വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സൃഷ്ടിക്രിയകൾ ജീവനുള്ള ദൈവത്തെ വെളിപ്പെടുത്തുന്നു

സൃഷ്ടിക്രിയകൾ ജീവനുള്ള ദൈവത്തെ വെളിപ്പെടുത്തുന്നു

‘ഞങ്ങളുടെ ദൈവമായ യഹോവേ, നീ സകലവും സൃഷ്ടിച്ചവൻ ആകയാൽ മഹത്ത്വം കൈക്കൊള്ളുവാൻ യോഗ്യൻ.’ —വെളി. 4:11.

1. വിശ്വാസം ശക്തമായി നിലനിറുത്താൻ നാം എന്തു ചെയ്യണം?

 ‘ഞാൻ എന്റെ കണ്ണുകൊണ്ട്‌ കാണുന്നതേ വിശ്വസിക്കൂ’ എന്നു പലരും പറയാറുണ്ട്‌. ‘ഒരു മനുഷ്യനും ഒരുനാളും കണ്ടിട്ടില്ലാത്ത’ യഹോവയിൽ വിശ്വാസമർപ്പിക്കാൻ അത്തരം വ്യക്തികളെ നമുക്ക്‌ എങ്ങനെ സഹായിക്കാം? (യോഹ. 1:18) കൂടാതെ, ‘അദൃശ്യദൈവം’ ആയ യഹോവ സ്ഥിതി ചെയ്യുന്നുവെന്ന നമ്മുടെതന്നെ വിശ്വാസം ശക്തമാക്കാൻ എങ്ങനെ കഴിയും? (കൊലോ. 1:15) യഹോവയെക്കുറിച്ചുള്ള സത്യം ദുർഗ്രഹമാക്കുന്ന പഠിപ്പിക്കലുകൾ തിരിച്ചറിയുക എന്നതാണ്‌ ആദ്യപടി. തുടർന്ന്‌, “ദൈവപരിജ്ഞാനത്തിനെതിരായി ഉയർന്നുവരുന്ന” വാദമുഖങ്ങളെ മറികടക്കാൻ ബൈബിൾ വിദഗ്‌ധമായി ഉപയോഗിക്കുക.—2 കൊരി. 10:4, 5.

2, 3. ദൈവത്തിൽ വിശ്വസിക്കുന്നതിൽനിന്ന്‌ ആളുകളെ തടയുന്ന രണ്ടു പഠിപ്പിക്കലുകൾ ഏവ?

2 ദൈവത്തെക്കുറിച്ചുള്ള സത്യം മറയ്‌ക്കുന്ന തെറ്റായ പഠിപ്പിക്കലുകളിലൊന്നാണ്‌ പരിണാമസിദ്ധാന്തം. ഇന്നു പരക്കെ വ്യാപിച്ചിരിക്കുന്ന ഈ സിദ്ധാന്തം ബൈബിൾ പറയുന്നതിനു നേർവിപരീതമാണ്‌. ജീവൻ തനിയെ ഉളവായി എന്നാണു പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നത്‌. മനുഷ്യജീവിതത്തിനു യാതൊരു ഉദ്ദേശവുമില്ലെന്നു ചിന്തിക്കാൻ അത്‌ ഇടയാക്കുന്നു, ആളുകളെ ആശയറ്റവരാക്കിത്തീർക്കുകയും ചെയ്യുന്നു.

3 മറ്റൊരു തെറ്റായ പഠിപ്പിക്കലാണ്‌ സൃഷ്ടിവാദം. അതായത്‌, ഭൂമിയും മുഴു ജീവജാലങ്ങളും ഉൾപ്പെടെ പ്രപഞ്ചം ഉണ്ടായിട്ട്‌ ഏതാനും സഹസ്രാബ്ദങ്ങളേ ആയിട്ടുള്ളൂ എന്നു ക്രൈസ്‌തവലോകത്തിലെ ചില ആളുകൾ പഠിപ്പിക്കുന്നു. അവർ ബൈബിളിനെ ആദരിക്കുന്നുണ്ടെങ്കിലും, 24 മണിക്കൂർ അടങ്ങിയ ആറു ദിവസംകൊണ്ടാണ്‌ ദൈവം സകലതും സൃഷ്ടിച്ചത്‌ എന്നു വാദിക്കുന്നു. അവർ പറയുന്നത്‌ അനുസരിച്ച്‌, ഇവയെല്ലാം സൃഷ്ടിച്ചത്‌ ഏതാനും സഹസ്രാബ്ദങ്ങൾക്കു മുമ്പു മാത്രമാണ്‌. അവരുടെ വീക്ഷണങ്ങൾക്കു വിരുദ്ധമായ ശാസ്‌ത്രീയതെളിവുകൾപോലും അവർ അവഗണിക്കുന്നു. സൃഷ്ടിവാദികളുടെ അത്തരം പഠിപ്പിക്കലുകൾ ബൈബിളിനെ അപകീർത്തിപ്പെടുത്തുന്നു. മാത്രമല്ല, യുക്തിക്കു നിരക്കാത്തതും കൃത്യതയില്ലാത്തതും ആയ വിവരങ്ങളാണ്‌ അതിലുള്ളതെന്ന്‌ ചിന്തിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. ഇത്തരം വീക്ഷണം വെച്ചുപുലർത്തുന്നവർ ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന ചില വ്യക്തികളെപ്പോലെയാണ്‌. അവർക്കു ദൈവത്തെക്കുറിച്ച്‌ തീക്ഷ്‌ണതയുണ്ടായിരുന്നെങ്കിലും അത്‌ ‘പരിജ്ഞാനപ്രകാരമുള്ളതല്ലായിരുന്നു.’ (റോമ. 10:2) ‘കോട്ടകൾ’പോലെ ശക്തമായ പരിണാമസിദ്ധാന്തവും സൃഷ്ടിവാദവും തകർക്കാൻ ദൈവവചനം നമുക്ക്‌ എങ്ങനെ ഉപയോഗിക്കാം? * അതിന്‌, ബൈബിൾപഠിപ്പിക്കലുകളെക്കുറിച്ച്‌ കൃത്യമായ അറിവു നേടാൻ നാം കഠിനാധ്വാനം ചെയ്‌തേ മതിയാകൂ.

ഈടുറ്റ തെളിവുകളിൽ അധിഷ്‌ഠിതമായ വിശ്വാസം

4. നമ്മുടെ വിശ്വാസം എന്തിൽ അധിഷ്‌ഠിതമായിരിക്കണം?

4 പരിജ്ഞാനത്തെ നിധിപോലെ അമൂല്യമായി കാണാൻ ബൈബിൾ പഠിപ്പിക്കുന്നു. (സദൃ. 10:14) അതുകൊണ്ട്‌, യഹോവയിലുള്ള നമ്മുടെ വിശ്വാസം മനുഷ്യതത്ത്വശാസ്‌ത്രത്തിലോ മതപാരമ്പര്യത്തിലോ അല്ല, തെളിവുകളിലും യുക്തിസഹമായ ചിന്തയിലും അധിഷ്‌ഠിതമായിരിക്കാൻ അവൻ പ്രതീക്ഷിക്കുന്നു. (എബ്രായർ 11:1 വായിക്കുക.) ദൈവത്തിൽ ശക്തമായ വിശ്വാസം പടുത്തുയർത്തണമെങ്കിൽ ആദ്യംതന്നെ, അവൻ സ്ഥിതിചെയ്യുന്നുവെന്ന്‌ നമുക്കുതന്നെ ഉറപ്പുണ്ടായിരിക്കണം. (എബ്രായർ 11:6 വായിക്കുക.) അത്തരം ബോധ്യം അന്ധമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കരുത്‌. നാം വസ്‌തുതകൾ പരിശോധിക്കുകയും നമ്മുടെ ‘കാര്യബോധം’ അഥവാ ചിന്താപ്രാപ്‌തികൾ ഉപയോഗിക്കുകയും വേണം.—റോമ. 12:1.

5. ദൈവം സ്ഥിതിചെയ്യുന്നുവെന്ന്‌ ഉറപ്പുണ്ടായിരിക്കാവുന്നതിന്റെ ഒരു കാരണം എന്ത്‌?

5 ദൈവത്തെ കാണാൻ കഴിയില്ലെങ്കിലും അവൻ സ്ഥിതിചെയ്യുന്നുണ്ടെന്ന്‌ ഉറപ്പുണ്ടായിരിക്കാവുന്നതിന്റെ ഒരു കാരണം അപ്പൊസ്‌തലനായ പൗലോസ്‌ നൽകുന്നു. യഹോവയെക്കുറിച്ച്‌ അവൻ ഇങ്ങനെ എഴുതി: “ലോകസൃഷ്ടിമുതൽ അവന്റെ അദൃശ്യഗുണങ്ങളായ നിത്യശക്തിയും ദൈവത്ത്വവും അവന്റെ സൃഷ്ടികളിലൂടെ വ്യക്തമായി കണ്ടു ഗ്രഹിക്കാൻ സാധിക്കുമാറ്‌ വെളിവായിരിക്കുന്നു.” (റോമ. 1:20) ദൈവത്തിന്റെ അസ്‌തിത്വത്തിൽ സംശയാലുക്കളായ ആളുകളെ പൗലോസിന്റെ ഈ നിശ്ശ്വസ്‌തവാക്കുകളുടെ സത്യത തിരിച്ചറിയാൻ നമുക്ക്‌ എങ്ങനെ സഹായിക്കാം? നമ്മുടെ സ്രഷ്ടാവിന്റെ ശക്തിയും ജ്ഞാനവും വിളിച്ചോതുന്ന ചില സൃഷ്ടിക്രിയകളെക്കുറിച്ചു പരിചിന്തിക്കുന്നത്‌ പ്രയോജനം ചെയ്യും.

ദൈവത്തിന്റെ ശക്തി വിളിച്ചോതുന്ന സൃഷ്ടിക്രിയകൾ

6, 7. ഭൂമിയെ സംരക്ഷിക്കുന്ന രണ്ടു കവചങ്ങൾ യഹോവയുടെ ശക്തി വെളിപ്പെടുത്തുന്നത്‌ എങ്ങനെ?

6 ഭൂമിയുടെ രണ്ടു സംരക്ഷണകവചങ്ങളായ അന്തരീക്ഷവും കാന്തികമണ്ഡലവും യഹോവയുടെ അതുല്യമായ ശക്തി വെളിപ്പെടുത്തുന്നു. അന്തരീക്ഷത്തിന്റെ കാര്യമെടുക്കാം. നമുക്കു ശ്വസിക്കാനുള്ള വായു പ്രദാനം ചെയ്യുക മാത്രമല്ല, ഭൂമിയെ അതു സംരക്ഷിക്കുകയും ചെയ്യുന്നു. ഭൂമിയിലേക്കു വീണാൽ വൻനാശം വരുത്തിയേക്കാവുന്ന വലിയ പാറക്കഷണങ്ങൾപോലുള്ള അവശിഷ്ടങ്ങൾ ശൂന്യാകാശത്തിലൂടെ സഞ്ചരിക്കുന്നുണ്ട്‌. ഭൂമിയിലേക്ക്‌ അവ പതിക്കുന്നതിനു മുമ്പ്‌ നിശാനഭസ്സിൽ മനോഹരമായ ദൃശ്യവിസ്‌മയം സൃഷ്ടിച്ചുകൊണ്ട്‌ കത്തിപ്പോകാൻ അന്തരീക്ഷം ഇടയാക്കുന്നു.

7 ഭൂമിയുടെ കാന്തികമണ്ഡലവും നമ്മെ സംരക്ഷിക്കുന്നു. ഈ സംരക്ഷണവലയം രൂപംകൊള്ളുന്നതു ഭൂമിയുടെ അകക്കാമ്പിലാണ്‌. ഭൂമിയുടെ ബാഹ്യ അകക്കാമ്പ്‌, കത്തിയുരുകുന്ന ദ്രവരൂപത്തിലുള്ള ഇരുമ്പിനാൽ നിർമിതമാണ്‌. അവിടെനിന്ന്‌ ഉത്ഭവിക്കുന്ന ശക്തമായ കാന്തികമണ്ഡലം ഭൂമിക്കു ചുറ്റും സംരക്ഷണവലയമായി വർത്തിക്കുന്നു. ആ കാന്തികവലയം ശൂന്യാകാശംവരെ എത്തുന്നു. സൂര്യനിൽ നടക്കുന്ന ചില സ്‌ഫോടനങ്ങളുടെ ഫലമായി ഉണ്ടാകുന്ന കടുത്ത ചൂടിൽനിന്ന്‌ അതു നമ്മെ സംരക്ഷിക്കുന്നു. കാന്തികവലയം ഈ താപം ആഗിരണം ചെയ്‌ത്‌ ശൂന്യാകാശത്തേക്കു തിരിച്ചുവിടുന്നു. നമ്മുടെ ഗ്രഹത്തിലെ ജീവജാലങ്ങൾ കത്തിച്ചാമ്പലാകാതെ സംരക്ഷിക്കുന്ന ഈ കാന്തികമണ്ഡലത്തെപ്രതി നാം എത്ര നന്ദിയുള്ളവരായിരിക്കണം! ഈ കാന്തികവലയത്തിന്റെ തെളിവാണ്‌ ധ്രുവപ്രദേശങ്ങളിൽ ആകാശത്തു കാണുന്ന ബഹുവർണ്ണങ്ങളിലുള്ള പ്രകാശം. യഹോവ “ശക്തിയുടെ ആധിക്യം” ഉള്ളവനാണ്‌ എന്നതിനു സംശയമില്ല.—യെശയ്യാവു 40:26 വായിക്കുക.

പ്രകൃതി ദൈവത്തിന്റെ ജ്ഞാനം വിളിച്ചോതുന്നു

8, 9. ജീവൻ നിലനിറുത്തുന്ന പരിവൃത്തികളിൽ യഹോവയുടെ ജ്ഞാനം ദൃശ്യമായിരിക്കുന്നത്‌ എങ്ങനെ?

8 ഭൂമിയിൽ ജീവൻ നിലനിറുത്തുന്ന പരിവൃത്തികൾ ദൈവത്തിന്റെ ജ്ഞാനം വെളിപ്പെടുത്തുന്നു. ഇതു മനസ്സിലാക്കാൻ ഒരു ദൃഷ്ടാന്തം പരിചിന്തിക്കാം: ധാരാളം ആളുകൾ തിങ്ങിപ്പാർക്കുന്ന, മതിലുകളാൽ ചുറ്റപ്പെട്ട ഒരു നഗരം. ശുദ്ധജലം പുറത്തുനിന്ന്‌ കൊണ്ടുവരാനോ മാലിന്യങ്ങൾ പുറത്തേക്കു കളയാനോ യാതൊരു മാർഗവുമില്ല. അത്തരം ഒരു നഗരം പെട്ടെന്നുതന്നെ വൃത്തിയില്ലാത്തതും വാസയോഗ്യമല്ലാത്തതും ആയിത്തീരും. ഒരു അർഥത്തിൽ മതിലുകളാൽ ചുറ്റപ്പെട്ട ഈ നഗരംപോലെയാണ്‌ നമ്മുടെ ഭൂമി. ഭൂമിയിൽ ശുദ്ധജലം പരിമിതമാണ്‌, മാലിന്യം പുറന്തള്ളാൻ യാതൊരു മാർഗവുമില്ല. എങ്കിലും, കോടിക്കണക്കിനു ജീവജാലങ്ങളെ തലമുറകളോളം പരിപാലിക്കാനുള്ള പ്രാപ്‌തി ‘മതിലുകളാൽ ചുറ്റപ്പെട്ട ഈ നഗര’ത്തിനുണ്ട്‌. ഇത്‌ എങ്ങനെ സാധ്യമാകുന്നു? മാലിന്യങ്ങളെ സംസ്‌കരിച്ച്‌ ജീവന്‌ അത്യന്താപേക്ഷിതമായ വസ്‌തുക്കളാക്കി മാറ്റാനുള്ള അത്ഭുതകരമായ പ്രാപ്‌തി ഭൂമിക്കുള്ളതുകൊണ്ടുതന്നെ.

9 ഓക്‌സിജൻ പരിവൃത്തിയെക്കുറിച്ചു ചിന്തിക്കുക. കോടിക്കണക്കിനു ജീവികൾ ഓക്‌സിജൻ സ്വീകരിക്കുകയും കാർബൺ ഡൈ ഓക്‌സൈഡ്‌ പുറന്തള്ളുകയും ചെയ്യുന്നു. എന്നിരുന്നാലും ഓക്‌സിജൻ ഒരിക്കലും ഇല്ലാതാകുകയോ ‘മലിന’വാതകമായ കാർബൺ ഡൈ ഓക്‌സൈഡുകൊണ്ട്‌ അന്തരീക്ഷം നിറയുകയോ ചെയ്യുന്നില്ല. എന്തുകൊണ്ട്‌? പ്രകാശസംശ്ലേഷണം എന്ന വിസ്‌മയകരമായ പ്രക്രിയയാണ്‌ ഇതിനു കാരണം. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡ്‌, വെള്ളം, സൂര്യപ്രകാശം, മറ്റു പോഷകങ്ങൾ എന്നിവ ഉപയോഗിച്ച്‌ പച്ചസസ്യങ്ങൾ അന്നജവും ഓക്‌സിജനും ഉത്‌പാദിപ്പിക്കുന്നു. നാം ഓക്‌സിജൻ ശ്വസിക്കുകയും കാർബൺ ഡൈ ഓക്‌സൈഡ്‌ പുറന്തള്ളുകയും ചെയ്യുമ്പോൾ ഓക്‌സിജൻ പരിവൃത്തി അവസാനിക്കുന്നു. അങ്ങനെ, “എല്ലാവർക്കും ജീവനും ശ്വാസവും” നൽകാൻ താൻ രൂപകല്‌പന ചെയ്‌ത സസ്യങ്ങളെ യഹോവ ഉപയോഗിക്കുന്നു. (പ്രവൃ. 17:25) എത്ര ശ്രേഷ്‌ഠമായ ജ്ഞാനം!

10, 11. മൊണാർക്ക്‌ ചിത്രശലഭവും ആനത്തുമ്പിയും യഹോവയുടെ ജ്ഞാനം വെളിപ്പെടുത്തുന്നത്‌ എങ്ങനെ?

10 നമ്മുടെ അതുല്യഗ്രഹമായ ഭൂമിയിൽ വസിക്കുന്ന എണ്ണമറ്റ ജീവജാലങ്ങളിൽ യഹോവയുടെ ജ്ഞാനം ദർശിക്കാനാകും. കണക്കുകൾ അനുസരിച്ച്‌ 20 ലക്ഷംമുതൽ 10 കോടിവരെ വ്യത്യസ്‌തതരം ജീവജാലങ്ങൾ ഭൂമിയിൽ അധിവസിക്കുന്നു. (സങ്കീർത്തനം 104:24 വായിക്കുക.) യഹോവയുടെ ജ്ഞാനം പ്രകടമായിരിക്കുന്ന ചില സൃഷ്ടികളെക്കുറിച്ച്‌ നമുക്കു പരിചിന്തിക്കാം.

ആനത്തുമ്പിയുടെ കണ്ണുകളുടെ രൂപകല്‌പന (ഉള്ളിലെ ചിത്രത്തിൽ വലുതാക്കി കാണിച്ചിരിക്കുന്നു) യഹോവയുടെ ജ്ഞാനം വിളിച്ചോതുന്നു (11-ാം ഖണ്ഡിക കാണുക)

11 മൊണാർക്ക്‌ ചിത്രശലഭത്തിന്റെ കാര്യമെടുക്കാം. ഒരു പേനയുടെ മുനപോലെ അത്ര ചെറുതാണ്‌ ഇതിന്റെ തലച്ചോറ്‌. കാനഡയിൽനിന്ന്‌ മെക്‌സിക്കോയിലെ ഒരു വനത്തിലേക്ക്‌ ഏകദേശം 1,800 മൈൽ (ഏകദേശം 3,000 കി.മീ.) ദേശാടനം ചെയ്യാനുള്ള പ്രാപ്‌തി ഈ ചിത്രശലഭത്തിനുണ്ട്‌. സൂര്യന്റെ സഹായത്തോടെയാണ്‌ അതു ദിശ നിർണയിക്കുന്നത്‌. എന്നാൽ ആകാശത്തിൽ സൂര്യന്റെ സ്ഥാനം മാറുമ്പോൾ ഇതിന്‌ എങ്ങനെ ദിശ മനസ്സിലാക്കാൻ കഴിയും? സൂര്യന്റെ ചലനങ്ങൾ തിരിച്ചറിയാനുള്ള പ്രാപ്‌തിയോടെയാണ്‌ അതിന്റെ കൊച്ചുതലച്ചോറ്‌ യഹോവ രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. ഇനി, ആനത്തുമ്പിയുടെ കാര്യം നോക്കാം. അതിന്റെ ഓരോ കണ്ണിലും ഏകദേശം 30,000 ലെൻസുകൾ വീതമുണ്ട്‌. ഈ ഓരോ ലെൻസിലും പതിയുന്ന പ്രതിബിംബങ്ങളെ അപഗ്രഥിക്കാൻ ഇതിന്റെ കുഞ്ഞുതലച്ചോറിനു പ്രാപ്‌തിയുണ്ട്‌. അങ്ങനെ, ചുറ്റുപാടും നടക്കുന്ന തീരെ ചെറിയ ചലനങ്ങൾപോലും തിരിച്ചറിയാൻ ഇതിനു കഴിയുന്നു.

12, 13. കോശങ്ങൾ രൂപകല്‌പന ചെയ്‌ത വിധത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ നിങ്ങളിൽ മതിപ്പ്‌ ഉളവാക്കുന്നത്‌ എന്താണ്‌?

12 ഇതിലും അതിശയകരമായ വിധത്തിലാണ്‌ ജീവജാലങ്ങളിലെ കോശങ്ങൾ യഹോവ രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. ഉദാഹരണത്തിന്‌, നിങ്ങളുടെ ശരീരം 100 ലക്ഷം കോടി കോശങ്ങളാൽ നിർമിതമാണ്‌. ഓരോ കോശത്തിനുള്ളിലും ചെറിയ, നാരുസമാനമായ ഡിഎൻഎ (ഡീഓക്‌സിറൈബോ ന്യൂക്ലിക്‌ ആസിഡ്‌) ഉണ്ട്‌. നിങ്ങളുടെ മുഴുശരീരവും നിർമിക്കുന്നതിന്‌ ആവശ്യമായ ഏതാണ്ട്‌ എല്ലാ വിവരങ്ങളും അതിൽ സൂക്ഷിച്ചിരിക്കുന്നു.

13 എത്രത്തോളം വിവരങ്ങളാണ്‌ ഡിഎൻഎ-യിൽ അടങ്ങിയിരിക്കുന്നത്‌? ഒരു ഗ്രാം ഡിഎൻഎ-യുടെ സംഭരണശേഷിയെ ഒരു സിഡി-യുടെ (കോംപാക്‌റ്റ്‌ ഡിസ്‌ക്‌) സംഭരണശേഷിയുമായി താരതമ്യപ്പെടുത്തിനോക്കാം. സിഡി-യിൽ ഒരു നിഘണ്ടുവിലെ മുഴുവൻ വിവരങ്ങളും സൂക്ഷിക്കാനാകും. കനം കുറഞ്ഞ ഈ പ്ലാസ്റ്റിക്‌ ഡിസ്‌കിൽ ഇത്രയും വിവരങ്ങൾ സൂക്ഷിക്കാം എന്നത്‌ അത്ഭുതകരമാണ്‌. എന്നാൽ ഒരു ലക്ഷം കോടി സിഡി-യിൽ ശേഖരിച്ചുവെക്കാവുന്ന അത്രയും വിവരങ്ങൾ ഒരു ഗ്രാം ഡിഎൻഎ-യിൽ സൂക്ഷിക്കാം! മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഒരു ടീസ്‌പൂൺ ഡിഎൻഎ-യിൽ, ഇപ്പോഴത്തെ ജനസംഖ്യയുടെ 350 ഇരട്ടി ആളുകളെ സൃഷ്ടിക്കാനുള്ള വിവരങ്ങൾ സൂക്ഷിക്കാനാകും!

14. ശാസ്‌ത്രജ്ഞന്മാരുടെ കണ്ടുപിടിത്തങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ യഹോവയെക്കുറിച്ചു നിങ്ങൾക്ക്‌ എന്തു തോന്നുന്നു?

14 മനുഷ്യശരീരം നിർമിക്കാൻ ആവശ്യമായ വിവരങ്ങൾ ഒരു ആലങ്കാരികപുസ്‌തകത്തിൽ എഴുതിവെച്ചിരിക്കുന്നു എന്നു ദാവീദ്‌ രാജാവ്‌ പറഞ്ഞു. യഹോവയെക്കുറിച്ചു പറയവെ അവൻ ഇങ്ങനെ എഴുതി: “ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്‌തകത്തിൽ എഴുതിയിരുന്നു.” (സങ്കീ. 139:16) തന്റെ ശരീരം നിർമിച്ചിരിക്കുന്ന വിധത്തെക്കുറിച്ച്‌ ഓർത്തപ്പോൾ യഹോവയെ സ്‌തുതിക്കാൻ ദാവീദ്‌ പ്രേരിതനായി. ഈ അടുത്ത കാലത്ത്‌ ശാസ്‌ത്രജ്ഞന്മാർ മനുഷ്യശരീരത്തെക്കുറിച്ചു വിസ്‌മയകരമായ വിവരങ്ങൾ കണ്ടെത്തിയിരിക്കുന്നു. അതു നമ്മിൽ ഭയാദരവ്‌ ഉണർത്തുന്നു. സങ്കീർത്തനക്കാരനായ ദാവീദ്‌ യഹോവയെക്കുറിച്ച്‌ എഴുതിയിരിക്കുന്നതിനോടു പൂർണമായി യോജിക്കാൻ ആ വിവരങ്ങൾ നമുക്കു കൂടുതലായ കാരണം നല്‌കുന്നു. അവൻ ഇങ്ങനെ എഴുതി: “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്‌തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.” (സങ്കീ. 139:14) സൃഷ്ടികൾ ജീവനുള്ള ദൈവത്തിന്റെ അസ്‌തിത്വത്തെ ഇത്ര നന്നായി വെളിപ്പെടുത്തിയിട്ടും ആളുകൾക്ക്‌ അതു വിശ്വസിക്കാൻ കഴിയാത്തത്‌ അതിശയംതന്നെ!

ജീവനുള്ള ദൈവത്തെ മഹത്ത്വപ്പെടുത്താൻ മറ്റുള്ളവരെ സഹായിക്കുക

15, 16. (എ) യഹോവയുടെ സൃഷ്ടിവൈദഗ്‌ധ്യത്തിലുള്ള വിലമതിപ്പു വർധിപ്പിക്കാൻ നമ്മുടെ പ്രസിദ്ധീകരണങ്ങൾ എങ്ങനെ സഹായിച്ചിരിക്കുന്നു? (ബി) “ആരുടെ കരവിരുത്‌?” എന്ന ലേഖനപരമ്പരയിൽ നിങ്ങളെ വിശേഷാൽ ആകർഷിച്ചത്‌ ഏതാണ്‌?

15 സൃഷ്ടിക്രിയകൾ ദൈവത്തെക്കുറിച്ചു വെളിപ്പെടുത്തുന്ന കാര്യങ്ങൾ വിലമതിക്കാൻ ഉണരുക! മാസിക പതിറ്റാണ്ടുകളായി ദശലക്ഷങ്ങളെ സഹായിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌, 2006 സെപ്‌റ്റംബർ ലക്കം ഉണരുക!-യുടെ വിഷയം “ഒരു സ്രഷ്ടാവുണ്ടോ?” എന്നതായിരുന്നു. സൃഷ്ടിവാദത്താലും പരിണാമവാദത്താലും അന്ധരാക്കപ്പെട്ടവരുടെ കണ്ണുകൾ തുറക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ആ മുഴുപതിപ്പും. ആ മാസികയെക്കുറിച്ച്‌ ഒരു സഹോദരി ഐക്യനാടുകളിലെ ബ്രാഞ്ചോഫീസിന്‌ ഇപ്രകാരം എഴുതി: “ഈ പ്രത്യേകപതിപ്പ്‌ വിതരണം ചെയ്യാനുള്ള പ്രചാരണപരിപാടി വൻവിജയമായിരുന്നു. ഒരു ജീവശാസ്‌ത്ര അധ്യാപിക തന്റെ വിദ്യാർഥികൾക്കുവേണ്ടി 20 കോപ്പികൾ ആവശ്യപ്പെട്ടു.” മറ്റൊരു സഹോദരൻ എഴുതി: “എനിക്ക്‌ 75 വയസ്സാകാറായി. 1940-കളുടെ അവസാനംമുതൽ ഞാൻ വയൽസേവനത്തിൽ ഏർപ്പെടുന്നു. എന്നാൽ വയൽസേവനം ഇത്രത്തോളം ആസ്വദിച്ച മറ്റൊരു അവസരം ഉണ്ടായിട്ടില്ല. ഉണരുക!-യുടെ ഈ പ്രത്യേകപതിപ്പിന്റെ വിതരണം അത്രയ്‌ക്കു രസമായിരുന്നു!”

16 സമീപകാലത്തായി ഉണരുക!-യുടെ മിക്ക ലക്കങ്ങളിലും “ആരുടെ കരവിരുത്‌?” എന്ന ഒരു ലേഖനം വരാറുണ്ട്‌. സൃഷ്ടികളിലെ വിസ്‌മയാവഹമായ എഞ്ചിനിയറിങ്‌ വൈദഗ്‌ധ്യത്തെയും അവയുടെ രൂപസംവിധായകനെ പകർത്താനുള്ള മനുഷ്യരുടെ ശ്രമങ്ങളെയും ഈ ലേഖനം വിശേഷവത്‌കരിക്കുന്നു. 2010-ൽ പ്രകാശനം ചെയ്‌ത ജീവൻ സൃഷ്ടിക്കപ്പെട്ടതോ? എന്ന ലഘുപത്രിക ദൈവത്തിനു മഹത്ത്വം കൊടുക്കാൻ പ്രേരിപ്പിക്കുന്ന മറ്റൊരു പ്രസിദ്ധീകരണമാണ്‌. യഹോവയുടെ സൃഷ്ടിവൈദഗ്‌ധ്യത്തിലുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കാൻ ഇതിലെ മനോഹരമായ ചിത്രങ്ങൾ സഹായിക്കുന്നു. പരിചിന്തിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുക്തിസഹമായി ചിന്തിക്കാൻ ഓരോ പാഠത്തിന്റെയും അവസാനം കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ വായനക്കാരനെ സഹായിക്കും. വീടുതോറുമുള്ള വേലയിലും പരസ്യസാക്ഷീകരണത്തിലും അനൗപചാരിക സാക്ഷീകരണത്തിലും ഫലകരമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ലഘുപത്രികയാണ്‌ ഇത്‌.

17, 18. (എ) മാതാപിതാക്കളേ, വിശ്വാസത്തെക്കുറിച്ച്‌ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ നിങ്ങളുടെ കുട്ടികളെ എങ്ങനെ സഹായിക്കാം? (ബി) സൃഷ്ടിയെക്കുറിച്ചുള്ള ലഘുപത്രികകൾ കുടുംബാരാധനയിൽ നിങ്ങൾ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു?

17 മാതാപിതാക്കളേ, മനോഹരമായ ചിത്രങ്ങൾ അടങ്ങിയ ഈ ലഘുപത്രിക കുട്ടികളെ സഹായിക്കാനായി കുടുംബാരാധനയിൽ ഉപയോഗിക്കാറുണ്ടോ? അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മുടെ ദൈവമായ യഹോവയോടുള്ള വിലമതിപ്പു വർധിപ്പിക്കാൻ നിങ്ങൾ അവരെ സഹായിക്കുകയായിരിക്കും. ഹൈസ്‌കൂളിൽ പഠിക്കുന്ന കൗമാരപ്രായത്തിലുള്ള കുട്ടികൾ നിങ്ങൾക്കുണ്ടോ? പരിണാമസിദ്ധാന്തം എന്ന തെറ്റായ ആശയം അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമാണ്‌. അതു ദൈവത്തിലുള്ള വിശ്വാസം മങ്ങിപ്പോകാൻ ഇടയാക്കിയേക്കാം. ശാസ്‌ത്രജ്ഞരും അധ്യാപകരും പോലും ഇതിനെ പിന്തുണയ്‌ക്കുന്നു. ഇതിനെല്ലാം പുറമേ, പ്രകൃതിയെക്കുറിച്ചുള്ള ടിവി പരിപാടികൾ, വിനോദലോകം, സിനിമകൾ എന്നിവയെല്ലാം പരിണാമം ഒരു യഥാർഥവസ്‌തുതയാണെന്ന ആശയം ഉന്നമിപ്പിക്കുന്നു. 2010-ൽ പ്രകാശനം ചെയ്‌ത ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്ന ലഘുപത്രിക അത്തരം പ്രചാരണങ്ങളെ നേരിടാൻ യുവജനങ്ങളെ പ്രാപ്‌തരാക്കുന്നു. ജീവൻ സൃഷ്ടിക്കപ്പെട്ടതോ? എന്ന ലഘുപത്രികപോലെതന്നെ ഇതും യുവജനങ്ങളുടെ “വകതിരിവു” വികസിപ്പിക്കാൻ സഹായിക്കുന്നു. (സദൃ. 2:10, 11) സ്‌കൂളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ യുക്തിസഹമാണോ എന്നു ചിന്തിക്കാൻ ഈ ലഘുപത്രിക അവരെ സഹായിക്കും.

മാതാപിതാക്കളേ, വിശ്വാസത്തിനുവേണ്ടി പ്രതിവാദം ചെയ്യാൻ കുട്ടികളെ ഒരുക്കുക (17-ാം ഖണ്ഡിക കാണുക)

18 പരിണാമത്തെ സ്ഥിരീകരിക്കുന്ന ഫോസിലുകളുടെ ‘വിട്ടുപോയ കണ്ണികൾ’ കണ്ടെത്തിയിരിക്കുന്നു എന്നതുപോലുള്ള പത്രറിപ്പോർട്ടുകൾ വരാറുണ്ട്‌. അത്തരം വാർത്തകൾ വിലയിരുത്താൻ വിദ്യാർഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ തയ്യാറാക്കിയതാണ്‌ ജീവന്റെ ഉത്ഭവം ലഘുപത്രിക. താഴ്‌ന്ന ജീവികളിൽനിന്ന്‌ പരിണമിച്ചാണു മനുഷ്യൻ ഉണ്ടായതെന്ന്‌ ഈ റിപ്പോർട്ടുകൾ യഥാർഥത്തിൽ തെളിയിക്കുന്നുണ്ടോ എന്നു സ്വയം പരിശോധിച്ചറിയാൻ ഈ ലഘുപത്രിക അവരെ പ്രോത്സാഹിപ്പിക്കുന്നു. ജീവൻ യാദൃച്ഛികമായി ഉണ്ടായതാണെന്ന്‌ ശാസ്‌ത്രജ്ഞന്മാർ ലബോറട്ടറികളിൽ പരീക്ഷിച്ച്‌ തെളിയിച്ചിട്ടുണ്ട്‌ എന്നതുപോലുള്ള വാദങ്ങൾക്ക്‌ മറുപടി നൽകാൻ ഇത്‌ അവരെ സഹായിക്കുന്നു. മാതാപിതാക്കളേ, നിങ്ങൾ ഈ ലഘുപത്രികകൾ നന്നായി ഉപയോഗിക്കുന്നെങ്കിൽ ഒരു സ്രഷ്ടാവുണ്ടെന്നു വിശ്വസിക്കുന്നതിന്റെ കാരണം കൂടുതൽ ആത്മവിശ്വാസത്തോടെ വിശദീകരിക്കാൻ കുട്ടികൾക്കാകും.—1 പത്രോസ്‌ 3:15 വായിക്കുക.

19. നമുക്കെല്ലാം എന്തിനുള്ള പദവിയുണ്ട്‌?

19 സംഘടന നന്നായി ഗവേഷണം ചെയ്‌ത്‌ തയ്യാറാക്കി നൽകുന്ന പ്രസിദ്ധീകരണങ്ങൾ, സൃഷ്ടികളിൽ പ്രകടമായിരിക്കുന്ന യഹോവയുടെ ഉത്‌കൃഷ്ടഗുണങ്ങൾ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. ഈ ഈടുറ്റ തെളിവുകൾ യഹോവയെ അകമഴിഞ്ഞു സ്‌തുതിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നില്ലേ? (സങ്കീ. 19:1, 2) സകലത്തിന്റെയും സ്രഷ്ടാവായ യഹോവയ്‌ക്ക്‌ അവൻ അർഹിക്കുന്ന ബഹുമാനവും മഹത്ത്വവും നൽകാൻ നമുക്കു ലഭിച്ചിരിക്കുന്ന പദവി എത്ര അനുപമമാണ്‌!—1 തിമൊ. 1:17.

^ സൃഷ്ടിവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ആളുകളുമായി ന്യായവാദം ചെയ്യാൻ ആവശ്യമായ കൂടുതൽ വിവരങ്ങൾക്ക്‌, ജീവൻ സൃഷ്ടിക്കപ്പെട്ടതോ? (ഇംഗ്ലീഷ്‌) എന്ന ലഘുപത്രികയുടെ 24-28 പേജുകൾ കാണുക.