രോഗിയായ സുഹൃത്തിനോട് എങ്ങനെ ഇടപെടണം?
രോഗിയായ സുഹൃത്തിനോട് എങ്ങനെ ഇടപെടണം?
രോഗിയായ സുഹൃത്തിനെ കാണാൻ ചെന്നിട്ട് എന്തു പറയണം എന്നറിയാതെ നിങ്ങൾ വിഷമിച്ചുനിന്നിട്ടുണ്ടോ? ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെ പെരുമാറണം എന്നറിയാൻ സഹായിക്കുന്ന ചില നിർദേശങ്ങൾ ഈ ലേഖനത്തിലുണ്ട്. എന്തു ചെയ്യണം, ചെയ്യരുത് എന്നതു സംബന്ധിച്ച് നിയതമായ നിയമങ്ങൾ ഇല്ല. കാരണം, ഓരോ നാട്ടിലെയും സംസ്കാരവും ആളുകളുടെ വ്യക്തിത്വവും അനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ടുതന്നെ ഒരാൾക്ക് ആശ്വാസം പകരുന്ന സംഗതി മറ്റൊരാൾക്ക് ആശ്വാസമാകണമെന്നില്ല. മാത്രമല്ല, ആളുകളുടെ ഓരോ ദിവസത്തെ മാനസികാവസ്ഥയും വ്യത്യാസപ്പെട്ടിരിക്കും.
അതുകൊണ്ട് നിങ്ങൾ ചെയ്യേണ്ടത് ഇതാണ്: ആ വ്യക്തിയുടെ സ്ഥാനത്ത് നിങ്ങളെത്തന്നെ സങ്കൽപ്പിക്കുക; നിങ്ങളിൽനിന്ന് ആ വ്യക്തി പ്രതീക്ഷിക്കുന്നത് എന്തായിരിക്കുമെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. അത് എങ്ങനെ ചെയ്യാം? ബൈബിൾ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള ചില നിർദേശങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
നല്ല ശ്രോതാവായിരിക്കുക
ബൈബിൾ തത്ത്വങ്ങൾ:
“ഏതു മനുഷ്യനും കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും കാണിക്കട്ടെ.”—യാക്കോബ് 1:19.
“എല്ലാറ്റിന്നും ഒരു സമയമുണ്ട് . . . മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം.”—സഭാപ്രസംഗി 3:1, 7.
◼ രോഗിയായ സുഹൃത്തിനെ സന്ദർശിക്കുമ്പോൾ അദ്ദേഹം പറയുന്നത് സഹാനുഭൂതിയോടെ ശ്രദ്ധിച്ചു കേൾക്കുക. എടുത്തുചാടി ഒരു ഉപദേശം കൊടുക്കേണ്ടതില്ല. അതുപോലെ എല്ലാറ്റിനും പരിഹാരം നിർദേശിക്കണമെന്നുമില്ല. കാര്യങ്ങൾ പറയാനുള്ള വ്യഗ്രതയിൽ അദ്ദേഹത്തെ വേദനിപ്പിക്കുന്ന എന്തെങ്കിലും നിങ്ങളുടെ വായിൽനിന്നു വീണുപോയെന്നുവരാം. ഒന്നോർക്കുക: രോഗിയായ വ്യക്തി കുറെ ഉത്തരങ്ങളല്ല പ്രതീക്ഷിക്കുന്നത്, മറിച്ച് തനിക്കു പറയാനുള്ളത് ക്ഷമയോടെ കേട്ടിരിക്കുന്ന, തന്നെ മനസ്സിലാക്കുന്ന ഒരു സുഹൃത്തിനെയാണ്.
അദ്ദേഹത്തിനു പറയാനുള്ളതെല്ലാം അദ്ദേഹം പറയട്ടെ. ഇടയ്ക്കു കയറി സംസാരിക്കരുത്. കൂടാതെ, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ആളുകൾ പറയാറുള്ള സ്ഥിരം പല്ലവികൾ ഒഴിവാക്കുക. രോഗിയുടെ അവസ്ഥയെ നിസ്സാരീകരിക്കാതിരിക്കാനും ശ്രദ്ധിക്കണം. a പറയുന്നു. “ചിലപ്പോൾ എനിക്ക് വല്ലാത്ത നിരാശ തോന്നും. അപ്പോൾ എന്നെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിൽ ചില സുഹൃത്തുക്കൾ പറയും: ‘നിനക്കു മാത്രമല്ല പ്രശ്നങ്ങളുള്ളത്. ചിലരുടെ കാര്യം ഇതിനെക്കാൾ കഷ്ടമാണ്.’ എന്റെ അവസ്ഥ നിസ്സാരീകരിച്ചുകാണിക്കുന്നത് എനിക്കൊരു സഹായവും ചെയ്യുന്നില്ലെന്ന് അവരുണ്ടോ അറിയുന്നു. വാസ്തവത്തിൽ, അതെന്നെ കൂടുതൽ നിരാശപ്പെടുത്തുകയാണു ചെയ്യുന്നത്,” അദ്ദേഹം തുടരുന്നു.
“ഫംഗൽ മെനിഞ്ചൈറ്റിസ് ബാധിച്ച് എനിക്ക് കാഴ്ച നഷ്ടപ്പെട്ടു,” ജോൺവിമർശിക്കപ്പെടുമെന്ന ഭയമില്ലാതെ ഉള്ളിലെ വികാരങ്ങൾ തുറന്നുപ്രകടിപ്പിക്കാൻ സുഹൃത്തിനെ അനുവദിക്കുക. അദ്ദേഹം തന്റെ ഭയാശങ്കകളെക്കുറിച്ചു പറയുമ്പോൾ, ആ ഭയത്തെ നിസ്സാരീകരിച്ചു സംസാരിക്കാതെ അദ്ദേഹത്തിന്റെ വികാരങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കണം. “ചിലപ്പോഴൊക്കെ എന്റെ രോഗത്തെക്കുറിച്ച് ഓർത്ത് എനിക്ക് പേടിതോന്നും, ഞാൻ കരയും. അതുപക്ഷേ, ദൈവത്തിൽ വിശ്വാസമില്ലാത്തതുകൊണ്ടല്ല,” കാൻസർ രോഗിയായ അലീന പറയുന്നു. സുഹൃത്ത് നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പെരുമാറണമെന്നു വിചാരിക്കരുത്. ഈ അവസ്ഥയിൽ, നിങ്ങൾ പറയുന്ന ചെറിയ കാര്യങ്ങൾപോലും അദ്ദേഹത്തെ വേദനിപ്പിച്ചേക്കാം എന്ന വസ്തുത മനസ്സിലാക്കിവേണം പെരുമാറാൻ. ക്ഷമയോടെ ആ വ്യക്തിക്കു പറയാനുള്ളതെല്ലാം കേട്ടിരിക്കുക, ചിലപ്പോൾ അദ്ദേഹം പറഞ്ഞതുതന്നെ വീണ്ടുംവീണ്ടും പറഞ്ഞെന്നുവരാം. (1 രാജാക്കന്മാർ 19:9, 10, 13, 14) തന്റെ സങ്കടങ്ങളും സംഘർഷങ്ങളും നിങ്ങൾ അറിയണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകാം.
സമാനുഭാവവും പരിഗണനയും കാണിക്കുക
ബൈബിൾ തത്ത്വങ്ങൾ:
“ആനന്ദിക്കുന്നവരോടൊപ്പം ആനന്ദിക്കുകയും കരയുന്നവരോടൊപ്പം കരയുകയും ചെയ്യുവിൻ.”—റോമർ 12:15.
“മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ.”—മത്തായി 7:12.
◼ തുടക്കത്തിൽ പറഞ്ഞതുപോലെ നിങ്ങളെ ആ വ്യക്തിയുടെ സ്ഥാനത്ത് സങ്കൽപ്പിക്കുക. അദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയായിരിക്കാം, അല്ലെങ്കിൽ ചികിത്സയിലായിരിക്കാം. അതുമല്ലെങ്കിൽ പരിശോധനയുടെ റിസൽട്ട് കാത്തിരിക്കുകയാകാം. ഈ സാഹചര്യങ്ങളിൽ ഒരു രോഗി കടുത്ത സംഘർഷത്തിലായിരിക്കും. നിസ്സാര കാര്യങ്ങൾപോലും അദ്ദേഹത്തെ അസ്വസ്ഥനാക്കിയേക്കാം. അത് അറിഞ്ഞു പെരുമാറുക. നിങ്ങൾക്ക് പല കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കണമെന്നുണ്ടാകും. എന്നാൽ അതിനുള്ള സമയമല്ല ഇത്.
“രോഗത്തെക്കുറിച്ചു സംസാരിക്കണമെന്നു തോന്നുമ്പോൾ രോഗി സംസാരിച്ചുകൊള്ളും,” സൈക്കോളജിസ്റ്റായ അന്നാ കറ്റാലിഫൊസ് പറയുന്നു. “അവർ സംസാരിക്കാനുള്ള മൂഡിലാണെങ്കിൽ അവർക്കു താത്പര്യമുള്ള എന്തെങ്കിലും കാര്യത്തെക്കുറിച്ച് നിങ്ങൾക്കു സംസാരിക്കാം. എന്നാൽ അവർ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നിർബന്ധിക്കരുത്. വെറുതെ അവരുടെ അടുത്തൊന്ന് ഇരുന്നാൽ മതിയാകും. സ്നേഹത്തോടെ കൈയിലൊന്നു പിടിക്കുന്നത്, അല്ലെങ്കിൽ കരയുമ്പോൾ ഒന്നു ചേർത്തു പിടിക്കുന്നത് ഒക്കെ അവർ എത്ര വിലമതിക്കുമെന്നോ.”
സുഹൃത്തിന്റെ സ്വകാര്യതയെ മാനിക്കുക. രണ്ടുപ്രാവശ്യം കാൻസറിനെ അതിജീവിച്ച എഴുത്തുകാരിയായ റോസൻ കേലിക് എഴുതി: “രോഗി നിങ്ങളോടു പറയുന്ന കാര്യങ്ങൾ കൊട്ടിഘോഷിക്കാതിരിക്കാൻ ശ്രദ്ധിക്കുക. രോഗി ആവശ്യപ്പെട്ടാൽ മാത്രമേ വിവരങ്ങൾ മറ്റുള്ളവരോടു പറയാവൂ.” മുമ്പ് ഒരു കാൻസർ രോഗിയായിരുന്ന എഡ്സൺ പറയുന്നു: “എനിക്ക് കാൻസറാണെന്നും ഞാൻ അധികകാലം ജീവിച്ചിരിക്കില്ലെന്നും ഒരു സുഹൃത്ത് പറഞ്ഞുപരത്തി. ഓപ്പറേഷൻ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. കാൻസറാണെന്ന കാര്യം എനിക്കറിയാമായിരുന്നു. ബയോപ്സിയുടെ റിസൽട്ട് കാത്തിരിക്കുകയായിരുന്നു ഞാൻ. റിസൽട്ട് വന്നപ്പോൾ രോഗം മറ്റു ഭാഗങ്ങളിലേക്കു പടർന്നിട്ടില്ലെന്നു മനസ്സിലായി. പക്ഷേ അപ്പോഴേക്കും രോഗവിവരം എല്ലാവരും അറിഞ്ഞുകഴിഞ്ഞിരുന്നു. ആളുകളുടെ ചോദ്യങ്ങളും അഭിപ്രായങ്ങളും കേട്ട് എന്റെ ഭാര്യ ആകെ തകർന്നുപോയി.”
ഏതു ചികിത്സ തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് നിങ്ങളുടെ സുഹൃത്ത് ആലോചിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ നിങ്ങൾ ചാടിക്കയറി ഒരു അഭിപ്രായം പറയേണ്ടതില്ല. കാൻസറിനെ അതിജീവിച്ച, ലൊറീ ഹോപ്പ് എന്ന എഴുത്തുകാരി പറയുന്നു: “കാൻസർ രോഗിക്കോ കാൻസറിനെ അതിജീവിച്ച ഒരാൾക്കോ എന്തെങ്കിലും ലേഖനങ്ങളോ മറ്റോ അയച്ചുകൊടുക്കുന്നതിനുമുമ്പ് അവർ അത് ആഗ്രഹിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ നിങ്ങൾ സദുദ്ദേശ്യത്തോടെ ചെയ്യുന്ന ആ കാര്യം ആ വ്യക്തിയുടെ മനസ്സിടിച്ചുകളഞ്ഞേക്കാം. നിങ്ങൾ അതൊട്ട് അറിയുകയുമില്ല.” ചികിത്സകളെക്കുറിച്ച് ഒരുപാട് വിവരങ്ങൾ അറിയാൻ എല്ലാവരും താത്പര്യപ്പെട്ടെന്നുവരില്ല.
സുഹൃത്ത് നിങ്ങളുടെ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ടെങ്കിൽത്തന്നെ കുറെയധികം സമയം നിങ്ങളോടൊപ്പം ചെലവഴിക്കാനുള്ള അവസ്ഥയിലായിരിക്കില്ല. ക്ഷീണം കാരണം സംസാരിക്കാനോ നിങ്ങൾ പറയുന്നത് ശ്രദ്ധിക്കാനോ അദ്ദേഹത്തിന് കഴിയില്ലായിരിക്കാം. അതുകൊണ്ട് രോഗിയോട് എത്ര അടുപ്പമുണ്ടെങ്കിലും ഒരുപാട് സമയം അദ്ദേഹത്തോടൊപ്പം ഇരുന്ന് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതേസമയം നിങ്ങൾ വളരെ തിരക്കിലാണെന്ന തോന്നൽ ഉണ്ടാക്കുകയുമരുത്.
സുഹൃത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് എത്രമാത്രം താത്പര്യമുണ്ടെന്ന് അദ്ദേഹം അറിയട്ടെ.രോഗിയോടു പരിഗണന കാണിക്കുന്നതിൽ സാഹചര്യം മനസ്സിലാക്കി പെരുമാറുന്നത് ഉൾപ്പെടുന്നു. ഉദാഹരണത്തിന്, അദ്ദേഹത്തിനുവേണ്ടി ഭക്ഷണം ഉണ്ടാക്കുന്നതിനുമുമ്പ് എന്തൊക്കെ കഴിക്കാം എന്നു ചോദിച്ചു മനസ്സിലാക്കുന്നത് നന്നായിരിക്കും. അതുപോലെ നിങ്ങൾക്ക് ജലദോഷമോ മറ്റോ ഉണ്ടെങ്കിൽ അതു മാറുന്നതുവരെ സുഹൃത്തിന്റെ അടുത്ത് പോകാതിരിക്കുന്നതാണ് നല്ലത്.
മനോബലം പകരുക
ബൈബിൾ തത്ത്വങ്ങൾ:
“ജ്ഞാനികളുടെ നാവോ സുഖപ്രദം.”—സദൃശവാക്യങ്ങൾ 12:18.
“നിങ്ങളുടെ സംസാരം ഉപ്പിനാൽ രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കട്ടെ.”—കൊലോസ്യർ 4:6.
◼ സുഹൃത്തിനെക്കുറിച്ച് ഒരു ക്രിയാത്മക വീക്ഷണം ഉണ്ടായിരുന്നാൽ നിങ്ങളുടെ വാക്കിലും പ്രവൃത്തിയിലും അതു പ്രതിഫലിക്കും. രോഗിയാണെങ്കിലും നിങ്ങളുടെ സുഹൃത്ത് ഇപ്പോഴും ആ പഴയ ആൾതന്നെയാണ്. നിങ്ങളെ അദ്ദേഹത്തിലേക്ക് അടുപ്പിച്ച ആ ഗുണങ്ങൾ ഇപ്പോഴും അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് രോഗം നിങ്ങളുടെ സുഹൃദ്ബന്ധത്തെ ഒരുപ്രകാരത്തിലും ബാധിക്കാൻ ഇടവരരുത്. സുഹൃത്തിനോട് പരിതാപകരമായ അവസ്ഥയിലുള്ള ഒരാളോട് എന്നപോലെ പെരുമാറിയാൽ അദ്ദേഹവും സ്വയം അങ്ങനെ വീക്ഷിക്കാൻ തുടങ്ങും. അപൂർവമായി കണ്ടുവരുന്ന ഒരുതരം അസ്ഥിരോഗം ബാധിച്ച റോബർട്ടിന്റെ അഭ്യർഥന ഇതാണ്: “എന്നെ ഒരു രോഗിയായി കാണാതിരിക്കൂ. എനിക്കു വൈകല്യമുണ്ടെന്നതു ശരിയാണ്. പക്ഷേ നിങ്ങളെപ്പോലെ സ്വന്തം അഭിപ്രായങ്ങളും ആഗ്രഹങ്ങളും ഉള്ളയാളാണു ഞാനും. സഹതാപത്തോടെയുള്ള നോട്ടം എനിക്കു സഹിക്കാനാവില്ല. എന്റെ ബുദ്ധിക്ക് ഒരു കുഴപ്പവും വന്നിട്ടില്ല, അതുകൊണ്ട് ബുദ്ധിയില്ലാത്ത ഒരാളോട് എന്നപോലെ എന്നോടു സംസാരിക്കരുത്.”
നിങ്ങൾ എന്തു പറയുന്നു എന്നു മാത്രമല്ല എങ്ങനെ പറയുന്നു എന്നതും ശ്രദ്ധിക്കണം. ഏണസ്റ്റോയ്ക്കുണ്ടായ അനുഭവം അതാണ് കാണിക്കുന്നത്. അദ്ദേഹത്തിനു കാൻസറാണെന്ന് അറിഞ്ഞ ഒരു സുഹൃത്ത് വിദേശത്തുനിന്ന് അദ്ദേഹത്തെ ഫോണിൽ വിളിച്ചു: “നിനക്ക് കാൻസറോ? എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല!” “അദ്ദേഹം അതു പറഞ്ഞ ആ രീതി എന്നെ ശരിക്കും ഉലച്ചുകളഞ്ഞു,” ഏണസ്റ്റോ പറയുന്നു.
എഴുത്തുകാരിയായ ലൊറീ ഹോപ്പ് മറ്റൊരു കാര്യം വെളിപ്പെടുത്തുന്നു: “‘ഇപ്പോൾ എങ്ങനെയുണ്ട്?’ എന്ന ചോദ്യംപോലും പല കാര്യങ്ങൾ ധ്വനിപ്പിച്ചേക്കാം. ചോദിക്കുന്ന രീതി, ചോദ്യകർത്താവിന്റെ ശരീരഭാഷ, രോഗിയുമായി അയാൾക്കുള്ള അടുപ്പം, ചോദിക്കുന്ന സമയം ഇതിനെല്ലാം പ്രസക്തിയുണ്ട്. ആശ്വസിപ്പിക്കാനോ വേദനിപ്പിക്കാനോ ഉറങ്ങിക്കിടക്കുന്ന ഭയത്തെ ഉണർത്താനോ ഒക്കെ അതിനു കഴിയും.”
നിങ്ങളുടെ സുഹൃത്തിന് നിങ്ങളുടെ സ്നേഹവും പരിചരണവും ഒക്കെ വേണ്ട സമയമാണിത്. നിങ്ങൾ അവരെ മനസ്സിലാക്കണമെന്നും മാനിക്കണമെന്നും അവർ ആഗ്രഹിക്കുന്നുണ്ടാകും. അതുകൊണ്ട് നിങ്ങൾക്ക് ആ വ്യക്തി വളരെ പ്രിയപ്പെട്ടവനാണെന്നും ഏത് ആവശ്യങ്ങൾക്കും നിങ്ങൾ കൂടെ ഉണ്ടാകുമെന്നും ഉറപ്പു നൽകുക. ബ്രെയിൻ ട്യൂമർ ബാധിച്ച റോസ്മേരി പറയുന്നു: “എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും ഏതു പ്രതിസന്ധിയിലും കൂടെയുണ്ടാകുമെന്നും എന്റെ കൂട്ടുകാർ പറഞ്ഞുകേട്ടപ്പോൾ വലിയ ആശ്വാസം തോന്നി.”—സദൃശവാക്യങ്ങൾ 15:23; 25:11.
സഹായമനസ്കരായിരിക്കുക
ബൈബിൾ തത്ത്വം:
“കുഞ്ഞുങ്ങളേ, വാക്കിനാലും നാവിനാലുമല്ല, പ്രവൃത്തിയിലും സത്യത്തിലുംതന്നെ നമുക്ക് അന്യോന്യം സ്നേഹിക്കാം.”—1 യോഹന്നാൻ 3:18.
◼ ചികിത്സ തുടങ്ങിക്കഴിയുമ്പോൾ നിങ്ങളുടെ സുഹൃത്തിന് പല സഹായങ്ങളും വേണ്ടിവരും. “എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മടിക്കരുത്” എന്നു വെറുതെ പറയുന്നതിനുപകരം, എന്തെല്ലാം സഹായം ചെയ്തുകൊടുക്കാൻ കഴിയുമെന്ന് വ്യക്തമാക്കുക. ഭക്ഷണം തയ്യാറാക്കുക, വീടു വൃത്തിയാക്കുക, തുണിയലക്കിക്കൊടുക്കുക, ഇസ്തിരിയിടുക, സാധനങ്ങൾ വാങ്ങിക്കൊടുക്കുക, ആശുപത്രിയിൽ പോകുമ്പോൾ കൂടെപ്പോകുക തുടങ്ങിയവ നിങ്ങൾക്ക് ചെയ്തുകൊടുക്കാൻ കഴിയുന്ന ഏതാനും പ്രായോഗിക കാര്യങ്ങളാണ്. പറഞ്ഞ സമയത്തുതന്നെ എത്താനും ഏറ്റ കാര്യങ്ങൾ കൃത്യമായി ചെയ്യാനും ശ്രദ്ധിക്കണം.—മത്തായി 5:37.
“ആരോഗ്യം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഒരു രോഗിക്ക് നാം ചെയ്തുകൊടുക്കുന്ന ചെറുതും വലുതുമായ സഹായങ്ങൾ വളരെ പ്രയോജനപ്പെടും” എന്ന് എഴുത്തുകാരിയായ റോസൻ കേലിക് പറയുന്നു. രണ്ടുതവണ കാൻസറിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ട സിൽവിയ അതിനോടു യോജിക്കുന്നു: “ഓരോ തവണയും റേഡിയേഷനു പോകുമ്പോൾ സുഹൃത്തുക്കൾ മാറിമാറി എന്റെ കൂടെ വരുമായിരുന്നു. എനിക്കത് വളരെ ആശ്വാസമായി. പോകുന്ന വഴിക്ക് ഞങ്ങൾ പലതും സംസാരിക്കുമായിരുന്നു. ചികിത്സ കഴിഞ്ഞ് തിരിച്ചുവരുമ്പോൾ ഞങ്ങൾ ഏതെങ്കിലുമൊരു റസ്റ്ററന്റിൽ കയറി കാപ്പി കുടിക്കും. ഞാൻ നോർമലാണെന്ന തോന്നലുണ്ടാകാൻ ഇതെല്ലാം എന്നെ സഹായിച്ചു.”
സുഹൃത്തിന്റെ ഓരോ ആവശ്യങ്ങളും നിങ്ങൾക്കറിയാം എന്നു ചിന്തിക്കരുത്. “ചോദിക്കുക, അവരോടുതന്നെ
ചോദിക്കുക” എന്ന് കേലിക് പറയുന്നു. “സഹായം ചെയ്യാനുള്ള വ്യഗ്രതയിൽ അവരുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കരുത്. അത് ദോഷമേ ചെയ്യൂ. എന്നെ ഒന്നും ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ എനിക്ക് ഒന്നിനും കഴിവില്ലെന്നു ഞാൻ വിചാരിച്ചുപോകും. ഞാൻ കഴിവുകെട്ടവളാണെന്ന ധാരണ വന്നാൽ എനിക്കു മുമ്പോട്ടുപോകാനാകില്ല. അതുകൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ എന്നെ അനുവദിക്കുക,” അവർ പറയുന്നു.അതെ, നിങ്ങളുടെ സുഹൃത്ത് ആഗ്രഹിക്കുന്നതും അതുതന്നെയാണ്. എയ്ഡ്സ് രോഗിയായ എഡിൽസൺ പറയുന്നു: “രോഗം വന്നെന്നു കരുതി ഒന്നിനും കൊള്ളാത്ത ഒരാളായി നമ്മെ എഴുതിത്തള്ളാൻ നാം ആഗ്രഹിക്കില്ല. നമ്മെക്കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടാകാൻ നാം ആഗ്രഹിക്കും. ‘എനിക്കിപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും’ എന്ന തോന്നലുണ്ടാകുന്നത് തികച്ചും ഗുണകരമാണ്. അത് നമുക്ക് മുന്നോട്ടു പോകാനുള്ള കരുത്തു നൽകും. തീരുമാനങ്ങൾ എടുക്കാൻ എന്നെ അനുവദിക്കുകയും എന്റെ തീരുമാനങ്ങളെ മാനിക്കുകയും ചെയ്യുന്ന ആളുകളെയാണ് എനിക്ക് ഇഷ്ടം. രോഗം വന്നതുകൊണ്ട് ഒരച്ഛന്റെയോ അമ്മയുടെയോ കടമകൾ ചെയ്യാൻ നമുക്ക് കഴിവില്ലെന്നു വരില്ലല്ലോ.”
സുഹൃത്തിന്റെകൂടെ നിൽക്കുക
ബൈബിൾ തത്ത്വം:
“സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.”—സദൃശവാക്യങ്ങൾ 17:17.
◼ ദൂരക്കൂടുതലോ മറ്റു കാരണങ്ങളോ കൊണ്ട് സുഹൃത്തിനെ ചെന്നു കാണാൻ പറ്റാത്ത അവസ്ഥയിലാണ് നിങ്ങളെങ്കിൽ അദ്ദേഹത്തെ ഫോണിൽ വിളിക്കുകയോ ഒരു കത്തോ ഇ-മെയിലോ അയയ്ക്കുകയോ ചെയ്യാം. എന്താണ് എഴുതേണ്ടത്? സൈക്കോളജിസ്റ്റായ അലൻ ഡി വുൾഫെറ്റ് പറയുന്നു: “നിങ്ങൾ ഒരുമിച്ചു പങ്കിട്ട നല്ല നിമിഷങ്ങളെക്കുറിച്ച് എഴുതാം. വീണ്ടും എഴുതാമെന്ന് ഉറപ്പുകൊടുക്കുക. . . . ഉറപ്പുകൊടുത്താൽ പോരാ, അതു പാലിക്കുകയും വേണം.”
അരുതാത്തത് എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമെന്ന പേടിനിമിത്തം സുഹൃത്തിനെ ചെന്നു കാണാതിരിക്കരുത്. കാരണം നിങ്ങളുടെ സാന്നിധ്യമാണ് ആ വ്യക്തിക്ക് ഏറ്റവും പ്രധാനം. ലൊറീ ഹോപ്പ് തന്റെ പുസ്തകത്തിൽ ഇങ്ങനെ എഴുതി: “തെറ്റിദ്ധാരണയുണ്ടാക്കുന്നതോ മറ്റുള്ളവരെ വ്രണപ്പെടുത്തുന്നതോ ആയ കാര്യങ്ങൾ നമ്മളെല്ലാം പറയുകയും പ്രവർത്തിക്കുകയും ചെയ്യും. അതോർത്ത് വിഷമിക്കേണ്ടതില്ല. എന്നാൽ ഈ ഭയംനിമിത്തം, നിങ്ങളുടെ സാന്നിധ്യം ഏറെ ആഗ്രഹിക്കുന്ന ആളെ ചെന്നുകാണാതിരുന്നാൽ അതായിരിക്കും തെറ്റ്.”
നിങ്ങളുടെ സാമീപ്യവും സാന്ത്വനവും സുഹൃത്തിന് ഏറ്റവും ആവശ്യമുള്ള സമയമായിരിക്കാം ഇത്. അതുകൊണ്ട് നിങ്ങളുടെ സ്നേഹം ആത്മാർഥമാണെന്നു തെളിയിക്കുക. നിങ്ങളുടെ സാമീപ്യവും സഹായവും അദ്ദേഹത്തിന്റെ ശാരീരിക വേദനകൾ ഇല്ലാതാക്കില്ലെന്നതു ശരിയാണ്. പക്ഷേ, സംഘർഷഭരിതമായ ആ നാളുകളിൽ അദ്ദേഹത്തിന് ഒരു താങ്ങാകാൻ കഴിയുന്നത് ചെറിയൊരു കാര്യമല്ലെന്നോർക്കുക.
[അടിക്കുറിപ്പ്]
a ചില പേരുകൾ മാറ്റിയിട്ടുണ്ട്.