” ലോകാരോഗ്യ സംഘടന പറയുന്നു. ഭക്ഷണം പാകം ചെയ്യുമ്പോൾ, വിശേഷിച്ച്‌ ചിലതരം സൂപ്പും കറികളും ഉണ്ടാക്കുമ്പോൾ താപനില 70 ഡിഗ്രി സെൽഷ്യസ്‌ എങ്കിലും എത്തിയിട്ടുണ്ടെന്ന്‌ ഉറപ്പാക്കുക. * മാംസം പോലുള്ള ചില ഭക്ഷണസാധനങ്ങൾ നന്നായി വെന്തിട്ടുണ്ടോയെന്ന്‌ അറിയാൻ ചിലയിടങ്ങളിൽ ഒരുതരം തെർമോമീറ്റർ ഉപയോഗിക്കുന്നു. സ്‌പൂണോ മറ്റോ ഉപയോഗിച്ച്‌ കുത്തിയോ മുറിച്ചോ നോക്കുകയും ചെയ്യാം.

പാകം ചെയ്‌ത്‌ അധികം താമസിയാതെ വിളമ്പുക

പാകം ചെയ്‌ത ഭക്ഷണം സാധാരണ ഊഷ്‌മാവിൽ ഏറെ നേരം വെക്കരുത്‌; എത്രയും വേഗം കഴിക്കുക. അല്ലെങ്കിൽ കേടാകാൻ സാധ്യതയുണ്ട്‌. തണുപ്പിച്ച്‌ കഴിക്കേണ്ട ഭക്ഷണം തണുപ്പിച്ചുതന്നെ കഴിക്കുക, ചൂടോടെ കഴിക്കേണ്ടത്‌ അങ്ങനെയും. മാംസത്തിന്റെ ചൂട്‌ ആറാതിരിക്കാൻ മൈക്രോവേവിന്റെ താപനില ഏതാണ്ട്‌ 93 ഡിഗ്രി സെൽഷ്യസ്‌ ആക്കി വെക്കാവുന്നതാണ്‌.

മിച്ചം വരുന്നത്‌ കേടാകാതെ നോക്കുക

പോളണ്ടിലുള്ള അനിറ്റ എന്ന വീട്ടമ്മ പാകം ചെയ്‌ത ഉടനെതന്നെ ഭക്ഷണം വിളമ്പാൻ നോക്കാറുണ്ട്‌. എന്നാൽ മിച്ചം വന്നാലോ? അവർ പറയുന്നു: “ബാക്കിവരുന്നത്‌ ഒട്ടും വൈകാതെതന്നെ ഫ്രീസറിൽ വെക്കും; ചെറിയ പാത്രങ്ങളിലാക്കിയാണ്‌ ഞാൻ വെക്കുക. പിന്നീട്‌ ആവശ്യാനുസരണം അതിന്റെ തണുപ്പ്‌ മാറ്റിയെടുത്ത്‌ ഉപയോഗിക്കാൻ എളുപ്പമാണ്‌.” ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്ന ആഹാരം മൂന്നുനാല്‌ ദിവസത്തിനുള്ളിൽത്തന്നെ ഉപയോഗിക്കുക.

ഹോട്ടലിൽനിന്നാണ്‌ നിങ്ങൾ ആഹാരം കഴിക്കുന്നതെങ്കിൽ മേൽപ്പറഞ്ഞ കാര്യങ്ങളൊന്നും പാലിക്കാൻ പറ്റുകയില്ല. കാരണം മറ്റാരെങ്കിലും ആണല്ലോ അത്‌ ഉണ്ടാക്കുന്നത്‌. അത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യം എങ്ങനെ ഉറപ്പാക്കാം? (g12-E 06)

[അടിക്കുറിപ്പ്‌]

^ ഖ. 7 കോഴിയിറച്ചിപോലുള്ള ഭക്ഷ്യവസ്‌തുക്കൾ ഉയർന്ന ഊഷ്‌മാവിൽ പാകം ചെയ്യേണ്ടതാണ്‌.

[6-ാം പേജിലെ ചതുരം]

കുട്ടികളെ പഠിപ്പിക്കുക: “കുട്ടികളാണ്‌ ആഹാരം ഒരുക്കുന്നതെങ്കിൽ ഭക്ഷണപ്പായ്‌ക്കറ്റിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ വായിച്ചുനോക്കാനും അതുപോലെ ചെയ്യാനും ഞങ്ങൾ അവരെ ഓർമപ്പെടുത്താറുണ്ട്‌.”​—⁠യൂക്‌ ലിൻ, ഹോങ്‌കോങ