അഭിമുഖം | ഗിയർമോ പെരെസ്
ഒരു ശസ്ത്രക്രിയാവിദഗ്ധൻ തന്റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു
ഡോ. ഗിയർമോ പെരെസ് ഈയടുത്താണ് ശസ്ത്രക്രിയാവിഭാഗത്തിന്റെ മേധാവി എന്നനിലയിൽ ജോലിയിൽനിന്നു വിരമിച്ചത്. 700 പേരെ കിടത്തി ചികിത്സിക്കാവുന്ന സൗത്ത് ആഫ്രിക്കയിലെ ഒരു ആശുപത്രിയിലായിരുന്നു അദ്ദേഹം ജോലിചെയ്തിരുന്നത്. വർഷങ്ങളോളം അദ്ദേഹം പരിണാമത്തിൽ വിശ്വസിച്ചിരുന്നു. എന്നാൽ പിന്നീട്, ദൈവമാണ് മനുഷ്യശരീരം രൂപകല്പന ചെയ്തതെന്നു അദ്ദേഹത്തിനു ബോധ്യപ്പെട്ടു. അദ്ദേഹത്തിന്റെ വിശ്വാസത്തെക്കുറിച്ച് ഉണരുക! ചോദിച്ചറിയുകയുണ്ടായി.
താങ്കൾ ഒരുകാലത്ത് പരിണാമത്തിൽ വിശ്വസിച്ചിരുന്നതിന്റെ കാരണം പറയാമോ?
കത്തോലിക്കനായിട്ടാണ് ഞാൻ വളർന്നതെങ്കിലും എനിക്കു ദൈവത്തെക്കുറിച്ചു ചില സംശയങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന്, ആളുകളെ നരകത്തിൽ ഇട്ടു ദണ്ഡിപ്പിക്കുന്ന ഒരു ദൈവത്തിൽ എനിക്കു വിശ്വസിക്കാനായില്ല. അതുകൊണ്ട് ജീവനുള്ള വസ്തുക്കൾ ദൈവത്തിന്റെ സൃഷ്ടിയല്ല പകരം അവ പരിണമിച്ചു വന്നതാണ് എന്ന് എന്റെ സർവകലാശാലാ അധ്യാപകർ പഠിപ്പിച്ചപ്പോൾ എനിക്ക് അതു സ്വീകാര്യമായി തോന്നി. അതിനെ പിന്തുണയ്ക്കാൻ തെളിവുകളുണ്ടെന്നാണ് ഞാൻ ധരിച്ചിരുന്നത്. എന്റെ സഭയും പരിണാമവിശ്വാസം അംഗീകരിച്ചിരുന്നു. ദൈവം പരിണാമത്തിലൂടെയാണ് സൃഷ്ടിക്രിയകൾ നടത്തിയതെന്നാണ് അവർ പഠിപ്പിച്ചിരുന്നത്.
ബൈബിളിൽ താത്പര്യം ഉണർത്തിയത് എന്താണ്?
എന്റെ ഭാര്യ സൂസാൻ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. ഒരു തീനരകത്തിൽ * ദൈവം ആളുകളെ ദണ്ഡിപ്പിക്കുന്നില്ലെന്നും, കൂടാതെ ഭൂമി ഒരു പറുദീസയാക്കി * മാറ്റുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ചും അവർ അവളെ കാണിച്ചു. ഈ പഠിപ്പിക്കലുകൾ യുക്തിസഹമാണല്ലോ എന്ന് ഞങ്ങൾക്കു തോന്നി. തുടർന്ന്, 1989-ൽ യഹോവയുടെ സാക്ഷികളിൽ ഒരാളായ നിക്ക് എന്നെ സന്ദർശിക്കാൻ തുടങ്ങി. മനുഷ്യശരീരത്തെയും അതിന്റെ ഉത്ഭവത്തെയും കുറിച്ചുള്ള ഒരു ചർച്ചയിൽ, “ഏതു ഭവനവും നിർമിക്കാൻ ഒരാൾ വേണം; സകലവും നിർമിച്ചവനോ ദൈവംതന്നെ” എന്ന എബ്രായർ 3:4-ലെ വാക്കുകളിലുള്ള ലളിതമായ യുക്തി എന്നിൽ മതിപ്പുളവാക്കി.
മനുഷ്യശരീരം സംബന്ധിച്ച പഠനം സൃഷ്ടിയിൽ വിശ്വസിക്കാൻ താങ്കളെ സഹായിച്ചോ?
തീർച്ചയായും. ഉദാഹരണത്തിന്, മനുഷ്യശരീരം സ്വയം കേടുപോക്കുന്ന വിധം കാണിക്കുന്നത് അത് ശ്രദ്ധാപൂർവം രൂപകല്പന ചെയ്ത ഒന്നാണെന്നാണ്. ഒരു മുറിവ് ഉണങ്ങുന്ന പ്രക്രിയയെക്കുറിച്ചു ചിന്തിക്കുകയാണെങ്കിൽ അതിൽത്തന്നെ ഒന്നിനുപുറകെ ഒന്നായി നാലു ഘട്ടങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ഒരു ശസ്ത്രക്രിയാവിദഗ്ധനെന്നനിലയിൽ ഞാൻ കേവലം ശരീരത്തിനുള്ളിലെ കേടുപോക്കൽ സംവിധാനത്തിനൊപ്പം പ്രവർത്തിക്കുക മാത്രമായിരുന്നു എന്ന് അവ എന്നെ ഓർമിപ്പിക്കുന്നു.
മുറിവുണ്ടാകുമ്പോൾ എന്താണു സംഭവിക്കുന്നത് എന്ന് പറയാമോ?
ഏതാനും നിമിഷങ്ങൾക്കുള്ളിൽ, രക്തസ്രാവം നിറുത്തുന്നതിലെ പല പടികളിൽ
ആദ്യത്തേത് ആരംഭിക്കും. ഈ പ്രക്രിയകളെല്ലാം അങ്ങേയറ്റം സങ്കീർണവും എന്നാൽ കാര്യക്ഷമവും ആണ്. നമ്മുടെ രക്തചംക്രമണവ്യവസ്ഥയിൽ ഏതാണ്ട് ഒരു ലക്ഷം കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകളുണ്ട്. ഇവയ്ക്ക് സ്വയം ചോർച്ച അടയ്ക്കാനും തനിയെ കേടുപോക്കാനും ഉള്ള പ്രാപ്തി ഉള്ളതിനാൽ പ്ലംബിംഗ് വിദഗ്ധർക്ക് അസൂയ ഉളവാക്കുന്ന ഒരു കാര്യമായിരിക്കും ഇത് എന്നതിൽ തർക്കമില്ല.മുറിവ് ഉണങ്ങുന്നതിന്റെ രണ്ടാംഘട്ടത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
മണിക്കൂറുകൾക്കുള്ളിൽത്തന്നെ രക്തസ്രാവം നിലയ്ക്കുകയും ആ ഭാഗം നീരുവെക്കുകയും ചെയ്യുന്നു. നീരുവെക്കുന്ന കാര്യത്തിലും അത്ഭുതാവഹമായ സംഭവങ്ങൾ ഉൾപ്പെടുന്നു. ആദ്യം, മുറിവുണ്ടായ സമയത്ത് രക്തനഷ്ടം കുറയ്ക്കുന്നതിനുവേണ്ടി ചുരുങ്ങിയ രക്തക്കുഴലുകൾ ആ ഭാഗത്തേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നതിനായി വികസിക്കാൻ തുടങ്ങുന്നു. അടുത്തതായി, പ്രോട്ടീൻസമൃദ്ധമായ ഒരു ദ്രാവകത്താൽ ആ ഭാഗം നീരുവെക്കുന്നു. ഈ ദ്രാവകം, അണുബാധ ചെറുക്കുന്നതിനും വിഷാംശങ്ങൾ നേർപ്പിക്കുന്നതിനും കേടുവന്ന കലകൾ നീക്കം ചെയ്യുന്നതിനും അത്യന്താപേക്ഷിതമാണ്. ഈ ഒരോ ഘട്ടത്തിലും സങ്കീർണമായ പ്രക്രിയകളുടെ ഒരു പരമ്പരയിലൂടെ പ്രത്യേകതരത്തിലുള്ള ദശലക്ഷക്കണക്കിന് തന്മാത്രകളും കോശങ്ങളും ഉത്പാദിപ്പിക്കേണ്ടതായി വരുന്നു. ഈ പ്രക്രിയകളിൽ ചിലതു തുടർന്നുവരുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുകയും പിന്നീടു അവ നിഷ്ക്രിയമാകുകയും ചെയ്യുന്നു.
അടുത്തതായി എന്താണു സംഭവിക്കുന്നത്?
ദിവസങ്ങൾക്കുള്ളിൽ നമ്മുടെ ശരീരം, കേടുപോക്കുന്നതിന് ആവശ്യമായ വസ്തുക്കൾ ഉത്പാദിപ്പിച്ചുതുടങ്ങും. രണ്ട് ആഴ്ചയ്ക്കുള്ളിൽ അത് അതിന്റെ പാരമ്യത്തിലെത്തുകയും ചെയ്യും. ഇതാണ് മൂന്നാംഘട്ട പ്രവർത്തനത്തിന്റെ ആരംഭം. മുറിവിനു കുറുകെ ഇഴകളുണ്ടാക്കുന്ന കോശങ്ങൾ മുറിവേറ്റ ഭാഗത്ത് എത്തിച്ചേരുകയും അവിടെ അവ പെരുകുകയും ചെയ്യുന്നു. കൂടാതെ, അവിടെ തീരെച്ചെറിയ രക്തക്കുഴലുകൾ പുതുതായി ഉണ്ടാകുന്നു. കേടുപോക്കൽപ്രക്രിയയിൽ ഇവ പാഴ്വസ്തുക്കൾ പുറന്തള്ളുകയും കൂടുതലായിവേണ്ട പോഷകങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു. മറ്റൊരു സങ്കീർണമായ സംഭവപരമ്പരയിൽ മുറിവുകൂടേണ്ടതിനാവശ്യമായ പ്രത്യേകകോശങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു.
ഒരുപാട് കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്, അല്ലേ! ഈ പ്രക്രിയ പൂർത്തിയാകാൻ എത്ര സമയം വേണ്ടിവരും?
അവസാനഘട്ടനവീകരണത്തിനു മാസങ്ങളെടുത്തേക്കാം. ഒടിഞ്ഞ എല്ലുകൾ പൂർവസ്ഥിതി പ്രാപിക്കുകയും ആരംഭത്തിൽ മുറിവിനു കുറുകെ രൂപപ്പെട്ടിരുന്ന മൃദുകലകൾക്കു ബദലായി ശക്തിയേറിയ പദാർഥങ്ങൾ വന്നുചേരുകയും ചെയ്യുന്നു. മൊത്തത്തിൽ നോക്കിയാൽ മുറിവിന്റെ കേടുപോക്കൽ ആസൂത്രിതമായ ഏകോപനത്തിന്റെ വിസ്മയാവഹമായ ഒരു ഉദാഹരണമാണ്.
താങ്കൾ പ്രത്യേകാൽ ഓർത്തിരിക്കുന്ന ഏതെങ്കിലും ഒരു അനുഭവം പറയാമോ?
ശരീരം സ്വയം കേടുപോക്കുന്നത് എങ്ങനെയെന്നു കാണുന്നത് എന്നെ വളരെയധികം അതിശയിപ്പിക്കുന്നു
ഭയങ്കരമായൊരു കാർ അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന 16 വയസ്സുള്ള ഒരു പെൺകുട്ടിയെ ചികിത്സിച്ചത് ഞാൻ ഓർക്കുന്നു. അവളുടെ ആന്തരാവയവമായ പ്ലീഹയ്ക്ക് ആഴത്തിൽ മുറിവേറ്റിരുന്നു, ഒപ്പം ആന്തരികരക്തസ്രാവവും ഉണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പായിരുന്നെങ്കിൽ പ്ലീഹയുടെ കേടുപോക്കുന്നതിനോ അത് നീക്കം ചെയ്യുന്നതിനോ ആയി ഞങ്ങൾ ശസ്ത്രക്രിയ ചെയ്യുമായിരുന്നു. ഇന്നാകട്ടെ, ഡോക്ടർമാർ ശരീരത്തിന്റെ സ്വയം കേടുപോക്കാനുള്ള പ്രാപ്തിയിലാണ് കൂടുതലായി ആശ്രയിക്കുന്നത്. ഞാൻ കേവലം അവൾക്ക് അണുബാധയ്ക്കും ദ്രവനഷ്ടത്തിനും വിളർച്ചയ്ക്കും വേദനയ്ക്കും മാത്രമാണ് ചികിത്സ നൽകിയത്. ആഴ്ചകൾക്കു ശേഷം അവളുടെ പ്ലീഹയുടെ മുറിവ് ഉണങ്ങിയതായി സ്കാൻ റിപ്പോർട്ട് വെളിപ്പെടുത്തി! ശരീരം സ്വയം കേടുപോക്കുന്നത് എങ്ങനെയെന്നു കാണുന്നത് എന്നെ വളരെയധികം അതിശയിപ്പിക്കുന്നു. ദൈവമാണ് നമ്മെ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ഇത് എന്നെ ബോധ്യപ്പെടുത്തുന്നു.
എന്തുകൊണ്ടാണ് നിങ്ങൾക്ക് യഹോവയുടെ സാക്ഷികളിൽ താത്പര്യം തോന്നിയത്?
അവർ സൗഹൃദഭാവമുള്ളവരാണ്. കൂടാതെ എന്റെ ചോദ്യങ്ങൾക്ക് അവർ എല്ലായ്പോഴും ബൈബിളിൽനിന്നാണ് ഉത്തരം നൽകിയത്. അതുപോലെ, തങ്ങളുടെ വിശ്വാസം ധൈര്യപൂർവം മറ്റുള്ളവരുമായി പങ്കുവെക്കുന്നതും ദൈവത്തെക്കുറിച്ചു പഠിക്കാൻ ആളുകളെ അവർ സഹായിക്കുന്ന വിധവും അവരിലുള്ള എന്റെ മതിപ്പു വർധിപ്പിച്ചു.
യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നത് ജോലിയിൽ താങ്കളെ സഹായിച്ചോ?
തീർച്ചയായും. ഒരു കാര്യം, പതിവായി മരണങ്ങൾ കാണുന്നതും പരുക്കേറ്റ ആളുകളുമായി അടുത്ത് ഇടപഴകുന്നതും ഡോക്ടർമാരും നഴ്സുമാരും എന്ന നിലയിൽ ഞങ്ങളെ വൈകാരികമായി തളർത്തുമായിരുന്നു. ഇത്തരം മാനസികതളർച്ചകൾ തരണം ചെയ്യാൻ എന്നെ അത് വളരെയധികം സഹായിച്ചു. രോഗികൾ തങ്ങളുടെ വിഷമങ്ങൾ പങ്കുവെക്കുമ്പോൾ, സ്രഷ്ടാവ് രോഗങ്ങളും കഷ്ടപ്പാടുകളും * എന്നേക്കുമായി അവസാനിപ്പിക്കുമെന്നും “എനിക്കു ദീനം” * എന്ന് ആരും പറയാത്ത ഒരു ലോകം അവൻ കൊണ്ടുവരുമെന്നും അവർക്കു വിശദീകരിച്ചുകൊടുക്കാൻ എനിക്കു കഴിഞ്ഞു.▪ (g14-E 05)