കുടുംബങ്ങൾക്കുവേണ്ടി | യുവജനങ്ങൾ
കോപം എങ്ങനെ നിയന്ത്രിക്കാം?
പ്രശ്നം
“ചേച്ചിയോടുള്ള ദേഷ്യം മുഴുവൻ ഞാൻ തീർത്തത് വാതിലിന്മേലാണ്. ദേഷ്യത്തോടെ ഞാൻ വാതിൽ തള്ളിത്തുറന്നപ്പോൾ അതിന്റെ കൊളുത്ത് ചുമരിൽ തുളച്ചുകയറി. എന്റെ ദേഷ്യത്തിന്റെ ഓർമയായി ആ ദ്വാരം ഇപ്പോഴും അവിടെയുണ്ട്.”—ദിയ. *
“‘കണ്ണിൽ ചോരയില്ലാത്ത ഒരു അപ്പൻ’ എന്ന് അലറിക്കൊണ്ട് ഞാൻ വാതിൽ വലിച്ചടച്ചു. വാതിൽ അടയുന്നതിനുമുമ്പ് ഡാഡിയുടെ വാടിയ മുഖം കണ്ടപ്പോൾ ‘ശ്ശെ, അങ്ങനെ പറയേണ്ടായിരുന്നു’ എന്ന് എനിക്കു തോന്നിപ്പോയി.”—അഞ്ജലി.
ദിയയെയും അഞ്ജലിയെയും പോലെയാണോ നിങ്ങളും? ആണെങ്കിൽ, ഈ ലേഖനം നിങ്ങളെ സഹായിക്കും.
നിങ്ങൾ അറിയേണ്ടത്
പൊട്ടിത്തെറിക്കുന്നത് നിങ്ങളുടെ സത്പേര് കളഞ്ഞുകുളിക്കും. 21 വയസ്സുള്ള ബ്രയന പറയുന്നു: “‘കാരണമുള്ളതുകൊണ്ടല്ലേ ഞാൻ ദേഷ്യപ്പെടുന്നത്’ എന്ന് മറ്റുള്ളവർ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, മറ്റുള്ളവർ പൊട്ടിത്തെറിക്കുന്നതു കണ്ടപ്പോഴാണ് അത് എത്ര അരോചകമാണെന്ന് എനിക്കു ബോധ്യമായത്. അങ്ങനെയെങ്കിൽ, ഞാൻ ദേഷ്യപ്പെടുമ്പോഴും ആളുകൾക്ക് ഇതുതന്നെയായിരിക്കുമല്ലോ തോന്നുന്നത്! ഇത് എന്നെ ചിന്തിപ്പിച്ചു.”
ബൈബിൾ പറയുന്നു: “മുൻകോപി ഭോഷത്വം പ്രവർത്തിക്കുന്നു.”—സദൃശവാക്യങ്ങൾ 14:17.
നിങ്ങൾ മുൻകോപിയാണെങ്കിൽ മറ്റുള്ളവർ നിങ്ങളെ ഒഴിവാക്കും. “നിങ്ങളുടെ സംയമനം നഷ്ടപ്പെടുന്നതോടൊപ്പം ആളുകൾക്ക് നിങ്ങളോടുള്ള ബഹുമാനവും നഷ്ടപ്പെടുന്നു” എന്ന് 18 വയസ്സുള്ള ഡാനിയേൽ അഭിപ്രായപ്പെടുന്നു. ഇതിനോട് യോജിച്ചുകൊണ്ട് 18 വയസ്സുള്ള ഇലെയ്ൻ ഇങ്ങനെ പറയുന്നു: “മുൻകോപം അത്ര നല്ല കാര്യമൊന്നുമല്ല. പേടിയോടെയായിരിക്കും ആളുകൾ നിങ്ങളെ കാണുന്നത്.”
ബൈബിൾ പറയുന്നു: “കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുത്.”—സദൃശവാക്യങ്ങൾ 22:24.
നിങ്ങൾക്കു മെച്ചപ്പെടാൻ കഴിയും. 15 വയസ്സുകാരി സാറാ പറയുന്നു: “ദേഷ്യം പിടിപ്പിക്കുന്ന സാഹചര്യങ്ങൾ എല്ലായ്പോഴും ഒഴിവാക്കുക സാധ്യമല്ല. എന്നാൽ, അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് നിങ്ങൾക്കു തീരുമാനിക്കാൻ കഴിയും. നിങ്ങൾ കോപംകൊണ്ട് പൊട്ടിത്തെറിക്കണമെന്നില്ല.”
ബൈബിൾ പറയുന്നു: “ക്ഷമാശീലൻ കരുത്തനെക്കാളും, മനസ്സിനെ നിയന്ത്രിക്കുന്നവൻ നഗരം പിടിച്ചെടുക്കുന്നവനെക്കാളും ശ്രേഷ്ഠനാണ്.”—[സുഭാഷിതങ്ങൾ (സദൃശവാക്യങ്ങൾ) 16:32, പി.ഒ.സി.]
ചെയ്യാനാകുന്നത്:
ലക്ഷ്യം വെക്കുക. “ഞാൻ അങ്ങനെയാണ്” എന്ന് പറഞ്ഞ് ഒഴിയുന്നതിനു പകരം ഒരു സമയപരിധി നിശ്ചയിച്ചുകൊണ്ട് അതിനുള്ളിൽ പുരോഗതി വരുത്താൻ ശ്രമിക്കുക—ഒരുപക്ഷേ, ആറു മാസം. ആ കാലയളവിൽ നിങ്ങളുടെ പുരോഗതി വിലയിരുത്തുക. അതിനിടയിൽ എപ്പോഴെങ്കിലും നിങ്ങൾ പൊട്ടിത്തെറിക്കാൻ ഇടയായാലോ? പിൻവരുന്ന കാര്യങ്ങൾ എഴുതിവെക്കുന്നത് ഗുണം ചെയ്തേക്കാം: (1) എന്താണ് സംഭവിച്ചത്? (2) തിരിച്ച് നിങ്ങൾ എങ്ങനെയാണ് പെരുമാറിയത്? (3) അതിലും മെച്ചമായി പെരുമാറാൻ കഴിയുമായിരുന്നോ? എന്തുകൊണ്ട്? എന്നിങ്ങനെയുള്ളവ. അടുത്ത പ്രാവശ്യം ദേഷ്യം വരുമ്പോൾ നന്നായി പെരുമാറാൻ ലക്ഷ്യം വെക്കുക. ചെയ്യാനാകുന്നത്: നിങ്ങൾ വരുത്തിയ പുരോഗതിയും ആത്മനിയന്ത്രണം പാലിച്ചപ്പോൾ നിങ്ങൾക്ക് അനുഭവപ്പെട്ട സന്തോഷവും രേഖപ്പെടുത്തുക.—ബൈബിൾതത്ത്വം: കൊലോസ്യർ 3:8.
പ്രതികരിക്കുന്നതിനു മുമ്പ് ഒരു നിമിഷം ചിന്തിക്കുക. ഏതെങ്കിലും ഒരു കാര്യം നിങ്ങളെ അരിശംപിടിപ്പിക്കുന്നുവെന്നിരിക്കട്ടെ. ആദ്യം മനസ്സിൽ തോന്നുന്നത് വിളിച്ചു പറയാതിരിക്കുക. പകരം ഒരു നിമിഷം ചിന്തിക്കുക. ഇനി, ശ്വാസം നന്നായി വലിച്ചുവിടുന്നതും ഒരു സഹായമാണ്. “ഇത് ചെയ്യുമ്പോൾ, പിന്നീട് ഖേദിക്കേണ്ടിവരുന്ന ഒരു കാര്യം പറഞ്ഞുപോകുന്നതിനു മുമ്പ് ഒന്നു ചിന്തിക്കാൻ” തനിക്കു സമയം ലഭിക്കുന്നതായി 15 വയസ്സുള്ള എറിക്ക് പറയുന്നു.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 21:23.
എല്ലാ വശവും കാണാൻ ശ്രമിക്കുക. ചിലപ്പോൾ, നിങ്ങളെ ദേഷ്യം പിടിപ്പിച്ച കാര്യത്തിന്റെ ഒരു വശം മാത്രമായിരിക്കാം നിങ്ങൾ കാണുന്നത്. പ്രത്യേകിച്ച്, നിങ്ങളെ വിഷമിപ്പിച്ച ഭാഗം. എന്നാൽ കാര്യത്തിന്റെ മറുവശവും കാണാൻ ശ്രമിക്കുക. “ആളുകൾ പരുഷമായി പെരുമാറുന്നതിനു പിന്നിൽ തക്ക കാരണമുണ്ടായിരിക്കുമെന്ന് ചിന്തിക്കുന്നത് അവരോട് വിവേകത്തോടെ ഇടപെടാൻ” തന്നെ സഹായിക്കുന്നതായി ജെസ്സീക്ക എന്ന യുവതി പറയുന്നു.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 19:11.
കഴിയുമെങ്കിൽ അവിടം വിട്ടുപോകുക. “കലഹം തുടങ്ങുംമുമ്പെ ഒഴിഞ്ഞുപോകൂ” എന്ന് ബൈബിൾ പറയുന്നു. [സുഭാഷിതങ്ങൾ (സദൃശവാക്യങ്ങൾ) 17:14, ഓശാന] ഈ തിരുവെഴുത്ത് പറയുന്നതുപോലെ പ്രശ്നം വഷളാകുമെന്നു തോന്നുന്ന സാഹചര്യത്തിൽ അവിടെനിന്ന് പോകുന്നതായിരിക്കും നല്ലത്. അതിനു ശേഷം, നടന്ന കാര്യത്തെക്കുറിച്ച് ഓർത്തുകൊണ്ടിരിക്കാതെ മറ്റെന്തെങ്കിലും കാര്യങ്ങളിൽ മുഴുകുക. അത് ദേഷ്യം തണുക്കാൻ സഹായിക്കും. “വ്യായാമം ചെയ്യുന്നത് സമ്മർദം കുറയ്ക്കാനും സംയമനം കാത്തുസൂക്ഷിക്കാനും” തന്നെ സഹായിച്ചതായി ഡാന്യെല എന്ന യുവതി പറയുന്നു.
വിട്ടുകളയാൻ പഠിക്കുക. ബൈബിൾ പറയുന്നു: “കോപിച്ചുകൊള്ളുക, എന്നാൽ പാപം ചെയ്യരുത്; . . . ധ്യാനിച്ചു മൗനമായിരിക്കുക.” (സങ്കീർത്തനം 4:4 പി.ഒ.സി.) ഈ വാക്യത്തിൽ, കോപം തോന്നുന്നതിൽ തെറ്റൊന്നുമില്ലെന്ന് പറയുന്നത് ശ്രദ്ധിക്കുക. എന്നാൽ, തുടർന്നു സംഭവിക്കുന്ന കാര്യത്തിനാണ് നമ്മൾ ഗൗരവം കൊടുക്കേണ്ടത്. ചെറുപ്പക്കാരനായ റിച്ചാർഡ് ഇങ്ങനെ പറയുന്നു: “മറ്റുള്ളവർക്ക് നിങ്ങളെ എളുപ്പം കോപിപ്പിക്കാനായാൽ, നിങ്ങൾ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങൾ മറ്റുള്ളവർക്ക് നൽകുകയായിരിക്കും. അതിനു പകരം, കാര്യങ്ങൾ പക്വതയോടെ കാണാനും വേണമെങ്കിൽ വിട്ടുകളയാനും ശ്രമിച്ചുകൂടേ?” അങ്ങനെ ചെയ്യുന്നെങ്കിൽ, കോപം നിങ്ങൾക്കു കടിഞ്ഞാണിടുന്നതിനു പകരം നിങ്ങളായിരിക്കും കോപത്തിനു കടിഞ്ഞാണിടുന്നത്. ▪ (g15-E 01)
^ ഖ. 4 ചില പേരുകൾ മാറ്റിയിട്ടുണ്ട്.