‘സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കുവിൻ’
‘സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കുവിൻ’
“സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കാൻ പരമാവധി ശ്രമിക്കുവിൻ.”—റോമ. 12:18.
1, 2. (എ) യേശു തന്റെ അനുഗാമികൾക്ക് ഏത് മുന്നറിയിപ്പു നൽകി? (ബി) എതിർപ്പുകളോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം എന്നതു സംബന്ധിച്ച ബുദ്ധിയുപദേശം എവിടെ കണ്ടെത്താനാകും?
ലോകത്തിൽനിന്നും എതിർപ്പുകളുണ്ടാകുമെന്ന് യേശു തന്റെ ശിഷ്യന്മാർക്കു മുന്നറിയിപ്പുനൽകി. തന്റെ മരണത്തിന്റെ തലേരാത്രിയിൽ അതിന്റെ കാരണം വിശദീകരിച്ചുകൊണ്ട് അവൻ അപ്പൊസ്‌തലന്മാരോടു പറഞ്ഞു: “നിങ്ങൾ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ ലോകം അതിനു സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു; എന്നാൽ ഇപ്പോഴോ നിങ്ങൾ ലോകത്തിന്റെ ഭാഗമല്ലാത്തതുകൊണ്ടും ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തിരിക്കുന്നതുകൊണ്ടും ലോകം നിങ്ങളെ ദ്വേഷിക്കുന്നു.”—യോഹ. 15:19.
2 യേശുവിന്റെ ഈ വാക്കുകൾ എത്ര സത്യമാണെന്ന് അനുഭവംകൊണ്ട് അറിഞ്ഞയാളാണ് അപ്പൊസ്‌തലനായ പൗലോസ്. തിമൊഥെയൊസിനുള്ള തന്റെ രണ്ടാമത്തെ ലേഖനത്തിൽ അവൻ എഴുതി: “നീയോ എന്റെ പ്രബോധനം, ജീവിതരീതി, ലക്ഷ്യം, വിശ്വാസം, ദീർഘക്ഷമ, സ്‌നേഹം, സഹിഷ്‌ണുത, പീഡനങ്ങൾ, കഷ്ടതകൾ . . . എന്നിവയെല്ലാം അടുത്തറിഞ്ഞിട്ടുണ്ടല്ലോ.” എന്നിട്ട് അവൻ തുടർന്നു പറഞ്ഞു: “വാസ്‌തവത്തിൽ, ക്രിസ്‌തുയേശുവിൽ ദൈവഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പീഡനമുണ്ടാകും.” (2 തിമൊ. 3:10-12) റോമിലെ ക്രിസ്‌ത്യാനികൾക്ക് എഴുതിയ ലേഖനത്തിന്റെ 12-ാം അധ്യായത്തിൽ എതിർപ്പുകളോടുള്ള അവരുടെ മനോഭാവം എന്തായിരിക്കണം എന്ന് പൗലോസ് വ്യക്തമാക്കി. ഈ അന്ത്യകാലത്തു ജീവിക്കുന്ന നമുക്കും ആ വാക്കുകൾ മാർഗദീപമാണ്.
‘ശ്രേഷ്‌ഠമായതു ചെയ്യുവിൻ’
3, 4. റോമർ 12:17-ലെ ബുദ്ധിയുപദേശം പിൻവരുന്ന സാഹചര്യങ്ങളിൽ എങ്ങനെ ബാധകമാക്കാം? (എ) കുടുംബാംഗങ്ങൾ ക്രിസ്‌ത്യാനികളല്ലാത്തപ്പോൾ? (ബി) അയൽക്കാരോടുള്ള പെരുമാറ്റത്തിൽ?
3 റോമർ 12:17 വായിക്കുക. നാം ശത്രുതയുടെ ലക്ഷ്യങ്ങളാകുമ്പോൾ ‘പകരത്തിനു പകരം’ എന്നൊരു മനോഭാവം നമുക്കുണ്ടായിരിക്കരുതെന്ന് പൗലോസ് പറയുന്നു. കുടുംബത്തിൽ ആരെങ്കിലും സത്യാരാധനയെ എതിർക്കുന്നവരായുണ്ടെങ്കിൽ ഈ ഉപദേശത്തിനു ചെവികൊടുക്കേണ്ടത് വിശേഷാൽ പ്രധാനമാണ്. ദയാഹീനമായ പെരുമാറ്റം സഹിക്കേണ്ടിവരുമ്പോൾ അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള പ്രലോഭനത്തെ ക്രിസ്‌ത്യാനിയായ ഇണ ചെറുക്കേണ്ടതുണ്ട്. “തിന്മയ്‌ക്കു പകരം തിന്മ” ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നു മാത്രമല്ല അത് സാഹചര്യം കൂടുതൽ വഷളാക്കുകയേയുള്ളൂ എന്നോർക്കുക.
4 എന്നാൽ എന്താണു ചെയ്യേണ്ടതെന്ന് പൗലോസ് പറയുന്നു: “സകലരുടെയും ദൃഷ്ടിയിൽ ശ്രേഷ്‌ഠമായതു ചെയ്യാൻ മനസ്സുവെക്കുവിൻ.” ഒരു കുടുംബത്തിൽ, അവിശ്വാസിയായ ഭർത്താവ് ഭാര്യയുടെ വിശ്വാസങ്ങളെ പരിഹസിക്കുകയോ അവമതിക്കുകയോ ചെയ്യുന്നെങ്കിലെന്ത്? സംയമനത്തോടെയും സൗമ്യതയോടെയും ഇടപെട്ടുകൊണ്ട് അവൾക്ക് അന്തരീക്ഷം ശാന്തമാക്കാനാകും. (സദൃ. 31:12) ഒരു ബെഥേൽ അംഗമായ കാർലോസ് തന്റെ അമ്മയുടെ നല്ല ദൃഷ്ടാന്തം അനുസ്‌മരിക്കുന്നു. പിതാവിനോട് സൗമ്യതയോടെ പെരുമാറിക്കൊണ്ടും വീട്ടുകാര്യങ്ങൾ നന്നായി ശ്രദ്ധിച്ചുകൊണ്ടും അദ്ദേഹത്തിൽനിന്നുള്ള ശക്തമായ എതിർപ്പിനെ അമ്മ തരണം ചെയ്‌തതായി കാർലോസ് ഓർമിക്കുന്നു. “അദ്ദേഹത്തോട് എപ്പോഴും ആദരവോടെയേ പെരുമാറാവൂ എന്ന് അമ്മ ഞങ്ങൾ കുട്ടികളോടു പറയുമായിരുന്നു. പപ്പയോടൊപ്പം ബൂൾസ് (ഫ്രഞ്ചുകാരുടെ ഒരു കളി) കളിക്കാൻ അമ്മ എന്നെ നിർബന്ധിക്കുമായിരുന്നു, എനിക്ക് ആ കളി അത്ര ഇഷ്ടമല്ലായിരുന്നിട്ടുകൂടി. എന്നാൽ പപ്പയെ അത് സന്തോഷിപ്പിച്ചിരുന്നു.” ഒടുവിൽ, പപ്പ ബൈബിൾ പഠിക്കുകയും സ്‌നാനം ഏൽക്കുകയും ചെയ്‌തു. “സകലരുടെയും ദൃഷ്ടിയിൽ ശ്രേഷ്‌ഠമായതു ചെയ്യുക” എന്ന ബുദ്ധിയുപദേശം അയൽക്കാരോടുള്ള ബന്ധത്തിലും ബാധകമാക്കാനാകും. ദുരന്തങ്ങളുണ്ടാകുമ്പോൾ അയൽക്കാർക്കു പ്രായോഗിക സഹായം ചെയ്‌തുകൊടുക്കുന്നതിൽ യഹോവയുടെ സാക്ഷികൾ പലപ്പോഴും മുൻകൈ എടുക്കുന്നു. ഇത് ദൈവജനത്തിനെതിരെയുള്ള മുൻവിധികൾ ദൂരികരിക്കുകയും ചെയ്യുന്നു.
‘തീക്കനൽകൊണ്ട്’ എതിർപ്പിനെ ഉരുക്കുന്നു
5, 6. (എ) ശത്രുവിന്റെ തലമേൽ “തീക്കനൽ” കൂട്ടുക എന്നു പറയുമ്പോൾ എന്താണ് അർഥമാക്കുന്നത്? (ബി) റോമർ 12:20-ലെ തത്ത്വം ബാധകമാക്കിയതിലൂടെ സത്‌ഫലങ്ങളുണ്ടായതിന്റെ ഒരു പ്രാദേശിക അനുഭവം പറയുക.
5 റോമർ 12:20 വായിക്കുക. ഈ വാക്യത്തിലെ വാക്കുകൾ രേഖപ്പെടുത്തിയപ്പോൾ പൗലോസിന്റെ മനസ്സിൽ സദൃശവാക്യങ്ങൾ 25:21, 22 ഉണ്ടായിരുന്നിരിക്കണം. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക. അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നല്‌കുകയും ചെയ്യും.” റോമർ 12-ാം അധ്യായത്തിൽ പൗലോസ് നൽകുന്ന ഉദ്‌ബോധനങ്ങളോടുള്ള ചേർച്ചയിൽനോക്കിയാൽ ‘തീക്കനൽ കൂട്ടുക’ എന്ന ആലങ്കാരിക പ്രയോഗം ഒരു നിഷേധാർഥത്തിലല്ല ഉപയോഗിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാം. അതായത് എതിരാളിയെ ശിക്ഷിക്കുക, അയാളെ നാണംകെടുത്തുക എന്ന അർഥം അതിനില്ല. പുരാതനകാലത്ത് ലോഹ അയിര് ഉരുക്കി മാലിന്യങ്ങൾ നീക്കംചെയ്യുന്ന ഒരു പ്രക്രിയയെയാണ് സാധ്യതയനുസരിച്ച് മേലുദ്ധരിച്ച സദൃശവാക്യത്തിലെ ‘തീക്കനൽ കുന്നിക്കും’ എന്ന പ്രയോഗം പരാമർശിക്കുന്നത്. റോമർക്കുള്ള ലേഖനത്തിലെ പൗലോസിന്റെ വാക്കുകളുടെ വിവക്ഷയും അതുതന്നെയാണ്. 19-ാം നൂറ്റാണ്ടിലെ ഒരു ആംഗലേയ പണ്ഡിതനായ ചാൾസ് ബ്രിഡ്‌ജസ് എഴുതി: “കടുപ്പമേറിയ ലോഹം കത്തിയെരിയുന്ന കനലിലേക്കിടും, എന്നിട്ട് അതിന്റെ മുകളിലും തീക്കനൽ കുന്നുകൂട്ടും. ക്ഷമിക്കുന്ന, സ്വയം ത്യജിക്കുന്ന, കനൽപോലെ എരിയുന്ന സ്‌നേഹത്തിന്റെ അതിതീവ്രമായ ചൂടിലുരുകാത്ത കഠിനഹൃദയങ്ങൾ ഇല്ലെന്നുതന്നെ പറയാം.”
6 സൗമനസ്യത്തോടെയുള്ള പ്രവൃത്തികൾ ‘തീക്കനലിന്റെ’ ഫലംചെയ്യും. അത് എതിരാളികളെ ശാന്തരാക്കും, അതിന്റെ ചൂടിൽ അവരുടെ ശത്രുത ഉരുകിയലിഞ്ഞ് ഇല്ലാതാകും. സൗമ്യതയോടെയും സ്‌നേഹത്തോടെയുമുള്ള നമ്മുടെ പെരുമാറ്റം ആളുകളെ ദൈവജനത്തോടും ബൈബിൾസന്ദേശത്തോടും അനുഭാവമുള്ളവരാക്കിത്തീർക്കും. പത്രോസ് അപ്പൊസ്‌തലൻ എഴുതി: “വിജാതീയർ നിങ്ങളെ ദുഷ്‌പ്രവൃത്തിക്കാർ എന്നു ദുഷിക്കുമ്പോൾത്തന്നെ നിങ്ങളുടെ സത്‌പ്രവൃത്തികൾ കണ്ടറിഞ്ഞിട്ട് പരിശോധനാനാളിൽ ദൈവത്തെ മഹത്ത്വപ്പെടുത്തേണ്ടതിന് അവരുടെയിടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കട്ടെ.”—1 പത്രോ. 2:12.
‘സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കുക’
7. ശിഷ്യന്മാർക്ക് യേശു നൽകിയിട്ടുപോയ സമാധാനം എന്താണ്, അത് എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും?
7 റോമർ 12:18 വായിക്കുക. അപ്പൊസ്‌തലന്മാരോടൊത്തുള്ള അവസാന രാത്രിയിൽ യേശു അവരോടു പറഞ്ഞു: “സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോകുന്നു. എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു.” (യോഹ. 14:27) ശിഷ്യന്മാർക്ക് യേശു കൊടുത്തിട്ടുപോയ സമാധാനം എന്താണ്? യഹോവയും അവന്റെ പ്രിയപുത്രനും നമ്മെ സ്‌നേഹിക്കുന്നുവെന്ന് അറിയുമ്പോഴുണ്ടാകുന്ന മനസ്സിന്റെ ശാന്തതയാണ് അത്. മറ്റുള്ളവരുമായി സമാധാനത്തിൽ വർത്തിക്കാൻ അതു നമ്മെ പ്രേരിപ്പിക്കും. സത്യക്രിസ്‌ത്യാനികൾ സമാധാനസ്‌നേഹികളും സമാധാനം സൃഷ്ടിക്കുന്നവരുമാണ്.—മത്താ. 5:9.
8. വീട്ടിലും സഭയിലും സമാധാനം സൃഷ്ടിക്കുന്നവരായിരിക്കാൻ നമുക്കെങ്ങനെ കഴിയും?
8 കുടുംബത്തിൽ സമാധാനം ആഗ്രഹിക്കുന്ന ഒരാൾ എന്തു ചെയ്യണം? സാഹചര്യം വഷളാകാൻ അനുവദിക്കാതെ എത്രയുംപെട്ടെന്ന് അഭിപ്രായഭിന്നതകൾ പരിഹരിക്കുകയെന്നതാണ് ഒരു മാർഗം. (സദൃ. 15:18; എഫെ. 4:26) ക്രിസ്‌തീയ സഭയിലും ഇതുതന്നെയാണ് ചെയ്യേണ്ടത്. ‘സമാധാനം അന്വേഷിച്ചു പിന്തുടരുന്നതിനെ’ പത്രോസ് അപ്പൊസ്‌തലൻ ബന്ധപ്പെടുത്തിയിരിക്കുന്നത് ‘നാവിനെ അടക്കുന്നതിനോടാണ്’ എന്നതു ശ്രദ്ധിക്കുക. (1 പത്രോ. 3:10, 11) നാവിന്റെ ഉചിതമായ ഉപയോഗത്തെയും അസൂയയും കലഹവും ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ശക്തമായ ഉപദേശം കൊടുത്തശേഷം യാക്കോബ് അപ്പൊസ്‌തലൻ ഇങ്ങനെയെഴുതി: “ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമലമാകുന്നു; കൂടാതെ അതു സമാധാനം പ്രിയപ്പെടുന്നതും ന്യായബോധമുള്ളതും അനുസരിക്കാൻ സന്നദ്ധമായതും കരുണയും സത്‌ഫലങ്ങളും നിറഞ്ഞതുമാകുന്നു; അതു പക്ഷപാതം കാണിക്കാത്തതും കാപട്യം ഇല്ലാത്തതുമാണ്. സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതച്ച് നീതിഫലം കൊയ്യും.”—യാക്കോ. 3:17, 18.
9. ‘സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കാൻ’ ശ്രമിക്കുമ്പോൾത്തന്നെ നാം എന്തു മനസ്സിൽപ്പിടിക്കണം?
9 റോമർ 12:18-ലെ പൗലോസിന്റെ ഉദ്‌ബോധനം കുടുംബത്തിലും സഭയിലും ബാധകമാക്കുന്നതുകൊണ്ടുമാത്രം മതിയാകുന്നില്ല. “സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കാ”നാണ് അപ്പൊസ്‌തലൻ നമ്മോട് പറയുന്നത്. അതായത് അയൽക്കാർ, സഹജോലിക്കാർ, സഹപാഠികൾ, ശുശ്രൂഷയിൽ നാം കണ്ടുമുട്ടുന്നവർ എന്നിവരോടെല്ലാം. എന്നാൽ “പരമാവധി ശ്രമിക്കുവിൻ” എന്ന് പറഞ്ഞുകൊണ്ടാണ് അപ്പൊസ്‌തലൻ ആ വാക്യം അവസാനിപ്പിക്കുന്നതെന്ന് ശ്രദ്ധിക്കുക. അതിനർഥം, ‘സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കാൻ’ ന്യായമായതെല്ലാം ചെയ്യുക എന്നാണ്; എന്നാൽ ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യുകയുമരുത്.
പ്രതികാരം യഹോവയ്‌ക്കുള്ളത്
10, 11. നാം ദൈവക്രോധത്തിന് ഇടം കൊടുക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
10 റോമർ 12:19 വായിക്കുക. നമ്മുടെ സന്ദേശത്തെയും പ്രവർത്തനത്തെയും എതിർക്കുന്നവരോടും എന്തിന് കടുത്ത എതിരാളികളോടുപോലും നാം “സൗമ്യതയോടെ” ഇടപെടും. അങ്ങനെയുള്ളവരിൽനിന്നുള്ള “ദോഷം” നാം ‘ക്ഷമയോടെ സഹിക്കും.’ (2 തിമൊ. 2:23-25) പ്രതികാരം ചെയ്യാതെ “ദൈവക്രോധത്തിന് ഇടംകൊടുക്കുവിൻ” എന്ന് പൗലോസ് ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിക്കുന്നു. അതെ, പ്രതികാരം നമുക്കുള്ളതല്ല എന്ന് ക്രിസ്‌ത്യാനികളായ നമുക്ക് അറിവുള്ളതാണ്. സങ്കീർത്തനക്കാരൻ എഴുതുന്നു: “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.” (സങ്കീ. 37:8) ശലോമോൻ ഉപദേശിച്ചു: “ഞാൻ ദോഷത്തിന്നു പ്രതികാരം ചെയ്യുമെന്നു നീ പറയരുതു; യഹോവയെ കാത്തിരിക്ക; അവൻ നിന്നെ രക്ഷിക്കും.”—സദൃ. 20:22.
11 എതിരാളികൾ നമുക്കു ദോഷം ചെയ്യുന്നപക്ഷം, ആവശ്യമെങ്കിൽ, തക്കസമയത്ത് യഹോവ അവരെ ശിക്ഷിക്കട്ടെ. ഇതു മനസ്സിൽപ്പിടിച്ചുകൊണ്ട് പൗലോസ് എഴുതി: “‘യഹോവ അരുളിച്ചെയ്യുന്നു: പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും’ എന്ന് എഴുതിയിരിക്കുന്നുവല്ലോ.” (ആവർത്തനപുസ്‌തകം 32:35 താരതമ്യം ചെയ്യുക.) നാം പ്രതികാരം ചെയ്യാൻ മുതിരുന്നെങ്കിൽ അത് ധിക്കാരമായിരിക്കും, കാരണം നാം അപ്പോൾ ദൈവത്തിന്റെ അവകാശത്തിൽ കൈകടത്തുകയായിരിക്കും ചെയ്യുന്നത്. അതിലുപരി, “ഞാൻ പകരം ചെയ്യും” എന്ന ദൈവത്തിന്റെ വാഗ്‌ദാനത്തിലുള്ള അവിശ്വാസവുമായിരിക്കും അത്.
12. എപ്പോൾ, എങ്ങനെ യഹോവയുടെ ക്രോധം വെളിപ്പെടും?
12 റോമർക്കുള്ള ലേഖനത്തിന്റെ തുടക്കത്തിൽ പൗലോസ് എഴുതി: “അനീതിയുടെ മാർഗത്താൽ സത്യത്തെ അമർച്ചചെയ്യുന്ന മനുഷ്യരുടെ സകല ദൈവനിഷേധത്തിനും ദുഷ്‌ചെയ്‌തിക്കും എതിരെ ദൈവക്രോധം സ്വർഗത്തിൽനിന്നു വെളിപ്പെടുന്നു.” (റോമ. 1:18) ‘മഹാകഷ്ടത്തിന്റെ’ സമയത്ത്, തന്റെ പുത്രനിലൂടെ യഹോവ സ്വർഗത്തിൽനിന്നു ക്രോധം ചൊരിയും. (വെളി. 7:14) “ഇവയൊക്കെയും ദൈവത്തിന്റെ നീതിപൂർവകമായ വിധിയുടെ” തെളിവാണ് എന്ന് പൗലോസ് മറ്റൊരു ലേഖനത്തിൽ എഴുതുകയുണ്ടായി. അതിൽ അവൻ തുടർന്ന് ഇങ്ങനെ പറയുന്നു: “നിങ്ങളെ പീഡിപ്പിക്കുന്നവർക്കു പീഡ പകരം നൽകുന്നതിനാൽ ദൈവത്തിന്റെ ഈ വിധി നീതിയുള്ളതത്രേ. കർത്താവായ യേശു തന്റെ ശക്തരായ ദൂതന്മാരുമായി സ്വർഗത്തിൽനിന്ന് അഗ്നിജ്വാലയിൽ വെളിപ്പെടുമ്പോൾ കഷ്ടം സഹിക്കുന്നവരായ നിങ്ങൾക്ക് ഞങ്ങളോടുകൂടെ ആശ്വാസം ലഭിക്കും. അപ്പോൾ ദൈവത്തെ അറിയാത്തവരോടും നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അനുസരിക്കാത്തവരോടും അവൻ പ്രതികാരം ചെയ്യും.”—2 തെസ്സ. 1:5-8.
നന്മയാൽ തിന്മയെ ജയിക്കുക
13, 14. (എ) എതിർപ്പുകൾ നമ്മെ അമ്പരപ്പിക്കാത്തത് എന്തുകൊണ്ട്? (ബി) വൈരികളെ അനുഗ്രഹിക്കാൻ നമുക്ക് എങ്ങനെ കഴിയും?
13 റോമർ 12:14, 21 വായിക്കുക. യഹോവ തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കും എന്ന പൂർണബോധ്യത്തോടെ നമ്മെ ഏൽപ്പിച്ച ഉത്തരവാദിത്വം നമുക്കു ഭംഗിയായി നിറവേറ്റാം—‘ഭൂലോകത്തിലെങ്ങും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുക’ എന്ന ഉത്തരവാദിത്വം. (മത്താ. 24:14) ഈ ക്രിസ്‌തീയ പ്രവർത്തനത്തിൽ നാം ഏർപ്പെടുമ്പോൾ അത് എതിരാളികളെ ചൊടിപ്പിക്കുമെന്ന് നമുക്കറിയാം. കാരണം “എന്റെ നാമംനിമിത്തം സകല ജനതകളും നിങ്ങളെ ദ്വേഷിക്കും” എന്ന് യേശു മുന്നറിയിപ്പു നൽകിയിരുന്നു. (മത്താ. 24:9) അതുകൊണ്ടുതന്നെ എതിർപ്പുകളും പീഡനങ്ങളും ഉണ്ടാകുമ്പോൾ നാം നിരാശരാകുന്നില്ല, നാം അതു പ്രതീക്ഷിക്കുന്നു. അപ്പൊസ്‌തലനായ പത്രോസ് എഴുതി: “പ്രിയരേ, നിങ്ങൾക്കു പരീക്ഷയ്‌ക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ, എന്തോ അസാധാരണമായത് ഭവിച്ചു എന്നതുപോലെ നിങ്ങൾ പരിഭ്രാന്തരാകരുത്; പകരം, ക്രിസ്‌തുവിന്റെ കഷ്ടതകളിൽ പങ്കാളികളാകുന്തോറും സന്തോഷിച്ചുകൊള്ളുവിൻ.”—1 പത്രോ. 4:12, 13.
14 നമ്മുടെ വിരോധികളെ ദ്വേഷിക്കുന്നതിനുപകരം, നാം അവർക്കു കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിക്കും. അവരിൽ പലരും നമ്മെ എതിർക്കുന്നത് അജ്ഞതകൊണ്ടാണെന്ന് നമുക്ക് അറിയാം. (2 കൊരി. 4:4) പൗലോസിന്റെ പിൻവരുന്ന ബുദ്ധിയുപദേശം പിൻപറ്റാൻ നാം ആഗ്രഹിക്കുന്നു: “പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിൻ. ശപിക്കുന്നവരായിരിക്കാതെ അനുഗ്രഹിക്കുന്നവരായിരിക്കുവിൻ.” (റോമ. 12:14) വിരോധികളെ അനുഗ്രഹിക്കുന്നതിനുള്ള ഒരു മാർഗം അവർക്കുവേണ്ടി പ്രാർഥിക്കുകയാണ്. ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞത് ഓർക്കുക: “നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുവിൻ; നിങ്ങളെ ദ്വേഷിക്കുന്നവർക്കു നന്മ ചെയ്യുവിൻ; നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; നിങ്ങളെ അധിക്ഷേപിക്കുന്നവർക്കായി പ്രാർഥിക്കുവിൻ.” (ലൂക്കോ. 6:27, 28) ഒരിക്കൽ എതിരാളിയും പീഡകനുമായിരുന്ന ഒരാൾക്ക്, ക്രിസ്‌തുവിന്റെ വിശ്വസ്‌ത അനുഗാമിയും യഹോവയുടെ തീക്ഷ്‌ണതയുള്ളൊരു ദാസനുമായി മാറാൻ കഴിയുമെന്ന് സ്വാനുഭവത്തിൽനിന്ന് പൗലോസ് അപ്പൊസ്‌തലൻ മനസ്സിലാക്കിയിരുന്നു. (ഗലാ. 1:13-16, 23) മറ്റൊരു ലേഖനത്തിൽ പൗലോസ് എഴുതി: “അധിക്ഷേപിക്കപ്പെടുമ്പോൾ ഞങ്ങൾ അനുഗ്രഹിക്കുന്നു. പീഡിപ്പിക്കപ്പെടുമ്പോൾ ഞങ്ങൾ സഹിക്കുന്നു. ദുഷിക്കപ്പെടുമ്പോൾ ഞങ്ങൾ നല്ലവാക്കു പറയുന്നു.”—1 കൊരി. 4:12, 13.
15. തിന്മയെ നന്മയാൽ കീഴടക്കാനുള്ള ഏറ്റവും നല്ലമാർഗം ഏതാണ്?
15 അതുകൊണ്ട്, റോമർ 12-ാം അധ്യായത്തിന്റെ സമാപനവാക്കുകൾക്ക് സത്യക്രിസ്‌ത്യാനികൾ ചെവികൊടുക്കുന്നു: “തിന്മയ്‌ക്കു കീഴടങ്ങാതെ നന്മയാൽ തിന്മയെ കീഴടക്കുക.” സകല തിന്മയുടെയും ഉറവിടം പിശാചായ സാത്താനാണ്. (യോഹ. 8:44; 1 യോഹ. 5:19) അപ്പൊസ്‌തലനായ യോഹന്നാനുകൊടുത്ത വെളിപാടിൽ യേശു തന്റെ അഭിഷിക്ത സഹോദരന്മാരെക്കുറിച്ച്, “അവർ കുഞ്ഞാടിന്റെ രക്തത്താലും തങ്ങളുടെ സാക്ഷ്യവചനത്താലും അവനെ [സാത്താനെ] കീഴടക്കി” എന്നു പറഞ്ഞിരിക്കുന്നു. (വെളി. 12:11) സാത്താനെയും ഈ വ്യവസ്ഥിതിയുടെമേൽ അവൻ ചെലുത്തുന്ന ദുഷ്ടസ്വാധീനത്തെയും കീഴടക്കാൻ നമുക്കാകും, സാക്ഷ്യവേലയിൽ അതായത് രാജ്യത്തിന്റെ സുവിശേഷം പ്രസിദ്ധമാക്കുകയെന്ന നന്മപ്രവൃത്തിയിൽ ഏർപ്പെട്ടുകൊണ്ട്.
പ്രത്യാശയിൽ സന്തോഷിക്കുവിൻ
16, 17. റോമർ 12-ാം അധ്യായം പഠിച്ചതിന്റെ വെളിച്ചത്തിൽ പിൻവരുന്ന ചോദ്യങ്ങൾക്കുള്ള നിങ്ങളുടെ ഉത്തരം എന്താണ്: (എ) ജീവിതം എങ്ങനെ ഉപയോഗിക്കും? (ബി) സഭയിൽ എങ്ങനെ പെരുമാറും? (സി) നമ്മുടെ വിശ്വാസത്തെ എതിർക്കുന്നവരോട് നാം എങ്ങനെ ഇടപെടും?
16 പൗലോസ് റോമിലെ ക്രിസ്‌ത്യാനികൾക്കെഴുതിയ ലേഖനത്തിന്റെ 12-ാം അധ്യായത്തിന്റെ ഹ്രസ്വമായ അവലോകനം പല കാര്യങ്ങളും നമ്മെ പഠിപ്പിച്ചു. യഹോവയുടെ സമർപ്പിതദാസരായ നാം ത്യാഗങ്ങൾചെയ്യാൻ മനസ്സൊരുക്കം കാണിക്കേണ്ടതുണ്ട്. ദൈവാത്മാവിനാൽ പ്രേരിതരായി മനസ്സോടെയാണ് നാം ഈ ത്യാഗങ്ങൾ അനുഷ്‌ഠിക്കുന്നത്, കാരണം ഇത് ദൈവേഷ്ടമാണെന്ന് നമുക്ക് ഉത്തമബോധ്യമുണ്ട്. ആത്മാവിൽ ജ്വലിക്കുന്നവരായ നാം നമ്മുടെ വരങ്ങൾ ശുഷ്‌കാന്തിയോടെ ഉപയോഗിക്കുന്നു. ക്രിസ്‌തീയ ഐക്യം സംരക്ഷിക്കാൻ നമ്മാലാവതു ചെയ്‌തുകൊണ്ട് നാം താഴ്‌മയോടും എളിമയോടുംകൂടി ദൈവത്തെ സേവിക്കുന്നു. അതിഥിസത്‌കാരം ആചരിക്കാനും സമാനുഭാവം കാണിക്കാനും നാം മറക്കുകയില്ല.
17 എതിർപ്പുകളോട് എങ്ങനെ പ്രതികരിക്കണമെന്നും റോമർ 12-ാം അധ്യായത്തിൽ നാം കണ്ടു. ‘പകരത്തിനു പകരം’ എന്ന നിലപാട് നമുക്കില്ല. ദയാപുരസ്സരം പ്രവർത്തിച്ചുകൊണ്ട് എതിർപ്പുകളെ മറികടക്കാൻ നാം ശ്രമിക്കണം. ബൈബിൾ തത്ത്വങ്ങൾ ബലികഴിക്കാതെ സകലമനുഷ്യരോടും സമാധാനത്തിൽ വർത്തിക്കാൻ നാം പരമാവധി ശ്രമിക്കേണ്ടതുണ്ട്. കുടുംബത്തിലും സഭയിലും അയൽക്കാരോട് ഇടപെടുമ്പോഴും ജോലിസ്ഥലത്തും സ്‌കൂളിലും ശുശ്രൂഷയിലുമെല്ലാം ഈ തത്ത്വം ബാധകമാണ്. ക്രൂരമായ പീഡനങ്ങൾക്കിരയാകേണ്ടിവരുമ്പോഴും നന്മയാൽ തിന്മയെ ജയിക്കാൻ നാം സാധ്യമായതെല്ലാം ചെയ്യും. അതെ, പ്രതികാരം യഹോവയ്‌ക്കുള്ളതാണെന്ന് നാം എല്ലായ്‌പോഴും ഓർക്കും.
18. റോമർ 12:12 ഏതു മൂന്ന് ഉദ്‌ബോധനങ്ങൾ നൽകുന്നു?
18 റോമർ 12:12 വായിക്കുക. പ്രായോഗികവും ജ്ഞാനം തുളുമ്പുന്നതുമായ ഈ മാർഗനിർദേശങ്ങൾ നൽകിയശേഷം നാം അനുവർത്തിക്കേണ്ട മറ്റു മൂന്നുകാര്യങ്ങൾകൂടെ പൗലോസ് നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം യഹോവയുടെ സഹായമില്ലാതെ നമുക്ക് ചെയ്യാൻ കഴിയാത്തതിനാൽ “പ്രാർഥനയിൽ ഉറ്റിരിക്കുവിൻ” എന്ന് അപ്പൊസ്‌തലൻ നമ്മോടു പറയുന്നു. ഇപ്രകാരം ചെയ്യുന്നത് “കഷ്ടതയിൽ സഹിഷ്‌ണുത കാണിക്കുവിൻ” എന്ന അവന്റെ ഉദ്‌ബോധനം പിൻപറ്റാൻ നമ്മെ സഹായിക്കും. നമ്മുടെ പ്രത്യാശ സ്വർഗീയമായാലും ഭൗമികമായാലും യഹോവ നമുക്കുവേണ്ടി കരുതിവെച്ചിരിക്കുന്ന ആ ഭാവിജീവിതത്തിൽ ദൃഷ്ടിപതിപ്പിക്കുക. അങ്ങനെ, അപ്പൊസ്‌തലൻ നമ്മോട് ആഹ്വാനം ചെയ്യുന്നതുപോലെ, ‘പ്രത്യാശയിൽ ആനന്ദിക്കാനും’ നമുക്കു കഴിയട്ടെ!
പുനരവലോകനത്തിന്
• എതിർപ്പുകളോട് നമ്മൾ എങ്ങനെ പ്രതികരിക്കണം?
• ഏതെല്ലാം മണ്ഡലങ്ങളിൽ നാം സമാധാനം സൃഷ്ടിക്കുന്നവരായിരിക്കണം, എങ്ങനെ?
• നാംതന്നെ പ്രതികാരം ചെയ്യരുതാത്തത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[8-ാം പേജിലെ ചിത്രം]
അയൽക്കാർക്ക് വേണ്ടസഹായം ചെയ്‌തുകൊടുക്കുന്നത് മുൻവിധികളകറ്റും
[9-ാം പേജിലെ ചിത്രം]
സഭയിൽ സമാധാനമുണ്ടാക്കാൻ നിങ്ങൾ ആവുന്നത്ര ശ്രമിക്കുന്നുണ്ടോ?