ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും
ദാരിദ്ര്യം ഇല്ലാത്ത ഒരു ലോകം സാധ്യമോ?
കടുത്ത ദാരിദ്ര്യം, വികലപോഷണം, രോഗം എന്നിവ ദശലക്ഷങ്ങളെ ഓരോ വർഷവും കൊന്നൊടുക്കുന്നു. ലോകത്തിന്റെ ചില ഭാഗങ്ങൾ സമ്പദ്സമൃദ്ധിയിലാണെങ്കിലും മനുഷ്യവർഗത്തിന്റെ ഭൂരിഭാഗവും കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഇത് ഒരു തുടർക്കഥയായിരിക്കുമെന്ന് ബൈബിൾ സൂചിപ്പിക്കുന്നു.—യോഹന്നാൻ 12:8 വായിക്കുക.
ഒരു ആഗോളഗവൺമെന്റിന് മാത്രമേ ദാരിദ്ര്യത്തിന് അറുതിവരുത്താനാകൂ. അത്തരം ഒരു ഗവൺമെന്റിന് ലോകത്തിലെ വിഭവങ്ങൾ തുല്യമായി വീതിക്കാനും യുദ്ധങ്ങൾ അവസാനിപ്പിക്കാനും കഴിയും. ദാരിദ്ര്യത്തിന്റെ മൂലകാരണം ഇതാണല്ലോ. അങ്ങനെയുള്ള ഒരു ലോകഗവൺമെന്റാണ് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത്.—ദാനീയേൽ 2:44 വായിക്കുക.
ദാരിദ്ര്യം ആർക്ക് തുടച്ചുനീക്കാനാകും?
മുഴുമനുഷ്യവർഗത്തെയും ഭരിക്കാൻ ദൈവം തന്റെ പുത്രനായ യേശുവിനെ നിയോഗിച്ചിരിക്കുന്നു. (സങ്കീർത്തനം 2:4-8) യേശു ദരിദ്രരെ വിടുവിക്കുകയും അക്രമം, അടിച്ചമർത്തൽ എന്നിവ അവസാനിപ്പിക്കുകയും ചെയ്യും.—സങ്കീർത്തനം 72:8, 12-14 വായിക്കുക.
മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന “സമാധാനപ്രഭു” ആയ യേശു, ലോകം മുഴുവൻ സമാധാനവും സുരക്ഷിതത്വവും സ്ഥാപിക്കും. അന്ന് ഭൂമിയിൽ ജീവിക്കുന്ന എല്ലാവർക്കും സ്വന്തമായി ഭവനവും സംതൃപ്തികരമായ ജോലിയും യഥേഷ്ടം ഭക്ഷണവും ഉണ്ടായിരിക്കും.—യെശയ്യാവു 9:6, 7; 65:21-23 വായിക്കുക. (w15-E 10/01)