വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരക്കെയുള്ള വിശ്വാസം

പരക്കെയുള്ള വിശ്വാസം

പരക്കെയുള്ള വിശ്വാസം

“എന്റെ പേടിസ്വപ്‌നമായിരുന്നു അഗ്നിനരകത്തിൽ കിടന്നു വെന്തുനീറുന്നത്‌. തീയിലേക്കു വലിച്ചെറിയപ്പെടുന്നതായി കണ്ട്‌ അലറിക്കരഞ്ഞുകൊണ്ട്‌ ഞാൻ ഞെട്ടി ഉണരുക പതിവായിരുന്നു. പാപം ചെയ്യാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ.”—ആർലിൻ.

പാപികളെ ദണ്ഡിപ്പിക്കാനുള്ള സ്ഥലമാണ്‌ നരകം എന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്‌? പലരും അങ്ങനെയാണ്‌ കരുതുന്നത്‌. സ്‌കോട്ട്‌ലൻഡിലെ സെന്റ്‌ ആൻഡ്രൂസ്‌ യൂണിവേഴ്‌സിറ്റിയിലെ ഒരു ദൈവശാസ്‌ത്ര പണ്ഡിതൻ 2005-ൽ നടത്തിയ ഒരു സർവേ ഉദാഹരണമായി എടുക്കുക. ആ സർവേയിൽ പങ്കെടുത്ത വൈദികരിൽ മൂന്നിൽ ഒന്ന്‌ വിശ്വസിക്കുന്നത്‌ ദൈവത്തിൽനിന്ന്‌ അന്യപ്പെട്ടവർ “നരകത്തിൽ നിത്യമായ മാനസിക പീഡ” അനുഭവിക്കുമെന്നാണ്‌, അഞ്ചിലൊന്ന്‌ വിശ്വസിക്കുന്നത്‌ നരകത്തിലുള്ളവർ ശാരീരിക പീഡനം അനുഭവിക്കുമെന്നും.

മിക്ക രാജ്യങ്ങളിലും, അഗ്നിനരകത്തിലുള്ള വിശ്വാസം വ്യാപകമാണ്‌. ഉദാഹരണത്തിന്‌, ഐക്യനാടുകളിൽ 2007-ൽ നടത്തിയ ഒരു അഭിപ്രായവോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 70 ശതമാനത്തോളം അഗ്നിനരകം ഉണ്ടെന്നു വിശ്വസിക്കുന്നു. മതവിശ്വാസികൾ കുറവുള്ള രാജ്യങ്ങളിൽപ്പോലും ആളുകൾ നരകത്തിൽ വിശ്വസിക്കുന്നു. 2004-ൽ നടത്തിയ ഒരു അഭിപ്രായവോട്ടെടുപ്പു കാണിക്കുന്നത്‌ കാനഡയിൽ 42 ശതമാനം ആളുകൾ നരകത്തിൽ വിശ്വസിക്കുന്നു എന്നാണ്‌. ബ്രിട്ടനിൽ 32 ശതമാനം ആളുകൾക്കു നരകം ഉണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

പുരോഹിതന്മാർ പഠിപ്പിക്കുന്നത്‌

പുരോഹിതന്മാരിൽ പലരും നരകം ഒരു അക്ഷരീയ ദണ്ഡനസ്ഥലമാണെന്നു പഠിപ്പിക്കുന്നത്‌ നിറുത്തിയിരിക്കുന്നു. പകരം, 1994-ൽ പ്രസിദ്ധീകരിച്ച കാറ്റിക്കിസം ഓഫ്‌ കാത്തലിക്‌ ചർച്ചിൽ പറഞ്ഞിരിക്കുന്നതിനോടു സമാനമായ ഒരു ആശയമാണ്‌ അവരിപ്പോൾ പഠിപ്പിക്കുന്നത്‌. “നരകത്തിലെ പ്രധാന ശിക്ഷ ദൈവത്തിൽനിന്നുള്ള നിത്യവേർപാടാണ്‌” എന്ന്‌ അതു പറയുന്നു.

എന്നിരുന്നാലും, നരകം മാനസികമോ ശാരീരികമോ ആയ പീഡനത്തിന്റെ സ്ഥലമാണെന്ന വിശ്വാസം ഇപ്പോഴും നിലനിൽക്കുന്നു. ഈ ഉപദേശം ബൈബിളധിഷ്‌ഠിതമാണെന്നാണ്‌ അതിനെ പിന്താങ്ങുന്നവർ അവകാശപ്പെടുന്നത്‌. സതേൺ ബാപ്‌റ്റിസ്റ്റ്‌ ദൈവശാസ്‌ത്ര സെമിനാരിയുടെ പ്രസിഡന്റ്‌ ആൽബർട്ട്‌ മോളർ പറയുന്നു, “അതൊരു തിരുവെഴുത്തു വസ്‌തുതയാണ്‌.”

നിങ്ങൾ എന്തു വിശ്വസിക്കുന്നു എന്നത്‌ പ്രധാനമാണോ?

നരകം വാസ്‌തവത്തിൽ ഒരു ദണ്ഡനസ്ഥലമാണെങ്കിൽ നിങ്ങൾ അതിനെ ഭയപ്പെടണം. എന്നാൽ ഈ ഉപദേശം സത്യമല്ലെങ്കിൽ അത്‌ പഠിപ്പിക്കുന്ന മതനേതാക്കന്മാർ ആളുകളിൽ ആശയക്കുഴപ്പവും അനാവശ്യ ഭയാശങ്കയും സൃഷ്ടിക്കുകയാണ്‌. അവർ ദൈവത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു.

ദൈവവചനമായ ബൈബിൾ ഈ വിഷയത്തെക്കുറിച്ച്‌ എന്താണ്‌ പറയുന്നത്‌? പിൻവരുന്ന ലേഖനങ്ങൾ ഈ മൂന്നു ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകും: (1) മരിക്കുമ്പോൾ ഒരു വ്യക്തിക്ക്‌ യഥാർഥത്തിൽ എന്താണു സംഭവിക്കുന്നത്‌? (2) നരകത്തെക്കുറിച്ച്‌ യേശു എന്താണു പഠിപ്പിച്ചത്‌? (3) നരകത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്‌?