വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യിരെമ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ

യിരെമ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

യിരെമ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ

സ്വന്തം ജനത്തിനു വന്നു ഭവിക്കുമെന്ന്‌ യിരെമ്യാവു പ്രഖ്യാപിച്ച അനർഥങ്ങളെക്കുറിച്ചു കേട്ട്‌ ആ ജനം എത്രമാത്രം നടുങ്ങിയിരിക്കണം! മൂന്നു നൂറ്റാണ്ടിലേറെ സത്യാരാധനയുടെ കേന്ദ്രമായി വർത്തിച്ചിരുന്ന മഹത്ത്വപൂർണമായ ആലയം കത്തി ചാമ്പലാകും. യെഹൂദാ ദേശവും യെരൂശലേം നഗരവും ശൂന്യമായി കിടക്കും, അതിലെ നിവാസികളെ ബദ്ധന്മാരായി കൊണ്ടുപോകും. ഇവയെക്കുറിച്ചും മറ്റു ന്യായവിധി പ്രഖ്യാപനങ്ങളെക്കുറിച്ചും ഉള്ള രേഖ ബൈബിളിലെ രണ്ടാമത്തെ വലിയ പുസ്‌തകമായ യിരെമ്യാവിൽ കാണാം. നീണ്ട 67 വർഷക്കാലം വിശ്വസ്‌തതയോടെ ഒരു പ്രവാചകനെന്ന നിലയിൽ സേവിച്ചപ്പോൾ യിരെമ്യാവിനുണ്ടായ അനുഭവങ്ങളും ഈ പുസ്‌തകത്തിലുണ്ട്‌. കാലാനുക്രമത്തിലല്ല വിഷയാനുക്രമത്തിലാണ്‌ ഇതിലെ വിവരങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്‌.

യിരെമ്യാവിന്റെ പുസ്‌തകത്തിൽ നാം തത്‌പരരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌? അതിലെ നിവൃത്തിയേറിയ പ്രവചനങ്ങൾ, യഹോവ വാഗ്‌ദാനങ്ങൾ നിവൃത്തിക്കുന്നവനാണെന്ന നമ്മുടെ വിശ്വാസം ശക്തമാക്കുന്നു. (യെശയ്യാവു 55:10, 11) പ്രവാചകനെന്ന നിലയിലുള്ള യിരെമ്യാവിന്റെ വേലയ്‌ക്കും അവന്റെ സന്ദേശത്തോടുള്ള ആളുകളുടെ മനോഭാവത്തിനും നമ്മുടെ നാളിൽ ഒരു സമാന്തരം കാണാം. (1 കൊരിന്ത്യർ 10:11) കൂടാതെ യഹോവ തന്റെ ജനത്തോട്‌ ഇടപെട്ട വിധത്തെക്കുറിച്ചുള്ള രേഖ അവന്റെ ഗുണങ്ങളെ പ്രദീപ്‌തമാക്കുന്നു. അതിനു നമ്മുടെമേൽ ശക്തമായ സ്വാധീനം ഉണ്ടായിരിക്കണം.​—⁠എബ്രായർ 4:12.

“എന്റെ ജനം രണ്ടു ദോഷം ചെയ്‌തിരിക്കുന്നു”

(യിരെമ്യാവു 1:1–20:18)

യെഹൂദാ രാജാവായ യോശീയാവിന്റെ വാഴ്‌ചയുടെ 13-ാം ആണ്ടിലാണ്‌ യിരെമ്യാവ്‌ പ്രവാചകനായി നിയമിതനായത്‌, അതായത്‌ പൊതുയുഗത്തിനു മുമ്പ്‌ (പൊ.യു.മു.) 607-ലെ യെരൂശലേമിന്റെ നാശത്തിന്‌ 40 വർഷം മുമ്പ്‌. (യിരെമ്യാവു 1:1, 2) യോശീയാവിന്റെ വാഴ്‌ചയുടെ ശേഷിച്ച 18 വർഷക്കാലത്ത്‌ യിരെമ്യാവ്‌ നടത്തിയ പ്രഖ്യാപനങ്ങളിൽ ഏറെയും യെഹൂദായുടെ മ്ലേച്ഛതയെ തുറന്നു കാണിക്കുന്നതും അവൾക്ക്‌ എതിരെയുള്ള യഹോവയുടെ ന്യായവിധിയെക്കുറിച്ചുള്ളതും ആയിരുന്നു. ‘ഞാൻ യെരൂശലേമിനെ കൽകുന്നുകൾ ആക്കും; ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികൾ ഇല്ലാതാകുംവണ്ണം ശൂന്യമാക്കിക്കളയും.’ (യിരെമ്യാവു 9:11) എന്തുകൊണ്ട്‌? “എന്റെ ജനം രണ്ടു ദോഷം ചെയ്‌തിരിക്കുന്നു” എന്ന്‌ യഹോവ പറയുന്നു.​—⁠യിരെമ്യാവു 2:⁠13.

യിരെമ്യാവിന്റെ സന്ദേശം അനുതാപമുള്ള ഒരു ശേഷിപ്പിന്റെ പുനഃസ്ഥിതീകരണത്തെക്കുറിച്ചും ഉള്ളതാണ്‌. (യിരെമ്യാവു 3:14-18; 12:14, 15; 16:14-21) എന്നാൽ സന്ദേശവാഹകന്‌ നല്ല സ്വീകരണമല്ല ലഭിക്കുന്നത്‌. ‘യഹോവയുടെ ആലയത്തിലെ പ്രധാനവിചാരകൻ’ യിരെമ്യാവിനെ അടിക്കുകയും രാത്രി മുഴുവൻ ആമത്തിലിടുകയും ചെയ്യുന്നു.​—⁠യിരെമ്യാവു 20:1-3.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

1:​11, 12—⁠തന്റെ അരുളപ്പാടുകൾ സംബന്ധിച്ച്‌ യഹോവ ജാഗരിക്കുന്നതിനെ “ബദാം (ജാഗ്രത്‌) വൃക്ഷത്തിന്റെ ഒരു കൊമ്പു”മായി ബന്ധപ്പെടുത്തിയിരിക്കുന്നത്‌ എന്തുകൊണ്ട്‌? വസന്തത്തിൽ മിക്ക വൃക്ഷങ്ങളെയും അപേക്ഷിച്ച്‌ ആദ്യം പുഷ്‌പിക്കുന്ന ബദാം ‘അതികാലത്ത്‌ ഉണരുന്നു’ എന്നു പറയാനാകും. തന്റെ ന്യായവിധികളെക്കുറിച്ച്‌ ആളുകൾക്കു മുന്നറിയിപ്പു നൽകുന്നതിന്‌ ‘പ്രവാചകന്മാരെ അവരുടെ അടുക്കൽ പറഞ്ഞയയ്‌ക്കുന്നതിനായി’ യഹോവ നിരന്തരം “അതികാലത്ത്‌” ഉണരുകയും അതെല്ലാം നടപ്പാകുന്നതുവരെ ‘ജാഗരിക്കുകയും’ ചെയ്യുന്നു.—⁠യിരെമ്യാവു 7:25.

2:​10, 11—⁠അവിശ്വസ്‌തരായ ഇസ്രായേല്യരുടെ പ്രവൃത്തികൾ അത്രമാത്രം അസാധാരണമായിരുന്നത്‌ എന്തുകൊണ്ട്‌? പടിഞ്ഞാറ്‌ കിത്തീം വരെയും കിഴക്ക്‌ കേദാർ വരെയുമുള്ള പുറജാതി രാഷ്‌ട്രങ്ങൾ മറ്റു രാഷ്‌ട്രങ്ങളിലെ ദൈവങ്ങളെ സ്വന്തം ദൈവങ്ങളുടെ ഗണത്തിൽ ചേർക്കുമായിരുന്നെങ്കിലും, തങ്ങളുടെ ദൈവങ്ങളെ പൂർണമായി തള്ളിക്കളഞ്ഞിട്ട്‌ പകരം അന്യദൈവങ്ങളെ പ്രതിഷ്‌ഠിക്കുന്നത്‌ കേട്ടുകേൾവിപോലും ഇല്ലാത്ത കാര്യമായിരുന്നു. എന്നാൽ ഇസ്രായേല്യർ യഹോവയെ ഉപേക്ഷിച്ചിട്ട്‌ ജീവനുള്ള ദൈവത്തിനു നൽകേണ്ട മഹത്ത്വം നിർജീവ വിഗ്രഹങ്ങൾക്കു നൽകി.

3:​11-22; 11:​10-12, 17​—⁠പൊ.യു.മു. 740-ൽ ശമര്യ നശിപ്പിക്കപ്പെട്ടിരുന്നെങ്കിലും യിരെമ്യാവ്‌ എന്തുകൊണ്ടാണ്‌ വടക്കുള്ള പത്തു ഗോത്ര രാജ്യത്തെയും തന്റെ സന്ദേശത്തിൽ ഉൾപ്പെടുത്തിയത്‌? ഇതിന്റെ കാരണം പൊ.യു.മു. 607-ലെ യെരൂശലേമിന്റെ നാശം യെഹൂദായുടെമേൽ മാത്രമല്ല മുഴു ഇസ്രായേൽ ജനതയുടെയും മേലുള്ള യഹോവയുടെ ന്യായവിധിയെ സൂചിപ്പിക്കുന്നതായിരുന്നു. (യെഹെസ്‌കേൽ 9:9, 10) അതിലുപരിയായി പത്തുഗോത്ര രാജ്യത്തിന്റെ പതനത്തിനുശേഷവും അവരുടെ സകല പ്രതീക്ഷകളും യെരൂശലേമിനെ ചുറ്റിപ്പറ്റിയായിരുന്നു. അക്കാരണത്താലും ദൈവത്തിന്റെ പ്രവാചകന്മാരുടെ സന്ദേശങ്ങൾ ഇസ്രായേല്യരെയും ഉൾപ്പെടുത്തിയിരുന്നു.

4:​3, 4—⁠ഈ കല്‌പനയുടെ അർഥമെന്താണ്‌? നിലം ഉഴുതുമറിച്ച്‌ കളയും മുള്ളും മറ്റും നീക്കം ചെയ്‌ത്‌ ഒരുക്കുന്നതുപോലെ അവിശ്വസ്‌തരായ യഹൂദന്മാർ തങ്ങളുടെ ഹൃദയം ഒരുക്കേണ്ടിയിരുന്നു. അശുദ്ധമായ വികാരവിചാരങ്ങളും ആന്തരങ്ങളും ഒഴിവാക്കിക്കൊണ്ട്‌ അവർ ഹൃദയത്തിന്റെ ‘അഗ്രചർമം’ നീക്കം ചെയ്യണമായിരുന്നു. (യിരെമ്യാവു 9:25, 26; പ്രവൃത്തികൾ 7:​51) ഇതിന്റെയർഥം മ്ലേച്ഛ പ്രവൃത്തികളിൽനിന്നു തിരിഞ്ഞ്‌ ദൈവാനുഗ്രഹങ്ങൾ കൈവരുത്തുന്ന പ്രവൃത്തികൾ ചെയ്‌തുകൊണ്ട്‌ ജീവിതരീതിക്കു മാറ്റം വരുത്തുക എന്നതായിരുന്നു.

4:10; 15:18—⁠ഏത്‌ അർഥത്തിലാണ്‌ യഹോവ മത്സരികളായ തന്റെ ജനത്തെ വഞ്ചിച്ചത്‌? യിരെമ്യാവിന്റെ നാളിൽ ‘വ്യാജമായി പ്രവചിക്കുന്ന’ പ്രവാചകന്മാർ ഉണ്ടായിരുന്നു. (യിരെമ്യാവു 5:31; 20:6; 23:16, 17, 25-28, 32) വഴിതെറ്റിക്കുന്ന സന്ദേശങ്ങൾ പ്രഖ്യാപിക്കുന്നതിൽനിന്ന്‌ യഹോവ അവരെ തടഞ്ഞില്ല.

16:16—⁠“അനേകം മീൻപിടിക്കാരെ”യും “അനേകം നായാട്ടുകാരെ”യും വരുത്തുമെന്നു പറഞ്ഞപ്പോൾ യഹോവ എന്താണ്‌ ഉദ്ദേശിച്ചത്‌? തന്റെ ന്യായവിധിക്ക്‌ അർഹരായ അവിശ്വസ്‌ത യഹൂദരെ കണ്ടെത്തുന്നതിനായി യഹോവ അയയ്‌ക്കുന്ന ശത്രു സൈന്യങ്ങളെ ആയിരിക്കാം ഇവിടെ പരാമർശിക്കുന്നത്‌. എന്നിരുന്നാലും യിരെമ്യാവ്‌ 16:​15-ന്റെ വെളിച്ചത്തിൽ അനുതാപമുള്ള ഇസ്രായേല്യരെ തിരയുന്നതിനെയും ഇതു സൂചിപ്പിച്ചേക്കാം.

20:7—⁠ഏതു വിധത്തിലാണ്‌ യഹോവ യിരെമ്യാവിന്‌ എതിരെ ‘ബലം പ്രയോഗിച്ചതും’ അവനെക്കൊണ്ടു സമ്മതിപ്പിച്ചതും (“അവനെ കബളിപ്പിച്ചതും,” NW)? യഹോവയുടെ ന്യായവിധികൾ പ്രഖ്യാപിക്കവേ യിരെമ്യാവിനു നിസ്സംഗതയും തിരസ്‌കരണവും പീഡനവും അഭിമുഖീകരിക്കേണ്ടി വന്നു. അതുനിമിത്തം ആ വേല തുടർന്നുകൊണ്ടുപോകാൻ തനിക്കു ശക്തിയില്ലെന്ന്‌ അവനു തോന്നിയിരിക്കണം. എന്നിരുന്നാലും വേല തുടരാനുള്ള ശക്തി പകർന്നുകൊണ്ട്‌ യഹോവ അവന്റെ തെറ്റായ മനോഭാവത്തിനെതിരെ ബലം പ്രയോഗിച്ചു. അങ്ങനെ, ചെയ്യാൻ സാധിക്കില്ലെന്നു വിചാരിച്ചിരുന്ന ഒരു കാര്യം ചെയ്യാൻ യിരെമ്യാവിനെ പ്രാപ്‌തനാക്കിക്കൊണ്ട്‌ യഹോവ അവനെ കബളിപ്പിച്ചു.

നമുക്കുള്ള പാഠങ്ങൾ:

1:⁠8. യഹോവ തന്റെ ജനത്തെ ചിലപ്പോൾ പീഡനങ്ങളിൽനിന്നു വിടുവിക്കുന്നു​—⁠നിഷ്‌പക്ഷരായ ന്യായാധിപന്മാരെ ഉപയോഗിച്ചുകൊണ്ട്‌, അല്ലെങ്കിൽ ശത്രുതാമനോഭാവമുള്ള ഉദ്യോഗസ്ഥരുടെ സ്ഥാനത്ത്‌ ന്യായബോധമുള്ളവരെ വരുത്തിക്കൊണ്ട്‌, അതുമല്ലെങ്കിൽ തന്റെ ആരാധകർക്ക്‌ സഹിച്ചുനിൽക്കാനുള്ള ശക്തി നൽകിക്കൊണ്ട്‌ ആയിരിക്കാം ഇത്‌.​—⁠1 കൊരിന്ത്യർ 10:⁠13.

2:​13, 18. അവിശ്വസ്‌ത ഇസ്രായേല്യർ രണ്ടു ദോഷങ്ങൾ ചെയ്‌തു. അനുഗ്രഹത്തിന്റെയും മാർഗനിർദേശത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ‘വറ്റാത്ത ഉറവായ’ യഹോവയെ ഉപേക്ഷിച്ചു. എന്നിട്ട്‌ അവർ തങ്ങൾക്കായി പൊട്ടക്കിണറുകൾ കുഴിച്ചു, ഈജിപ്‌തുമായും അസീറിയയുമായും സൈനിക സഖ്യത്തിനു ശ്രമിച്ചുകൊണ്ട്‌. നമ്മുടെ നാളുകളിൽ സത്യാരാധനയെ ഉപേക്ഷിച്ചുകളഞ്ഞിട്ട്‌ തത്ത്വശാസ്‌ത്രങ്ങളിലേക്കും സിദ്ധാന്തങ്ങളിലേക്കും രാഷ്‌ട്രീയത്തിലേക്കും തിരിയുന്നത്‌ ‘ജീവജലത്തിന്റെ ഉറവിനെ’ ഉപേക്ഷിച്ചിട്ട്‌ ‘പൊട്ടക്കിണറുകൾ’ കുഴിക്കുന്നതുപോലെയാണ്‌.

6:16. ആത്മപരിശോധന നടത്താനും തങ്ങളുടെ വിശ്വസ്‌തരായ പൂർവപിതാക്കന്മാരുടെ “പഴയ പാതകളെ” കണ്ടെത്തി അതിൽ നടക്കാനും മത്സരികളായ ജനത്തെ യഹോവ ഉദ്‌ബോധിപ്പിക്കുന്നു. നാമും കാലാകാലങ്ങളിൽ ആത്മപരിശോധന നടത്തുകയും യഹോവയുടെ വഴികളിലാണു നടക്കുന്നതെന്ന്‌ ഉറപ്പാക്കുകയും ചെയ്യേണ്ടതല്ലേ?

7:​1-15. സംരക്ഷണം പ്രദാനം ചെയ്യാനുള്ള അത്ഭുതസിദ്ധിയുണ്ടെന്നു കരുതി യഹൂദന്മാർ ആശ്രയംവെച്ച ആലയം അവർക്കു യാതൊരു രക്ഷയും നൽകിയില്ല. നാം കാഴ്‌ചയാലല്ല വിശ്വാസത്താലാണു നടക്കേണ്ടത്‌.​—⁠2 കൊരിന്ത്യർ 5:⁠7.

15:​16, 17. യിരെമ്യാവിനെപ്പോലെ നമുക്കും നിരുത്സാഹത്തെ ചെറുക്കാനാകും. അർഥവത്തായ ബൈബിൾ പഠനത്തിൽ സന്തോഷം കണ്ടെത്തുകയും ശുശ്രൂഷയിൽ യഹോവയുടെ നാമത്തെ മഹത്ത്വപ്പെടുത്തുകയും ചീത്ത സഹവാസങ്ങൾ ഒഴിവാക്കുകയും ചെയ്‌തുകൊണ്ട്‌ നമുക്കിതു ചെയ്യാനാകും.

17:​1, 2യെഹൂദായിലെ ജനങ്ങളുടെ പാപങ്ങൾ നിമിത്തം അവരുടെ യാഗങ്ങൾ യഹോവയ്‌ക്ക്‌ അനിഷ്ടമായിത്തീർന്നു. ധാർമിക അശുദ്ധി നമ്മുടെ സ്‌തോത്രയാഗങ്ങളെ അസ്വീകാര്യമാക്കും.

17:​5-8. മനുഷ്യരും അവരുടെ സ്ഥാപനങ്ങളും ഏതളവോളം ദൈവഹിതത്തിനും ദൈവിക തത്ത്വങ്ങൾക്കും ചേർച്ചയിൽ പ്രവർത്തിക്കുന്നുവോ അത്രത്തോളമേ അവർ നമ്മുടെ വിശ്വാസം അർഹിക്കുന്നുള്ളൂ. യഥാർഥ സമാധാനം സുരക്ഷിതത്വം, രക്ഷ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ യഹോവയിൽ മാത്രം ആശ്രയിക്കുന്നതാണ്‌ ജ്ഞാനം.​—⁠സങ്കീർത്തനം 146:⁠3.

20:​8-11. നിസ്സംഗതയോ എതിർപ്പോ പീഡനമോ ഒന്നും രാജ്യപ്രസംഗവേലയിലുള്ള നമ്മുടെ തീക്ഷ്‌ണ കെടുത്തിക്കളയാൻ നാം അനുവദിക്കരുത്‌.​—⁠യാക്കോബ്‌ 5:10, 11.

‘ബാബേൽരാജാവിന്റെ നുകത്തിനു കഴുത്തു കീഴ്‌പെടുത്തുക’

(യിരെമ്യാവു 21:1–51:⁠64)

യെഹൂദായിലെ അവസാനത്തെ നാലു രാജാക്കന്മാർ, വ്യാജ പ്രവാചകന്മാർ, ഉത്തരവാദിത്വബോധമില്ലാത്ത ഇടയന്മാർ, അഴിമതിക്കാരായ പുരോഹിതന്മാർ എന്നിവർക്കെതിരെ യിരെമ്യാവ്‌ ന്യായവിധികൾ പ്രഖ്യാപിക്കുന്നു. വിശ്വസ്‌ത ശേഷിപ്പിനെ നല്ല അത്തിപ്പഴങ്ങളോട്‌ ഉപമിച്ചിട്ട്‌ ‘ഞാൻ എന്റെ ദൃഷ്ടി നന്മെക്കായി അവരുടെ മേൽവെക്കും’ എന്ന്‌ യഹോവ പറയുന്നു. (യിരെമ്യാവു 24:5, 6) 25-ാം അധ്യായത്തിലെ മൂന്നു പ്രവചനങ്ങൾ പിന്നീടുള്ള അധ്യായങ്ങളിൽ വിശദീകരിച്ചിരിക്കുന്ന ന്യായവിധികളുടെ ഒരു സംഗ്രഹമാണ്‌.

പുരോഹിതന്മാരും പ്രവാചകന്മാരും യിരെമ്യാവിനെ വധിക്കാൻ പദ്ധതിയിടുന്നു. അവർ ബാബേൽ രാജാവിനെ തീർച്ചയായും സേവിക്കണം എന്നതായിരുന്നു അവന്റെ സന്ദേശം. ‘ബാബേൽരാജാവിന്റെ നുകത്തിനു കഴുത്തു കീഴ്‌പെടുത്തുവിൻ’ എന്ന്‌ സിദെക്കീയാവ്‌ രാജാവിനോട്‌ യിരെമ്യാവ്‌ പറയുന്നു. (യിരെമ്യാവു 27:12) എന്നിരുന്നാലും “യിസ്രായേലിനെ ചിതറിച്ചവൻ അവനെ [യിസ്രായേലിനെ] കൂട്ടിച്ചേർ”ക്കും. (യിരെമ്യാവു 31:10) രേഖാബ്യരുടെ വിശ്വസ്‌തതയ്‌ക്ക്‌ പ്രതിഫലമെന്ന നിലയിൽ അവർക്ക്‌ ഒരു വാഗ്‌ദാനം ലഭിക്കുന്നു. ‘യിരെമ്യാവിനെ കാവൽപ്പുരമുറ്റത്തു’ ബന്ധനസ്ഥനാക്കുന്നു. (യിരെമ്യാവു 37:21) യെരൂശലേം നശിപ്പിക്കപ്പെടുകയും അതിലെ നിവാസികളിൽ മിക്കവരെയും ബദ്ധരാക്കി കൊണ്ടുപോകുകയും ചെയ്യുന്നു. ദേശത്ത്‌ അവശേഷിക്കുന്നവരിൽ യിരെമ്യാവും അവന്റെ സെക്രട്ടറിയായ ബാരൂക്കും ഉണ്ട്‌. യിരെമ്യാവിന്റെ മുന്നറിയിപ്പിനെ അവഗണിച്ചുകൊണ്ട്‌ ഭയചകിതരായ ആളുകൾ ഈജിപ്‌തിലേക്കു പലായനം ചെയ്യുന്നു. 46 മുതൽ 51 വരെയുള്ള അധ്യായങ്ങളിൽ മറ്റു ജനതകൾക്ക്‌ എതിരെയുള്ള യിരെമ്യാവിന്റെ സന്ദേശങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

22:29ബി—⁠ഈ അരുളപ്പാട്‌ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കാനുള്ള യേശുവിന്റെ അവകാശത്തെ അസാധുവാക്കിയോ? (മത്തായി 1:​1, 11) ഇല്ല. യെഹോയാഖീന്റെ അനന്തരാവകാശികൾ “ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു യെഹൂദയിൽ വാഴു”ന്നതിനെയാണ്‌ പ്രസ്‌തുത അരുളപ്പാടു വിലക്കിയത്‌. യേശു ഭരിക്കേണ്ടിയിരുന്നത്‌ സ്വർഗത്തിൽനിന്നാണ്‌, യെഹൂദായിലെ സിംഹാസനത്തിൽനിന്ന്‌ അല്ല.

23:33—⁠“യഹോവയുടെ ഭാരം” എന്നു പറഞ്ഞിരിക്കുന്നത്‌ എന്തിനെക്കുറിച്ചാണ്‌? യെരൂശലേമിന്റെ നാശത്തെക്കുറിച്ചു യിരെമ്യാവു നടത്തിയ ഗൗരവമുള്ള പ്രഖ്യാപനങ്ങൾ അവന്റെ ജനത്തിന്‌ ഒരു ‘ഭാരം’ ആയിരുന്നു. അതേസമയം കഠിനഹൃദയരായ ആ ജനത്തെ എറിഞ്ഞുകളയാൻ യഹോവ ആഗ്രഹിക്കും വിധം അവർ അവന്‌ ഒരു ഭാരമായിത്തീർന്നു. സമാനമായി ക്രൈസ്‌തവലോകത്തിന്റെ നാശത്തെ സംബന്ധിച്ചുള്ള തിരുവെഴുത്തു സന്ദേശം അവർക്ക്‌ ഒരു ഭാരമാണ്‌. ആ സന്ദേശത്തിനു ചെവികൊടുക്കാത്ത ആളുകൾ യഹോവയ്‌ക്കും ഒരു ഭാരമാണ്‌.

31:33—⁠ന്യായപ്രമാണം, അല്ലെങ്കിൽ ദൈവത്തിന്റെ നിയമം എങ്ങനെയാണ്‌ ഹൃദയങ്ങളിൽ എഴുതുന്നത്‌? യഹോവയുടെ ഇഷ്ടം ചെയ്യാനുള്ള അദമ്യമായ ആഗ്രഹം ഉളവാകുന്ന അളവോളം ഒരാൾ ദൈവനിയമത്തെ സ്‌നേഹിക്കുന്നെങ്കിൽ അത്‌ അയാളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നു എന്നു പറയാനാകും.

32:​10-15—⁠ഒരു ഇടപാടിന്റെ രണ്ട്‌ ആധാരങ്ങൾ എഴുതി ഉണ്ടാക്കിയതിന്റെ ഉദ്ദേശ്യം എന്തായിരുന്നു? തുറന്നിരുന്ന ആധാരം എളുപ്പം എടുത്തു പരിശോധിക്കുന്നതിനുവേണ്ടി ഉള്ളതായിരുന്നു. മുദ്രവെച്ച ആധാരം, ആവശ്യമായി വരുന്നപക്ഷം തുറന്നിരുന്നതിന്റെ കൃത്യത ഉറപ്പുവരുത്താൻ ഉപയോഗിക്കാമായിരുന്നു. ബന്ധുവും സഹവിശ്വാസിയുമായ ഒരു വ്യക്തിയുമായി ഇടപാടു നടത്തിയപ്പോൾപ്പോലും ന്യായമായ നിയമനടപടികൾ പിൻപറ്റിക്കൊണ്ട്‌ യിരെമ്യാവ്‌ നമുക്ക്‌ ഒരു നല്ല മാതൃകവെച്ചു.

33:​23, 24—⁠ഇവിടെ പറഞ്ഞിരിക്കുന്ന ‘രണ്ടു വംശങ്ങൾ’ ഏതെല്ലാമാണ്‌? ഒന്ന്‌ ദാവീദ്‌ രാജാവിലൂടെയുള്ള രാജകീയ വംശവും മറ്റൊന്ന്‌ അഹരോനിലൂടെയുള്ള പുരോഹിത വംശവുമാണ്‌. യെരൂശലേമിന്റെയും യഹോവയുടെ ആലയത്തിന്റെയും നാശത്തോടെ ഈ രണ്ടു വംശങ്ങളെയും യഹോവ തള്ളിക്കളഞ്ഞതായും മേലാൽ ഭൂമിയിൽ യഹോവയെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഒരു ഭരണമോ സത്യാരാധനയുടെ പുനഃസ്ഥാപനമോ ഉണ്ടാകയില്ലാത്തതായും അവർക്കു തോന്നി.

46:22—⁠ഈജിപ്‌തിന്റെ ശബ്ദം സർപ്പത്തിന്റേതിനോട്‌ താരതമ്യപ്പെടുത്തിയിരിക്കുന്നത്‌ എന്തുകൊണ്ട്‌? ഈജിപ്‌ത്‌ യൂദ്ധത്തിൽ പരാജയപ്പെട്ട്‌ പത്തിമടക്കി പിൻവാങ്ങുന്നതിനെ ആയിരിക്കാം ഇവിടെ പരാമർശിക്കുന്നത്‌. അല്ലെങ്കിൽ ഏതെങ്കിലും ദുരന്തത്തെ തുടർന്ന്‌ ഈജിപ്‌തിന്‌ ഉണ്ടായ അഭിമാനക്ഷതത്തെ ആകാം ഇതു സൂചിപ്പിക്കുന്നത്‌. സർപ്പ ദേവതയായ യുവാറ്റ്‌ചിറ്റിന്റെ സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഈജിപ്‌തിലെ ഫറവോന്മാർ തങ്ങളുടെ തലപ്പാവിൽ ഈ ദിവ്യസർപ്പത്തിന്റെ പ്രതീകം അണിഞ്ഞിരുന്നത്‌ എത്ര വ്യർഥമായിരുന്നെന്നും ഇതു കാണിക്കുന്നു.

നമുക്കുള്ള പാഠങ്ങൾ:

21:​8, 9; 38:19. മരണാർഹരായിരുന്ന, യെരൂശലേമിലെ അനുതാപമില്ലാത്ത നിവാസികൾക്ക്‌ രക്ഷപ്പെടാനുള്ള അവസരം അവസാന നിമിഷംപോലും യഹോവ പ്രദാനം ചെയ്‌തു. അതേ, അവന്റെ “കരുണ വലിയതാകുന്നു.”​—⁠2 ശമൂവേൽ 24:14; സങ്കീർത്തനം 119:156.

31:34. ഒരുവന്റെ പാപങ്ങൾ യഹോവ ഒരിക്കൽ ക്ഷമിച്ചു കഴിഞ്ഞാൽ പിന്നെ അവൻ അത്‌ ഓർക്കുകയോ അവയുടെ പേരിൽ പിന്നീട്‌ എപ്പോഴെങ്കിലും അയാൾക്കെതിരെ നടപടി എടുക്കുകയോ ചെയ്യുന്നില്ല എന്നറിയുന്നത്‌ എത്ര ആശ്വാസദായകമാണ്‌!

38:​7-13; 39:​15-18. “വിശുദ്ധന്മാരെ ശുശ്രൂഷി”ക്കുന്നത്‌ ഉൾപ്പെടെയുള്ള നമ്മുടെ വിശുദ്ധസേവനം യഹോവ മറന്നുകളയുന്നില്ല.​—⁠എബ്രായർ 6:⁠10.

45:​4, 5ഈ വ്യവസ്ഥിതിയുടെ “അന്ത്യകാലത്തു” ജീവിക്കുന്ന നാം യെഹൂദായുടെ അവസാനനാളുകളിലേതിനു സമാനമായ സ്ഥിതിവിശേഷമാണ്‌ അഭിമുഖീകരിക്കുന്നത്‌. അതുകൊണ്ട്‌ ധനം, സ്ഥാനമാനങ്ങൾ, സാമ്പത്തിക സുരക്ഷിതത്വം എന്നിവപോലുള്ള ‘വലിയ കാര്യങ്ങൾ’ അന്വേഷിക്കുന്നതിനുള്ള സമയമല്ലിത്‌.​—⁠2 തിമൊഥെയൊസ്‌ 3:1; 1 യോഹന്നാൻ 2:⁠17.

യെരൂശലേം കത്തി ചാമ്പലാകുന്നു

(യിരെമ്യാവു 52:​1-34)

പൊ.യു.മു. 607. സിദെക്കീയാവിന്റെ വാഴ്‌ചയുടെ 11-ാം വർഷം. ബാബിലോണ്യ രാജാവായ നെബൂഖദ്‌നേസർ യെരൂശലേം ഉപരോധിച്ചിട്ട്‌ 18 മാസമായിരിക്കുന്നു. നെബൂഖദ്‌നേസറിന്റെ വാഴ്‌ചയുടെ 19-ാം വർഷം അഞ്ചാം മാസം ഏഴാം തീയതി അകമ്പടിനായകനായ നെബൂസരദാൻ യെരൂശലേം നഗരമതിലുകൾക്കു പുറത്തുള്ള പാളയത്തിൽ എത്തുന്നു. (2 രാജാക്കന്മാർ 25:8) അവിടെനിന്നാകാം അവൻ സാഹചര്യം വിലയിരുത്തുകയും ആക്രമണത്തിനു പദ്ധതിയിടുകയും ചെയ്യുന്നത്‌. മൂന്നു ദിവസത്തിനുശേഷം 10-ാം തീയതി അവൻ യെരൂശലേമിൽ കടക്കുകയും നഗരം അഗ്നിക്ക്‌ ഇരയാക്കുകയും ചെയ്യുന്നു.​—⁠യിരെമ്യാവു 52:7, 12.

വിലാപഗീതങ്ങൾക്ക്‌ ആധാരമാകുന്ന, യെരൂശലേമിന്റെ വീഴ്‌ചയെക്കുറിച്ചുള്ള വിശദമായ ഒരു വിവരണം യിരെമ്യാവ്‌ നൽകുന്നു. ഈ ഗീതങ്ങളുടെ ഒരു സമാഹാരമാണ്‌ ബൈബിൾ പുസ്‌തകമായ വിലാപങ്ങൾ.

[8-ാം പേജിലെ ചിത്രം]

യിരെമ്യാവിന്റെ പ്രഖ്യാപനങ്ങളിൽ യെരൂശലേമിന്‌ എതിരെയുള്ള യഹോവയുടെ ന്യായവിധികൾ ഉൾപ്പെട്ടിരുന്നു

[9-ാം പേജിലെ ചിത്രം]

എങ്ങനെയാണ്‌ യഹോവ യിരെമ്യാവിന്‌ എതിരെ ‘ബലം പ്രയോഗിച്ചത്‌’?

[10-ാം പേജിലെ ചിത്രം]

“യെഹൂദാബദ്ധന്മാരെ ഈ നല്ല അത്തിപ്പഴംപോലെ ഞാൻ വിചാരിക്കും.”​—⁠യിരെമ്യാവു 24:⁠5.