വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ന്യായത്തോടെ വിധിക്കുന്ന ന്യായാധിപൻ

ന്യായത്തോടെ വിധിക്കുന്ന ന്യായാധിപൻ

ദൈവത്തോട്‌ അടുത്തുചെല്ലുക

ന്യായത്തോടെ വിധിക്കുന്ന ന്യായാധിപൻ

സംഖ്യാപുസ്‌തകം 20:2-13

മാനുഷ ന്യായാധിപന്മാർ കൽപ്പിക്കുന്ന ന്യായത്തീർപ്പുകൾ എപ്പോഴും നീതിയുക്തമായിരിക്കണമെന്നില്ല. ചിലപ്പോൾ യാതൊരു ദാക്ഷിണ്യവുമില്ലാതെയായിരിക്കാം അവർ ഒരാളെ ന്യായംവിധിക്കുന്നത്‌. എന്നാൽ “ന്യായപ്രിയ”നായ യഹോവയാം ദൈവം അങ്ങനെയല്ല. (സങ്കീർത്തനം 37:28) അവൻ ധാരാളമായി ക്ഷമിക്കുന്നവനാണ്‌. എന്നാൽ അതേസമയം അവൻ തെറ്റിനുനേരെ കണ്ണടയ്‌ക്കുകയുമില്ല. അവൻ എപ്പോഴും നീതി നടപ്പാക്കുന്നു. അതിനുള്ള ഒരു ഉദാഹരണമെന്നനിലയിൽ സംഖ്യാപുസ്‌തകം 20-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന ഒരു സംഭവം നമുക്കിപ്പോൾ നോക്കാം.

മരുപ്രയാണത്തിന്റെ അവസാനത്തോടടുത്ത്‌ ഇസ്രായേല്യർക്ക്‌ കുടിക്കാൻ വെള്ളമില്ലാതെ വന്നു. * അവർ മോശയോടും അഹരോനോടും കലഹിച്ചു. “ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിന്നു നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നത്‌ എന്ത്‌?” എന്ന്‌ ജനം അവരോടു ചോദിച്ചു. (4-ാം വാക്യം) ‘അത്തിയും മുന്തിരിയും മാതളവു’മൊന്നുമില്ലാത്ത (വർഷങ്ങൾക്കുമുമ്പ്‌ വാഗ്‌ദത്ത ദേശത്തുനിന്ന്‌ ഇസ്രായേല്യ ചാരന്മാർ കൊണ്ടുവന്ന പഴങ്ങൾ), കുടിവെള്ളംപോലുമില്ലാത്ത ഒരു ‘വല്ലാത്ത സ്ഥലമാണ്‌’ അതെന്ന്‌ അവർ പരാതിപ്പെട്ടു. (5-ാം വാക്യം; സംഖ്യാപുസ്‌തകം 13:23) ഫലത്തിൽ, ഫലഭൂയിഷ്‌ഠമായ വാഗ്‌ദത്ത ദേശത്തേക്കു കൊണ്ടുപോകാമെന്നു മോഹിപ്പിച്ചിട്ട്‌ തങ്ങളെ ഒരു മരുഭൂമിയിൽ കൊണ്ടുവന്ന്‌ കഷ്ടപ്പെടുത്തുകയാണെന്നു പറഞ്ഞ്‌ മോശയെയും അഹരോനെയും അവർ കുറ്റപ്പെടുത്തുകയായിരുന്നു.

ദൈവം ആ പരാതി കേൾക്കുകതന്നെ ചെയ്‌തു. അവൻ മോശയോട്‌ മൂന്നുകാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടു. മോശ ആദ്യം തന്റെ വടിയെടുക്കണം. എന്നിട്ട്‌ ജനത്തെ കൂട്ടിവരുത്തണം. പിന്നീട്‌ അവരുടെ കണ്മുമ്പിൽവെച്ച്‌ വെള്ളം തരാൻ പാറയോടു കൽപ്പിക്കണം. (8-ാം വാക്യം) ആദ്യത്തെ രണ്ടുനിർദേശങ്ങളും മോശ അനുസരിച്ചു. പക്ഷേ മൂന്നാമത്തേത്‌ അവൻ അനുസരിച്ചില്ല. വിശ്വാസത്തോടെ പാറയോട്‌ സംസാരിക്കുന്നതിനുപകരം അവൻ ജനത്തോടു സംസാരിച്ചു. കുപിതനായി അവൻ ചോദിച്ചു: “മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ?” (10-ാം വാക്യം; സങ്കീർത്തനം 106:32, 33) എന്നിട്ട്‌ മോശ രണ്ടുപ്രാവശ്യം പാറയിൽ അടിച്ചു. പാറയിൽനിന്ന്‌ “വളരെ വെള്ളം പുറപ്പെട്ടു.”—11-ാം വാക്യം.

അങ്ങനെ മോശയും അഹരോനും ഗുരുതരമായ ഒരു തെറ്റു ചെയ്‌തു. ‘നിങ്ങൾ എന്റെ കൽപ്പന മറുത്തിരിക്കുന്നു’ എന്ന്‌ ദൈവം അവരോടു പറഞ്ഞു. (സംഖ്യാപുസ്‌തകം 20:24) ദൈവത്തിന്റെ നിർദേശം ധിക്കരിച്ചുകൊണ്ട്‌ മോശയും അഹരോനും ദൈവത്തിനെതിരെ മത്സരിച്ചു. അതെ, തങ്ങൾ കുറ്റംവിധിച്ച ജനത്തെപ്പോലെ അവരും മത്സരികളായി. ദൈവം എന്തു ശിക്ഷയാണ്‌ അവർക്കു വിധിച്ചത്‌? മോശയും അഹരോനും വാഗ്‌ദത്ത ദേശത്തേക്ക്‌ ജനത്തെ നയിക്കുകയില്ല എന്ന്‌ ദൈവം അവരോട്‌ അരുളിച്ചെയ്‌തു. ഈ ന്യായവിധി കടുത്തതായിപ്പോയോ? ഒരിക്കലുമില്ല. അതിന്‌ പല കാരണങ്ങളുമുണ്ട്‌.

ഒന്നാമതായി, ജനത്തോടു സംസാരിക്കാൻ ദൈവം മോശയോടു നിർദേശിച്ചിരുന്നില്ല; അവരെ മത്സരികളെന്നു വിധിക്കാനും ദൈവം ആവശ്യപ്പെട്ടിരുന്നില്ല. രണ്ടാമതായി, മോശയും അഹരോനും ദൈവത്തെ മഹത്ത്വപ്പെടുത്തിയില്ല. ‘നിങ്ങൾ എന്നെ ശുദ്ധീകരിച്ചില്ല’ എന്ന്‌ ദൈവം അവരോടു പറഞ്ഞു. (12-ാം വാക്യം) “ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ” എന്നു ചോദിക്കുകവഴി പാറയിൽനിന്ന്‌ വെള്ളം പുറപ്പെടുവിക്കാൻ പോകുന്നത്‌ തങ്ങളാണെന്ന്‌ മോശ ധ്വനിപ്പിച്ചു. മൂന്നാമതായി, മുമ്പ്‌ ദൈവം ഉച്ചരിച്ച ന്യായവിധികളുടെ അതേ മാതൃകയിലുള്ളതായിരുന്നു ഈ ന്യായത്തീർപ്പും. തന്നോടു മത്സരിച്ച തലമുറയെ കനാനിൽ പ്രവേശിക്കാൻ ദൈവം അനുവദിച്ചിരുന്നില്ല. ഇപ്പോൾ മോശയ്‌ക്കും അഹരോനും അതേ ശിക്ഷതന്നെ ദൈവം വിധിക്കുന്നു. (സംഖ്യാപുസ്‌തകം 14:22, 23) നാലാമതായി, ഇസ്രായേല്യരെ നയിച്ചിരുന്നവരായിരുന്നു മോശയും അഹരോനും. കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകപ്പെടുന്നവരിൽനിന്ന്‌ ദൈവം കൂടുതൽ ആവശ്യപ്പെടും.—ലൂക്കോസ്‌ 12:48.

യഹോവ എപ്പോഴും ശരിയായതിനുവേണ്ടി ഉറച്ച നിലപാടു സ്വീകരിക്കുന്നു. ന്യായപ്രിയനായതുകൊണ്ട്‌ അന്യായമായ വിധി അവൻ ഉച്ചരിക്കില്ല. അങ്ങനെയൊരു ന്യായാധിപൻ നമ്മുടെ വിശ്വാസവും ആദരവും അർഹിക്കുന്നില്ലേ?

[അടിക്കുറിപ്പ്‌]

^ ഖ. 5 ഈജിപ്‌റ്റിൽനിന്നു പുറപ്പെട്ടുപോന്ന ഇസ്രായേല്യർ കനാനിൽ, അതായത്‌ ദൈവം അബ്രാഹാമിനോടു വാഗ്‌ദാനം ചെയ്‌ത ദേശത്ത്‌, പ്രവേശിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു. എന്നാൽ ദേശം ഉറ്റുനോക്കാൻ പോയ പത്തു ചാരന്മാർ ആ പ്രദേശത്തെക്കുറിച്ച്‌ ഭയപ്പെടുത്തുന്ന വിവരങ്ങളുമായി എത്തിയപ്പോൾ ജനം മോശയ്‌ക്കെതിരെ പിറുപിറുക്കാൻതുടങ്ങി. അതുകൊണ്ട്‌ 40 വർഷം അവർ മരുഭൂമിയിൽ അലയേണ്ടിവരുമെന്ന്‌ ദൈവം ശിക്ഷവിധിച്ചു. അത്രയും സമയംകൊണ്ട്‌, മത്സരികളുടെതായ ആ തലമുറ നീങ്ങിപ്പോകുമായിരുന്നു.