വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിന്റെ വീക്ഷണം

ദൈവത്തെക്കുറിച്ചുള്ള സത്യം

ദൈവത്തെക്കുറിച്ചുള്ള സത്യം

ദൈവത്തിന്‌ എങ്ങനെയുള്ള ഒരു ശരീരമാണുള്ളത്‌?

“ദൈവം ആത്മാവ്‌ ആകുന്നു.” —യോഹന്നാൻ 4:24.

ബൈബിൾ പറയുന്നത്‌ ദൈവം ഒരു ആത്മവ്യക്തിയാണെന്നു ബൈബിൾ പറയുന്നു. (2 കൊരിന്ത്യർ 3:17)

അവൻ നമ്മെക്കാൾ വളരെ ഉന്നതനാണ്‌. നമ്മുടെ ഇന്ദ്രിയങ്ങളാൽ ഗ്രഹിക്കാൻ കഴിയാത്തവനാണ്‌ അവൻ. അവൻ “നിത്യരാജാവും അക്ഷയനും അദൃശ്യനു”മാണെന്നു 1 തിമൊഥെയൊസ്‌ 1:17 പറയുന്നു. “ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല” എന്നും ബൈബിൾ പറയുന്നു.—1 യോഹന്നാൻ 4:12.

കാഴ്‌ചയ്‌ക്ക്‌ എങ്ങനെയുള്ളവനാണെന്നു സങ്കൽപ്പിക്കാൻപോലും കഴിയാത്തത്ര ഉന്നതനാണു നമ്മുടെ സ്രഷ്ടാവ്‌. യെശയ്യാവു 40:18 പറയുന്നു: “നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും?” സർവശക്തനായ ദൈവത്തോടുള്ള താരതമ്യത്തിൽ പ്രശാന്തഗംഭീരമായ ആകാശംപോലും ഏതുമില്ല.—യെശയ്യാവു 40:22, 26.

എന്നിരുന്നാലും, ദൈവത്തെ കാണാനും അവനോടു മുഖാമുഖം സംസാരിക്കാനും കഴിയുന്ന ബുദ്ധിശക്തിയുള്ള സൃഷ്ടികളുണ്ട്‌. ആരാണ്‌ അവർ? സ്വർഗത്തിൽ ജീവിക്കുന്ന ആത്മവ്യക്തികൾ. (1 രാജാക്കന്മാർ 22:21; എബ്രായർ 1:7) ദൂതന്മാരെന്നു വിളിക്കപ്പെടുന്ന ഈ അമാനുഷവ്യക്തികളെക്കുറിച്ച്‌ യേശുക്രിസ്‌തു പറഞ്ഞു: “സ്വർഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു.”—മത്തായി 18:10.

ദൈവം സർവവ്യാപിയാണോ?

‘നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുവിൻ: “‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ.’”’—മത്തായി 6:9.

ബൈബിൾ പറയുന്നത്‌ ദൈവം സർവവ്യാപിയാണെന്നു ബൈബിൾ പഠിപ്പിക്കുന്നില്ല.

അതായത്‌, അവൻ വ്യക്തിത്വമില്ലാത്ത ശക്തിപോലെ എല്ലാ സമയത്തും എല്ലാ സ്ഥലത്തും സാന്നിധ്യവാനാണെന്നും പറയുന്നില്ല. പകരം മത്തായി 6:9; 18:10-ലെ യേശുവിന്റെ “പിതാവേ” എന്ന അഭിസംബോധന അവൻ ഒരു വ്യക്തിയാണെന്നു കാണിക്കുന്നു. കൂടാതെ അവൻ “വാസസ്ഥലമായ സ്വർഗ്ഗത്തിൽ” വസിക്കുന്നു എന്നും ബൈബിൾ പഠിപ്പിക്കുന്നു.—1 രാജാക്കന്മാർ 8:43.

“ഇതാ, ഞാൻ ലോകം വിട്ട്‌ പിതാവിന്റെ അടുക്കലേക്കു മടങ്ങിപ്പോകുന്നു” എന്നു തന്റെ ഭൗമികജിവിതത്തിന്റെ അവസാനത്തോടടുത്ത്‌ യേശു പറഞ്ഞു. (യോഹന്നാൻ 16:28) അവൻ ജഡത്തിൽ മരിക്കുകയും ആത്മാവായി പുനരുത്ഥാനം പ്രാപിച്ച്‌ “ദൈവമുമ്പാകെ സന്നിഹിതനാകാൻ സ്വർഗത്തിലേക്കുതന്നെയാണു പ്രവേശിച്ചത്‌.”—എബ്രായർ 9:24.

ദൈവത്തെക്കുറിച്ചുള്ള ഈ വസ്‌തുതകൾ പ്രാധാന്യം അർഹിക്കുന്നത്‌ എന്തുകൊണ്ട്‌? ഒന്നാമതായി, ദൈവം ഒരു വ്യക്തിയായതിനാൽ നമുക്ക്‌ അവനെക്കുറിച്ചു പഠിക്കാനും അവനോട്‌ അടുത്തുചെല്ലാനും കഴിയും. (യാക്കോബ്‌ 4:8) രണ്ടാമതായി, പ്രതിമകളും വസ്‌തുക്കളും പോലുള്ളവയെ ആരാധിക്കുന്നതിൽനിന്ന്‌—വ്യാജാരാധനയിൽനിന്ന്‌—ദൈവത്തെക്കുറിച്ചുള്ള സത്യം നമ്മെ സംരക്ഷിക്കും. “കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളിൽനിന്ന്‌ അകന്നുസൂക്ഷിച്ചുകൊള്ളുവിൻ” എന്ന്‌ 1 യോഹന്നാൻ 5:21 പറയുന്നു.

എങ്ങനെയാണു ദൈവത്തിന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചത്‌?

“ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.”—ഉല്‌പത്തി 1:27.

ബൈബിൾ പറയുന്നത്‌ മനുഷ്യരെന്ന നിലയിൽ ദൈവത്തിന്റെ വ്യക്തിത്വഗുണങ്ങളായ സനേഹം, നീതി, ജ്ഞാനം എന്നിവ പ്രതിഫലിപ്പിക്കാനുള്ള കഴിവു നമുക്കുണ്ട്‌.

ബൈബിൾ പറയുന്നു: “പ്രിയമക്കളായി ദൈവത്തെ അനുകരിക്കുവിൻ. . . . നിങ്ങളും സ്‌നേഹത്തിൽ ജീവിക്കുവിൻ.”—എഫെസ്യർ 5:1, 2.

സ്വതന്ത്രയിച്ഛാശക്തിയെന്ന ദിവ്യദാനവും നമുക്കു നൽകിയിരിക്കുന്നു. ഈ കഴിവുള്ളതിനാൽ ശരിയേത്‌ തെറ്റേത്‌ എന്നു തിരിച്ചറിയാനും ശരിയായതു തിരഞ്ഞെടുക്കാനും വ്യത്യസ്‌തവിധങ്ങളിൽ മറ്റുള്ളവരോടു സ്‌നേഹം പ്രകടമാക്കാനും നമുക്കു സാധിക്കുന്നു. (1 കൊരിന്ത്യർ 13:4-7) ചുറ്റുമുള്ള ലോകം കണ്ട്‌ അത്ഭുതംകൂറാനും അവയിലെ സൗന്ദര്യം ആസ്വദിക്കാനും പുതിയപുതിയ കാര്യങ്ങൾ കണ്ടുപിടിക്കാനും ആവിഷ്‌കരിക്കാനും ഉള്ള കഴിവു നമുക്കുണ്ട്‌. സർവോപരി, നമ്മുടെ ആത്മീയാവശ്യത്തെക്കുറിച്ചു നാം ബോധവാന്മാരാണ്‌. സ്രഷ്ടാവിനെയും അവന്റെ ഇഷ്ടത്തെയും കുറിച്ചു പഠിക്കുന്നതിനുള്ള ആഗ്രഹം ജന്മനാ നമുക്കു ലഭിച്ചിരിക്കുന്നു.—മത്തായി 5:3.

ബൈബിൾസത്യത്തിനു നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും? ദൈവത്തെക്കുറിച്ച്‌ നാം എത്രയധികം പഠിക്കുകയും അവനെ അനുകരിക്കുകയും ചെയ്യുന്നുവോ അത്രയധികം അവൻ ആഗ്രഹിക്കുന്ന വിധത്തിൽ നമുക്കു ജീവിക്കാൻ കഴിയും. അതിന്റെ ഫലമായി നമുക്കു വളരെ സന്തുഷ്ടിയും അതോടൊപ്പം യഥാർഥസംതൃപ്‌തിയും ആന്തരികസമാധാനവും ലഭിക്കും. (യെശയ്യാവു 48:17, 18) അതെ, മനുഷ്യഹൃദയത്തിൽ ദൈവത്തിന്റെ വിശിഷ്ടഗുണങ്ങളുള്ളതുകൊണ്ട്‌ ആത്മാർഥഹൃദയരായ ആളുകൾ അവനിലേക്ക്‌ ആകർഷിക്കപ്പെടുകയും അത്‌ അവരെ നിത്യജീവന്റെ പാതയിലേക്കു നയിക്കുകയും ചെയ്യുമെന്നു ദൈവം അറിയുന്നു.—യോഹന്നാൻ 6:44; 17:3.