സത്യക്രിസ്‌ത്യാനികൾ ദൈവവചനത്തെ ആദരിക്കുന്നു
സത്യക്രിസ്‌ത്യാനികൾ ദൈവവചനത്തെ ആദരിക്കുന്നു
“നിന്റെ വചനം സത്യം ആകുന്നു.”—യോഹ. 17:17.
ഉത്തരം കണ്ടെത്തുക
എ.ഡി. 49-ൽ യെരുശലേമിൽ നടന്ന യോഗം പിൽക്കാലങ്ങളിൽ നടന്ന സഭാനേതാക്കന്മാരുടെ യോഗങ്ങളിൽനിന്നു വ്യത്യസ്‌തമായിരുന്നത് എങ്ങനെ?
മധ്യയുഗത്തിൽ ദൈവവചനത്തിനുവേണ്ടി ഉറച്ച നിലപാടെടുത്ത ചില വ്യക്തികൾ ആരെല്ലാം?
ബൈബിൾ പഠിക്കാൻ ഏതു മാർഗമാണ് 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽ ജീവിച്ചിരുന്ന വിശ്വസ്‌ത ക്രിസ്‌ത്യാനികൾ അവലംബിച്ചത്, അത് ഫലവത്തായിരുന്നത് എന്തുകൊണ്ട്?
1. മറ്റ് മതവിഭാഗങ്ങൾക്കും യഹോവയുടെ സാക്ഷികൾക്കും ഇടയിൽ നിങ്ങൾ കണ്ട ഒരു പ്രധാന വ്യത്യാസം പറയുക.
യഹോവയുടെ സാക്ഷികളുമൊത്ത് നിങ്ങൾ ആദ്യമായി നടത്തിയ ചർച്ച ഓർക്കുന്നുണ്ടോ? അതിൽ എന്താണ് നിങ്ങളെ ആകർഷിച്ചത്? ‘സാക്ഷികൾ എന്റെ എല്ലാ ചോദ്യത്തിനും ബൈബിളിൽനിന്ന് ഉത്തരം നൽകി; അതാണ് എന്നെ ആകർഷിച്ചത്’ എന്നായിരിക്കാം പലരുടെയും മറുപടി. ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്താണെന്നും നാം മരിക്കുമ്പോൾ എന്തു സംഭവിക്കുന്നെന്നും നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവർക്കായി ദൈവം ഒരുക്കിയിരിക്കുന്നത് എന്താണെന്നും ഒക്കെ അറിഞ്ഞപ്പോൾ നമുക്ക് ഒരുപാട് സന്തോഷം തോന്നി, അല്ലേ?
2. നിങ്ങൾ ബൈബിളിനെ വിലമതിക്കാൻ ഇടയായതിന്റെ ചില കാരണങ്ങൾ പറയുക.
2 കൂടുതൽ പഠിച്ചപ്പോൾ, ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം തരുന്ന ഒരു പുസ്‌തകം മാത്രമല്ല ബൈബിളെന്ന് നമുക്കു മനസ്സിലായി. ഈ ലോകത്തിലുള്ള ഗ്രന്ഥങ്ങളിൽവെച്ച് ഏറ്റവും പ്രായോഗികമായ ഗ്രന്ഥമാണ് അതെന്നും നാം തിരിച്ചറിഞ്ഞു. കാലാതീതമായ അതിലെ ബുദ്ധിയുപദേശങ്ങൾ ശ്രദ്ധാപൂർവം പിൻപറ്റുന്നവർക്ക് സന്തോഷംനിറഞ്ഞ, വിജയപ്രദമായ ഒരു ജീവിതം നയിക്കാനാകും. (സങ്കീർത്തനം 1:1-3 വായിക്കുക.) “മനുഷ്യരുടെ വാക്കുകളായിട്ടല്ല, അത് യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്റെതന്നെ വചനമായിട്ടാണ്” ബൈബിളിനെ സത്യക്രിസ്‌ത്യാനികൾ എക്കാലവും കണ്ടിട്ടുള്ളത്. (1 തെസ്സ. 2:13) ചരിത്രരേഖകൾ ഹ്രസ്വമായൊന്ന് അവലോകനം ചെയ്യുന്നെങ്കിൽ ദൈവവചനത്തെ ആദരിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം മനസ്സിലാകും. അതാണ് ഇനി നാം ചെയ്യാൻ പോകുന്നത്.
സങ്കീർണമായ ഒരു പ്രശ്‌നം പരിഹരിക്കപ്പെടുന്നു
3. സഭയുടെ ഐക്യം തകർക്കാൻപോന്ന എന്തു പ്രശ്‌നമാണ് ഒന്നാം നൂറ്റാണ്ടിൽ ഉടലെടുത്തത്, അത് സങ്കീർണമായ ഒരു പ്രശ്‌നമായിരുന്നത് എന്തുകൊണ്ട്?
3 പരിച്ഛേദനയേൽക്കാതെ അഭിഷേകം പ്രാപിച്ച ആദ്യവ്യക്തി വിജാതീയനായ കൊർന്നേല്യൊസ് ആയിരുന്നു. അതിനുശേഷമുള്ള 13 വർഷംകൊണ്ട് അനേകം വിജാതീയർ ക്രിസ്‌തീയ വിശ്വാസം സ്വീകരിക്കുകയുണ്ടായി. ആ കാലയളവിൽ ക്രിസ്‌തീയ സഭയുടെ ഐക്യം തകർക്കാൻപോന്ന ഒരു പ്രശ്‌നം ഉടലെടുത്തു. വിജാതീയ പുരുഷന്മാർ സ്‌നാനമേൽക്കുന്നതിനുമുമ്പ് യഹൂദന്മാരുടെ ആചാരപ്രകാരം പരിച്ഛേദനയേൽക്കണമോ എന്നതായിരുന്നു ഉയർന്നുവന്ന ചോദ്യം. ആ ചോദ്യത്തിന് ഉത്തരം പറയാൻ ഒരു യഹൂദന് എളുപ്പമായിരുന്നില്ല. കാരണം, ന്യായപ്രമാണം അനുസരിക്കുന്ന ഒരു യഹൂദൻ വിജാതീയരോട് അടുത്ത് ഇടപഴകിയിരുന്നില്ലെന്നു മാത്രമല്ല അവരുടെ ഭവനത്തിൽ കയറുന്നതുപോലും അവന് നിഷിദ്ധമായിരുന്നു. മതം ഉപേക്ഷിച്ചുപോന്നതിന്റെപേരിൽ യഹൂദ ക്രിസ്‌ത്യാനികൾക്ക് അതിനോടകം കടുത്ത പീഡനം നേരിട്ടിരുന്നു. ഇനി പരിച്ഛേദനയേൽക്കാത്ത വിജാതീയരെ അവർ തങ്ങളുടെ കൂട്ടത്തിൽക്കൂട്ടുക കൂടി ചെയ്‌താൽ യഹൂദന്മാരുമായുള്ള ബന്ധം ഒന്നുകൂടി വഷളാകുകയും പീഡനം ശക്തമാകുകയും ചെയ്യുമായിരുന്നു.—ഗലാ. 2:11-14.
4. പ്രശ്‌നം പരിഹരിക്കാൻ ആരാണ് കൂടിവന്നത്, ആളുകളുടെ മനസ്സിൽ ഏതു ചോദ്യങ്ങൾ ഉയർന്നുവന്നിരിക്കാം?
4 യെരുശലേമിൽ ഉണ്ടായിരുന്ന അപ്പൊസ്‌തലന്മാരും മൂപ്പന്മാരും “ഇക്കാര്യം പരിഗണിക്കാൻ” എ.ഡി. 49-ൽ “കൂടിവന്നു;” അവരെല്ലാം പരിച്ഛേദനയേറ്റ യഹൂദന്മാരായിരുന്നു. (പ്രവൃ. 15:6) കഴമ്പില്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള വിരസമായ ഒരു വാദപ്രതിവാദമല്ല, തിരുവെഴുത്ത് ഉപദേശങ്ങളെക്കുറിച്ചുള്ള സജീവമായ ഒരു ചർച്ചയാണ് അന്ന് അവിടെ നടന്നത്. എല്ലാവരും തങ്ങളുടെ അഭിപ്രായം തുറന്നുപറഞ്ഞു. വ്യക്തിതാത്‌പര്യങ്ങളും മുൻവിധികളും തീരുമാനത്തെ സ്വാധീനിക്കുമായിരുന്നോ? ഇസ്രായേലിലെ സ്ഥിതിഗതികൾ ക്രിസ്‌ത്യാനികൾക്ക് അനുകൂലമാകുന്നതുവരെ തീരുമാനം മാറ്റിവെക്കാൻ ഉത്തരവാദിത്വപ്പെട്ട മൂപ്പന്മാർ മുതിരുമായിരുന്നോ? അതോ ഒരു തീരുമാനത്തിലെത്തണമല്ലോ എന്നു കരുതി ഇരുപക്ഷക്കാരും തങ്ങളുടെ നിലപാടിൽ അയവുവരുത്തി ഒരു ഒത്തുതീർപ്പിനു ശ്രമിക്കുമായിരുന്നോ?
5. എ.ഡി. 49-ൽ യെരുശലേമിൽ നടന്ന യോഗം പിൽക്കാലങ്ങളിൽ നടന്ന സഭാനേതാക്കന്മാരുടെ യോഗങ്ങളിൽനിന്നു വ്യത്യസ്‌തമായിരുന്നത് എങ്ങനെ?
5 ഒത്തുതീർപ്പിനു ശ്രമിക്കുന്നതും തങ്ങളുടെ പക്ഷം ചേർന്നു വോട്ടുചെയ്യാൻ സമ്മർദം ചെലുത്തുന്നതുമൊക്കെ സഭാനേതാക്കന്മാരുടെ സുന്നഹദോസുകളിൽ സാധാരണമാണ്. എന്നാൽ യെരുശലേമിൽ നടന്ന ആ യോഗത്തിൽ അങ്ങനെയൊന്നും ഉണ്ടായില്ല. അതേസമയം, ഐകകണ്‌ഠ്യേന ഒരു തീരുമാനത്തിലെത്താനും അവർക്കു കഴിഞ്ഞു. അത് എങ്ങനെ സാധിച്ചു? പങ്കെടുത്തവർക്കെല്ലാം അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിലും അവരെല്ലാം ദൈവവചനത്തെ ആദരിക്കുന്നവരായിരുന്നു. പ്രശ്‌നപരിഹാരത്തിൽ ആ വിശുദ്ധലിഖിതങ്ങൾ ഒരു നിർണായക പങ്കുവഹിച്ചു.—സങ്കീർത്തനം 119:97-101 വായിക്കുക.
6, 7. തിരുവെഴുത്തുകൾ ഉപയോഗിച്ച് പരിച്ഛേദനയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചത് എങ്ങനെ?
6 പ്രശ്‌നം പരിഹരിക്കാൻ അവരെ സഹായിച്ച തിരുവെഴുത്തുഭാഗം ആമോസ് 9:11, 12 ആയിരുന്നു. പ്രവൃത്തികൾ 15:16, 17-ൽ അത് ഉദ്ധരിച്ചിട്ടുണ്ട്: “ഇതിനുശേഷം ഞാൻ മടങ്ങിവന്നു ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; ശൂന്യശിഷ്ടങ്ങളിൽനിന്ന് അതിനെ പുതുക്കിപ്പണിത് ഞാൻ അതിനെ വീണ്ടും നിവർത്തും; അങ്ങനെ, ജനത്തിൽ ശേഷിക്കുന്നവർ, സകല ജനതകളിലുംനിന്നുള്ളവരായി എന്റെ നാമം വഹിക്കുന്നവരോടൊപ്പം യഹോവയെ ആത്മാർഥമായി അന്വേഷിക്കും.”
7 ‘എന്നാൽ വിജാതീയരായ വിശ്വാസികൾ പരിച്ഛേദനയേൽക്കേണ്ടതില്ലെന്ന് അവിടെ പറഞ്ഞിട്ടില്ലല്ലോ’ എന്ന് ചിലർ വാദിച്ചേക്കാം. അത് ശരിയാണ്. പക്ഷേ, യഹൂദക്രിസ്‌ത്യാനികൾക്ക് കാര്യം പിടികിട്ടിയിട്ടുണ്ടാകണം. പരിച്ഛേദനയേറ്റ വിജാതീയരെ അവർ ‘ജനതകളിൽനിന്നുള്ളവരായി’ട്ടല്ല സ്വന്തം സഹോദരന്മാരായിട്ടാണ് കണ്ടിരുന്നത്. (പുറ. 12:48, 49) ഉദാഹരണത്തിന് സെപ്‌റ്റുവജിന്റിന്റെ ബാഗ്‌സ്റ്റാർ ഭാഷാന്തരം എസ്ഥേർ 8:17 പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “വിജാതീയരിൽ പലരും പരിച്ഛേദനയേറ്റ് യഹൂദന്മാരായിത്തീർന്നു.” ആ സ്ഥിതിക്ക്, “ജനത്തിൽ ശേഷിക്കുന്നവർ” (യഹൂദന്മാരും പരിച്ഛേദനയേറ്റ യഹൂദമതാനുസാരികളും) ‘സകല ജനതകളിലുംനിന്നുള്ളവരോട്’ ഒപ്പം (പരിച്ഛേദനയേൽക്കാത്ത വിജാതീയരോടൊപ്പം) ദൈവനാമം വഹിക്കുന്ന ഒരു ജനതയായിത്തീരും എന്ന പ്രവചനത്തിന്റെ ആശയം അവർക്ക് വ്യക്തമായി: ക്രിസ്‌ത്യാനികളാകാൻ ആഗ്രഹിക്കുന്ന വിജാതീയർ പരിച്ഛേദനയേൽക്കേണ്ടതില്ല.
8. ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളാനും അതിനെ പിന്തുണയ്‌ക്കാനും യഹൂദക്രിസ്‌ത്യാനികൾക്ക് ധൈര്യം ആവശ്യമായിരുന്നത് എന്തുകൊണ്ട്?
8 “ഏകമനസ്സോടെ” ഒരു തീരുമാനത്തിലെത്താൻ ദൈവത്തിന്റെ വചനവും അവന്റെ ആത്മാവും ആത്മാർഥഹൃദയരായ ആ ക്രിസ്‌ത്യാനികളെ സഹായിച്ചു. (പ്രവൃ. 15:26) ആ തീരുമാനത്തിന്റെ ഫലമായി സാധ്യതയനുസരിച്ച് യഹൂദക്രിസ്‌ത്യാനികൾക്ക് കൂടുതൽ പീഡനങ്ങൾ നേരിടേണ്ടിവരുമായിരുന്നെങ്കിലും തിരുവെഴുത്തധിഷ്‌ഠിതമായ ആ തീരുമാനത്തെ വിശ്വസ്‌തരായ ക്രിസ്‌ത്യാനികൾ മുഴുഹൃദയാ പിന്തുണച്ചു.—പ്രവൃ. 16:4, 5.
പ്രകടമായ വ്യത്യാസം
9. സത്യാരാധന കളങ്കപ്പെടാനുള്ള ഒരു പ്രധാന കാരണം എന്ത്, വളച്ചൊടിക്കപ്പെട്ട ഒരു സുപ്രധാന ഉപദേശം ഏതാണ്?
9 അപ്പൊസ്‌തലന്മാരുടെ കാലശേഷം വ്യാജോപദേശങ്ങൾ ക്രിസ്‌തീയ വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്ന് പൗലോസ് അപ്പൊസ്‌തലൻ മുന്നറിയിപ്പു നൽകുകയുണ്ടായി. (2 തെസ്സലോനിക്യർ 2:3, 7 വായിക്കുക.) ഉത്തരവാദിത്വസ്ഥാനങ്ങളിൽ ഉള്ളവരായിരുന്നു “സത്യോപദേശത്തോട്” അസഹിഷ്‌ണുത കാണിച്ചവരിൽ ചിലർ. (2 തിമൊ. 4:3) “ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വശീകരിച്ചുകൊണ്ടുപോകാനായി ഉപദേശങ്ങളെ വളച്ചൊടിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നുതന്നെ എഴുന്നേൽക്കും” എന്ന് പൗലോസ് തന്റെ നാളിലെ മൂപ്പന്മാർക്ക് മുന്നറിയിപ്പു നൽകിയിരുന്നു. (പ്രവൃ. 20:30) വ്യാജോപദേശങ്ങളിലേക്കു തിരിയാൻ അവരെ പ്രേരിപ്പിച്ച ഒരു പ്രധാനഘടകം എന്തായിരുന്നെന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക വിവരിക്കുന്നു: ‘ഗ്രീക്കു തത്ത്വശാസ്‌ത്രത്തിൽ കുറച്ചൊക്കെ പരിശീലനം സിദ്ധിച്ച ക്രിസ്‌ത്യാനികൾക്ക് തങ്ങളുടെ വിശ്വാസം ആ തത്ത്വശാസ്‌ത്രത്തിനു യോജിക്കുന്ന വിധത്തിൽ വിശദീകരിക്കണമെന്നു തോന്നി. തങ്ങളുടെ ബൗദ്ധിക സംതൃപ്‌തിക്കും ക്രിസ്‌ത്യേതര അഭ്യസ്‌തവിദ്യരെ മതപരിവർത്തനം ചെയ്യിക്കുന്നതിനും വേണ്ടിയായിരുന്നു അത്.’ പുറജാതീയ തത്ത്വശാസ്‌ത്രപ്രകാരം അവർ വളച്ചൊടിച്ച പ്രധാന ഉപദേശങ്ങളിലൊന്ന് യേശുവിനെക്കുറിച്ചുള്ളതായിരുന്നു. ബൈബിൾ, അവൻ ദൈവപുത്രനാണെന്നു പറയുമ്പോൾ ഗ്രീക്കുതത്ത്വശാസ്‌ത്രത്തിന്റെ സ്‌തുതിപാഠകർ അവൻ ദൈവമാണെന്നു വാദിച്ചു.
10. ക്രിസ്‌തു ആരാണ് എന്നതു സംബന്ധിച്ച പ്രശ്‌നം എങ്ങനെ എളുപ്പം പരിഹരിക്കാമായിരുന്നു?
10 നിരവധി സഭാസുന്നഹദോസുകളിൽ ഈ വിഷയത്തെക്കുറിച്ച് ചൂടുപിടിച്ച ചർച്ചകൾ നടന്നു. തിരുവെഴുത്തുകൾക്ക് അർഹിക്കുന്ന പ്രാധാന്യംനൽകിയിരുന്നെങ്കിൽ ഈ വിഷയം എളുപ്പത്തിൽ പരിഹരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഭൂരിഭാഗവും അത് ചെയ്‌തില്ല. വാസ്‌തവത്തിൽ ചർച്ചയ്‌ക്കു കൂടിവരുന്നതിനുമുമ്പേ അവരിൽ മിക്കവരും തീരുമാനമെടുത്തിരുന്നു. ആ തീരുമാനത്തിൽ കൂടുതൽ ഉറച്ചവരായാണ് അവർ തിരികെപ്പോയത്. ഈ യോഗങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ സഭയുടെ പ്രമാണസംഹിതകളിലും പ്രഖ്യാപനങ്ങളിലും തിരുവെഴുത്തു പരാമർശങ്ങൾ തീരെ ഇല്ലെന്നുതന്നെ പറയാം.
11. ക്രൈസ്‌തവ നേതാക്കൾ ‘സഭാപിതാക്കന്മാർക്ക്’ എത്രത്തോളം പ്രാധാന്യംനൽകി, എന്തുകൊണ്ട്?
11 അവർ തിരുവെഴുത്തുകൾക്ക് കാര്യമായ പരിഗണന നൽകാതിരുന്നത് എന്തുകൊണ്ടാണ്? യേശു ദൈവമാണെന്നു വിശ്വസിച്ചിരുന്നവർക്ക്, “താൻ പിതാവായ ദൈവത്തെക്കാൾ താഴ്‌ന്നവനാണെന്നു സൂചിപ്പിക്കുന്ന യേശുവിന്റെ അനവധിയായ വാക്കുകൾ ഖണ്ഡിക്കാൻ കഴിഞ്ഞില്ല” എന്ന് പണ്ഡിതനായ ചാൾസ് ഫ്രീമാൻ പറയുന്നു. അതുകൊണ്ട് അവർ സഭയുടെ പാരമ്പര്യത്തെയും വ്യക്തികളുടെ അഭിപ്രായങ്ങളെയും സുവിശേഷങ്ങൾക്കു മേലായി വാഴ്‌ത്തി. ഇന്നും മിക്ക വൈദികർക്കും ദൈവവചനത്തെക്കാൾ പ്രധാനം ‘സഭാപിതാക്കന്മാരുടെ’ ദൈവനിശ്വസ്‌തമല്ലാത്ത ഭാഷ്യങ്ങളാണ്! സെമിനാരിയിൽനിന്നു പഠിച്ചിറങ്ങിയവരോട് ത്രിത്വത്തെക്കുറിച്ച് എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിൽ നിങ്ങളും അത് ശ്രദ്ധിച്ചിട്ടുണ്ടാകും.
12. സഭയുടെ കാര്യാദികളിൽ ചക്രവർത്തിക്ക് എത്രത്തോളം സ്വാധീനമുണ്ടായിരുന്നു?
12 റോമൻ ചക്രവർത്തിമാർക്ക് സഭാസുന്നഹദോസുകളിൽ നടന്ന ചർച്ചകളിൽ കാര്യമായ സ്വാധീനംചെലുത്താനായി എന്നതും ശ്രദ്ധേയമാണ്. നിഖ്യാ സുന്നഹദോസിനെക്കുറിച്ച് പ്രൊഫസർ റിച്ചാർഡ് ഇ. രൂബെൻസ്റ്റീൻ ഇങ്ങനെ എഴുതി: “സ്വപ്‌നത്തിൽപോലും ചിന്തിച്ചിട്ടില്ലാത്ത വിധത്തിൽ (ബിഷപ്പുമാർക്ക്) കോൺസ്റ്റന്റൈൻ സമ്പത്തും സഹായവും വാരിക്കോരി നൽകി. ഈ പുതിയ ചക്രവർത്തി (സ്ഥാനാരോഹണശേഷം) ഒരു വർഷത്തിനുള്ളിൽ അവരുടെ എല്ലാ പള്ളികളുംതന്നെ തിരികെനൽകുകയോ പുതുക്കിപ്പണിയുകയോ ചെയ്‌തു; അവരുടെ ജോലിയും സ്ഥാനമാനങ്ങളും മടക്കിക്കൊടുത്തു. . . . മുമ്പ് പുറജാതീയ പുരോഹിതന്മാർക്കു നൽകിയിരുന്ന പ്രത്യേക പദവികൾ ക്രൈസ്‌തവ വൈദികർക്ക് അദ്ദേഹം ലഭ്യമാക്കി.” ഫലമോ? “നിഖ്യായിലെ സംഭവവികാസങ്ങളെ സ്വാധീനിക്കാൻ, ഒരുപക്ഷേ അതിന്റെ ഗതി നിർണയിക്കാൻപോലും, കോൺസ്റ്റന്റൈനു കഴിഞ്ഞു.” ഇക്കാര്യം ചാൾസ് ഫ്രീമാനും എടുത്തു പറഞ്ഞു: “സഭയ്‌ക്ക് അധികാരം നൽകാൻ മാത്രമല്ല അതിന്റെ ഉപദേശങ്ങളിൽ കൈകടത്താനും ചക്രവർത്തിക്കാകും എന്നൊരു സ്ഥിതി അങ്ങനെ സംജാതമായി.”—യാക്കോബ് 4:4 വായിക്കുക.
13. സുവ്യക്തമായ ബൈബിൾ പഠിപ്പിക്കലുകൾ അംഗീകരിക്കാൻ പിൽക്കാലത്തെ സഭാനേതാക്കന്മാർക്കു കഴിയാഞ്ഞതിന്റെ കാരണം എന്താണെന്നാണ് നിങ്ങൾ കരുതുന്നത്?
13 യേശുക്രിസ്‌തു ആരാണെന്ന് നിർണയിക്കാൻ സഭാനേതാക്കന്മാർക്കു ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും സാധാരണക്കാരിൽ പലർക്കും അങ്ങനെയൊരു പ്രശ്‌നമില്ലായിരുന്നു. ചക്രവർത്തിയുടെ പൊന്നും പണവുംകൊണ്ട് കീശ നിറയ്‌ക്കാനോ സഭയിലെ സ്ഥാനമാനങ്ങളുടെ പടവുകൾ കയറാനോ ആഗ്രഹമില്ലാതിരുന്ന സാധാരണക്കാരന് തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ കാര്യങ്ങൾ വസ്‌തുനിഷ്‌ഠമായി വീക്ഷിക്കാനായി. അക്കാലത്തെ ഒരു വേദജ്ഞനായിരുന്ന നിസ്സയിലെ ഗ്രിഗറി സാധാരണക്കാരെ വിമർശിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്: “വന്നുവന്ന് തുണിക്കച്ചവടക്കാരും നാണയമാറ്റക്കാരും പലചരക്കുവ്യാപാരികളുമെല്ലാം വലിയ വേദജ്ഞരായി. നാണയത്തിന്റെ മൂല്യം ചോദിച്ചാൽ ചില തത്ത്വജ്ഞാനികൾ പുത്രനും പിതാവും വ്യത്യസ്‌തരായിരിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കും. റൊട്ടിയുടെ വില ചോദിച്ചാലോ? പിതാവ് പുത്രനെക്കാൾ വലിയവനാണെന്നാണ് മറുപടി. കുളിക്കാൻവേണ്ടതെല്ലാം തയ്യാറാണോ എന്ന് ആരാഞ്ഞാൽ ഒന്നുമില്ലായ്‌മയിൽനിന്ന് പുത്രനെ സൃഷ്ടിച്ചു എന്നായിരിക്കും ഉത്തരം.” അതെ, ദൈവവചനം ഉപയോഗിച്ച് തങ്ങളുടെ വിശ്വാസങ്ങൾ വിശദീകരിക്കാൻ മതനേതാക്കന്മാരിൽനിന്നു വ്യത്യസ്‌തമായി സാധാരണക്കാരിൽ പലർക്കും കഴിഞ്ഞു. ഗ്രിഗറിയും കൂട്ടരും അവർ പറഞ്ഞതു കേട്ടിരുന്നെങ്കിൽ എത്ര നന്നായേനേ!
‘ഗോതമ്പും കളകളും’ ഒന്നിച്ചു വളരുന്നു
14. ഒന്നാം നൂറ്റാണ്ടിൽ തുടങ്ങി എക്കാലവും ഭൂമിയിൽ യഥാർഥ അഭിഷിക്ത ക്രിസ്‌ത്യാനികൾ ഉണ്ടായിരുന്നെന്നു പറയാൻ എന്ത് അടിസ്ഥാനമാണുള്ളത്?
14 ഒന്നാം നൂറ്റാണ്ടിൽ തുടങ്ങി എക്കാലത്തും ഭൂമിയിൽ യഥാർഥ അഭിഷിക്ത ക്രിസ്‌ത്യാനികൾ ഉണ്ടായിരിക്കുമെന്ന് യേശു ഒരു ദൃഷ്ടാന്തകഥയിലൂടെ സൂചിപ്പിച്ചു. “കളകൾ”ക്കിടയിൽ വളരുന്ന ‘ഗോതമ്പിനോടാണ്’ യേശു അവരെ ഉപമിച്ചത്. (മത്താ. 13:30) ആരൊക്കെ, അല്ലെങ്കിൽ ഏതൊക്കെ കൂട്ടർ ഈ ഗോതമ്പ് സമാന അഭിഷിക്തരുടെ ഗണത്തിൽ ഉൾപ്പെട്ടിരുന്നെന്ന് നമുക്ക് ഉറപ്പിച്ചുപറയാനാവില്ല. എന്നാൽ ദൈവവചനത്തിനുവേണ്ടി സുധീരം നിലകൊണ്ട, ക്രൈസ്‌തവ സഭയുടെ തിരുവെഴുത്തുവിരുദ്ധ ഉപദേശങ്ങൾ തുറന്നുകാട്ടിയ വ്യക്തികൾ എക്കാലവും ഉണ്ടായിരുന്നെന്ന് നമുക്ക് തറപ്പിച്ചുപറയാനാകും. ഏതാനും പേരുടെ ദൃഷ്ടാന്തം നോക്കാം.
15, 16. ദൈവവചനത്തോട് ആദരവു കാണിച്ച ചില വ്യക്തികൾ ആരെല്ലാം?
15 ലിയോൺസിലെ (ഫ്രാൻസ്) ആർച്ച്‌ബിഷപ്പായിരുന്ന അഗൊബാർഡ് (എ.ഡി. 779-840) വിഗ്രഹാരാധന, വിശുദ്ധന്മാർക്കു സമർപ്പിച്ച പള്ളികൾ, തിരുവെഴുത്തുവിരുദ്ധമായ ആചാരാനുഷ്‌ഠാനങ്ങൾ എന്നിവയ്‌ക്കെതിരെ ശബ്ദമുയർത്തി. അദ്ദേഹത്തിന്റെ സമകാലികനായിരുന്ന ക്ലൗദ്യൊസ് എന്ന ബിഷപ്പും സഭയുടെ പാരമ്പര്യങ്ങളെയും വിശുദ്ധന്മാരോടുള്ള പ്രാർഥനയെയും വിഗ്രഹാരാധനയെയും എതിർത്തിരുന്നു. 11-ാം നൂറ്റാണ്ടിൽ ടൂർസിലെ (ഫ്രാൻസ്) ആർച്ച്‌ഡീക്കനായ ബെരെംഗറിനെ അപ്പവീഞ്ഞുകളുടെ അത്ഭുതകരമായ രൂപാന്തരണത്തെക്കുറിച്ചുള്ള ഉപദേശം തിരസ്‌കരിച്ചതിന്റെപേരിൽ കത്തോലിക്കാ സഭ പുറത്താക്കി. സഭാപാരമ്പര്യങ്ങളെക്കാൾ പ്രാധാന്യംനൽകേണ്ടത് തിരുവെഴുത്തുകൾക്കാണെന്നും അദ്ദേഹം വാദിച്ചിരുന്നു.
16 തിരുവെഴുത്തു സത്യങ്ങളെ അതിയായി സ്‌നേഹിച്ചിരുന്നവരാണ് 12-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രൂയിസിലെ പീറ്ററും ലോസാന്നെയിലെ ഹെൻട്രിയും. ശിശുസ്‌നാനം, അപ്പവീഞ്ഞുകളുടെ രൂപാന്തരണം, മരിച്ചവർക്കായുള്ള പ്രാർഥന, കുരിശാരാധന എന്നിങ്ങനെയുള്ള കത്തോലിക്കാ സഭയുടെ പഠിപ്പിക്കലുകൾ തിരുവെഴുത്തുവിരുദ്ധമാണെന്നു മനസ്സിലാക്കിയ പീറ്റർ വൈദികവൃത്തി ഉപേക്ഷിച്ചു. വിശ്വാസത്തിനുവേണ്ടി പീറ്ററിന് ഒടുക്കേണ്ടിവന്ന വില വലുതായിരുന്നു; 1140-ൽ അദ്ദേഹം കൊല്ലപ്പെട്ടു. സഭയുടെ അഴിമതിക്കും തിരുവെഴുത്തുവിരുദ്ധമായ ആചാരങ്ങൾക്കും എതിരായി ശബ്ദമുയർത്തിയ ഒരു സന്ന്യാസിയായിരുന്നു ഹെൻട്രി. 1148-ൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു; ശിഷ്ടകാലം കാരാഗൃഹത്തിൽ കഴിച്ചുകൂട്ടേണ്ടതായുംവന്നു.
17. വാൾഡോയും അനുയായികളും എന്ത് സുപ്രധാന നടപടികൾ സ്വീകരിച്ചു?
17 കത്തോലിക്കാ സഭയെ വിമർശിച്ചതിന്റെപേരിൽ ബ്രൂയിസിലെ പീറ്ററിനെ ചുട്ടുകൊന്ന സമയത്തോടടുത്താണ് വാൾഡെസ് അഥവാ വാൾഡോ എന്നൊരാൾ ജനിച്ചത്. a ബൈബിൾ സത്യം പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം പിന്നീട് ഗണ്യമായ പങ്കുവഹിച്ചു. ബ്രൂയിസിലെ പീറ്ററും ലോസാന്നെയിലെ ഹെൻട്രിയും വൈദികരായിരുന്നെങ്കിൽ വാൾഡെസ് ഒരു സാധാരണക്കാരനായിരുന്നു. എന്നാൽ അദ്ദേഹം ചെയ്‌തതോ? തന്റെ വസ്‌തുവകകളെല്ലാം വിൽക്കുകയും തെക്കുകിഴക്കൻ ഫ്രാൻസിലെ സാധാരണക്കാർ സംസാരിക്കുന്ന ഒരു ഭാഷയിലേക്ക് ബൈബിൾ ഭാഗങ്ങൾ പരിഭാഷപ്പെടുത്താൻ ഏർപ്പാടാക്കുകയും ചെയ്‌തു. ദൈവവചനത്തോട് അത്രയധികം സ്‌നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്. സ്വന്തം ഭാഷയിൽ ബൈബിൾ സന്ദേശം ശ്രവിച്ച പലരും ആവേശഭരിതരായി സ്വത്തുക്കളെല്ലാം ഉപേക്ഷിച്ച് മറ്റുള്ളവരോട് ആ സത്യം പങ്കുവെക്കാൻ ജീവിതം ഉഴിഞ്ഞുവെച്ചു. ഇത് സഭയുടെ ഉറക്കംകെടുത്തി. വാൾഡെൻസുകാർ എന്ന് പിന്നീട് അറിയപ്പെട്ട ഈ സ്‌ത്രീപുരുഷന്മാർക്ക് 1184-ൽ പോപ്പ് ഭ്രഷ്ടുകൽപ്പിച്ചു. സ്വന്തം ഭവനങ്ങളിൽനിന്ന് ബിഷപ്പ് അവരെ ആട്ടിപ്പായിക്കുകയും ചെയ്‌തു. എന്നാൽ ബൈബിൾ സന്ദേശം മറ്റു സ്ഥലങ്ങളിലേക്കു വ്യാപിക്കാൻ ഇതൊരു നിമിത്തമായി. കാലാന്തരത്തിൽ വാൾഡോയുടെയും പീറ്ററിന്റെയും ഹെൻട്രിയുടെയും അനുയായികളെയും സഭയിൽനിന്നു തെറ്റിപ്പിരിഞ്ഞ മറ്റുള്ളവരെയും യൂറോപ്പിന്റെ പലഭാഗത്തും കണ്ടുതുടങ്ങി. പിന്നീടുവന്ന നൂറ്റാണ്ടുകളിൽ ബൈബിൾ സത്യത്തിനുവേണ്ടി പലരും രംഗത്തെത്തി; ജോൺ വൈക്ലിഫ് (ഏകദേശം 1330-1384), വില്യം ടിൻഡെയ്‌ൽ (ഏകദേശം 1494-1536), ഹെൻട്രി ഗ്രൂ (1781-1862), ജോർജ് സ്റ്റോഴ്‌സ് (1796-1879), അങ്ങനെ പലരും.
“ദൈവത്തിന്റെ വചനമോ ബന്ധിക്കപ്പെട്ടിട്ടില്ല”
18. ബൈബിൾ പഠിക്കാൻ ഏതു മാർഗമാണ് 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മാർഥഹൃദയരായ ബൈബിൾ വിദ്യാർഥികൾ അവലംബിച്ചതെന്നും അത് ഫലവത്തായിരുന്നത് എന്തുകൊണ്ടെന്നും വിശദീകരിക്കുക.
18 എത്ര ശ്രമിച്ചിട്ടും ശത്രുക്കൾക്ക് ബൈബിൾ സത്യത്തിന്റെ വ്യാപനം തടയാനായില്ല. “ദൈവത്തിന്റെ വചനമോ ബന്ധിക്കപ്പെട്ടിട്ടില്ല” എന്ന് 2 തിമൊഥെയൊസ് 2:9 പറയുന്നു. 1870-ൽ ഒരുകൂട്ടം ബൈബിൾ വിദ്യാർഥികൾ സത്യം അന്വേഷിക്കാൻ തുടങ്ങി. അതിന് ഏത് മാർഗമാണ് അവർ അവലംബിച്ചത്? ആരെങ്കിലും ഒരു ചോദ്യം ഉന്നയിക്കും. എന്നിട്ട് അവരെല്ലാം ചേർന്ന് അത് ചർച്ചചെയ്യും. ബന്ധപ്പെട്ട എല്ലാ തിരുവെഴുത്തുകളും പരിശോധിച്ചശേഷം അവയെല്ലാം തമ്മിൽ ആശയപരമായി യോജിക്കുന്നുണ്ടെന്ന് ഉറപ്പാകുമ്പോൾ ഒരു നിഗമനത്തിൽ എത്തിച്ചേരുകയും അത് രേഖപ്പെടുത്തിവെക്കുകയും ചെയ്യും. അതെ, ഒന്നാം നൂറ്റാണ്ടിലെ അപ്പൊസ്‌തലന്മാരെയും മൂപ്പന്മാരെയും പോലെ, 1800-കളുടെ അന്ത്യപാദത്തിൽ ജീവിച്ചിരുന്ന നമ്മുടെ ഈ വിശ്വസ്‌ത “ആത്മീയ പൂർവികർ” തങ്ങളുടെ വിശ്വാസങ്ങൾ പൂർണമായും ദൈവവചനത്തിൽ അധിഷ്‌ഠിതമായിരിക്കണമെന്ന നിഷ്‌ഠയുള്ളവരായിരുന്നു. ഈ അറിവ് നിങ്ങളിൽ കൃതജ്ഞത ജനിപ്പിക്കുന്നില്ലേ?
19. ഏതാണ് 2012-ലെ വാർഷികവാക്യം, അതിന്റെ പ്രസക്തി എന്ത്?
19 ഇന്നും നമ്മുടെ വിശ്വാസങ്ങളുടെ ആധാരം ബൈബിളാണ്. ഇക്കാര്യം മനസ്സിൽപ്പിടിച്ചുകൊണ്ട് യഹോവയുടെ സാക്ഷികളുടെ ഭരണസംഘം “നിന്റെ വചനം സത്യം ആകുന്നു” എന്ന തികഞ്ഞ ബോധ്യത്തോടെയുള്ള യേശുവിന്റെ വാക്കുകൾ 2012-ലെ വാർഷികവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നു. (യോഹ. 17:17) സത്യമാർഗെ ചരിക്കുന്നവർക്കു മാത്രമേ ദിവ്യാംഗീകാരം നേടാനാകൂ. ആയതിനാൽ, ദൈവവചനമാകുന്ന മാർഗദീപം തെളിക്കുന്ന പാതയിലൂടെ മുന്നേറാൻ നമുക്ക് തുടർന്നും യത്‌നിക്കാം.
[അടിക്കുറിപ്പ്]
a വാൾഡെസിനെ പിയെർ വാൾഡെസ് എന്നും പീറ്റർ വാൾഡോ എന്നും വിളിച്ചിട്ടുണ്ട്. എന്നാൽ പേരിന്റെ ആദ്യഭാഗത്തെക്കുറിച്ച് ഏകാഭിപ്രായമില്ല.
[അധ്യയന ചോദ്യങ്ങൾ]
[8-ാം പേജിലെ ആകർഷക വാക്യം]
2012-ലെ വാർഷികവാക്യം: “നിന്റെ വചനം സത്യം ആകുന്നു.” —യോഹന്നാൻ 17:17
[7-ാം പേജിലെ ചിത്രം]
വാൾഡോ
[7-ാം പേജിലെ ചിത്രം]
വൈക്ലിഫ്
[7-ാം പേജിലെ ചിത്രം]
ടിൻഡെയ്‌ൽ
[7-ാം പേജിലെ ചിത്രം]
ഗ്രൂ
[7-ാം പേജിലെ ചിത്രം]
സ്റ്റോഴ്‌സ്