ആർത്തവവിരാമത്തിന്റെ വെല്ലുവിളികളെ തരണം ചെയ്യൽ
“കാരണമൊന്നുമില്ലായിരുന്നു; പെട്ടെന്നാണു ഞാൻ നിരാശയിലാണ്ടുപോയത്. എനിക്കു ഭ്രാന്തുപിടിക്കുകയാണോ എന്നു ചിന്തിച്ചു ഞാൻ കരഞ്ഞു.”—റിബേക്ക, * 50 വയസ്സ്.
“രാവിലെ എഴുന്നേൽക്കുമ്പോൾ വീട് ആകെ അലങ്കോലമായി കിടക്കുന്നതായി നിങ്ങൾ കാണുന്നു. നിങ്ങളുടെ പല സാധനങ്ങളും കണ്ടെത്താനാകുന്നില്ല. വർഷങ്ങളായി നിങ്ങൾ അനായാസം ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ ഇപ്പോൾ ബുദ്ധിമുട്ടേറിയതായിത്തീർന്നിരിക്കുന്നു.”—ഹെലൻ, 55 വയസ്സ്.
ഈ സ്ത്രീകളൊന്നും രോഗികളല്ല. പകരം അവർ ആർത്തവവിരാമത്തിന്റെ മാറ്റങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. ഇത് സ്ത്രീകളുടെ ജീവിതത്തിൽ വരുന്ന ഒരു സ്വാഭാവികമാറ്റമാണ്. അത് അവളുടെ സന്താനോത്പാദനത്തിന്റെ അവസാനത്തെ കുറിക്കുന്നു. നിങ്ങളൊരു സ്ത്രീയാണെങ്കിൽ, ജീവിതത്തിന്റെ ഈ ഘട്ടത്തോടു നിങ്ങൾ അടുത്തുകൊണ്ടിരിക്കുകയാണോ? അതോ ഈ ഘട്ടത്തിലൂടെ കടന്നുപോകുകയാണോ? സാഹചര്യം എന്തുതന്നെയായിരുന്നാലും ഈ മാറ്റത്തെക്കുറിച്ചു നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും എത്ര നന്നായി അറിയാമോ അത്ര നന്നായി നിങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ അഭിമുഖീകരിക്കാൻ സാധിക്കും.
മാറ്റങ്ങളുടെ ഒരു കാലഘട്ടം
പെരിമെനോപോസ് എന്നും അറിയപ്പെടുന്ന ആർത്തവവിരാമത്തിന്റെ ഘട്ടത്തിൽ, ആർത്തവവിരാമത്തിനു തൊട്ടു മുമ്പുള്ള കാലവും ആർത്തവവിരാമവും ഉൾപ്പെടുന്നു. * എന്നിരുന്നാലും സാധാരണഗതിയിൽ “ആർത്തവവിരാമം” മിക്കപ്പോഴും ആ മുഴുകാലഘട്ടത്തെയുമാണ് കുറിക്കുന്നത്.
മിക്ക സ്ത്രീകൾക്കും അവരുടെ 40-കളിൽ ആർത്തവവിരാമകാലം തുടങ്ങുന്നു. എന്നാൽ മറ്റു ചിലർക്ക് വളരെ വൈകിയായിരിക്കാം തുടങ്ങുന്നത്, ചിലപ്പോൾ അവരുടെ 60-കളിൽ. എന്നാൽ മിക്ക സാഹചര്യങ്ങളിലും ആർത്തവം സാവധാനമായിരിക്കും നിലയ്ക്കുന്നത്. ഹോർമോണുകളുടെ സമതുലനാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം ഒരു സ്ത്രീയുടെ ആർത്തവം ക്രമം തെറ്റി വരികയോ അപ്രതീക്ഷിതമായി വരികയോ അല്ലെങ്കിൽ സാധാരണയിൽ കവിഞ്ഞ രക്തസ്രാവം ഉണ്ടാകുകയോ ചെയ്തേക്കാം. ഒരു ചെറിയ കൂട്ടം സ്ത്രീകൾക്ക് ആർത്തവം ഒറ്റ രാത്രികൊണ്ടെന്നപോലെ പെട്ടെന്നു നിലയ്ക്കുന്നു.
“ഓരോ സ്ത്രീയുടെയും ആർത്തവാനുഭവം വ്യത്യസ്തമാണ്” എന്ന് ആർത്തവവിരാമം-ഒരു ഗൈഡ്ബുക്ക് (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. അത് ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു: “ആർത്തവവിരാമവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ അസ്വസ്ഥത ഉഷ്ണവും പുകച്ചിലും ആണ്. അതേത്തുടർന്ന് പലർക്കും കുളിരും ഉണ്ടാകാറുണ്ട്.” ഈ ലക്ഷണങ്ങൾ ഉറക്കം തടസ്സപ്പെടുത്തുന്നതിനും ഊർജം ചോർന്നുപോകുന്നതിനും ഇടയാക്കുന്നു. ഈ അസ്വസ്ഥതകൾ എത്ര കാലം നീണ്ടുനിൽക്കും? ആർത്തവവിരാമം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച് “ചില സ്ത്രീകൾക്ക് ആർത്തവവിരാമകാലത്തോട് അനുബന്ധിച്ച് ഒന്നോ രണ്ടോ വർഷത്തേക്കു വല്ലപ്പോഴുമൊക്കെ പുകച്ചിലും ഉഷ്ണവും അനുഭവപ്പെട്ടേക്കാം. എന്നാൽ മറ്റു ചിലർക്ക് ഇത് അനേകം വർഷങ്ങൾ സഹിക്കേണ്ടിവരുന്നു. ഇനിയും ചെറിയൊരു ശതമാനം പേർ അഭിപ്രായപ്പെടുന്നത് അവരുടെ തുടർന്നുള്ള ജീവിതത്തിൽ വല്ലപ്പോഴും മാത്രമേ പുകച്ചിൽ അനുഭവപ്പെടുന്നുള്ളൂ എന്നാണ്.” *
ഹോർമോണുകളുടെ വ്യതിയാനത്താലുണ്ടാകുന്ന മാറ്റങ്ങൾ കാരണം ഒരു സ്ത്രീക്ക് വിഷാദമോ വൈകാരികമായ ഏറ്റക്കുറച്ചിലുകളോ ഉണ്ടായേക്കാം. അത് വെറുതെ ഇരുന്നു കരയുന്നതിലേക്കും മറവിയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടിലേക്കും കൊണ്ടെത്തിക്കുന്നു. ആർത്തവവിരാമം എന്ന പുസ്തകം പറയുന്നു: “ഈ ലക്ഷണങ്ങളെല്ലാം ഒരു സ്ത്രീയിൽത്തന്നെ കാണാനുള്ള സാധ്യത വളരെ കുറവാണ്.” ചിലർക്കു കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരിക്കില്ല.
എങ്ങനെ പൊരുത്തപ്പെടാം?
ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾക്കുപോലും ചില അസ്വസ്ഥതകൾ കുറയ്ക്കാനായേക്കും. ഉദാഹരണത്തിന്, പുകവലി ശീലമാക്കിയിരിക്കുന്ന സ്ത്രീകൾക്ക് അത് ഒഴിവാക്കിക്കൊണ്ട് പുകച്ചിലുണ്ടാകുന്നതിന്റെ തീവ്രത കുറയ്ക്കാനാകും. ആഹാരക്രമത്തിൽ മാറ്റം വരുത്തുന്നതും സഹായകമായേക്കാം. മദ്യം, കാപ്പി, എരിവോ മധുരമോ ധാരാളമുള്ള ഭക്ഷണപദാർഥങ്ങൾ എന്നിവ പുകച്ചിലുണ്ടാക്കിയേക്കാം. അവയുടെ ഉപയോഗം കുറയ്ക്കുകയോ നിറുത്തുകയോ ചെയ്യുന്നത് പല സ്ത്രീകൾക്കും പ്രയോജനം ചെയ്യുന്നു. നന്നായി ആഹാരം കഴിക്കുക. അതായത് സമീകൃതവും വൈവിധ്യമാർന്നതും ആയ ഒരു ആഹാരക്രമമുണ്ടായിരിക്കുന്നത് അങ്ങേയറ്റം പ്രധാനമാണ്.
വ്യായാമത്തിന് ആർത്തവവിരാമലക്ഷണങ്ങൾ കുറയ്ക്കുന്നതിൽ ഒരു വലിയ പങ്കുവഹിക്കാനാകും. ഉദാഹരണത്തിന്, ഉറക്കമില്ലായ്മ കുറയ്ക്കാനും വൈകാരികവ്യതിയാനങ്ങളിൽ പ്രകടമായ മാറ്റങ്ങൾ വരുത്താനും അസ്ഥികളെ ബലപ്പെടുത്താനും പൊതുവെയുള്ള ആരോഗ്യം മെച്ചപ്പെടുത്താനും വ്യായാമത്തിലൂടെ സാധിക്കും. *
തുറന്ന ആശയവിനിമയം നടത്തുക
“നിശ്ശബ്ദമായി എല്ലാം സഹിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ ഉറ്റവരുമായി തുറന്ന് സംസാരിക്കുകയാണെങ്കിൽ നിങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെപ്രതി അവർ അത്ര അസ്വസ്ഥരാകുകയില്ല” എന്നു മുകളിൽ പരാമർശിച്ച റിബേക്ക പറയുന്നു. വാസ്തവത്തിൽ അവർ കൂടുതൽ ക്ഷമയും സഹാനുഭൂതിയും കാണിച്ചേക്കാം. “സ്നേഹം ദീർഘക്ഷമയും ദയയുമുള്ളത്” എന്ന് 1 കൊരിന്ത്യർ 13:4 പറയുന്നു.
തങ്ങളുടെ പ്രത്യുത്പാദനശേഷി നഷ്ടപ്പെട്ടവരുൾപ്പെടെ അനേകം സ്ത്രീകൾ പ്രാർഥനയിൽനിന്നു പ്രയോജനം നേടുന്നു. “നമ്മുടെ കഷ്ടതകളിലൊക്കെയും (ദൈവം) നമ്മെ ആശ്വസിപ്പിക്കുന്നു” എന്നു ബൈബിൾ നമുക്ക് ഉറപ്പു നൽകുന്നു. (2 കൊരിന്ത്യർ 1:4) ആർത്തവവിരാമമാറ്റങ്ങൾ താത്കാലികം മാത്രമാണെന്ന അറിവും ആശ്വാസദായകമാണ്. തങ്ങളുടെ ആരോഗ്യത്തിനു നല്ല ശ്രദ്ധ നൽകുന്ന സ്ത്രീകൾക്കു തുടർന്നും പുതുവീര്യം ആർജിക്കുന്നതിനും ഊർജസ്വലരായിരിക്കുന്നതിനും അനേകവർഷങ്ങൾ സാധാരണജീവിതം നയിക്കുന്നതിനും കഴിയും. ▪ (g13-E 11)
^ ഖ. 2 പേരുകൾ മാറ്റിയിരിക്കുന്നു.
^ ഖ. 6 12 മാസം തുടർച്ചയായി ഒരു സ്ത്രീക്ക് ആർത്തവം വന്നിട്ടില്ലെങ്കിൽ അവൾക്ക് ആർത്തവവിരാമമായെന്നു ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
^ ഖ. 8 തൈറോയ്ഡ് സംബന്ധമായ അസുഖങ്ങളോ ചില ചികിത്സാരീതികളോ പുകച്ചിലിനു കാരണമായേക്കാം. പുകച്ചിൽ ആർത്തവവിരാമവുമായി അനുബന്ധിച്ചുണ്ടായതാണ് എന്ന നിഗമനത്തിലെത്തുന്നതിനു മുമ്പ് മേൽപ്പറഞ്ഞ കാരണങ്ങളാലല്ല എന്ന് ഉറപ്പുവരുത്താവുന്നതാണ്.
^ ഖ. 12 ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്നവർക്ക് അതുമായി മെച്ചമായ വിധത്തിൽ പൊരുത്തപ്പെടാൻ ഹോർമോണുകൾ, പോഷകവർധകങ്ങൾ, വിഷാദരോഗത്തിനുള്ള മരുന്നുകൾ എന്നിവപോലുള്ള ഉത്പന്നങ്ങൾ ഡോക്ടർമാർ നിർദേശിച്ചേക്കാം. ഉണരുക! ഏതെങ്കിലും പ്രത്യേക ഉത്പന്നമോ ചികിത്സയോ ശുപാർശ ചെയ്യുന്നില്ല.