വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

തച്ചനായിരുന്ന യേശു ഏതെല്ലാം ജോലികൾ ചെയ്‌തിരിക്കാം?

യേശുവിന്റെ വളർത്തുപിതാവ്‌ ഒരു മരപ്പണിക്കാരനായിരുന്നു. യേശുവും ആ തൊഴിൽ അഭ്യസിച്ചിരുന്നു. ഏകദേശം 30-ാം വയസ്സിൽ ശുശ്രൂഷ ആരംഭിക്കുമ്പോൾ അവൻ, ‘തച്ചന്റെ മകനായി’ മാത്രമല്ല, സ്വയം ഒരു തച്ചനായും അറിയപ്പെട്ടിരുന്നു.—ലൂക്കോസ്‌ 3:23; മത്തായി 13:55; മർക്കോസ്‌ 6:3.

യേശു പാർത്തിരുന്ന പട്ടണത്തിൽ കലപ്പ, നുകം തുടങ്ങിയ കാർഷികോപകരണങ്ങൾക്ക്‌ ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. മിക്കവാറും തടികൊണ്ടായിരുന്നു ഈ ഉപകരണങ്ങൾ ഉണ്ടാക്കിയിരുന്നത്‌. മേശ, കസേര, പീഠങ്ങൾ, അലമാരകൾ തുടങ്ങിയ ഗൃഹോപകരണങ്ങളും കതക്‌, ജന്നൽ, താഴ്‌, കഴുക്കോൽ എന്നിങ്ങനെയുള്ള സാധനങ്ങളും മരപ്പണിക്കാർ ഉണ്ടാക്കിയിരുന്നു. ഈ ഉരുപ്പടികൾ വീടുകളിൽ കൊണ്ടുപോയി സ്ഥാപിക്കുന്നതും മരപ്പണിക്കാരന്റെ ജോലിയുടെ ഭാഗമായിരുന്നു.

ഒരു ദൃഷ്ടാന്തത്തിൽ കോടാലിയെക്കുറിച്ച്‌ യോഹന്നാൻ സ്‌നാപകൻ പരാമർശിക്കുന്നുണ്ട്‌. (മത്തായി 3:10) യേശുവിനെപ്പോലെയുള്ള മരപ്പണിക്കാർ മരം വെട്ടാൻ കോടാലിയായിരുന്നിരിക്കണം ഉപയോഗിച്ചിരുന്നത്‌. മരം വെട്ടിയിട്ടശേഷം ചിലപ്പോൾ അവിടെവെച്ചുതന്നെ അവർ അവ ചെത്തിയൊരുക്കി തടിക്കഷണങ്ങളാക്കും, അല്ലെങ്കിൽ മരം പണിസ്ഥലത്തേക്കു കൊണ്ടുപോകും. കായികാധ്വാനം ഏറെ ആവശ്യമുള്ള ജോലിയായിരുന്നു ഇത്‌. തന്റെ നാളിൽ മരപ്പണിക്കാർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെക്കുറിച്ച്‌ യെശയ്യാവും പറയുന്നുണ്ട്‌: “ആശാരി തോതുപിടിച്ചു ഈയക്കോൽകൊണ്ടു അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരെക്കയും ചെയ്യുന്നു.” (യെശയ്യാവു 44:13) ലോഹംകൊണ്ടുള്ള ഈർച്ചവാളും കൽച്ചുറ്റികകളും പിച്ചളകൊണ്ടുള്ള ആണികളും ബൈബിൾകാലങ്ങളിൽ ഉപയോഗിച്ചിരുന്നുവെന്ന്‌ പുരാവസ്‌തുഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്‌. (പുറപ്പാടു 21:6; യെശയ്യാവു 10:15; യിരെമ്യാവു 10:4) യേശുവും ഇത്തരം പണിയായുധങ്ങൾ ഉപയോഗിച്ചിരിക്കാമെന്ന്‌ നമുക്ക്‌ ന്യായമായും അനുമാനിക്കാം.