യഹോവ നമ്മുടെ സഹായി
യഹോവ നമ്മുടെ സഹായി
“എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.”—സങ്കീർത്തനം 121:2.
1, 2. (എ) നമുക്കെല്ലാം പലപ്പോഴും സഹായം ആവശ്യമാണെന്നു പറയാവുന്നത് എന്തുകൊണ്ട്? (ബി) എങ്ങനെയുള്ള ഒരു സഹായിയാണ് യഹോവ?
നമ്മിൽ ആർക്കാണ് ഒരു സഹായവും ആവശ്യമില്ലാത്തത്? ഭാരിച്ച പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനും വേദനാജനകമായ ഒരു നഷ്ടം സഹിക്കാനും ബുദ്ധിമുട്ടേറിയ ഒരു പരിശോധനയിൻകീഴിൽ പിടിച്ചുനിൽക്കാനും നമുക്കെല്ലാം സഹായം വേണമെന്നതാണു വാസ്‌തവം. സഹായം വേണമെന്നു തോന്നുമ്പോൾ പലപ്പോഴും ആളുകൾ കരുതലുള്ള ഒരു സുഹൃത്തിനെ സമീപിക്കുന്നു. അത്തരമൊരു സുഹൃത്തുമായി നിങ്ങളുടെ പ്രശ്‌നങ്ങൾ പങ്കുവെക്കുന്നത് അവ സഹിച്ചുനിൽക്കുക എളുപ്പമാക്കിത്തീർത്തേക്കാം. എങ്കിലും, ഒരു സഹമനുഷ്യന്റെ സഹായത്തിനു പരിധിയുണ്ട്. മാത്രമല്ല, ആവശ്യം വരുമ്പോഴെല്ലാം സഹായിക്കാൻ മറ്റുള്ളവർക്കു കഴിഞ്ഞെന്നുംവരില്ല.
2 എന്നിരുന്നാലും, അപരിമിത ശക്തിയും വിഭവങ്ങളുമുള്ള ഒരു സഹായിയുണ്ട്. അവൻ നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ലെന്ന ഉറപ്പും നൽകിയിട്ടുണ്ട്. സങ്കീർത്തനക്കാരൻ ആ ഒരുവനെ തിരിച്ചറിയിക്കുകയുണ്ടായി. അവൻ പൂർണവിശ്വാസത്തോടെ ഇങ്ങനെ പ്രഖ്യാപിച്ചു: “എന്റെ സഹായം . . . യഹോവയിങ്കൽനിന്നു വരുന്നു.” (സങ്കീർത്തനം 121:2) യഹോവ തന്നെ സഹായിക്കുമെന്ന് ഈ സങ്കീർത്തനക്കാരനു ബോധ്യമുണ്ടായിരുന്നത് എന്തുകൊണ്ട്? ഉത്തരത്തിനായി നമുക്ക് 121-ാം സങ്കീർത്തനം പരിശോധിക്കാം. നമ്മുടെ സഹായിയായി നമുക്കും യഹോവയെ പൂർണ വിശ്വാസത്തോടെ ആശ്രയിക്കാനാകുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ അതു നമ്മെ സഹായിക്കും.
സഹായത്തിന്റെ വറ്റാത്ത ഉറവ
3. ഏതു പർവതങ്ങളിലേക്കായിരിക്കാം സങ്കീർത്തനക്കാരൻ കണ്ണുകൾ ഉയർത്തിയത്, എന്തുകൊണ്ട്?
3 ആശ്രയമർപ്പിക്കാവുന്നതിന്റെ അടിസ്ഥാനമെന്ന നിലയിൽ സങ്കീർത്തനക്കാരൻ ആദ്യമായി യഹോവയുടെ സൃഷ്ടികർത്തൃത്വം ചൂണ്ടിക്കാണിക്കുന്നു. അവൻ പറയുന്നു: “ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും? എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.” (സങ്കീർത്തനം 121:1, 2) കേവലം ഏതെങ്കിലുമൊരു പർവതനിരയിലേക്കല്ല സങ്കീർത്തനക്കാരൻ കണ്ണുകളുയർത്തിയത്. ഈ വാക്കുകൾ രേഖപ്പെടുത്തുമ്പോൾ യഹോവയുടെ ആലയം യെരൂശലേമിലായിരുന്നു. യഹൂദാപർവതങ്ങളിൽ ഉയർന്നു സ്ഥിതി ചെയ്‌തിരുന്ന ആ നഗരം യഹോവയുടെ പ്രതീകാത്മക വാസസ്ഥാനമായിരുന്നു. (സങ്കീർത്തനം 135:21) സഹായത്തിനുവേണ്ടി ഉത്തമവിശ്വാസത്തോടെ യഹോവയിലേക്കു നോക്കിക്കൊണ്ട് യഹോവയുടെ ആലയം പണികഴിപ്പിക്കപ്പെട്ടിരുന്ന യെരൂശലേമിലെ പർവതങ്ങളിലേക്കായിരിക്കാം സങ്കീർത്തനക്കാരൻ കണ്ണുകൾ ഉയർത്തിയത്. യഹോവയ്‌ക്കു തന്നെ സഹായിക്കാൻ കഴിയുമെന്നു സങ്കീർത്തനക്കാരന് അത്ര ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ട്? കാരണം, ‘ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയത്’ അവനാണ്. ഫലത്തിൽ സങ്കീർത്തനക്കാരൻ ഇങ്ങനെ പറയുകയായിരുന്നു: ‘എന്നെ സഹായിക്കുന്നതിൽനിന്ന് സർവശക്തനായ സ്രഷ്ടാവിനെ തടയാൻ കഴിയുന്ന യാതൊന്നുമില്ല.’—യെശയ്യാവു 40:26.
4. തന്റെ ജനത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് യഹോവ സദാ ജാഗരൂകനാണെന്ന് സങ്കീർത്തനക്കാരൻ പ്രകടമാക്കിയതെങ്ങനെ, അത് ആശ്വാസപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
സങ്കീർത്തനം 121:3, 4) തന്നെ ആശ്രയിക്കുന്നവരുടെ കാൽ “വഴുതുവാൻ” അല്ലെങ്കിൽ അവർ വീണു നിലംപരിചാകാൻ ദൈവം അനുവദിക്കുകയില്ല. (സദൃശവാക്യങ്ങൾ 24:16) എന്തുകൊണ്ട്? എന്തെന്നാൽ, സദാ ഉണർന്നിരുന്നു തന്റെ ആടുകളെ കാക്കുന്ന ഒരു ഇടയനെപ്പോലെയാണ് യഹോവ. അത് ആശ്വാസകരമല്ലേ? സ്വജനത്തിന്റെ ആവശ്യങ്ങൾക്കുനേരെ അവൻ ഒരു നിമിഷത്തേക്കുപോലും കണ്ണടച്ചുകളകയില്ല. അവർ രാപകൽ അവന്റെ ശ്രദ്ധാപൂർവമായ നിരീക്ഷണത്തിലാണ്.
4 തന്റെ ദാസരുടെ ആവശ്യങ്ങൾ സംബന്ധിച്ച് യഹോവ സദാ ജാഗരൂകനാണെന്ന് സങ്കീർത്തനക്കാരൻ അടുത്തതായി വിശദീകരിക്കുന്നു: “നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല. യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.” (5. യഹോവ “വലത്തുഭാഗത്തു” ആയിരിക്കുന്നതായി പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്?
5 സ്വജനത്തിന്റെ വിശ്വസ്‌ത സംരക്ഷകനാണ് യഹോവ എന്ന ഉത്തമബോധ്യത്തോടെ സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതുന്നു: “യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ. പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.” (സങ്കീർത്തനം 121:5, 6) മധ്യപൂർവദേശത്ത് തണൽ ഒരു കാൽനടക്കാരനെ ചുട്ടുപൊള്ളുന്ന വെയിലിൽനിന്നും സംരക്ഷിക്കുമായിരുന്നു. അനർഥങ്ങളുടെ പൊള്ളുന്ന ചൂടിൽനിന്നും തന്റെ ജനത്തെ സംരക്ഷിച്ചുകൊണ്ട് യഹോവ അവർക്ക് ഒരു തണൽപോലെ വർത്തിക്കുന്നു. യഹോവ “വലത്തുഭാഗത്തു” ആയിരിക്കുന്നതായി പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. പുരാതന യുദ്ധങ്ങളിൽ, ഒരു പടയാളിയുടെ ഇടതുകൈയിൽ പിടിച്ചിരുന്ന പരിച വലതുകൈയെ പൂർണമായി സംരക്ഷിച്ചിരുന്നില്ല. പടയാളിയുടെ വലതുഭാഗത്ത് നിന്നു പോരാടിക്കൊണ്ട് ഒരു വിശ്വസ്‌തസ്‌നേഹിതൻ അയാൾക്കു സംരക്ഷണം പ്രദാനം ചെയ്‌തിരിക്കാം. അത്തരമൊരു സ്‌നേഹിതനെപ്പോലെ, സഹായിക്കാൻ സദാ സന്നദ്ധനായി യഹോവ തന്റെ ആരാധകരുടെ അരികത്തു വിശ്വസ്‌തമായി നിലയുറപ്പിച്ചിരിക്കുന്നു.
6, 7. (എ) തന്റെ ജനത്തെ സഹായിക്കുന്നത് യഹോവ ഒരിക്കലും നിറുത്തിക്കളയില്ലെന്നു സങ്കീർത്തനക്കാരൻ നമുക്ക് ഉറപ്പുനൽകുന്നത് എങ്ങനെ? (ബി) നമുക്കും സമാനമായ ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്?
6 സ്വജനത്തെ സഹായിക്കുന്നത് യഹോവ എപ്പോഴെങ്കിലും നിറുത്തിക്കളയുമോ? ഒരിക്കലുമില്ല. സങ്കീർത്തനക്കാരൻ ഈ വാക്കുകളോടെ ആ സങ്കീർത്തനം ഉപസംഹരിക്കുന്നു: “യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും. യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.” (സങ്കീർത്തനം 121:7, 8) വർത്തമാനകാലത്തിൽനിന്ന് ഭാവികാലത്തിലേക്ക് എഴുത്തുകാരൻ ഊന്നൽ മാറ്റിയത് ശ്രദ്ധിക്കുക. മുമ്പ്, 5-ാം വാക്യത്തിൽ സങ്കീർത്തനക്കാരൻ ഇപ്രകാരം പറഞ്ഞിരുന്നു: “യഹോവ നിന്റെ പരിപാലകൻ.” എന്നാൽ ഈ വാക്യങ്ങളിൽ സങ്കീർത്തനക്കാരൻ എഴുതുന്നു: “യഹോവ . . . നിന്നെ പരിപാലിക്കും.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) യഹോവയുടെ സഹായം ഭാവിയിലും ഉണ്ടായിരിക്കുമെന്ന് ഇത് സത്യാരാധകർക്ക് ഉറപ്പുനൽകുന്നു. അവർ എവിടെപ്പോയാലും ഏത് അനർഥം അഭിമുഖീകരിച്ചാലും അവന്റെ സഹായഹസ്‌തം അവരെ എല്ലായ്‌പോഴും തുണയ്‌ക്കും.—സദൃശവാക്യങ്ങൾ 12:21.
7 കരുതലുള്ള ഒരിടയന്റെ ആർദ്രതയോടും ഒരു കാവൽക്കാരന്റെ ജാഗ്രതയോടും കൂടെയാണ് സർവശക്തനായ സ്രഷ്ടാവ് തന്റെ ദാസരെ പരിപാലിക്കുന്നതെന്ന് 121-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരന് ഉറപ്പുണ്ടായിരുന്നു. നമുക്കും അതേ ഉറപ്പുണ്ടായിരിക്കാൻ സകല കാരണവുമുണ്ട്. എന്തെന്നാൽ, യഹോവ മാറാത്തവനാണ്. (മലാഖി 3:6) നമുക്ക് എല്ലായ്‌പോഴും ശാരീരിക സംരക്ഷണം ലഭിക്കുമെന്ന് ഇതിനർഥമുണ്ടോ? ഇല്ല. എന്നാൽ നമ്മുടെ സഹായി എന്ന നിലയിൽ നാം അവനിൽ ആശ്രയിക്കുന്നിടത്തോളം കാലം, ആത്മീയ ഹാനി വരുത്തിയേക്കാവുന്ന സകലതിൽനിന്നും അവൻ നമ്മെ സംരക്ഷിക്കും. ‘യഹോവ എങ്ങനെയാണ് നമ്മെ സഹായിക്കുന്നത്’ എന്നു സ്വാഭാവികമായും നാം ചോദിച്ചേക്കാം. അവൻ അതു ചെയ്യുന്ന നാലു വിധങ്ങൾ നമുക്കിപ്പോൾ പരിശോധിക്കാം. ബൈബിൾ കാലങ്ങളിൽ അവൻ തന്റെ ദാസരെ എങ്ങനെ സഹായിച്ചുവെന്ന് ഈ ലേഖനത്തിലും ഇക്കാലത്ത് അവൻ തന്റെ ജനത്തെ സഹായിക്കുന്നത് എങ്ങനെയെന്ന് അടുത്ത ലേഖനത്തിലും ചർച്ച ചെയ്യുന്നതായിരിക്കും.
ദൂതസഹായം
8. ദൈവത്തിന്റെ ഭൗമിക ദാസരുടെ ക്ഷേമത്തിൽ ദൂതന്മാർക്ക് അതീവ താത്‌പര്യമുണ്ടെന്ന വസ്‌തുത അതിശയകരമല്ലാത്തത് എന്തുകൊണ്ട്?
8 യഹോവയ്‌ക്ക് കോടാനുകോടി ദൂതന്മാരുണ്ട്. (ദാനീയേൽ 7:9, 10) ഈ ആത്മപുത്രന്മാർ വിശ്വസ്‌തതയോടെ തിരുഹിതം നിറവേറ്റിക്കൊണ്ടിരിക്കുന്നു. (സങ്കീർത്തനം 103:20) യഹോവയ്‌ക്ക് തന്റെ മാനുഷ ആരാധകരോട് അതിയായ സ്‌നേഹമുണ്ടെന്നും അവൻ അവരെ സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഈ ദൂതന്മാർക്കു നന്നായി അറിയാം. ദൈവത്തിന്റെ ഭൗമിക ദാസരുടെ ക്ഷേമത്തിൽ ദൂതന്മാർക്ക് അതീവ താത്‌പര്യമുള്ളതിൽ അതിശയിക്കാനില്ല. (ലൂക്കൊസ് 15:10) അപ്പോൾ, മനുഷ്യരെ സഹായിക്കാനായി യഹോവ തങ്ങളെ ഉപയോഗിക്കുന്നതിൽ ഈ ദൂതന്മാർ തീർച്ചയായും സന്തോഷിക്കുന്നുണ്ടായിരിക്കണം. തന്റെ മനുഷ്യ ദാസരെ സഹായിക്കാനായി പുരാതന നാളിൽ യഹോവ ഏതു വിധങ്ങളിലാണ് ദൂതന്മാരെ ഉപയോഗിച്ചത്?
9. വിശ്വസ്‌ത മനുഷ്യരെ സംരക്ഷിക്കാനായി ദൈവം ദൂതന്മാർക്ക് അധികാരവും ശക്തിയും നൽകിയ വിധത്തിന് ഒരു ഉദാഹരണം പറയുക.
9 വിശ്വസ്‌ത മനുഷ്യരെ സംരക്ഷിക്കാനും വിടുവിക്കാനുമുള്ള അധികാരവും ശക്തിയും ദൈവം ദൂതന്മാർക്കു നൽകുകയുണ്ടായി. സൊദോമിന്റെയും ഗൊമോരയുടെയും നാശത്തിൽനിന്നു രക്ഷപ്പെടാൻ ലോത്തിനെയും അവന്റെ പെൺമക്കളെയും രണ്ടു ദൂതന്മാർ സഹായിച്ചു. (ഉല്‌പത്തി 19:1, 15-17) യെരൂശലേമിന് ഭീഷണി ഉയർത്തിയ 1,85,000 അസ്സീറിയൻ പടയാളികളെ ഒരൊറ്റ ദൂതൻ വധിച്ചു. (2 രാജാക്കന്മാർ 19:35) ദാനീയേൽ സിംഹക്കുഴിയിൽ എറിയപ്പെട്ടപ്പോൾ യഹോവ ‘തന്റെ ദൂതനെ അയച്ചു സിംഹങ്ങളുടെ വായടെച്ചുകളഞ്ഞു.’ (ദാനീയേൽ 6:21, 22) ഒരു ദൂതൻ പത്രൊസ് അപ്പൊസ്‌തലനെ കാരാഗൃഹത്തിൽനിന്നു മോചിപ്പിച്ചു. (പ്രവൃത്തികൾ 12:6-11) ദൂത സംരക്ഷണത്തിന്റെ മറ്റനേകം ദൃഷ്ടാന്തങ്ങൾ ബൈബിൾ പരാമർശിക്കുന്നുണ്ട്. ഇവ സങ്കീർത്തനം 34:7-ലെ പിൻവരുന്ന പ്രസ്‌താവനയെ സ്ഥിരീകരിക്കുന്നു: “യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.”
10. ദാനീയേൽ പ്രവാചകനെ പ്രോത്സാഹിപ്പിക്കാൻ യഹോവ ഒരു ദൂതനെ ഉപയോഗിച്ചത് എങ്ങനെ?
10 വിശ്വസ്‌ത മനുഷ്യരെ പ്രോത്സാഹിപ്പിക്കാനും ശക്തീകരിക്കാനുമായി യഹോവ ചില സന്ദർഭങ്ങളിൽ ദൂതന്മാരെ ഉപയോഗിച്ചു. ദാനീയേൽ 10-ാം അധ്യായത്തിൽ ഹൃദയസ്‌പർശിയായ ഒരു ഉദാഹരണം നമുക്കു കാണാനാകും. അക്കാലത്ത് ദാനീയേലിന് നൂറു വയസ്സിനോടടുത്തു പ്രായമുണ്ടായിരുന്നിരിക്കാം. യെരൂശലേമിന്റെ ശൂന്യാവസ്ഥയും ആലയ പുനർനിർമാണത്തിനുള്ള കാലതാമസവും നിമിത്തമായിരുന്നിരിക്കണം, പ്രവാചകൻ വളരെ ദുഃഖിതനായിത്തീർന്നു. ഭീതിദമായ ഒരു ദർശനവും അവനെ അസ്വസ്ഥനാക്കി. (ദാനീയേൽ 10:2, 3, 8) അവനെ പ്രോത്സാഹിപ്പിക്കാനായി ദൈവം സ്‌നേഹപുരസ്സരം ഒരു ദൂതനെ അയച്ചു. ദാനീയേൽ ദൈവദൃഷ്ടിയിൽ ‘ഏറ്റവും പ്രിയപുരുഷൻ’ ആണെന്ന് ഒന്നിലധികം തവണ ദൂതൻ അവനെ ഓർമിപ്പിച്ചു. ഫലമെന്തായിരുന്നു? വയോധികനായ പ്രവാചകൻ ദൂതനോട് ഇപ്രകാരം പറഞ്ഞു: “നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ.”—ദാനീയേൽ 10:11, 19.
11. സുവാർത്താപ്രസംഗ വേലയെ നയിക്കാൻ ദൂതന്മാർ ഉപയോഗിക്കപ്പെട്ട വിധത്തിന് ഒരു ഉദാഹരണം നൽകുക.
11 സുവാർത്താപ്രസംഗ വേലയെ നയിക്കാനും യഹോവ ദൂതന്മാരെ ഉപയോഗിച്ചു. ഒരു എത്യോപ്യൻ ഷണ്ഡനോട് ക്രിസ്‌തുവിനെക്കുറിച്ചു പ്രസംഗിക്കാൻ ഒരു ദൂതൻ ഫിലിപ്പൊസിനെ വഴിനയിച്ചു. തത്‌ഫലമായി അയാൾ സ്‌നാപനമേറ്റു. (പ്രവൃത്തികൾ 8:26, 27, 36, 38) കുറച്ചുകാലത്തിനുശേഷം, പരിച്ഛേദനയേൽക്കാത്ത വിജാതീയർക്കിടയിൽ സുവാർത്ത പ്രസംഗിക്കപ്പെടണമെന്നത് ദൈവത്തിന്റെ ഹിതമായിരുന്നു. ഒരു ദർശനത്തിൽ, ദൈവഭക്തനും വിജാതീയനുമായ കൊർന്നേല്യൊസിന് ഒരു ദൂതൻ പ്രത്യക്ഷപ്പെട്ട്, പത്രൊസ് അപ്പൊസ്‌തലന്റെ അടുത്തേക്ക് ആളയയ്‌ക്കാൻ നിർദേശം നൽകി. കൊർന്നേല്യൊസ് അയച്ച ആളുകൾ പത്രൊസിനെ കണ്ടെത്തിയപ്പോൾ ഇങ്ങനെ പറഞ്ഞു: ‘കൊർന്നേല്യൊസിന് നിന്നെ വീട്ടിൽ വരുത്തി നിന്റെ പ്രസംഗം കേൾക്കേണം എന്നു ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു.’ പത്രൊസ് അതിനോടു പ്രതികരിക്കുകയും അങ്ങനെ പരിച്ഛേദനയേൽക്കാത്ത വിജാതീയർ ആദ്യമായി ക്രിസ്‌തീയ സഭയുടെ ഭാഗമായിത്തീരുകയും ചെയ്‌തു. (പ്രവൃത്തികൾ 10:22, 44-48) ശരിയായ മനോനിലയുള്ള ഒരു വ്യക്തിയുമായി സമ്പർക്കത്തിൽ വരാൻ ഒരു ദൂതൻ നിങ്ങളെ സഹായിച്ചുവെന്ന് അറിയുമ്പോൾ നിങ്ങൾക്ക് എന്തു തോന്നുമെന്ന് വിഭാവന ചെയ്യുക!
പരിശുദ്ധാത്മാവിലൂടെയുള്ള സഹായം
12, 13. (എ) പരിശുദ്ധാത്മാവിനു തങ്ങളെ സഹായിക്കാൻ കഴിയുമെന്നു വിശ്വസിക്കാൻ യേശുവിന്റെ അപ്പൊസ്‌തലന്മാർക്ക് ഈടുറ്റ കാരണം ഉണ്ടായിരുന്നത് എന്തുകൊണ്ട്? (ബി) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ പരിശുദ്ധാത്മാവ് ശക്തീകരിച്ചത് ഏതു വിധത്തിൽ?
12 അപ്പൊസ്‌തലന്മാർക്കു സഹായമില്ലാത്ത ഒരവസ്ഥ ഉണ്ടാകുകയില്ലെന്ന് യേശു തന്റെ മരണത്തിനു കുറച്ചുമുമ്പ് അവർക്ക് ഉറപ്പുനൽകി. പിതാവ് അവർക്കു ‘പരിശുദ്ധാത്മാവു എന്ന കാര്യസ്ഥനെ’ അഥവാ സഹായിയെ നൽകുമായിരുന്നു. (യോഹന്നാൻ 14:26) പരിശുദ്ധാത്മാവിനു തങ്ങളെ സഹായിക്കാൻ കഴിയുമെന്നു വിശ്വസിക്കാൻ അപ്പൊസ്‌തലന്മാർക്ക് ഈടുറ്റ കാരണമുണ്ടായിരുന്നു. എന്തെന്നാൽ, തന്റെ ജനത്തെ സഹായിക്കാനായി പ്രപഞ്ചത്തിലെ അതിപ്രബല ശക്തിയായ പരിശുദ്ധാത്മാവിനെ യഹോവ ഉപയോഗിച്ചതിന്റെ ദൃഷ്ടാന്തങ്ങൾ നിശ്വസ്‌ത തിരുവെഴുത്തുകളിൽ ധാരാളമുണ്ട്.
13 യഹോവയുടെ ഹിതം ചെയ്യാനായി പല സന്ദർഭങ്ങളിലും പരിശുദ്ധാത്മാവ് മനുഷ്യരെ ശക്തീകരിക്കുകയുണ്ടായി. ഇസ്രായേലിനെ വിടുവിക്കാനായി ന്യായാധിപന്മാരെ ശക്തീകരിച്ചത് പരിശുദ്ധാത്മാവായിരുന്നു. (ന്യായാധിപന്മാർ 3:9, 10; 6:34) ഇതേ ആത്മാവുതന്നെയാണ് സകലവിധ എതിർപ്പുകളുടെയും മധ്യേ ധീരമായി പ്രസംഗവേല തുടരാൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ ശക്തീകരിച്ചത്. (പ്രവൃത്തികൾ 1:8; 4:31) പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ ശക്തമായ തെളിവായിരുന്നു ശുശ്രൂഷ നിർവഹിക്കുന്നതിലെ അവരുടെ വിജയം. “പഠിപ്പില്ലാത്തവരും സാമാന്യരുമായ” മനുഷ്യരെ അന്ന് അറിയപ്പെട്ടിരുന്ന ലോകത്തുടനീളം രാജ്യസന്ദേശം ഘോഷിക്കാൻ തക്കവണ്ണം പ്രാപ്‌തരാക്കാൻ പരിശുദ്ധാത്മാവിനല്ലാതെ മറ്റെന്തിനാണു കഴിയുമായിരുന്നത്?—പ്രവൃത്തികൾ 4:13; കൊലൊസ്സ്യർ 1:23.
14. തന്റെ ജനത്തെ പ്രബുദ്ധരാക്കാൻ യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചത് എങ്ങനെ?
14 തന്റെ ജനത്തെ പ്രബുദ്ധരാക്കാനും യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചു. ഫറവോന്റെ പ്രാവചനിക സ്വപ്‌നങ്ങൾ വ്യാഖ്യാനിക്കാൻ ദൈവാത്മാവ് യോസെഫിനെ പ്രാപ്‌തനാക്കി. (ഉല്‌പത്തി 41:16, 38, 39) തന്റെ ആത്മാവിനെ ഉപയോഗിച്ച് യഹോവ താഴ്‌മയുള്ളവർക്ക് തന്റെ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്തിക്കൊടുക്കുകയും ഗർവികളിൽനിന്ന് അവ മറച്ചുവെക്കുകയും ചെയ്‌തു. (മത്തായി 11:25) അക്കാരണത്താൽ, “തന്നെ സ്‌നേഹിക്കുന്നവർക്കു” യഹോവ നൽകുന്ന കാര്യങ്ങളെക്കുറിച്ച് അപ്പൊസ്‌തലനായ പൗലൊസ് ഇപ്രകാരം പ്രസ്‌താവിച്ചു: “നമുക്കോ ദൈവം തന്റെ ആത്മാവിനാൽ [അവ] വെളിപ്പെടുത്തിയിരിക്കുന്നു.” (1 കൊരിന്ത്യർ 2:7-10) പരിശുദ്ധാത്മാവിന്റെ സഹായത്താൽമാത്രമേ ഒരുവന് ദൈവഹിതം യഥാർഥമായി മനസ്സിലാക്കാനാകുമായിരുന്നുള്ളൂ.
ദൈവവചനത്തിൽനിന്നുള്ള സഹായം
15, 16. ജ്ഞാനപൂർവം പ്രവർത്തിക്കാൻ എന്തു ചെയ്യണമെന്ന നിർദേശമാണ് യോശുവയ്‌ക്കു ലഭിച്ചത്?
15 യഹോവയുടെ നിശ്വസ്‌ത വചനം ‘ഉപദേശത്തിനു പ്രയോജനമുള്ളതാണ്.’ “സകല സൽപ്രവൃത്തിക്കും വകപ്രാപിച്ചു തികഞ്ഞ”വരാകാൻ അതു ദൈവദാസരെ പ്രാപ്‌തരാക്കുന്നു. (2 തിമൊഥെയൊസ് 3:16, 17) ദൈവവചനത്തിന്റെ അതിനോടകം രേഖപ്പെടുത്തപ്പെട്ടിരുന്ന ഭാഗങ്ങൾ പുരാതന ദൈവജനത്തെ സഹായിച്ച വിധം സംബന്ധിച്ച ധാരാളം ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്.
16 ദൈവാരാധകർക്ക് ഉത്തമ മാർഗനിർദേശം നൽകാൻ തിരുവെഴുത്തുകൾ സഹായിച്ചു. ഇസ്രായേലിനെ നയിക്കാനുള്ള ഉത്തരവാദിത്വം ഭരമേൽപ്പിക്കപ്പെട്ടപ്പോൾ യോശുവയ്‌ക്ക് ഈ നിർദേശം ലഭിച്ചു: “ഈ ന്യായപ്രമാണപുസ്‌തകത്തിലുള്ളതു [മോശെ രേഖപ്പെടുത്തിയിരുന്നത്] നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും [“ജ്ഞാനപൂർവം പ്രവർത്തിക്കും,” NW].” ദൈവം യോശുവയ്‌ക്ക് ഏതെങ്കിലും അത്ഭുത ജ്ഞാനസിദ്ധി വാഗ്‌ദാനം ചെയ്‌തില്ല എന്നതു ശ്രദ്ധിക്കുക. ‘ന്യായപ്രമാണപുസ്‌തകം’ വായിച്ചു ധ്യാനിച്ചാൽ മാത്രമേ യോശുവയ്‌ക്ക് ജ്ഞാനപൂർവം പ്രവർത്തിക്കാനാകുമായിരുന്നുള്ളൂ.—യോശുവ 1:8; സങ്കീർത്തനം 1:1-3.
17. തങ്ങൾക്കു ലഭ്യമായിരുന്ന തിരുവെഴുത്തു ഭാഗങ്ങളിൽനിന്നു ദാനീയേലിനും യോശീയാ രാജാവിനും സഹായം ലഭിച്ചത് എങ്ങനെ?
17 ദൈവഹിതവും ഉദ്ദേശ്യവും വെളിപ്പെടുത്താനും അവന്റെ ലിഖിത വചനം സഹായിച്ചു. ഉദാഹരണത്തിന്, യെരൂശലേം എത്രകാലം ശൂന്യമായിക്കിടക്കുമെന്ന് യിരെമ്യാവിന്റെ എഴുത്തുകളിൽനിന്ന് ദാനീയേൽ മനസ്സിലാക്കി. (യിരെമ്യാവു 25:11; ദാനീയേൽ 9:2) യെഹൂദായിലെ യോശീയാ രാജാവിന്റെ ഭരണകാലത്ത് എന്തു സംഭവിച്ചുവെന്നും നോക്കുക. ആ സമയമായപ്പോഴേക്കും ഇസ്രായേൽ ജനത യഹോവയിൽനിന്നു വ്യതിചലിച്ചുപോയിരുന്നു, ന്യായപ്രമാണത്തിന്റെ വ്യക്തിപരമായ ഒരു പകർപ്പുണ്ടാക്കി അതിലെ വ്യവസ്ഥകൾ അനുസരിക്കാൻ രാജാക്കന്മാർ വ്യക്തമായും പരാജയപ്പെട്ടിരുന്നു. (ആവർത്തനപുസ്‌തകം 17:18-20) എന്നാൽ ആലയത്തിന്റെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരുന്നപ്പോൾ, സാധ്യതയനുസരിച്ച് മോശെ എഴുതിയ “ന്യായപ്രമാണപുസ്‌തകം” കണ്ടുകിട്ടി. ഏതാണ്ട് 800 വർഷംമുമ്പ് എഴുത്തു പൂർത്തിയായ മൂല പാഠമായിരുന്നിരിക്കാം ഇത്. അതിലെ ഉള്ളടക്കം വായിച്ചുകേട്ട ശേഷം, ജനത യഹോവയുടെ ഹിതം ചെയ്യുന്നതിൽനിന്ന് എത്രയോ അകന്നുപോയിരിക്കുന്നുവെന്നു യോശീയാവ് തിരിച്ചറിഞ്ഞു. തുടർന്ന്, പുസ്‌തകത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ അനുഷ്‌ഠിക്കാനായി രാജാവ് കർശന നടപടികൾ സ്വീകരിച്ചു. (2 രാജാക്കന്മാർ 22:8; 23:1-7) ലഭ്യമായിരുന്ന വിശുദ്ധതിരുവെഴുത്തു ഭാഗങ്ങൾ പുരാതന ദൈവജനത്തെ സഹായിച്ചുവെന്നതു വ്യക്തമല്ലേ?
സഹവിശ്വാസികളിലൂടെയുള്ള സഹായം
18. ഒരു സത്യാരാധകൻ സഹവിശ്വാസിക്കു നൽകുന്ന ഏതൊരു സഹായത്തിനും കാരണഭൂതൻ യഹോവയാണെന്നു പറയാവുന്നത് എന്തുകൊണ്ട്?
18 യഹോവയിൽനിന്നുള്ള സഹായം പലപ്പോഴും സഹവിശ്വാസികളിലൂടെയാണു ലഭിക്കുന്നത്. ഒരു സത്യാരാധകൻ സഹവിശ്വാസിക്കു നൽകുന്ന ഏതൊരു സഹായത്തിനും കാരണഭൂതൻ ദൈവമാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയാനാകുന്നത്? രണ്ടു കാരണങ്ങളാൽ. ഒന്നാമതായി, ഇതിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഉൾപ്പെട്ടിരിക്കുന്നു. ആ ആത്മാവ് ഗലാത്യർ 5:22, 23) അതിനാൽ, ദൈവത്തിന്റെ ഒരു ദാസൻ മറ്റൊരു ദൈവദാസനെ സഹായിക്കാൻ പ്രേരിതനാകുമ്പോൾ, അത് യഹോവയുടെ ആത്മാവ് പ്രവർത്തനനിരതമായിരിക്കുന്നതിന്റെ തെളിവാണ്. രണ്ടാമതായി, നാം നിർമിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ സാദൃശ്യത്തിൽ അല്ലെങ്കിൽ പ്രതിച്ഛായയിലാണ്. (ഉല്‌പത്തി 1:26) ദയയും അനുകമ്പയും ഉൾപ്പെടെയുള്ള അവന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാനുള്ള പ്രാപ്‌തി നമുക്കുണ്ടെന്നാണ് ഇതിനർഥം. അതുകൊണ്ട്, യഹോവയുടെ ഒരു ദാസൻ മറ്റൊരുവന് സഹായഹസ്‌തം നീട്ടുന്ന ഓരോ സന്ദർഭത്തിലും, ആരുടെ സാദൃശ്യമാണോ പ്രതിഫലിപ്പിക്കപ്പെടുന്നത് അവനാണ് ആ സഹായത്തിന്റെ യഥാർഥ ഉറവ്.
അതിന്റെ സ്വാധീനത്തിൻകീഴിൽ വരുന്നവരിൽ സ്‌നേഹം, പരോപകാരം പോലുള്ള ഫലം ഉത്‌പാദിപ്പിക്കുന്നു. (19. ബൈബിൾ വൃത്താന്തമനുസരിച്ച്, യഹോവ സഹവിശ്വാസികളിലൂടെ സഹായം നൽകിയത് എങ്ങനെ?
19 ബൈബിൾ കാലങ്ങളിൽ യഹോവ എങ്ങനെയാണ് സഹവിശ്വാസികളിലൂടെ സഹായം നൽകിയത്? യിരെമ്യാവ് ബാരൂക്കിന് ജീവരക്ഷാകരമായ ബുദ്ധിയുപദേശം നൽകിയതുപോലെ, തന്റെ ഒരു ദാസൻ മറ്റൊരു ദാസനെ ബുദ്ധിയുപദേശിക്കാൻ യഹോവ പലപ്പോഴും ഇടയാക്കി. (യിരെമ്യാവു 45:1-5) യെരൂശലേമിലെ സഹായം ആവശ്യമായിരുന്ന സഹോദരങ്ങളെ സഹായിക്കാൻ മക്കെദോന്യയിലെയും അഖായയിലെയും ക്രിസ്‌ത്യാനികൾ ശുഷ്‌കാന്തി കാണിച്ചപ്പോഴത്തേതുപോലെ, സഹവിശ്വാസികളെ ഭൗതികമായി സഹായിക്കാൻ സത്യാരാധകർ പലപ്പോഴും പ്രേരിതരായിത്തീർന്നു. അത്തരം ഔദാര്യം ഉചിതമായും “ദൈവത്തിന്നു . . . സ്‌തോത്രം” വരുവാൻ കാരണമായെന്നു പൗലൊസ് അപ്പൊസ്‌തലൻ പ്രസ്‌താവിക്കുകയുണ്ടായി.—2 കൊരിന്ത്യർ 9:11.
20, 21. ഏതു സാഹചര്യങ്ങളിലാണ് അപ്പൊസ്‌തലനായ പൗലൊസ് റോമിൽനിന്നുള്ള സഹോദരന്മാരാൽ ശക്തീകരിക്കപ്പെട്ടത്?
20 പരസ്‌പരം ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനുമായി യഹോവയുടെ ദാസർ ശ്രമം ചെലുത്തിയ വിധം സംബന്ധിച്ച വിവരണങ്ങൾ പ്രത്യേകാൽ ഹൃദയസ്‌പർശിയാണ്. പൗലൊസ് അപ്പൊസ്‌തലൻ ഉൾപ്പെട്ട ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക. ഒരു തടവുപുള്ളിയായി റോമിലേക്കു പോകവേ പൗലൊസ് ആപ്പിയൻ വേ എന്നറിയപ്പെടുന്ന റോമൻ രാജപാതയിലൂടെ യാത്ര ചെയ്‌തു. ആ യാത്രയുടെ അവസാന ഘട്ടം പ്രത്യേകിച്ചും ദുർഘടമായിരുന്നു. കാരണം, യാത്രക്കാർ ചതുപ്പു നിറഞ്ഞ ഒരു താഴ്‌ന്ന പ്രദേശത്തുകൂടെ വേണമായിരുന്നു കടന്നുപോകാൻ. * പൗലൊസ് വരുന്നുണ്ടെന്ന് റോമിലുള്ള സഭയിലെ സഹോദരങ്ങൾക്ക് അറിവു കിട്ടി. അവർ എന്തു ചെയ്‌തു? പൗലൊസ് എത്തിച്ചേരട്ടെ, എന്നിട്ട് അവനെ അഭിവാദനം ചെയ്‌ത് സ്വീകരിക്കാം എന്നു വിചാരിച്ച് അവർ നഗരത്തിലുള്ള തങ്ങളുടെ വസതികളിൽ സുഖമായി ഇരുന്നോ?
21 എന്താണു സംഭവിച്ചതെന്ന് ആ യാത്രയിൽ പൗലൊസിനോടൊത്തുണ്ടായിരുന്ന ബൈബിളെഴുത്തുകാരനായ ലൂക്കൊസ് നമ്മോടു പറയുന്നു: “അവിടത്തെ [റോമിലെ] സഹോദരന്മാർ ഞങ്ങളുടെ വർത്തമാനം കേട്ടിട്ടു അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റു വന്നു.” ആ രംഗം നിങ്ങൾക്ക് ഭാവനയിൽ കാണാനാകുമോ? പൗലൊസ് വരുന്നുവെന്ന് അറിഞ്ഞുകൊണ്ട് അവനെ കാണാനായി കുറെ സഹോദരന്മാർ റോമിൽനിന്നു യാത്രതിരിച്ചു. അതിൽ കുറച്ചുപേർ റോമാ നഗരത്തിന് ഏകദേശം 74 കിലോമീറ്റർ ദൂരെയുള്ള പേരുകേട്ട വിശ്രമകേന്ദ്രമായ ആപ്പിയൂസ് ചന്തസ്ഥലത്ത് (അപ്യപുരം) കാത്തുനിന്നു. ബാക്കി സഹോദരന്മാർ നഗരത്തിന് ഏതാണ്ട് 58 കിലോമീറ്റർ അകലെ ത്രിമണ്ഡപം എന്ന വിശ്രമസ്ഥലത്ത് കാത്തുനിൽക്കുകയായിരുന്നു. പൗലൊസ് എങ്ങനെയാണു പ്രതികരിച്ചത്? ലൂക്കൊസ് റിപ്പോർട്ടു ചെയ്യുന്നു: “അവരെ കണ്ടിട്ടു പൌലൊസ് ദൈവത്തെ വാഴ്‌ത്തി ധൈര്യം പ്രാപിച്ചു.” (പ്രവൃത്തികൾ 28:15) ഒന്നു ചിന്തിക്കുക—അത്രദൂരം കഷ്ടപ്പെട്ടു യാത്ര ചെയ്‌തുവന്ന സഹോദരന്മാരെ ഒന്നു കണ്ടതുതന്നെ പൗലൊസിന് ശക്തിയും ആശ്വാസവും പകർന്നു! ഈ സഹായത്തിന് അവൻ ആരോടാണു നന്ദി പറഞ്ഞത്? അതിന്റെ കാരണഭൂതനായ യഹോവയാം ദൈവത്തോട്.
22. 2005-ലെ നമ്മുടെ വാർഷികവാക്യമെന്ത്, അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കുന്നതായിരിക്കും?
22 ദൈവത്തിന്റെ ഇടപെടലുകൾ സംബന്ധിച്ച നിശ്വസ്‌ത രേഖ യഹോവ സഹായിയാണെന്നു സംശയലേശമെന്യേ പ്രകടമാക്കുന്നു. അവൻ അനുപമ സഹായിയാണ്. ഉചിതമായും യഹോവയുടെ സാക്ഷികളുടെ 2005-ലെ വാർഷികവാക്യം സങ്കീർത്തനം 121:2-ലെ വാക്കുകളാണ്: “എന്റെ സഹായം . . . യഹോവയിങ്കൽനിന്നു വരുന്നു.” എന്നാൽ യഹോവ ഇക്കാലത്ത് എങ്ങനെയാണ് നമ്മെ സഹായിക്കുന്നത്? അടുത്ത ലേഖനം ഇതു ചർച്ചചെയ്യും.
[അടിക്കുറിപ്പ്]
^ ഖ. 20 ഇതേ യാത്ര നടത്തിയിട്ടുള്ള ഹൊറാസ് (പൊ.യു.മു. 65-8) എന്ന റോമൻ കവി, യാത്രയുടെ ഈ ഘട്ടത്തിലെ ബുദ്ധിമുട്ടുകളെപ്പറ്റി പ്രതിപാദിക്കുകയുണ്ടായി. “തോണിക്കാരും പിശുക്കന്മാരായ സത്രം നടത്തിപ്പുകാരും തിങ്ങിനിറഞ്ഞ” ഇടമെന്നാണ് ഹൊറാസ് ആപ്പിയൂസിലെ ചന്തസ്ഥലത്തെ വിശേഷിപ്പിച്ചത്. “അങ്ങേയറ്റം വെറുപ്പുളവാക്കുന്ന പ്രാണികളെയും തവളകളെയും മലിന” ജലത്തെയും കുറിച്ച് അദ്ദേഹം പരാതിപ്പെടുകയുണ്ടായി.
നിങ്ങൾ ഓർമിക്കുന്നുവോ?
പിൻവരുന്ന മാർഗങ്ങളിലൂടെ യഹോവ ഏതെല്ലാം രീതികളിൽ സഹായം നൽകി?
• ദൂതന്മാർ
• പരിശുദ്ധാത്മാവ്
• നിശ്വസ്‌ത വചനം
• സഹവിശ്വാസികൾ
[അധ്യയന ചോദ്യങ്ങൾ]
[15-ാം പേജിലെ ആകർഷകവാക്യം]
2005-ലെ വാർഷികവാക്യം: “എന്റെ സഹായം . . . യഹോവയിങ്കൽനിന്നു വരുന്നു.” —സങ്കീർത്തനം 121:2.
[16-ാം പേജിലെ ചിത്രം]
റോമിലെ സഹോദരന്മാരിൽനിന്നു ലഭിച്ച സഹായത്തിന് പൗലൊസ് ദൈവത്തിനു നന്ദിപറഞ്ഞു